Tuesday, September 25, 2012

ജസ് വന്ത് ആണു താരം..!

സ്കൂൾ തുറന്നിട്ട് എത്ര നാളായി..
എന്നിട്ടും എന്തേ ആരേം പരിചയപ്പെടുത്തീല്ലാ എന്ന് ചോദിക്കാനിരിക്കായിരുന്നു അല്ലേ..?
ദേ..ഒരാളെ പരിചയപ്പെടുത്തി തരാം…
ജസ് വന്ത്  ആണ്  ഇന്നത്തെ കുട്ടിത്തരം താരം..!

സ്കൂൾ തുറന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ്  താരത്തിന്റെ വരവ്..
അവന്റെ വരവിനു മുന്നെ തന്നെ താരത്തെ കുറിച്ച് ഒരു പിടി കാര്യങ്ങൾ ഞാൻ അറിഞ്ഞു വെച്ചിരുന്നു.
ജസ് വന്തിനു എപ്പോഴും കാൽ വേദനയാണ്..അതിനാൽ ഇടക്കിടെ ലീവെടുക്കും..
പിന്നെ, ജസ് വന്ത് കഴിഞ്ഞ വർഷം തന്നെ എന്നെ നോട്ടമിട്ടുരുന്നു എന്നും താരത്തിന്റെ പഴയ ടീച്ചർ പറയുകയുണ്ടായി..
ങേ..അതെന്തിനു..?
അപ്പോൾ ആ ടീച്ചർ പറഞ്ഞ ന്യായം..
“ഓ..അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല..
അവനൊരു ഇള്ളകുട്ടിയാ..എന്തേലും കാരണം കണ്ടു പിടിച്ച് കരയും..
അപ്പോഴെല്ലാം അപ്പുറത്തെ ക്ലാസ്സിലെ നിന്നെ പറഞ്ഞാണു ഞാനവനെ അടക്കിയിരുന്നത്..”
ഞാൻ അന്തം വിട്ടു നിന്നു പോയി…
“അമ്പടീ…ഞങ്ങടെ ഫോട്ടൊ എടുത്തു തരോന്നും ചോദിച്ച് ഇടക്കിടെ എന്നെ അങ്ങോട്ട് സ്വാഗതം ചെയ്തിരുന്നത് ഇതിനായിരുന്നല്ലേ..?”

അങ്ങനെ കാത്തിരുന്ന താരം ക്ലാസ്സിൽ കാൽ കുത്തി..
അവനെത്തിയതും എന്റെ കണ്ണുകൾ ഓടിയത് അവന്റെ കാലിലേക്കായിരുന്നു..
“എന്തേ ജസ് വന്ത് നീ ഷൂസിട്ടില്ല..?”
“ഭയങ്കര കാൽ വേദനയാ…അമ്മയും പറഞ്ഞു ഇടണ്ടാന്ന്…”
കുഞ്ഞിന്റെ ഡയറിയിൽ അമ്മയുടെ കുറിപ്പ്,
“മേം..ജസ് വന്ത് വരുന്നു…
അവനെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കരുത്, ഓടിപ്പിക്കരുത്, ചാടിപ്പിക്കരുത്, നിലത്ത് ഇരുത്തരുത്, കളിക്കാൻ സാന്റ് പിറ്റിൽ കൊണ്ടു പോകരുത്..”
ഓ…ശരി എന്നൊരു വലിയ OK ഞാൻ മറുപടി നൽകി.

ദിവസങ്ങൾ നീങ്ങി..
ക്ലാസ്സ് മൊത്തം ഇളകി മറിയമ്പോഴും  ജസ് വന്ത് ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടിൽ കുത്തി ഇരുന്നു..
അവനെ കുറിച്ച് റിപ്പോർട്ട് എഴുതാൻ എനിക്കുണ്ടായിരുന്ന ഒരേയൊരു പൊസിറ്റീവ് റിമാർക്ക് അതു മാത്രമായിരുന്നു –a self disciplined boy..!
അവൻ വൃത്തിയിൽ എഴുതി..ചോദിക്കുന്നതിനു മാത്രം ഉത്തരം നൽകി..അപൂർവ്വമായി മറ്റു കുഞ്ഞുങ്ങളുമായി കളിച്ചു…
അവന്റെ ശ്രദ്ധ മുഴുവാൻ സ്വന്തം കാൽ സംരക്ഷിക്കുന്നതിലാണെന്ന് സാവകാശം ഞാൻ മനസ്സിലാക്കി..!
അതോടൊപ്പം അവന്റെ കരച്ചിലുകളുടെ എണ്ണം ഏറി വന്നു..
അവൻ വായ് തുറന്നാൽ അവന്റെ കഴിഞ്ഞ വർഷത്തെ സഹപാഠികൾ ഓടി വന്ന് പറയും,..”മേം ഇതൊന്നും കാര്യാക്കണ്ടാ ട്ടൊ..“
ഞങ്ങൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ.
ക്ലാസ്സ് കഴിഞ്ഞാൽ ഞാൻ ചുമ്മാ എണ്ണും,“,ഇന്ന് താരം എത്ര തവണ കരഞ്ഞു..?“

ഒരു ദിവസം ജസ് വന്ത് വളരെ വൈകിയാണ്‍ ക്ലാസ്സിൽ വന്നത്..
കാരണ സഹിതം വ്യക്തമാക്കി ഇരുന്നാൽ മതി എന്നൊക്കെ ബാക്കി 29 എണ്ണത്തിനോട് പറഞ്ഞാലും താരത്തിനോട് ഞാൻ പറയൂല്ലാ..
ചോദിച്ചാൽ തന്നെ 29 എണ്ണം എന്നെ ഭീഷണിപ്പെടുത്തും പോലെ തുറിച്ചു നോക്കും..
നിങ്ങൾക്ക് വേറെ പണി ഇല്ലേ എന്നും ചോദിക്കും പോലെ..!
താരം വളരെ പിറകിൽ പോയിരുന്നു എന്നുറപ്പായപ്പോൾ ഞാൻ മെല്ലെ ബോർഡിലേക്ക് തിരിഞ്ഞതും,.. ദാണ്ടേ..
അലമുറയിട്ടോണ്ടുള്ള കരച്ചിൽ..
ഒട്ടും മയമില്ലാത്ത പരുത്ത സ്വരമാണവന്റേത്…
ആ കരച്ചിലും അതു പോലെ തന്നെ..
അടുത്തിരിക്കുന്ന ഭീകരന്മാർ അവനെ കൈ വെച്ചു കാണുമോ ദൈവമേ..
അവന്റ്റെയരികിൽ ഓടി എത്തിയതും ഭീകരന്മാർ , ഹേയ്..ഞങ്ങളല്ല എന്ന് ജാമ്യം എടുത്തു.
കുടു കുടെ വെള്ളം ചാടിച്ചു കൊണ്ട് ജസ് വന്ത് കാറുന്നതോടൊപ്പം പറഞ്ഞു,
“ഞാൻ വീട്ടീന്ന് വരുമ്പൊ കളിച്ചോണ്ടിരുന്നിരുന്ന കളിപ്പാട്ടങ്ങൾ എടുത്തു വെച്ചില്ലാ..”
ഹൊ…ആശ്വാസം…
അവന്റെ കണ്ണുകൾ തുടച്ച്  വിഷയം ഒന്നൂടെ നിസ്സരമാക്കി അവനെ ഇരുത്തി,,
ഓ..അതിനെന്താ ജസ് വന്ത്..നീ വന്നാൽ നിന്റെ അമ്മക്ക് വീട്ടിൽ അതൊക്കെ തന്നെ അല്ലെ പണി..”?
വീണ്ടും ഞാൻ ബോർഡിലേക്ക് തിരിഞ്ഞില്ലാ,,,,…..അതാ….ജസ്സു രാഗം..
നിന്നിടത്ത് നിന്നു കൊണ്ട് ഞാൻ ചോദിച്ചു,..എന്തുവാ…?
ഒരു ബുക്കിന്റെ നടുക്കിലെ പേജും പിടിച്ചു കൊണ്ട് അവൻ അലമുറ..”ഇതിന്റെ ബുക്ക് എവിടെ,..?”
“ഓ..അതാണൊ…അത് വീട്ടിലെ ബുക്കല്ലെ..അതും പിടിച്ച് അമ്മ കാത്തിരിക്കല്ല നീ ചെന്ന് ഈ പേജ് അതിൽ ഒട്ടിക്കാൻ..”
താരം അമ്മയെ കാണണേന്നും പറഞ്ഞ് കരയോ….ഹേയ് ഇല്ല..ഇരുപ്പുറപ്പിച്ചു കക്ഷി.
ബോർഡിൽ എഴുതിയ 3 ലെറ്റർ വേഡ്സ് കുഞ്ഞുങ്ങൾ പകർത്തി തുടങ്ങി..
അവർ പകുതി എഴുതി തീരുമ്പോൾ ജസ് വന്ത് തുടങ്ങിയിരിക്കും..
ഡേറ്റും ടോപ് ലൈനും എഴുതി തീർന്നില്ല…അതാ…വീണ്ടും ജസ്സു രാഗം..
കരച്ചിലൊക്കെ കൊള്ളാം കൂടെ കാരണം കൂടി വേഗം പറഞ്ഞ് എഴുതാൻ നോക്ക് ജസ് വന്ത്..
ഭീഷണി അല്ലാത്ത സ്വരത്തിൽ ഇല്ലത്ത ചിരി വരുത്തി അവനെ എഴുതാൻ പ്രോത്സാഹിച്ചപ്പോൾ അവൻ ഒന്നൂടെ ഉച്ചത്തിലായി...
“ഞാൻ എങ്ങനെ എഴുതും…ന്റെ 2 പെൻസിലുകളിൽ ഒന്ന് കാണാനില്ല..“
നിന്റെ പെൻസിൽ കൊണ്ടു പോവാൻ കള്ളന്മാരാരും വന്നില്ലല്ലൊ ജസ് വന്ത് എന്നും പറഞ്ഞ് ബുക്ക് കുടഞ്ഞതും അലമുറ ഇടുന്നവന്റെ മടിയിൽ ദാണ്ടെ മറ്റേ പെൻസിൽ..
എഴുത്ത് കഴിഞ്ഞവർ ബുക്കുമായി ലൈനിൽ നിന്ന് അങ്കം തുടങ്ങി..
താരത്തെ എഴുതാൻ വിട്ട് മറ്റു താരങ്ങളുടെ ബുക്ക് കറക്റ്റ് ചെയ്തു തുടങ്ങീല്ലാ….
അതാ…കാത് അടയ്ക്കുന്നു…ജസ്സു രാഗം..
ഒന്നും മിണ്ടാതെ അവനെ നോക്കിയപ്പോൾ അവൻ ഏങ്ങി..”അച്ഛൻ ഇന്നലെ രാത്രി കൊണ്ടു വന്ന ഷാർപ്പ്നറാ…ഇപ്പൊ കാണാനില്ല..”
ഏതായാലും നിന്റെ അച്ഛൻ ഇവിടെ വന്നില്ലല്ലൊ അതെടുക്കാനായിട്ട്... ഇവിടെ കാണും എന്ന് പറഞ്ഞതും ഒരു വിരുതൻ ഡസ്ക്കിന്റെ ചുവട്ടിൽ നൂന്ന് പോയി  സാധനം എടുത്ത് താരത്തെ ഏൽപ്പിച്ചു.
എല്ലാവരും എഴുത്ത് തീർത്ത് കഴിച്ചു തുടങ്ങി..
ഹെൽത്ത് ഫുഡ്  വീക്ക് ആണ്..
അമ്മ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കൊണ്ടു വരാൻ പാടുള്ളു,..
ജസ് വന്ത് എന്തു കൊണ്ടുവന്നു..?
ചോദിച്ചത് അബദ്ധായല്ലൊ ദൈവമേ…ജസ്സു രാഗം തുടങ്ങി..
“അമ്മ കവറിൽ സ്നാക്സ് ബോക്സ് വെച്ചില്ലാ…”
“ങേ..ഞാൻ കണ്ടതാണല്ലൊ..ഇനി ടീച്ചർ കഴിച്ചെന്ന് വരുത്തി തീർക്കുമോ ഈശ്വരാ…അതെവിടെ പോയി..
ഇളം നീല കവറെടുത്ത് നോക്കിയപ്പോൾ ഇളം നീല സ്നാക്സ് ബോക്സ് അതിനകത്തു തന്നെ ഉണ്ട്..
പച്ചപ്പുല്ലിന്നിടയിൽ പച്ചോന്തിനെ കാണാനാവാഞ്ഞതു പോലെ ജസ് വന്തിനു പറ്റിയ അമളി..!

ബാക്കി 29 എണ്ണം ആടി തിമിർക്കുന്നു..
താരം പാടി തിമിർക്കുന്നു..
സമയം നോക്കി 15 മിനിറ്റ് കൂടി ഉണ്ട്…
ഇനി വയ്യ വായിട്ടലയ്ക്കാൻ..
“ Sam the fat cat “ റീഡർ വായിക്കുന്നതിലേറെ ചിത്രം നോക്കി ഇരിക്കാൻ 30 എണ്ണത്തിനും ഇഷ്ടാ..
“ഓരോരുത്തരായി പേരും നാളുമൊന്നും നോക്കാതെ മുകളിൽ കാണുന്ന ബുക്ക് എടുത്ത് വായിച്ചതിനു ശേഷം തിരികെ വെച്ച്  വീട്ടിൽ പോകാൻ തയ്യാറാകാം എന്ന് പറഞ്ഞു തീർന്നില്ല..
15 മിനിറ്റിനു കൂടിയുള്ള എന്റെ ക്ഷമയുടെ ഇന്ധനം തീർന്നു തുടങ്ങി..
താരം മോങ്ങുന്നു…
”നിയ്ക്ക് എന്റെ ബുക്ക് തന്നെ മതി..
ആണൊ..എന്നാൽ നീ ആദ്യം പോയി എടുത്തോളു…
പറ്റില്ല…മേം എടുത്തു തരണം..
ആഹാ…അത്രക്കായൊ…പറ്റില്ല….വായിക്കാൻ അറിയാലോ..വേണേൽ നീ  തന്നെ എടുത്തൊ..”
ഞങ്ങൾ തമ്മിൽ വാക്കേറ്റമായി..
ഇല്ലാത്ത ഉണ്ട കണ്ണ് ഉരുട്ടി നിൽക്കുന്ന എന്നെ നോക്കി ഒരു വില്ലൻ താരത്തിനോട് സ്വകാര്യം..
“ Our maa’m is too smart  Jaswanth..our plans will not work on her ) “ (നമ്മുടെ വേലകൾ എപ്പോഴും ഇവരോട് നടക്കില്ല മോനേ…എന്നു സാരം )

വീട്ടിൽ പോകുന്ന നേരമായി..
അലമുറയിട്ട് നിൽക്കുന്ന അവനെ കണ്ട് അപ്പുറത്തെ ടീച്ചർക്ക് കുശലം..
“എന്തിനാണവൻ കരയുന്നേ…?
അവൻ കരഞ്ഞോട്ടെ..അല്ലേൽ നീ അതൊന്ന് മാറ്റി കൊട്..
അയ്യൊ…ഞാനില്ലേ…”

“ജസ് വന്ത് ഇപ്പഴും കരയുന്നു മേം,,…അവനെ കൊണ്ടു പോയ ആയ തിരിച്ചു വന്നിരിക്കുന്നു..
നീ ഇനിയും ഇവിടെ നിക്കാ…ഒരു കാര്യം ചെയ്യ്, നീ ഇവിടിരി ഞാനവന്റെ കരച്ചിൽ മാറ്റാം പോവാം..എന്തേ..?
അയ്യൊ…വേണ്ടേ..”

30 എണ്ണവും പോയി..ക്ലാസ്സ് കാലി..
എന്നിട്ടും ജസ്സു രാഗം കാതിൽ ഇരമ്പുന്നു..

പിറ്റേന്ന്..ജസ് വന്ത് നേരത്തെ എത്തി..
“ജസ് വന്ത് റീഡർ കൊണ്ടുവാ“
ചിരിച്ചു കൊണ്ട് താരം ബുക്കെടുക്കാൻ പോയി..
ആശ്വാസത്തൊടെ അവനേം നോക്കി ഇരിക്കുമ്പോൾ അതാ…
താരത്തിന്റെ വായ് പിളരുന്നു…
കണ്ണിൽ നിന്ന് കുടു കുടെ വീഴുന്നു..
എന്താ ജസ് വന്ത്…രാവിലെ തന്നെ നല്ല കുട്ടികൾ കരയൊ..?
ഇല്ലെന്നു തലയാട്ടിയെങ്കിലും അവനു അടക്കാൻ വയ്യ…”ന്റെ ബുക്കിലെ  നെയിം സ്ലിപ് കാണാനില്ല…”
“ബുക്ക് തിരിച്ചു പിടിക്കെട ചെറുക്കാ…“
അറിയാതെ പറഞ്ഞു പോയി..

“മേം തമിഴ് പറയുന്നു…“
അടുത്ത് കണ്ടു നിന്നവര്‍ തമ്മിൽ അടക്കം പറഞ്ഞു…!

Friday, August 24, 2012

** ഉണ്ണിക്കുട്ടന്‍റെ ഓണം **


ഓണം വന്നൂന്ന് ഉണ്ണിക്കുട്ടന് അറിയാലോ..
എങ്ങനെയാണെന്നോ…?
എത്ര പരിപാടികളാണെന്നൊ അച്ഛന്റെ അസോസിയേഷനുകളിലും അമ്മയുടെ ക്ലബ്ബുകളിലും മീരേച്ചീടെ കോളേജിലും ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്നത്..

പല സംഘടനകളും ഇതിനകം ഓണാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു..
സാംസ്ക്കാരിക സമ്മേളനം,കലാകായിക മത്സരങ്ങൾ,സാഹിത്യ മത്സരങ്ങൾ, സെമിനാറുകൾ,ഓണച്ചന്തകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ മെട്രൊ നഗരത്തിൽ നടന്നു കൊണ്ടേയിരിയ്ക്കും…എന്നും..

ഇനി ഓണം കഴിഞ്ഞാലും എങ്ങനേം ഒരു മാസം കഴിയും വരേയ്ക്കും സദ്യകൾ ഉണ്ട് ഉണ്ണിക്കുട്ടന് ഓക്കാനം വരും..
അച്ഛനും അമ്മയ്ക്കും കസവ് മുണ്ടുകൾ ഉടുത്ത് മടുപ്പ് വരും..
മീരേച്ചിയ്ക്ക് പട്ടു പാവാടയോടും മുല്ലപ്പൂവിനോടും വൈരാഗ്യം വരും..
അങ്ങനെ വീട്ടു മുറ്റം ഇല്ലാത്ത ഞങ്ങൾ മത്സരങ്ങളിൽ വലിയ പൂക്കളങ്ങൾ ഒരുക്കി ഒന്നൊന്നര മാസം ഓണം ആഘോഷിയ്ക്കും..

ഈ തിരക്കുകൾക്കിടയിൽ നാട്ടിലുള്ള അച്ഛമ്മയേയും അമ്മമ്മയേയും എല്ലാം പോയി കാണാൻ എവിടെയാ നേരം..
അതോണ്ട് ഞങ്ങൾ ഫോണിലൂടെ അവരെ ഓണം വിഷസ്സ് അറിയിയ്ക്കാറുണ്ട്..

അടുത്ത ഫ്ളാറ്റിലെ സിന്ദുവേന്റി ഓണത്തിനു നാട്ടിൽ പോവാനിരുന്നതായിരുന്നു..
നാട്ടിലേയ്ക്കുള്ള സ്പെഷൽ ട്രെയിൻ റദ്ദാക്കിയത്രെ..
അതോണ്ട് അവരുടെ യാത്രയും റദ്ദാക്കി..

ഇതൊക്കെ തന്നെ ഉണ്ണിക്കുട്ടന്റെ ഓണം വിശേഷങ്ങൾ..

അപ്പൊ എല്ലാർക്കും ഉണ്ണിക്കുട്ടന്റേം  അച്ഛന്റേം അമ്മടേം മീരേച്ചീടേം ഓണാശംസകൾ ട്ടൊ…!

Tuesday, August 14, 2012

സ്വാതന്ത്ര്യദിനാഘോഷം നമുക്കും വേണ്ടേ...?


സ്വാതന്ത്ര്യദിനാഘോഷം...!!!
കുഞ്ഞുനാളിൽ ഈ ദിനത്തിൽ സ്ക്കൂളിൽ പോകാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു..
തലേന്നാൾ ഷൂ പോളിഷ് ചെയ്തുവെക്കും.,
ഇസ്തിരി ഇട്ട് അടുക്കി വെച്ചിരിക്കുന്ന യൂണിഫോമിൽ ചുളിവുകൾ പറ്റിയൊ എന്ന് വീണ്ടും വീണ്ടും എടുത്തു നോക്കും.,
ഇച്ചിരി അഴുക്കുള്ള വെള്ള റിബ്ബൺ മനസ്സിൽ പിടിയ്ക്കാതെ പുതിയതിനായി കടയിലേക്ക് ഓടും.,
കൂടെ ഒരു  കൊച്ചുപതാകയും വാങ്ങിയാൽ പിറ്റന്നാളിലേയ്ക്കുള്ള ഒരുക്കങ്ങളായി..!!
വലിയ പതാക ആ ദിനത്തിൽ വീട്ടുമുറ്റത്തെ കണിയാണ് നിയ്ക്ക്...!

ആഴ്ചകളായി പഠിച്ചുകൊണ്ടിരുന്ന ദേശഭക്തി ഗാനങ്ങൾ ഉച്ചത്തിൽ ഈണത്തിൽ ആലപിച്ച്,
'ഇന്ത്യ എന്റെ മഹാരാജ്യമാണ് '  എന്ന് അംഗീകരിക്കുന്നതും അഭിമാനിക്കുന്നതുമായ കൊച്ചുകൊച്ച് പ്രസംഗങ്ങളും കഥകളും കാത് കൂർപ്പിച്ചുകേട്ട് ഒരു മണിക്കൂറിനകം വീട്ടിലെത്തിയാൽ പിന്നെ  ആ ദിനത്തിന്റെ പ്രത്യേകതകളേയും മഹാന്മാരേയും കുറിച്ചുള്ള  ഇടവിട്ട ചർച്ചകൾ  വീട്ടിൽ...!
മറ്റു ഉത്സവങ്ങളും ആഘോഷങ്ങളും പോലെതന്നെ ഉത്സാഹിച്ച് കൊണ്ടാടിയിരുന്ന ഒരു ദിനമായിരുന്നു നിയ്ക്ക് ആഗസ്റ്റ് പതിനഞ്ച്...!!

വീണ്ടും ഞാൻ സ്ക്കൂൾ ജീവിതത്തിലേയ്ക്ക് ....
എന്നാൽ ആഗസ്റ്റ് പതിനഞ്ച്. .. അന്നേ നാൾ വെറും ഒരു അവധി ദിനമായി മാറിയപ്പോൾ വല്ലാത്തൊരു അസ്വസ്ഥത...
എന്തേ ..ഇന്നത്തെ  മക്കൾക്ക്  ഈ ദിനം വൈകി ഉണരാനുള്ള ഒരു ദിനം മാത്രമായി തീർന്നിരിയ്ക്കുന്നു...!?
ആ ദിനത്തിന്റെ പ്രാധാന്യം മറ്റൊരു നാൾ ആഘോഷിച്ചാൽ ആസ്വാദിയ്ക്കാനാവുമോ..?
പിറന്നാളുകളും ഉത്സവങ്ങളും വളരെ ആർഭാടമായി കൊണ്ടാടുന്ന മക്കൾ ഈ ദിനത്തിന്റെ പ്രാധാന്യവും അറിഞ്ഞിരിക്കേണ്ടേ...?

2012 ആഗസ്റ്റ് 15....

പഴയ ഏർപ്പാടുകൾ മാറ്റി വെച്ചു കൊണ്ട് ഞാനും ന്റെ കുഞ്ഞുമക്കളും , എന്തിന്  സ്കൂൾ  ഒന്നങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുകയാണ്..!!
ഈ സ്വാതന്ത്ര്യദിനത്തിൽ വീണ്ടും ഞാൻ ശുഭവസ്ത്രമണിഞ്ഞ് ഒരു കൊച്ചു പതാകയുമായി സ്ക്കൂളിൽ പോകുന്നു..
എന്റെ കുഞ്ഞുങ്ങൾ “മേരാ ദേശ് മഹാൻ...”തുടങ്ങുന്ന ദേശഭക്തി ഗാനം ആലപിയ്ക്കമ്പോൾ മറ്റൊരു കൂട്ടർ വിണ്ണിലെ നക്ഷത്രങ്ങളെ കൈവെള്ളയിൽ ആക്കുന്ന നൃത്തം ചെയ്യുന്നു...
പിന്നെ., ധീര ജവാന്മാർ ഓരോരുത്തരായി വന്ന് ഇന്ത്യാമഹാരാജ്യത്തെ ഉച്ചത്തിൽ വാഴ്ത്തുന്നു...ദേശഭക്തി സ്നേഹം ഉണർത്തുന്നു..
അദ്ധ്യാപകരുടേയും കുഞ്ഞുങ്ങളുടേയും ചർച്ചകൾക്കു ശേഷംഏവരും ഒരേ സ്വരത്തിൽ ദേശീയഗാനം  പാടിയാൽ  ദിവസം പൂർണ്ണമാവും...

കൊച്ചുകുഞ്ഞുങ്ങളിൽ ആ ദിനം എത്ര സന്തോഷം ജനിപ്പിക്കും എന്ന്  ദിവസങ്ങളായുള്ള അവരുടെ ഉത്സാഹം കണ്ടാലറിയാം..!
ആഗസ്റ്റ് പിറന്ന  നാൾ  മുതൽ  കുട്ടിക്കഥകളിലെ പ്രധാന കഥാപാത്രങ്ങൾ  നമ്മുടെ ധീര പുരുഷന്മാരും വനിതകളും തന്നെ..!

ന്റെ കുഞ്ഞുങ്ങൾക്ക് കേൾക്കാൻ  പ്രിയമുള്ള ഒരു കുട്ടിക്കഥ ഈ ദിനത്തിന്റെ സന്തോഷത്തിനായി നിങ്ങൾക്കും പറഞ്ഞു തരാണ്  ട്ടൊ..

നമ്മുടെ രാഷ്ട്രപിതാവ്... കുഞ്ഞുങ്ങൾക്ക് കാണാൻ ഏറെ പ്രിയമുള്ള മുഖം..
കേൾക്കാൻ ഏറെ പ്രിയമുള്ള കഥകൾ അദ്ദേഹത്തെ കുറിച്ചു തന്നെ...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.....കഥ തുടങ്ങായി,

നമ്മുടെ രാജ്യം ഇന്ത്യയാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്, അല്ലെ..?
നമ്മുടെ മഹാന്മാർ എത്ര വേദനകൾ സഹിച്ചാണ്  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നത് അല്ലേ..?
നമ്മൾ നേടുന്ന സ്വാതന്ത്ര്യം ശാന്തിയിലൂടെയും സമാധാനത്തിലൂടേയും മാത്രമായിരിയ്ക്കണം എന്ന്  ഗാന്ധിജിയ്ക്ക് വളരെ നിർബന്ധമായിരുന്നു...
അഹിംസയുടേയും ശാന്തിയുടേയും മഹത്വങ്ങളെക്കുറിച്ച്  ഇന്ത്യയുടെ ഓരോ ദിക്കിലെ ജനതയേയും ബോധവാന്മാരാക്കുവാന്‍  യോഗങ്ങളും സമ്മേളനങ്ങളും അദ്ദേഹം വിളിച്ചു കൂട്ടുക ഉണ്ടായിരുന്നു..

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത്  ബംഗാളിലെ  നവ്ഖാലി  എന്ന പ്രദേശത്ത്  വലിയൊരു വർഗ്ഗീയകലാപം  പൊട്ടിപ്പുറപ്പെടുകയുണ്ടായി...!!
എത്രയെത്ര പാവങ്ങൾ ആ മണ്ണിൽ ജീവനറ്റ് വീണെന്നൊ..?
ആ പ്രദേശത്തെ വർഗ്ഗീയകലാപം ശമിപ്പിക്കുന്നതിനായി ഗാന്ധിജി അവിടെ എത്തി., അവരെ അഹിംസയെക്കുറിച്ചും., ശാന്തിയിലൂടേയും, സമാധാനത്തിലൂടേയും ജീവിക്കേണ്ടതിനെക്കുറിച്ചും ബോധവാന്മാരാക്കുവാൻ ശ്രമിച്ചു.
പ്രാർത്ഥനകളും  ദേശസ്നേഹപ്രസംഗങ്ങളും സംഘടിപ്പിച്ചു....
എന്നാൽ അവരിൽ പ്രത്യേക മാറ്റങ്ങളൊന്നും കണ്ടില്ല....
എന്നാൽ അദ്ദേഹം പിന്മാറാൻ തയ്യാറല്ലായിരുന്നു....
ഒരു നാൾ അദ്ദേഹം ജാതിമതഭേദമന്യേ ആ  പ്രദേശത്തെമുഴുവൻ  ഒരു  ഒത്തുചേരലിനായി വിളിച്ചു കൂട്ടി..
പാവം., അദ്ദേഹം....
വളരെ നേരം കാത്തിരുന്നു..ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല...
അദ്ദേഹം അക്ഷമനായില്ല....
അതാ....പെട്ടെന്ന് അദ്ദേഹത്തിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു....!
എന്തുകൊണ്ടാണെന്നോ...?
അവിടെ എത്തിയതും  അദ്ദേഹം പുഞ്ചിരിയോടെ വരവേറ്റതും അവിടെ എന്തു നടക്കുന്നു എന്നറിയാൻ  എത്തിയ ആകാംക്ഷാഭരിതരായ കൊച്ചുകുഞ്ഞുങ്ങളെ ആയിരുന്നു..
പെട്ടെന്ന് അദ്ദേഹം  തന്റെ കൈവശം ഉണ്ടായിരുന്ന ഒരു പന്തെടുത്ത് അവർക്കു നേരെ എറിഞ്ഞു....
കൂട്ടത്തിലെ ഒരു മിടുക്കൻ ആ പന്ത് ചാടി പിടിച്ചു...
താമസിയാതെ യോഗസ്ഥലം ഒരു കളിസ്ഥലമായി മാറി...
കുഞ്ഞുങ്ങൾ ആർത്തുല്ലസിയ്ക്കുന്ന ബഹളം കേട്ട്  മുതിർന്നവർ മെല്ലെ അവിടെ എത്തി...
എല്ലാമെല്ലാമായ തങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന ആ മഹത്വം  കണ്ടറിഞ്ഞ അവർ കുറ്റബോധം കൊണ്ട് തല കുനിച്ചു...

തങ്ങളുടെ കുഞ്ഞുങ്ങളുടെ കൂടെ ആ പ്രദേശം മുഴുവൻ അഹിംസക്കും, ശാന്തിക്കും, സമാധാനത്തിനും വേണ്ടി പ്രതിജ്ഞയെടുത്തു...!

പരന്നു കിടക്കുന്ന ഇന്ത്യയിലെ  ജനത ഒറ്റക്കെട്ടായി സത്യത്തിന്റേയും നീതിയുടേയും വാക്യങ്ങൾ ഉരുവിട്ട്  പ്രവർത്തിച്ചതിന്റെ ഫലം.....- ഇന്ത്യയുടെ സ്വാതന്ത്ര്യം...!

എങ്ങനെയുണ്ട്   കൊച്ചുകഥ...?

പ്രിയരേ...നിങ്ങളുടെ സ്ക്കൂൾ  ജീവിതത്തിലെ കൊച്ചു വിശേഷങ്ങൾ പങ്കു വെക്കുവാൻ താൽപ്പര്യപ്പെടുന്നു....
      
                                                                                          സ്നേഹം....വർഷിണി.


Sunday, July 22, 2012

“ഈ ഉപ്പിന്റെ ഒരു കാര്യം..!”

മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും രസകരമായ ഒരു പരീക്ഷണം..
ഒരു കുഞ്ഞു കൌതുകം..സൂത്രം..മായാജാലം...എന്തും വിളിയ്ക്കാം..
കുഞ്ഞു മക്കളോടൊത്ത് ചിലവഴിയ്ക്കാൻ ഒരു നേരമ്പോക്ക്...അത്രമാത്രം...!
തയ്യാറാകും മുന്നെ ഒരു കാര്യം അറിയണം.. :(
നിങ്ങളുടെ ഐസ് പെട്ടിയിൽ, അതായത് ഫ്രിഡ്ജിൽ ഐസ് കട്ടകൾ ഉണ്ടല്ലൊ അല്ലേ..?
ഇല്ലെങ്കിൽ വേഗം വെള്ളം ഒഴിച്ചു വെയ്ക്കു..
വെള്ളം കട്ട ആകും മുന്നെ കാര്യം എന്താണെന്ന് പറയാം..
ശ്രദ്ധിച്ചിരിയ്ക്കൂ ട്ടൊ..

നിങ്ങൾക്ക് അറിയാമൊ കൂട്ടരെ,
മേശപ്പുറത്ത് വെച്ചിരിയ്ക്കുന്ന പ്ലേറ്റിലെ ഐസ്ക്യൂബ് ഒരു തരത്തിലുള്ള കെട്ടുകളും കൂടാതെ ചരട് കൊണ്ട് ഉയർത്താവുന്നതാണ്..
“എന്താ അവർ തമ്മിലുള്ള ആകർഷണം,,അല്ലേ..?“
നിസ്സാരകാര്യം എന്നും തോന്നി..ഇല്ലേ..?
എന്നാലൊന്ന് പരീക്ഷിച്ചു നോക്കുക തന്നെ വേണം..
അതെ, വളരെ നിസ്സാരം തന്നെയാണ്...ഇച്ചിരി ക്ഷമ മാത്രം മതി..
കുഞ്ഞുങ്ങളുടെ കൂടെ ചിലവഴിയ്ക്കുവാൻ അത്യാവശ്യം അതു തന്നെയാണല്ലൊ ..!

എന്നാൽ ഇനി വർത്തമാനം ഇല്ല,,
നിസ്സാര കാര്യത്തിലേയ്ക്ക് തിരിയാം..

ആദ്യം തന്നെ,
ചരടിന്റെ അറ്റത്തും ഐസ് കട്ടയിലുമായി കുറച്ച് ഉപ്പ് വിതറുക..
അടുത്തതായി,
പാത്രത്തിലെ ഐസിനു മുകളിലായി ചരട്  ഉയർത്തി പിടിയ്ക്കുക..
എന്നിട്ട്,
ചരട്  സാവകാശം ഐസിലേയ്ക്ക് താഴ്ത്തി കൊണ്ടു വരിക..
ഇനി,
ചരട് മെല്ലെ ഉയർത്തി നോക്കു....

ഹായ്...........നോക്കൂ.....ചരടിനോടൊപ്പം ഐസും ഉയരുന്നതായി കാണാം..!
എന്താ ഉപ്പിന്റെ ഓരോ സൂത്രങ്ങൾ അല്ലെ..?
ഉപ്പ് നിസ്സാരക്കാരനല്ല എന്ന് ഇപ്പൊ മനസ്സിലായല്ലൊ..!

എന്നാൽ ഇനി വേഗം ഫ്രിഡ്ജിൽ ഐസുണ്ടോ എന്ന് നോക്കിക്കൊള്ളു..സമയം കളയണ്ട...!


അപ്പോൾ പരീക്ഷണം കഴിഞ്ഞല്ലോ അല്ലേ..?
ഇനി അതിനു പിറകിലെ സൂത്രം എന്താണെന്ന് പറയാം..

“ഉപ്പിന്  താപ നില കുറയ്ക്കാനുള്ള കഴിവുണ്ട്..
ചരടിനു കീഴിലുള്ള ഐസ് അലിഞ്ഞ് വെള്ളത്തിന്റെ താപം വലിച്ചെടുക്കുന്നതോടൊപ്പം ഐസിന്റെ മരവിപ്പ് ഇല്ലാതാകുന്നു.
അതിനെ തുടർന്ന് ഐസിന്  ചരടിനോട് പറ്റിപ്പിടിയ്ക്കുവാനുള്ള പ്രവണത ഉണ്ടാകുന്നു..”

കുഞ്ഞോമനകൾക്ക് കാണിയ്ക്കുവാനായി ഒരു ലിങ്കും തരാമേ..(കട : കൊച്ചു മുതലാളി )


Sunday, June 24, 2012

ഉണ്ണിക്കുട്ടന്റെ മഴ...!

പുതുമഴ തോരാന്‍ കാക്കല്ലേ നീ ഉണ്ണീ
മഴക്കാലമായാൽ നേരമ്പോക്കുകൾ  മറ്റൊന്നും വേണ്ട
തൂവെള്ളി നൂലുകൾ കെട്ടുകളില്ലാതെ,
പച്ചിലകൾ നനയ്ക്കുന്ന കാഴ്ച എന്തു രസം...!

മഴ കാണുക, കേൾക്കുക, തൊട്ടറിയുക
മഴയെ കൂട്ടാക്കി കളിച്ചു രസിയ്ക്കുക..

ഉണ്ണിയും മഴയും പിന്നെ,
ഇത്തിരി കയ്യില്‍ കുഞ്ഞിക്കുടയും
ചിണുങ്ങി പെയ്യുന്ന മാമരങ്ങളും..
ഒരു മഴ നനഞ്ഞാൽ പരിഭവിയ്ക്കും അമ്മയും..!

ചുടു കഞ്ഞി കുടിച്ച്
ചൂടു പുതപ്പിനുള്ളിലൊളിച്ചാൽ
 ഉണ്ണിയ്ക്ക് മഴ ദിവസം കേമമായി..!

Saturday, June 2, 2012

സ്വാഗതം..


കണ്ടുവോ......

പൊട്ടിച്ചിരികളാണ് ചുറ്റും..
കലപില കിലുക്കങ്ങൾ പറയും വേണ്ട
മിണ്ടല്ലേ ഒച്ച വെയ്ക്കല്ലേ എന്നാജ്ഞാപിച്ചാലൊ
കണ്ടില്ല കേട്ടില്ലെന്ന് പരസ്പരം കുസൃതികൾ..!

കണ്ടുവോ....

പറന്നുയരാൻ പൂഞ്ചിറകുകളൊതുക്കും
പുത്തൻ നിറങ്ങളിലെ ആത്മഹർഷങ്ങൾ..!

ഈ ചിത്രം മുമ്പും കണ്ടതാണ്
പാഠമുറിയ്ക്കുള്ളിലെ ആഘോഷ തിമിർപ്പുകൾ....!

ഒരു പൊയ്മുഖം എടുത്തണിഞ്ഞാലൊ..?
ഒരു മന്ദഹാസം പിന്നെ പൊട്ടിച്ചിരിയും... !
മറച്ചുവെയ്ക്കാനാവില്ല കൂട്ടരേ..

അത്രമേൽ പ്രിയമാണാ ഇളം സ്നേഹ സ്മൃതികൾ
ഉള്ളിന്റെയുള്ളിൽ പെയ്തിറങ്ങും പുണ്ണ്യമാ തുള്ളികൾ..

പെട്ടെന്നുണർന്ന് കണ്ണുകൾ തിരുമ്മി...
ഈശ്വരാ..നാളെയെൻ മക്കൾ വരുന്നു...

ഒരുക്കങ്ങൾ ഇനി എത്രയോ ചെയ്യാനിരിയ്ക്കുന്നു...
അമ്മേ..നിയ്ക്ക് നാളേം സ്കൂളിൽ പോകണമെന്ന്
നിത്യം അവർ ചൊല്ലിടേണ്ടേ.....

Friday, May 11, 2012

ശ്രദ്ധ...




ഒരു വ്യക്തിയുടെ ജീവിതം നയിയ്ക്കപ്പെടുന്നതിന്‍റെ പ്രധാന ഘട്ടം ബാല്യകാലം ആണെന്ന വസ്തുത ആർക്കാണ് അറിയാത്തത് അല്ലേ..?
നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റുപാട്, സമൂഹം,ആത്മവിശ്വാസം,കുഞ്ഞിന്റെ പ്രകടനങ്ങൾ…ഇവയെല്ലാം ഈ ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിയ്ക്കുന്നു..
ഇതിലെ ഏതെങ്കിലുമൊരു ഘടകം അപാകത കാണിച്ചാൽ വളരെ നിസ്സാരമെന്ന് തോന്നിപ്പിയ്ക്കുമെങ്കിലും ഒരു കുഞ്ഞിന്റെ ശാരീരിക മാനസിക വളർച്ചയെ എത്രമാത്രം ബാധിയ്ക്കുന്നുവെന്ന് തിട്ടപ്പെടുത്തി മനസ്സിലാക്കി തരുവാനാവില്ല..
അത്രമാത്രം സങ്കീർണ്ണമാണത്..!

സ്കൂൾ ജീവിതം തുടങ്ങിയ ഒരു കഞ്ഞിന്റെ അദ്ധ്യാപികയിൽ നിന്ന് വളരെ സാവകാശം മാതാപിതാക്കൾ മനസ്സിലാക്കുന്ന കുഞ്ഞിന്റെ പോരായ്മകൾ അല്ലെങ്കിൽ ന്യൂനതകൾ കുറച്ചൊന്നുമല്ലല്ലൊ അവരെ മനോ ദു:ഖത്തിൽ ആഴ്ത്തുന്നത്..
മറ്റു കുഞ്ഞുങ്ങളിൽ നിന്ന് ഇവർ ഒരു ചെറിയ പടി താഴെ എന്ന വസ്തുത അവർ അംഗീകരിച്ചേ മതിയാകൂ.. അത്തരം കുഞ്ഞുങ്ങൾ 150ല് 5,6 എന്ന തോതിൽ എത്തിപ്പെട്ടിരിയ്ക്കുന്നു.


“നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മ ആയിരിയ്ക്കാം,….എന്നാൽ ഞങ്ങൾ ഒരേ സമയം 30 പേരുടെ അമ്മയും ഗുരുവും..എല്ലാം ആണ്..
ഒരു കുഞ്ഞിന്റെ ഇളം മനസ്സിൽ ഒരല്പം പോലും വേദനയോ നീറ്റലോ അപകർഷതാ ബോധമോ ഇല്ലാതാക്കി അവരുടെ പഠന കാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും അവർക്കുള്ള പങ്കാളിത്തം ഉറപ്പു വരുത്തുക..
ഒരു ദിവസത്തിലെ വളരെ ചുരുങ്ങിയ സമയ പരിധിയ്ക്കുള്ളിൽ ഞങ്ങൾക്കിത് ഉറപ്പ് വരുത്താമെങ്കിൽ എന്തു കൊണ്ട് നിങ്ങൾക്കായികൂട..?“
നിസ്സംഗയായി നിൽക്കുന്ന ഒരു മാതാവിനോട് എന്റെ കോർഡിനേറ്റർ വളരെ ഗൌരവത്തോടേയും എന്നാൽ അവരെ ആശ്വാസിപ്പിയ്ക്കുകയും ചെയുന്ന ഒരു കൂടി കാഴ്ച്ചയിലെ സംഭാഷണ ശകലമായിരുന്നു അത്..
ആത്മാര്‍ത്ഥത പുരളുന്ന അവരുടെ ഇത്തരം വാക്കുകളും പ്രവൃത്തികളും അവരുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
അതുകൊണ്ട് തന്നെ എന്റെ ക്ലാസ്സിനെ സംബന്ധിച്ച ചർച്ചകൾ അല്ലെങ്കിൽ പോലും അവസരങ്ങൾ കിട്ടുമ്പോഴെല്ലാം ഞാൻ ഇത്തരം കൂടികാഴ്ച്ചകളിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു..സഹകരിയ്ക്കാൻ താത്പര്യം പ്രകടിപ്പിച്ചു..
രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ച്ചകൾ ഒരു ക്ലാസ്സ് ടീച്ചറിനേക്കാൾ അവരെ മാനസികമായി അലട്ടുന്നുണ്ടെന്നും നെഞ്ചിലേറ്റി അവർ നടക്കുന്നുണ്ടെന്നും പലപ്പോഴുമുള്ള അവരുടെ പെരുമാറ്റങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു..
അതവരിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിച്ചു.



ഇനി നമുക്ക് ശ്രദ്ധയെ പരിചയപ്പെടാം..
നാല് വയസ്സുകാരി സുന്ദരി മലയാളി കുട്ടി..
ഒട്ടും സംഭാഷണ പ്രിയയല്ലാത്ത..
അടങ്ങി ഇരിയ്ക്കാൻ ഇഷ്ടമല്ലാത്ത..
ഒന്നിനോടും ശ്രദ്ധയില്ലാത്ത ശ്രദ്ധ….!
തരം കിട്ടിയാൽ ക്ലാസ്സിന് പുറത്തു ചാടി തന്റേതായ ലോകത്ത് ആടിപാടി കളിയ്ക്കാൻ കേമി.
ഓരൊ പ്രവൃത്തിയിലും സ്വഭാവത്തിലും എടുത്തു കാണിയ്ക്കുന്ന പിടിവാശിയും മുൻശുണ്ഠിയും ..
ആരേയും വീഴ്ത്തുന്ന ചിരിയും ഭാവങ്ങളും..
എന്നാൽ അവളുടെ ആ ചിരിയിലെ സൌന്ദര്യവും അടക്കവും അവളുടെ സ്വഭാവത്തിലോ, പഠന കാര്യത്തിലോ,വസ്ത്ര രീതികളിലോ , വൃത്തിയിലോ കണ്ടിരുന്നില്ല..
ചീവി കോതാത്ത മുടിയും, പ്രഭാത ഭക്ഷണത്തിന്റെ കറകൾ പുരണ്ട ഉടുപ്പും , ഉറക്കച്ചടവുള്ള കണ്ണുകളും..അതായിരുന്നു ശ്രദ്ധയെ മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അറിയുവാനുള്ള അടയാളം.
പല തവണ ഇക്കാര്യം ശ്രദ്ധയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും അവളിൽ കണ്ടില്ല..



അന്ന് കോർഡിനേറ്റർ പതിവിലും വൈകിയാണ് സ്ക്കൂളിൽ എത്തിയത്.
അവർ വളരെ പരവശയായി കാണപെട്ടു..
എന്തോ കാര്യമായ വിഷയം അവരെ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ എന്തു പറ്റി എന്ന് ആരായാൻ അരികിൽ എത്തിയതും,
ഒന്നും ചോദിയ്ക്കാതെ തന്നെ അവർ പറഞ്ഞു തുടങ്ങി..
“എനിയ്ക്ക് എന്തിന്റെ ടെൻഷനുകൾ ആണ് ഉള്ളതെന്ന് സുഹൃത്തുക്കളെല്ലാം അസൂയയോടെ ചോദിയ്ക്കാറുണ്ട്..
മക്കൾ വിദേശത്ത് ജോലി ചെയ്യുന്നു…ഭർത്താവുമായുള്ള സുഖ ജീവിതം..
അല്ലലുകളില്ലാത്ത സ്ക്കൂൾ ഉദ്യോഗം..
എന്നാൽ എന്റെ കാര്യം എനിയ്ക്കല്ലെ അറിയൂ..
ഇന്നത്തെ കാര്യം തന്നെ നോക്കു,
ഇന്നെനിയ്ക്ക് സ്കൂളിൽ സമയത്തിന് എത്താൻ സാധിയ്ക്കാത്തത് ‘ ശ്രദ്ധ ‘ കാരണം..
ശ്രദ്ധയോ…ഞാൻ ആശ്ചര്യപ്പെട്ടു,,,അതെങ്ങിനെ..?
അതെ…ശ്രദ്ധ തന്നെ..
ഞാൻ ഒരുങ്ങി ഇറങ്ങാൻ നേരമായിട്ടും അവൾ കുളി മാത്രം കഴിഞ്ഞ് നിൽപ്പാണ്..
അടുക്കള കാര്യവും എന്റെ ഒരുക്കങ്ങളുമെല്ലാം തീർന്നിട്ടും അവളുടെ ഒരു കാര്യം പോലും ചെയ്യാൻ സഹായിയ്ക്കാതെ മോഹനേട്ടൻ പത്രത്തിനകത്ത് തല പൂഴ്ത്തി ഇരിയ്ക്കുന്നു..
അവൾ മേശപ്പുറത്തു നിന്ന് തനിയെ ഭക്ഷണം എടുത്ത് കഴിച്ച് യൂണിഫോം വൃത്തികേടാക്കിയിരിയ്ക്കുന്നു..
പത്തു മണി കഴിഞ്ഞ് ഓഫീസിൽ പോയാൽ മതി മോഹനേട്ടന് ,
എന്നെ ഇതിലെല്ലാം ഒന്ന് സഹായിച്ചാൽ എന്താ..
അവളുടെ മുടിയെങ്കിലും ഒന്ന് ചീവി കൊടുത്തു കൂടെ..ഒരു അനക്കവും ഇല്ല..
അത് ആവശ്യപ്പെട്ടതിന് എട്ടൻ ഇന്നും വഴക്കിട്ടു..
ഒന്നും രണ്ടും പറഞ്ഞ് സംസാരം കൂടിയപ്പോൾ ശ്രദ്ധ കരയാൻ തുടങ്ങി..
ആ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്…
സമയം നോക്കിയപ്പോൾ പതിവിലും വൈകിയിരിയ്ക്കുന്നു ഉണരാൻ,,
ഇന്നത്തെ എന്റെ പുലർക്കാല സ്വപ്നം ശ്രദ്ധയാണ്..
ഉണർവ്വിൽ മാത്രമല്ല ഉറക്കത്തിലും അവൾ മാത്രമാണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്..
അവളുടെ പഠനത്തിലും ജീവിത രീതികളിലും അടുക്കും ചിട്ടയും കൊണ്ടു വരാൻ സാധിയ്ക്കാത്തതിൽ ഞാൻ വളരെയധികം മനപ്രയാസം അനുഭവിയ്ക്കുന്നു..
അവർ നെടുവീർപ്പിട്ടു..



ഞാൻ ഒരു നിമിഷം നിശ്ശബ്ദയായി പോയി..
പിന്നെ അവരോട് ചേർന്ന് നിന്ന് കൈകൾ കൂട്ടി പിടിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
അറിയാതെ എന്റെ കണ്ണുകളും…!