Friday, January 18, 2013

ഞാനും..ആദുവും...പിന്നെ.......
തംബലീനയെ അറിയുമോ..?
അരികിൽ കുഞ്ഞു മക്കളുണ്ടെങ്കിൽ അവരോട് ചോദിച്ചു നോക്കൂ..
ആ കുഞ്ഞു ചുണ്ടുകൾ കൂർത്തു വരുന്നതും കണ്ണുകൾ വിടരുന്നതും മൂക്ക് വികസിക്കുന്നതും കാണാം..
അവർക്ക് മനപാഠമായിരിക്കും തംബലീന കഥകൾ..
കഥാന്ത്യത്തിൽ തംബലീനയെ പക്ഷിപ്പുറത്തേറ്റി കൊണ്ടു പോകുന്ന രാജകുമാരൻ അവരുടെയെല്ലാം നായകനാണ്..
മൂന്നു വർഷങ്ങൾക്ക് മുന്നെ ഞാനും ന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു തംബലീന കഥ..
അങ്ങനെ ആദുവിനു ഞാനവന്റെ തലീനയായി..


ആദുവിനെ കുറിച്ച് ഞാനെന്തു പറയാൻ..
 എന്‍റെ പ്രാണിനും.. ശ്രദ്ധ... ക്കും മുന്നെ ന്റ്റെ സ്പര്‍ശം അറിഞ്ഞു ഉണര്‍ന്നവൻ..
ഉച്ഛത്തിലുള്ള ശബ്ദങ്ങളേയും പുതു മുഖങ്ങളേയും നേരിടാനാവാതെ കുട്ടികസേരയിൽ നിന്ന് മേശക്ക് ചുവട്ടിൽ സ്ഥലം പിടിക്കുന്നവൻ..
ഡാൻസ്‌ ക്ലാസ്സുകളിൽ മറ്റു കുട്ടികൾക്കു പിറകിൽ പിന്തിരിഞ്ഞു നിന്ന്
മനകണ്ണിൽ നൃത്തം കണ്ടാസ്വാദിക്കുന്നവൻ..
അവന്റെ തലീനയല്ലാതെ മറ്റാരെങ്കിലും മുറിയിൽ പ്രവേശിച്ചാൽ
പൊത്തിപ്പിടിച്ച കൈവിരലുകൾക്കിടയിലൂടെ കതകിനു പിറകില്‍ നിന്ന് അവരെ വീക്ഷിച്ച്‌
മനസ്സിലാക്കുന്നവൻ..
മൂന്നര വയസ്സിനുള്ളിൽ അക്ഷരങ്ങളും അക്കങ്ങളും പുതു വാക്കുകളും മനപാഠമാക്കിയവൻ..
അങ്ങനെ വിശേഷണങ്ങളാൽ വിശേഷിക്കപ്പെട്ടവൻ ആദു..വാർഷാരംഭം മുതൽ ആദുവിന്റെ മാതാപിതാക്കളിൽ നിന്നും വളരെയധികം സഹകരിക്കുന്ന
സമീപനവും മനോഭാവവും  ഉണ്ടായിരുന്നുവെങ്കിലും എന്നെ ഇപ്പോഴും
വേദനിപ്പിക്കുന്ന പ്രതികരണമായിരുന്നു വർഷാവസാനം ആദുവിന്റെ അച്ഛനിൽ
നിന്നും  ലഭിച്ചത്‌..
എന്റേയും പ്രിസിപ്പലിന്റേയും നേരെ അയാൾ കയർത്തു,


" ഇവനെ പ്രത്യേക സ്ക്കൂളിൽ വിടണമെന്ന നിങ്ങളുടെ നിർദ്ദേശം എന്റെ കുഞ്ഞിനെ
കരുതി കൂട്ടി ഓട്ടിസ്റ്റിക്‌ ആക്കിയെടുക്കുന്നു എന്നാണ്..
ചില കാര്യങ്ങളിൽ അവൻ വേറിട്ട്‌ പ്രതികരിക്കുന്നു എന്നത്‌ അവന്റെ
പ്രത്യേകതകൾ ചൂണ്ടികാണിക്കുന്ന കഴിവുകൾ മാത്രമാണു.. "


മണിക്കൂറുകൾ നീണ്ടു നിന്ന സംഭാഷണങ്ങൾക്കു ശേഷം ആ പിതാവിനെ ഒരു പ്യൂണിന്റെ സഹായത്താൽ മുറിയിൽ നിന്ന് പുറത്താക്കേണ്ടതായി വന്നു..

ഒരു വർഷത്തെ അദ്ധ്വാനഫലം  അയാളിൽ നിന്നും കിട്ടുന്നത് ഇത്തരത്തിലായിരിമെന്ന് പ്രതീക്ഷിച്ചുവോ..
സമൂഹത്തിനു മുന്നിൽ തന്റെ പുത്രൻ മൂലം പരിഹസിക്കപ്പെടുമോ എന്ന തരംതാണ മനോഗതിയാണു അയാളുടേത്..

കൂടെയുള്ളവർ എന്നെ ആശ്വാസിപ്പിച്ചു..

ഒരു നീറ്റലായി ആ സംഭവം മനസ്സിൽ അങ്ങനേ ചേർന്നു കിടന്നു..
അടുത്ത ക്ലാസ്സിലും ടീച്ചറുടെ പൂർണ്ണ സംരക്ഷണത്തിലും പ്രത്യേക മേൽനോട്ടത്തിലും അവന്റെ പഠനം നല്ല രീതിയിൽ തന്നെ തുടർന്നു പോന്നു..
അവനിൽ പ്രത്യേകമായി കണ്ടു വരുന്ന സ്വാഭാവ വിശേഷങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത് പഠിച്ചു പോന്നു..
പ്രീപ്രൈമറി കുഞ്ഞുങ്ങൾ അമ്മയുടെ മടിത്തട്ടിലെന്ന പോലെയാണ്..
ഒന്നാം ക്ലാസ്സിലേക്കുള്ള അവരുടെ ചുവടു മാറ്റം ഞങ്ങളെ സംബന്ധിച്ച് അവർ ഉന്നത വിദ്ധ്യഭ്യാസത്തിനായി പോകും പോലെയാണ്..

പ്രതീക്ഷിച്ചത് സംഭവിച്ചു..
പല ടീച്ചറുകൾ കയറി ഇറങ്ങുന്ന ക്ലാസ്സ് മുറി അവനെ വല്ലാത്ത അവസ്ത്ഥയിലാക്കി..
അവനെ കുറിച്ചുള്ള വിവരങ്ങളെല്ലാം അവർ ഞങ്ങളിൽ നിന്ന് ശേഖരിച്ചുവെങ്കിലും പ്രത്യേക ഗുണം ചെയ്തില്ല..
അവനെ പ്രത്യേകമായി ശ്രദ്ധിക്കുവാനുള്ള സമയം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല..
 അപ്പോഴേക്കും അവനിൽ പുതിയ സ്വഭാവ മാറ്റങ്ങളും കണ്ടു തുടങ്ങിയിരുന്നു..
അങ്ങനെ ആദുവിന്റെ രണ്ടു വർഷം തീരാനാവുന്നു..

എന്റെ ക്ലാസ്സിനു തൊട്ടതാണ് ഡാൻസ് റൂം..
ചില ദിവസങ്ങളിൽ ആ മുറിയിലേക്ക് എത്തും മുന്നെ തന്നെ അവനെന്റെ ക്ലാസ്സിലേക്ക് ചൂണ്ടി കാണിക്കും..

ഞാനിന്ന് ഇവിടെയാ.അവിടേക്കില്ലാ..

സമ്മതം കിട്ടിയാൽ പിന്നെ അവന്റെ ലോകമായി..
മൂന്നു വർഷങ്ങൾക്കു മുന്നെയുള്ള എന്റെ പഴയ ആദുവിനെ എനിക്ക് കിട്ടി കഴിഞ്ഞിരിക്കും..
പിന്നെയുള്ള അവന്റെ തിരച്ചിലുകൾ അന്നത്തെ കഥ പുസ്തകങ്ങൾക്കും മറ്റു സാമഗ്രികൾക്കുമായിരിക്കും..
അവൻ തിരയുന്നത് തംബലീനക്കാണെന്ന് അറിയാമെങ്കിലും അവന്റെ പ്രായത്തിനും വായനക്കും ഉതകുന്ന മറ്റൊരു പുസ്തകം കൊടുത്താലും അവൻ ഹാപ്പി..
പകുതി വായനയും ഇടക്കുള്ള കള്ള നോട്ടങ്ങളും അപ്പുറത്തെ മുറിയിൽ നിന്നുള്ള പാട്ടിനു ചുവടു വെച്ചും അവൻ ആ ഒരു മണിക്കൂർ ആസ്വാദിക്കും.. അവന്റെ കൂടെ ഞാനും!

ഇനി കാര്യത്തിലേക്ക് ...
ഞാനെന്തിനിവിടെ ആദുവിനെ പരിചയപ്പെടുത്തി എന്ന് പറയാം..
എന്‍റെ സന്തോഷം നിങ്ങളുമായി പങ്കു വെക്കുന്നൂ..
ഇന്നലെ ഒരു സന്തോഷം ആദുവിന്റെ ടീച്ചറിൽ നിന്നും അറിയുവാൻ കഴിഞ്ഞു..
സ്ക്കൂളിലേയും പുറമേ നിന്നുമുള്ള കൌസിലേഴ്സിന്റ്റേയും നിർദ്ദേശ പ്രകാരം ആദുവിനെ പ്രത്യേക പഠന മുറകൾ സ്വീകരിക്കുന്ന സ്ക്കൂളിൽ ചേർക്കാൻ പോകുന്നൂ..
സന്തോഷത്താൽ മനസ്സിനെ നിയന്ത്രിക്കാനായില്ല..
പ്രാർത്ഥനകളും ന്റെ കുഞ്ഞിന്..

സ്ക്കൂളിന്റെ പടികളിറങ്ങി വീട്ടിലേക്ക് പുറപ്പെടും നേരം കുഞ്ഞുങ്ങളെ കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒരു പരിചയ മുഖം..
എന്നെ കണ്ടതും വിളറിയ ആ മുഖം സാവകാശം ചിരിക്കുന്നു..
ആ മുഖം ഞാൻ തിരിച്ചറിഞ്ഞു..
ആദുവിന്റെ പിതാവ്..
കേൾക്കാൻ ആകുന്നില്ലെങ്കിലും അനങ്ങുന്ന ചുണ്ടുകളെ എനിക്ക് അറിയാൻ കഴിഞ്ഞു..

ഹൌ ആർ യു മേം..?

യെസ്,സുഖാണെന്ന് അദ്ദേഹത്തിനു കൈവീശി നടന്നകലുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു ആദുവിന്റെ ഉച്ഛത്തിലുള്ള സ്വരം..

അതാതലീന പോകുന്നു


മുകളിലെ ചിത്രം പണ്ടെപ്പോഴൊ തംബലീന ന്റ്റെ ഉറക്കം കളഞ്ഞ ദിവസങ്ങളിൽ വരച്ചത്,,  :)