Friday, May 11, 2012

ശ്രദ്ധ...
ഒരു വ്യക്തിയുടെ ജീവിതം നയിയ്ക്കപ്പെടുന്നതിന്‍റെ പ്രധാന ഘട്ടം ബാല്യകാലം ആണെന്ന വസ്തുത ആർക്കാണ് അറിയാത്തത് അല്ലേ..?
നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റുപാട്, സമൂഹം,ആത്മവിശ്വാസം,കുഞ്ഞിന്റെ പ്രകടനങ്ങൾ…ഇവയെല്ലാം ഈ ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിയ്ക്കുന്നു..
ഇതിലെ ഏതെങ്കിലുമൊരു ഘടകം അപാകത കാണിച്ചാൽ വളരെ നിസ്സാരമെന്ന് തോന്നിപ്പിയ്ക്കുമെങ്കിലും ഒരു കുഞ്ഞിന്റെ ശാരീരിക മാനസിക വളർച്ചയെ എത്രമാത്രം ബാധിയ്ക്കുന്നുവെന്ന് തിട്ടപ്പെടുത്തി മനസ്സിലാക്കി തരുവാനാവില്ല..
അത്രമാത്രം സങ്കീർണ്ണമാണത്..!

സ്കൂൾ ജീവിതം തുടങ്ങിയ ഒരു കഞ്ഞിന്റെ അദ്ധ്യാപികയിൽ നിന്ന് വളരെ സാവകാശം മാതാപിതാക്കൾ മനസ്സിലാക്കുന്ന കുഞ്ഞിന്റെ പോരായ്മകൾ അല്ലെങ്കിൽ ന്യൂനതകൾ കുറച്ചൊന്നുമല്ലല്ലൊ അവരെ മനോ ദു:ഖത്തിൽ ആഴ്ത്തുന്നത്..
മറ്റു കുഞ്ഞുങ്ങളിൽ നിന്ന് ഇവർ ഒരു ചെറിയ പടി താഴെ എന്ന വസ്തുത അവർ അംഗീകരിച്ചേ മതിയാകൂ.. അത്തരം കുഞ്ഞുങ്ങൾ 150ല് 5,6 എന്ന തോതിൽ എത്തിപ്പെട്ടിരിയ്ക്കുന്നു.


“നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മ ആയിരിയ്ക്കാം,….എന്നാൽ ഞങ്ങൾ ഒരേ സമയം 30 പേരുടെ അമ്മയും ഗുരുവും..എല്ലാം ആണ്..
ഒരു കുഞ്ഞിന്റെ ഇളം മനസ്സിൽ ഒരല്പം പോലും വേദനയോ നീറ്റലോ അപകർഷതാ ബോധമോ ഇല്ലാതാക്കി അവരുടെ പഠന കാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും അവർക്കുള്ള പങ്കാളിത്തം ഉറപ്പു വരുത്തുക..
ഒരു ദിവസത്തിലെ വളരെ ചുരുങ്ങിയ സമയ പരിധിയ്ക്കുള്ളിൽ ഞങ്ങൾക്കിത് ഉറപ്പ് വരുത്താമെങ്കിൽ എന്തു കൊണ്ട് നിങ്ങൾക്കായികൂട..?“
നിസ്സംഗയായി നിൽക്കുന്ന ഒരു മാതാവിനോട് എന്റെ കോർഡിനേറ്റർ വളരെ ഗൌരവത്തോടേയും എന്നാൽ അവരെ ആശ്വാസിപ്പിയ്ക്കുകയും ചെയുന്ന ഒരു കൂടി കാഴ്ച്ചയിലെ സംഭാഷണ ശകലമായിരുന്നു അത്..
ആത്മാര്‍ത്ഥത പുരളുന്ന അവരുടെ ഇത്തരം വാക്കുകളും പ്രവൃത്തികളും അവരുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
അതുകൊണ്ട് തന്നെ എന്റെ ക്ലാസ്സിനെ സംബന്ധിച്ച ചർച്ചകൾ അല്ലെങ്കിൽ പോലും അവസരങ്ങൾ കിട്ടുമ്പോഴെല്ലാം ഞാൻ ഇത്തരം കൂടികാഴ്ച്ചകളിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു..സഹകരിയ്ക്കാൻ താത്പര്യം പ്രകടിപ്പിച്ചു..
രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ച്ചകൾ ഒരു ക്ലാസ്സ് ടീച്ചറിനേക്കാൾ അവരെ മാനസികമായി അലട്ടുന്നുണ്ടെന്നും നെഞ്ചിലേറ്റി അവർ നടക്കുന്നുണ്ടെന്നും പലപ്പോഴുമുള്ള അവരുടെ പെരുമാറ്റങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു..
അതവരിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിച്ചു.ഇനി നമുക്ക് ശ്രദ്ധയെ പരിചയപ്പെടാം..
നാല് വയസ്സുകാരി സുന്ദരി മലയാളി കുട്ടി..
ഒട്ടും സംഭാഷണ പ്രിയയല്ലാത്ത..
അടങ്ങി ഇരിയ്ക്കാൻ ഇഷ്ടമല്ലാത്ത..
ഒന്നിനോടും ശ്രദ്ധയില്ലാത്ത ശ്രദ്ധ….!
തരം കിട്ടിയാൽ ക്ലാസ്സിന് പുറത്തു ചാടി തന്റേതായ ലോകത്ത് ആടിപാടി കളിയ്ക്കാൻ കേമി.
ഓരൊ പ്രവൃത്തിയിലും സ്വഭാവത്തിലും എടുത്തു കാണിയ്ക്കുന്ന പിടിവാശിയും മുൻശുണ്ഠിയും ..
ആരേയും വീഴ്ത്തുന്ന ചിരിയും ഭാവങ്ങളും..
എന്നാൽ അവളുടെ ആ ചിരിയിലെ സൌന്ദര്യവും അടക്കവും അവളുടെ സ്വഭാവത്തിലോ, പഠന കാര്യത്തിലോ,വസ്ത്ര രീതികളിലോ , വൃത്തിയിലോ കണ്ടിരുന്നില്ല..
ചീവി കോതാത്ത മുടിയും, പ്രഭാത ഭക്ഷണത്തിന്റെ കറകൾ പുരണ്ട ഉടുപ്പും , ഉറക്കച്ചടവുള്ള കണ്ണുകളും..അതായിരുന്നു ശ്രദ്ധയെ മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അറിയുവാനുള്ള അടയാളം.
പല തവണ ഇക്കാര്യം ശ്രദ്ധയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും അവളിൽ കണ്ടില്ല..അന്ന് കോർഡിനേറ്റർ പതിവിലും വൈകിയാണ് സ്ക്കൂളിൽ എത്തിയത്.
അവർ വളരെ പരവശയായി കാണപെട്ടു..
എന്തോ കാര്യമായ വിഷയം അവരെ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ എന്തു പറ്റി എന്ന് ആരായാൻ അരികിൽ എത്തിയതും,
ഒന്നും ചോദിയ്ക്കാതെ തന്നെ അവർ പറഞ്ഞു തുടങ്ങി..
“എനിയ്ക്ക് എന്തിന്റെ ടെൻഷനുകൾ ആണ് ഉള്ളതെന്ന് സുഹൃത്തുക്കളെല്ലാം അസൂയയോടെ ചോദിയ്ക്കാറുണ്ട്..
മക്കൾ വിദേശത്ത് ജോലി ചെയ്യുന്നു…ഭർത്താവുമായുള്ള സുഖ ജീവിതം..
അല്ലലുകളില്ലാത്ത സ്ക്കൂൾ ഉദ്യോഗം..
എന്നാൽ എന്റെ കാര്യം എനിയ്ക്കല്ലെ അറിയൂ..
ഇന്നത്തെ കാര്യം തന്നെ നോക്കു,
ഇന്നെനിയ്ക്ക് സ്കൂളിൽ സമയത്തിന് എത്താൻ സാധിയ്ക്കാത്തത് ‘ ശ്രദ്ധ ‘ കാരണം..
ശ്രദ്ധയോ…ഞാൻ ആശ്ചര്യപ്പെട്ടു,,,അതെങ്ങിനെ..?
അതെ…ശ്രദ്ധ തന്നെ..
ഞാൻ ഒരുങ്ങി ഇറങ്ങാൻ നേരമായിട്ടും അവൾ കുളി മാത്രം കഴിഞ്ഞ് നിൽപ്പാണ്..
അടുക്കള കാര്യവും എന്റെ ഒരുക്കങ്ങളുമെല്ലാം തീർന്നിട്ടും അവളുടെ ഒരു കാര്യം പോലും ചെയ്യാൻ സഹായിയ്ക്കാതെ മോഹനേട്ടൻ പത്രത്തിനകത്ത് തല പൂഴ്ത്തി ഇരിയ്ക്കുന്നു..
അവൾ മേശപ്പുറത്തു നിന്ന് തനിയെ ഭക്ഷണം എടുത്ത് കഴിച്ച് യൂണിഫോം വൃത്തികേടാക്കിയിരിയ്ക്കുന്നു..
പത്തു മണി കഴിഞ്ഞ് ഓഫീസിൽ പോയാൽ മതി മോഹനേട്ടന് ,
എന്നെ ഇതിലെല്ലാം ഒന്ന് സഹായിച്ചാൽ എന്താ..
അവളുടെ മുടിയെങ്കിലും ഒന്ന് ചീവി കൊടുത്തു കൂടെ..ഒരു അനക്കവും ഇല്ല..
അത് ആവശ്യപ്പെട്ടതിന് എട്ടൻ ഇന്നും വഴക്കിട്ടു..
ഒന്നും രണ്ടും പറഞ്ഞ് സംസാരം കൂടിയപ്പോൾ ശ്രദ്ധ കരയാൻ തുടങ്ങി..
ആ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്…
സമയം നോക്കിയപ്പോൾ പതിവിലും വൈകിയിരിയ്ക്കുന്നു ഉണരാൻ,,
ഇന്നത്തെ എന്റെ പുലർക്കാല സ്വപ്നം ശ്രദ്ധയാണ്..
ഉണർവ്വിൽ മാത്രമല്ല ഉറക്കത്തിലും അവൾ മാത്രമാണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്..
അവളുടെ പഠനത്തിലും ജീവിത രീതികളിലും അടുക്കും ചിട്ടയും കൊണ്ടു വരാൻ സാധിയ്ക്കാത്തതിൽ ഞാൻ വളരെയധികം മനപ്രയാസം അനുഭവിയ്ക്കുന്നു..
അവർ നെടുവീർപ്പിട്ടു..ഞാൻ ഒരു നിമിഷം നിശ്ശബ്ദയായി പോയി..
പിന്നെ അവരോട് ചേർന്ന് നിന്ന് കൈകൾ കൂട്ടി പിടിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
അറിയാതെ എന്റെ കണ്ണുകളും…!