Friday, March 1, 2013

നന്മ...!കിളികൾ പൂക്കളെ വിളിച്ചുണർത്തി..
പൂക്കൾ പുലരിയെ നോക്കി പുഞ്ചിരിച്ചു..
സൂര്യൻ ജില്ലിയെ തട്ടിയുണർത്തി..
“നേരം പുലർന്നിരിക്കുന്നൂഉണരൂ .കണ്ണുകൾ തുറക്കു ജില്ലി കുഞ്ഞേ..“

ജില്ലി അവധിയുടെ ആലസ്യമകറ്റി  മരങ്ങൾക്കിടയിലൂടെ  സന്തോഷത്തോടെ തുള്ളിച്ചാടി  പാട്ടുകൾ പാടി ഉത്സാഹത്തോടെ അവളുടെ ദിവസത്തിനു തുടക്കമിട്ടു..!

“മേരിക്കുണ്ടൊരു കുഞ്ഞാട്..ഹൊ..ഹേയ്..
ജില്ലിക്കുണ്ടൊരു കുഞ്ഞു സ്ലേറ്റ്..
നീണ്ടു മെലിഞ്ഞൊരു ചോക്ക് പെൻസിൽ
അച്ഛൻ വാങ്ങി തന്നല്ലോ..
സ്കൂളിൽ പോവാൻ എന്തു രസമാ..
മാർച്ച് കഴിഞ്ഞാൽ ഹൊ എന്തു ചെയ്യും..?”

ഏപ്രിൽ , മെയ്  അവധി എങ്ങനെ ചിലവഴിക്കണമെന്ന ആലോചനയിലും,
 പൂക്കളോടും കിളികളോടും കളി പറഞ്ഞ് ചാടി ചാടി പോകുന്ന ജില്ലിയെ കണ്ട സുന്ദരി പൂമ്പാറ്റ അന്നെന്തായാലും ജില്ലിയോട് കുശലം ചോദിച്ചിട്ടു തന്നെ കാര്യമെന്ന് തീരുമാനിച്ചു.


 “ഹലോ..ഹേയ്..ഒന്നവിടെ നിന്നേ..
എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു..”
സുന്ദരിക്ക് ജില്ലിയുടെ ഒപ്പം പറന്നെത്താൻ ഇച്ചിരി പാടുപെടേണ്ടി വന്നു..
അവളുടെ കുഞ്ഞു ചിറകുകൾക്ക് നോവാൻ തുടങ്ങിയിരുന്നു..!

“ഊം..എന്താ..?
ഞാനിവിടെ വർത്തമാനം പറഞ്ഞു നിന്നാൽ സമയം വൈകും..
അതുകൊണ്ട് നീ സംസാരിച്ചു കൊണ്ട് എന്റെ കൂടെ പറന്ന് കൂടിക്കോളൂ..”

സുന്ദരിക്ക്  തന്റെ ചിറകുകളോട് സഹതാപം തോന്നി..
എന്നാലും കാര്യം അറിഞ്ഞിട്ടു തന്നെ..
സുന്ദരി തുള്ളിച്ചാടി നീങ്ങുന്ന ജില്ലിയുടെ തലക്ക് മുകളിലൂടെ പറന്ന് സംസാരം തുടർന്നു..

“അതെയ്ജൂൺ മാസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ..
എവിടേക്കാ എന്നും രാവിലെ ഇങ്ങനെ തുള്ളിച്ചാടി പാട്ടും പാടി സന്തോഷത്തോടെ  നീ പോകുന്നത്..?
ശനി ഞായർ ദിവസങ്ങളിലും മറ്റ് നീണ്ട അവധി ദിവസങ്ങളിലും കാണാറുമില്ല..
ഇന്നെനിക്ക് എന്തായാലും അറിഞ്ഞേ തീരൂ..
അതാണ് ഞാനിന്ന് നിന്റെ കൂടെ കൂടിയത്..”

“ആഹ്ഇതാണൊ കാര്യം..?
നീ ഒരു മണ്ടത്തി തന്നെ..എന്നും രാവിലെ ഞാൻ സ്കൂളിലേക്കല്ലാതെ വേറെ എവിടെ പോകാനാ..?“

ജില്ലി സുന്ദരിയെ കളിയാക്കി.

സുന്ദരിക്ക് ദേഷ്യം വന്നു..

“ഹ്മ്മ്..നുണച്ചി..
സ്കൂളിൽ പോകുന്നവരെ കണ്ടാൽ എനിക്ക് മനസ്സിലാകും..
അവരുടെ കയ്യിലൊ, തോളിലൊ മുതുകിലൊ ഒരു സ്കൂൾ ബാഗ് കാണും..
നിന്റെ കയ്യിലാണെങ്കിൽ അതൊന്നുമില്ല താനും..
എനിക്കും സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ്..പക്ഷേ,,എന്റെ കുഞ്ഞ് ചിറകുകൾക്ക് സ്കൂൾബാഗ് തൂക്കാനുള്ള ആവതില്ലാത്തതുകൊണ്ടാണ് ഞാൻ പോകാത്തത്..
പക്ഷേ..ഞാനെന്നും  ന്റെ കൂട്ടുകാരുമൊത്ത് സ്കൂൾ മുറ്റത്തെ പൂന്തോട്ടത്തിലിരുന്ന് പാട്ടുകളും കഥകളും കേട്ടിരിക്കാറുണ്ട്..
എനിക്ക് മനസ്സിലാവുന്നതെല്ലാം കേട്ട് പഠിക്കാറുമുണ്ട്..


നീ എന്നെ പറഞ്ഞ് പറ്റിക്കുകയാണ്..“

ജില്ലിക്ക് ചിരി അടക്കാനായില്ല..
സുന്ദരിയുടെ ചിറകുകളിൽ മൃദുവായി പിടിച്ച് തന്നിലേക്ക് അടുപ്പിച്ച്  തന്റെ ശരീരത്തിൽ പറ്റിച്ചേർന്നിരിക്കുന്ന ഒരു സാധനം കാണിച്ചിട്ട് പറഞ്ഞു..

“സുന്ദരീനീയിത് കണ്ടോ..?
ഇതാണ്  ഞങ്ങൾ കൂട്ടർക്ക് മാത്രമായി ഈശ്വരൻ നൽകിയിരിക്കുന്ന ഒരു വരദാനം..
നിനക്ക് ഞങ്ങളെ അറിയില്ലേ..
ഞങ്ങളാണ്  കങ്കാരു..

എന്റെ അമ്മ എന്നെയീ സഞ്ചിയ്ക്കകത്തിരുത്തിയാണ് പോറ്റി പരിപാലിച്ച് വളർത്തി കൊണ്ടുവന്നത്..
എന്റെ അമ്മയുടെ അത്രക്കായാൽ ഞാനും അങ്ങനെ തന്നെയാവും..
അതുവരെ ഞാനെന്റെ കുഞ്ഞു സ്ലേറ്റും പെൻസിലും  പുസ്തകങ്ങളും ഈ സഞ്ചിക്കകത്തിട്ട് സ്കൂളി പോകുമല്ലോ…“

ജില്ലി പൊട്ടിച്ചിരിച്ചു..

സുന്ദരി കൌതുകത്തോടെ ജില്ലിയുടെ വയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു സഞ്ചിയെ നോക്കി സന്തോഷിച്ചു..
“ആഹാ.എനിക്ക്  നാനാവർണ്ണങ്ങളിലുള്ള ചിറകുകൾ നൽകി എന്നെ സുന്ദരിയാക്കിയതു പോലെ നിനക്കും ഒരു അത്ഭുതം ലഭിച്ചിരിക്കുന്നു..
എന്നെ കുറിച്ച് നിനക്ക് കൂടുതൽ അറിയണമെൻകിൽ ദാ...ഇവിടെ പോയാൽ മതി..!
എനിക്ക് സന്തോഷമായിആദ്യമായാണു ഞാൻ നിന്റെ കൂട്ടരെ കുറിച്ച് അറിയുന്നത്..”

ജില്ലിയും സുന്ദരിയും അവരവരുടെ സന്തോഷങ്ങൾ പങ്കുവെച്ചു,,
യാത്രാമദ്ധ്യേ ജില്ലി സന്ദുരിയോട് പറഞ്ഞു,
“ഇനി മുതൽ നമുക്ക് ഒരുമിച്ച് ഒരേ സ്കൂളിൽ പോയി വരാം..
നിന്റെ കുഞ്ഞു ചിറകുകൾക്ക് നോവാതിരിക്കാൻ നിന്നെ ഞാനെന്റെ സഞ്ചിയിൽ ഇരുത്താം..
നമുക്കൊരുമിച്ച് പാട്ടുപാടി രസിച്ച് നല്ല കൂട്ടുകാരികളായി കഴിയാം..”

സുന്ദരിക്ക് സന്തോഷം അടക്കാനായില്ല..
അന്നു മുതൽ അവർ നല്ല കൂട്ടുകാരികളായി സ്കൂളിലേക്ക് പോയി വന്നു..
സുന്ദരിയേയും അവളുടെ പുസ്തകവും തന്റെ സഞ്ചിയിൽ ഒതുക്കി ജില്ലി തന്റെ സ്നേഹിതയെ സഹായിച്ചു..!കൂട്ടരേ
ഉള്ളിലെ നന്മയും  അവ പങ്കുവെക്കുവാനുള്ള നല്ല മനസ്സും മാത്രം മതി ജിവിതത്തിൽ സന്തോഷം നിലനിൽക്കാൻ..
ശുഭദിനം നേരുന്നു..!