Thursday, September 18, 2014

നിഷേധിയല്ല ഞാൻ...!

പൊട്ടിത്തെറിക്കുക, പൊട്ടിപ്പുറപ്പെടുക, വെല്ലുവിളിക്കുക - എന്നീ സ്വഭാവ വ്യതിയാനങ്ങൾ നിഷേധികളുടെ സ്വഭാവദൂഷ്യമെന്ന് അംഗീകരിക്കപ്പെടുമ്പോൾ അത്തരം  ദൃശ്യങ്ങൾ തെളിയുന്ന കണ്ണുകളിലെ കഥാപാത്രങ്ങൾക്ക്‌ കൗമാരം മുതൽ പക്വത യാർജ്ജിച്ച മുതിർന്നവരേയും കടന്ന് വാർദ്ധക്ക്യ ആകുലതകളും രോഗങ്ങളും അനുഭവിക്കുന്നവരിലുംഎത്തിനിൽക്കുന്നു.
അങ്ങനെയൊക്കെ ആകുമ്പോഴും നിഷേധാത്മകത മനോഭാവങ്ങളിലൂടെ പൊട്ടിത്തെറിച്ച്‌ രോഷവും സങ്കടവും അലമുറയിട്ട്‌ പൊട്ടിപ്പുറപ്പെടുവിച്ച്‌ മാതാപിതാക്കളുടെ സ്നേഹങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവ വൈകല്യങ്ങളെ പിടിവാശി, വളർത്തുദോഷം എന്ന  ഓമനപ്പേരുകളിൽ ഓമനിച്ചു വളർത്തുവാൻ തന്നെയാണു മാതാപിതാക്കളടക്കമുള്ളവർക്ക്‌ താത്പര്യം.

കൊച്ചു കുട്ടികളുടെ ആഗ്രഹങ്ങൾ അപ്പപ്പോൾ സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾ അല്ലെങ്കിൽ മാനസിക ഉല്ലാസം ഇത്തരം സ്വഭാവരീതികൾ കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുവാൻ വളരെയധികം ബാധകമാകുമ്പോൾ അവർ മനസ്സിലാക്കാത്ത യാഥാർത്ഥ്യമാണ് കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഇത്തരം മാനസിക പിരിമുറുക്കങ്ങൾ.

എന്നാൽ തീർത്തും നിഷ്കളങ്കരായ ഓമനകളിൽ ഇത്തരം മാനസിക വ്യതിയാനങ്ങൾ കാണപ്പെടുന്നത്തിന്റെ പ്രധാന കാരണം ഗർഭാവസ്ഥയിലുള്ള അമ്മയുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ തന്നെ..
തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ ആകുലമായ മനസ്സ്‌ രൂപപ്പെടുത്തുന്നു. കുഞ്ഞിന്റെ ജനനം കാത്തിരിക്കുന്ന ഒരു അമ്മയുടെ മനസ്സിലേക്കിത്‌ ഒരു രോഗമായി പടരുമ്പോൾ രണ്ട്‌ വ്യക്തികളുടെ വ്യക്തിത്വത്തിനാണു ജീവിതകാലം മുഴുവൻ മങ്ങലേൽക്കുന്നത്‌.
ഇതിനു കാരണക്കാരാവുന്നതോ, അവർക്കു വേണ്ടപ്പെട്ടവർ തന്നെ..
കുഞ്ഞിന്റെ അച്ഛൻ മുതൽ കുടുംബത്തിലെ ഓരൊ അംഗങ്ങളും ഒരു സ്ത്രീയുടെ ഗർഭാവസ്ഥയെ സംരക്ഷിക്കേണ്ടതിൽ ബാധ്യസ്തർ തന്നെ.

പിച്ചവെച്ചു നടക്കുന്ന കുഞ്ഞിൽനിന്ന് ഓടിച്ചാടി കണ്ണുംകാതുമില്ലാതെ തട്ടിത്തെറിപ്പിച്ച്‌ മറ്റു കുഞ്ഞുങ്ങളെ ദ്രോഹിച്ചും സ്വയം വേദനിപ്പിച്ചും ആനന്ദം കണ്ടെത്തുന്ന രണ്ടര വയസ്സുകാരനൊ മൂന്നു വയസ്സുകാരിയ്ക്കൊ ക്ലാസ്സ്‌ മുറിയിലെ പെരുമാറ്റചട്ടങ്ങളും പഠനമുറകളും അനുസരിക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതോടെ അവരുടെ ആനന്ദ നിമിഷങ്ങൾ പൂവിടും മുന്നെ കൊഴിയുവാനെന്ന പോലെ കാത്തു നിൽപ്പായി.

അറിവ്‌ അഭ്യസിച്ചു തുടങ്ങും മുന്നെതന്നെ ദുരിതപൂർണ്ണമായ അന്തരീക്ഷങ്ങൾ അവർക്കു ചുറ്റും തളംകെട്ടുന്നത്‌ മാതാപിതാക്കൾ അറിയും മുന്നെ അവരുടെ ടീച്ചർ ഗ്രഹിച്ചെടുക്കുമ്പോഴും,
കുഞ്ഞിലെ ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക്‌ കുസൃതിയെന്നും കുട്ടിത്തരങ്ങളെന്നും മാതാപിതാക്കൾ പേരിട്ടു കഴിഞ്ഞിരിക്കും.
മധുരിക്കാത്ത സത്യങ്ങളെ ഉൾക്കൊള്ളാനാവാത്ത മാതാപിതാക്കളെയും നിഷ്കളങ്ക ബാല്യം ആസ്വദിക്കാനാവാത്ത കുഞ്ഞിനുമിടയിൽ ഒരു ടീച്ചർ വളരെ പ്രധാനപ്പെട്ട റോൾ കൈകാര്യം ചെയ്യുന്നു.
കുഞ്ഞിന്റെ മാനസിക ശാരീരിക വളർച്ചയിൽ അവർ പങ്കാളിയാവുന്നു...

എന്തിനീ വിവരങ്ങൾ നിങ്ങളുമായി ഞാൻ പങ്കുവെച്ചുവെന്ന് നിങ്ങൾക്ക്‌ ഗ്രഹിക്കാനാവുമെന്ന് കരുതുന്നു..
സസ്മിത്‌..അവന്റെ അമ്മ, അച്ചൻ..ഈ മൂന്നു മുഖങ്ങൾ മനസ്സീന്ന് മായുന്നില്ല..
ഞങ്ങൾക്കിന്ന് സുഖമായുറങ്ങുവാൻ
ഇന്നത്തെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തുക..

ശുഭരാത്രി പ്രിയരേ..നല്ല സ്വപ്നങ്ങൾ..!