Friday, May 11, 2012

ശ്രദ്ധ...
ഒരു വ്യക്തിയുടെ ജീവിതം നയിയ്ക്കപ്പെടുന്നതിന്‍റെ പ്രധാന ഘട്ടം ബാല്യകാലം ആണെന്ന വസ്തുത ആർക്കാണ് അറിയാത്തത് അല്ലേ..?
നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റുപാട്, സമൂഹം,ആത്മവിശ്വാസം,കുഞ്ഞിന്റെ പ്രകടനങ്ങൾ…ഇവയെല്ലാം ഈ ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിയ്ക്കുന്നു..
ഇതിലെ ഏതെങ്കിലുമൊരു ഘടകം അപാകത കാണിച്ചാൽ വളരെ നിസ്സാരമെന്ന് തോന്നിപ്പിയ്ക്കുമെങ്കിലും ഒരു കുഞ്ഞിന്റെ ശാരീരിക മാനസിക വളർച്ചയെ എത്രമാത്രം ബാധിയ്ക്കുന്നുവെന്ന് തിട്ടപ്പെടുത്തി മനസ്സിലാക്കി തരുവാനാവില്ല..
അത്രമാത്രം സങ്കീർണ്ണമാണത്..!

സ്കൂൾ ജീവിതം തുടങ്ങിയ ഒരു കഞ്ഞിന്റെ അദ്ധ്യാപികയിൽ നിന്ന് വളരെ സാവകാശം മാതാപിതാക്കൾ മനസ്സിലാക്കുന്ന കുഞ്ഞിന്റെ പോരായ്മകൾ അല്ലെങ്കിൽ ന്യൂനതകൾ കുറച്ചൊന്നുമല്ലല്ലൊ അവരെ മനോ ദു:ഖത്തിൽ ആഴ്ത്തുന്നത്..
മറ്റു കുഞ്ഞുങ്ങളിൽ നിന്ന് ഇവർ ഒരു ചെറിയ പടി താഴെ എന്ന വസ്തുത അവർ അംഗീകരിച്ചേ മതിയാകൂ.. അത്തരം കുഞ്ഞുങ്ങൾ 150ല് 5,6 എന്ന തോതിൽ എത്തിപ്പെട്ടിരിയ്ക്കുന്നു.


“നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മ ആയിരിയ്ക്കാം,….എന്നാൽ ഞങ്ങൾ ഒരേ സമയം 30 പേരുടെ അമ്മയും ഗുരുവും..എല്ലാം ആണ്..
ഒരു കുഞ്ഞിന്റെ ഇളം മനസ്സിൽ ഒരല്പം പോലും വേദനയോ നീറ്റലോ അപകർഷതാ ബോധമോ ഇല്ലാതാക്കി അവരുടെ പഠന കാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും അവർക്കുള്ള പങ്കാളിത്തം ഉറപ്പു വരുത്തുക..
ഒരു ദിവസത്തിലെ വളരെ ചുരുങ്ങിയ സമയ പരിധിയ്ക്കുള്ളിൽ ഞങ്ങൾക്കിത് ഉറപ്പ് വരുത്താമെങ്കിൽ എന്തു കൊണ്ട് നിങ്ങൾക്കായികൂട..?“
നിസ്സംഗയായി നിൽക്കുന്ന ഒരു മാതാവിനോട് എന്റെ കോർഡിനേറ്റർ വളരെ ഗൌരവത്തോടേയും എന്നാൽ അവരെ ആശ്വാസിപ്പിയ്ക്കുകയും ചെയുന്ന ഒരു കൂടി കാഴ്ച്ചയിലെ സംഭാഷണ ശകലമായിരുന്നു അത്..
ആത്മാര്‍ത്ഥത പുരളുന്ന അവരുടെ ഇത്തരം വാക്കുകളും പ്രവൃത്തികളും അവരുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
അതുകൊണ്ട് തന്നെ എന്റെ ക്ലാസ്സിനെ സംബന്ധിച്ച ചർച്ചകൾ അല്ലെങ്കിൽ പോലും അവസരങ്ങൾ കിട്ടുമ്പോഴെല്ലാം ഞാൻ ഇത്തരം കൂടികാഴ്ച്ചകളിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു..സഹകരിയ്ക്കാൻ താത്പര്യം പ്രകടിപ്പിച്ചു..
രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ച്ചകൾ ഒരു ക്ലാസ്സ് ടീച്ചറിനേക്കാൾ അവരെ മാനസികമായി അലട്ടുന്നുണ്ടെന്നും നെഞ്ചിലേറ്റി അവർ നടക്കുന്നുണ്ടെന്നും പലപ്പോഴുമുള്ള അവരുടെ പെരുമാറ്റങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു..
അതവരിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിച്ചു.ഇനി നമുക്ക് ശ്രദ്ധയെ പരിചയപ്പെടാം..
നാല് വയസ്സുകാരി സുന്ദരി മലയാളി കുട്ടി..
ഒട്ടും സംഭാഷണ പ്രിയയല്ലാത്ത..
അടങ്ങി ഇരിയ്ക്കാൻ ഇഷ്ടമല്ലാത്ത..
ഒന്നിനോടും ശ്രദ്ധയില്ലാത്ത ശ്രദ്ധ….!
തരം കിട്ടിയാൽ ക്ലാസ്സിന് പുറത്തു ചാടി തന്റേതായ ലോകത്ത് ആടിപാടി കളിയ്ക്കാൻ കേമി.
ഓരൊ പ്രവൃത്തിയിലും സ്വഭാവത്തിലും എടുത്തു കാണിയ്ക്കുന്ന പിടിവാശിയും മുൻശുണ്ഠിയും ..
ആരേയും വീഴ്ത്തുന്ന ചിരിയും ഭാവങ്ങളും..
എന്നാൽ അവളുടെ ആ ചിരിയിലെ സൌന്ദര്യവും അടക്കവും അവളുടെ സ്വഭാവത്തിലോ, പഠന കാര്യത്തിലോ,വസ്ത്ര രീതികളിലോ , വൃത്തിയിലോ കണ്ടിരുന്നില്ല..
ചീവി കോതാത്ത മുടിയും, പ്രഭാത ഭക്ഷണത്തിന്റെ കറകൾ പുരണ്ട ഉടുപ്പും , ഉറക്കച്ചടവുള്ള കണ്ണുകളും..അതായിരുന്നു ശ്രദ്ധയെ മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അറിയുവാനുള്ള അടയാളം.
പല തവണ ഇക്കാര്യം ശ്രദ്ധയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും അവളിൽ കണ്ടില്ല..അന്ന് കോർഡിനേറ്റർ പതിവിലും വൈകിയാണ് സ്ക്കൂളിൽ എത്തിയത്.
അവർ വളരെ പരവശയായി കാണപെട്ടു..
എന്തോ കാര്യമായ വിഷയം അവരെ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ എന്തു പറ്റി എന്ന് ആരായാൻ അരികിൽ എത്തിയതും,
ഒന്നും ചോദിയ്ക്കാതെ തന്നെ അവർ പറഞ്ഞു തുടങ്ങി..
“എനിയ്ക്ക് എന്തിന്റെ ടെൻഷനുകൾ ആണ് ഉള്ളതെന്ന് സുഹൃത്തുക്കളെല്ലാം അസൂയയോടെ ചോദിയ്ക്കാറുണ്ട്..
മക്കൾ വിദേശത്ത് ജോലി ചെയ്യുന്നു…ഭർത്താവുമായുള്ള സുഖ ജീവിതം..
അല്ലലുകളില്ലാത്ത സ്ക്കൂൾ ഉദ്യോഗം..
എന്നാൽ എന്റെ കാര്യം എനിയ്ക്കല്ലെ അറിയൂ..
ഇന്നത്തെ കാര്യം തന്നെ നോക്കു,
ഇന്നെനിയ്ക്ക് സ്കൂളിൽ സമയത്തിന് എത്താൻ സാധിയ്ക്കാത്തത് ‘ ശ്രദ്ധ ‘ കാരണം..
ശ്രദ്ധയോ…ഞാൻ ആശ്ചര്യപ്പെട്ടു,,,അതെങ്ങിനെ..?
അതെ…ശ്രദ്ധ തന്നെ..
ഞാൻ ഒരുങ്ങി ഇറങ്ങാൻ നേരമായിട്ടും അവൾ കുളി മാത്രം കഴിഞ്ഞ് നിൽപ്പാണ്..
അടുക്കള കാര്യവും എന്റെ ഒരുക്കങ്ങളുമെല്ലാം തീർന്നിട്ടും അവളുടെ ഒരു കാര്യം പോലും ചെയ്യാൻ സഹായിയ്ക്കാതെ മോഹനേട്ടൻ പത്രത്തിനകത്ത് തല പൂഴ്ത്തി ഇരിയ്ക്കുന്നു..
അവൾ മേശപ്പുറത്തു നിന്ന് തനിയെ ഭക്ഷണം എടുത്ത് കഴിച്ച് യൂണിഫോം വൃത്തികേടാക്കിയിരിയ്ക്കുന്നു..
പത്തു മണി കഴിഞ്ഞ് ഓഫീസിൽ പോയാൽ മതി മോഹനേട്ടന് ,
എന്നെ ഇതിലെല്ലാം ഒന്ന് സഹായിച്ചാൽ എന്താ..
അവളുടെ മുടിയെങ്കിലും ഒന്ന് ചീവി കൊടുത്തു കൂടെ..ഒരു അനക്കവും ഇല്ല..
അത് ആവശ്യപ്പെട്ടതിന് എട്ടൻ ഇന്നും വഴക്കിട്ടു..
ഒന്നും രണ്ടും പറഞ്ഞ് സംസാരം കൂടിയപ്പോൾ ശ്രദ്ധ കരയാൻ തുടങ്ങി..
ആ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്…
സമയം നോക്കിയപ്പോൾ പതിവിലും വൈകിയിരിയ്ക്കുന്നു ഉണരാൻ,,
ഇന്നത്തെ എന്റെ പുലർക്കാല സ്വപ്നം ശ്രദ്ധയാണ്..
ഉണർവ്വിൽ മാത്രമല്ല ഉറക്കത്തിലും അവൾ മാത്രമാണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്..
അവളുടെ പഠനത്തിലും ജീവിത രീതികളിലും അടുക്കും ചിട്ടയും കൊണ്ടു വരാൻ സാധിയ്ക്കാത്തതിൽ ഞാൻ വളരെയധികം മനപ്രയാസം അനുഭവിയ്ക്കുന്നു..
അവർ നെടുവീർപ്പിട്ടു..ഞാൻ ഒരു നിമിഷം നിശ്ശബ്ദയായി പോയി..
പിന്നെ അവരോട് ചേർന്ന് നിന്ന് കൈകൾ കൂട്ടി പിടിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
അറിയാതെ എന്റെ കണ്ണുകളും…!

26 comments:

 1. ഏതൊരു വ്യക്തിയുടെയും ജീവിതം നിര്‍ണയിക്കുന്നതില്‍ ബാല്യകാല അനുഭവങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. ബാല്യകാലത്ത് ലഭിക്കുന്ന ശ്രദ്ധയും പരിചരണങ്ങളും മാത്രമല്ല,തിക്താനുഭവങ്ങളും വ്യക്തിത്വത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിക്കുന്നു. ചുറ്റുപാടുകളോടുള്ള പ്രതികരണത്തെ ശക്തമായി സ്വാധിനിക്കുന്നു.

  കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളേപ്പോലെ കാണാന്‍ കഴിയുന്നിടത് അദ്ധ്യാപനം വിജയിക്കുന്നു. അത്തരം അധ്യാപകരുടെ സ്നേഹം ലഭിക്കാനാവുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവരാവുന്നു.

  ടീച്ചറെപ്പോലുള്ള നല്ല അധ്യാപകരുടെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട കോ ഓര്‍ഡിനേറ്റര്‍ നല്ല മാതൃകയാണ്. അവരുടെ സ്വപ്നങ്ങളെപ്പോലും അലട്ടുന്നത് കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആകാംക്ഷകള്‍.....

  ചെറിയൊരു കുറിപ്പിലൂടെ നല്ലൊരു സന്ദേശം......

  ReplyDelete
 2. വായിച്ചു. ടീച്ചറെയും കോ ഓര്‍ഡിനേറ്ററെയും ഓര്‍ത്ത് സന്തോഷിക്കുന്നു

  ReplyDelete
 3. നല്ല അധ്യാപകര്‍ സമൂഹത്തിന്‍റെ ആവശ്യമാണ്‌ ..

  ReplyDelete
 4. ഒരു ടീച്ചറുടെ അകംവേവായി കുട്ടികള്‍ മാറുന്നു പല പോസ്റ്റുകളിലും..
  കടുംനീല ബാക്ക് ഗ്രൊണ്ടില്‍ വെള്ളനിറത്തില്‍ എഴുത്ത് വരുമ്പോള്‍
  വായിക്കാന്‍ കുറെശ്ശെ ബുദ്ധിമുട്ടനുഭവപ്പെടുന്നു...

  നന്‍മകള്‍ നേരുന്നു

  ReplyDelete
 5. Taare Zameen Par എന്ന സിനിമയിലെ അമീര്‍ ഖാനെയും ദര്ശീലിനെയും ഓര്‍മ വന്നു പോയി..വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

  ReplyDelete
 6. അധ്യാപകര്‍ക്ക്‌ മാത്രം ലഭിക്കുന്ന ഭാഗ്യമാണ് "ശ്രദ്ധ"

  ReplyDelete
 7. ടീച്ചറും കോ ഓര്‍ഡിനേറ്ററും ശ്രദ്ധയും ശരിക്കും വായനക്കാരനെ വിഷമിപ്പിച്ചു ..

  ബാല്യത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്നേഹവും, പരിചരണവും, ആഹാരവും എല്ലാം അവന്റെ അല്ലെങ്കില്‍ അവളുടെ വളര്‍ച്ചയെ ശരിയായ ദിശയിലേക്ക് നയിക്കുന്നു. ഇച്ചിരി കുട്ടിത്തരങ്ങളില്‍ വിനു ടീച്ചര്‍ കുറിച്ചിടുന്ന ടീച്ചറുടെ അനുഭവ കാര്യങ്ങള്‍ ഒരു മാതൃകാധ്യാപികയെ സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

  ആശംസകള്‍ ടീച്ചറെ

  ReplyDelete
 8. നല്ല അധ്യാപകര്‍ക്ക് ഒരു നല്ല സമൂഹത്തെ സൃട്ഷ്ടിക്കാന്‍ കഴിയും..സംശയമില്ല..ആശംസകള്‍ ചേച്ചി..

  ReplyDelete
 9. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറെ വലുതുതന്നെ
  നല്ല പോസ്റ്റ് , ഭാവുകങ്ങള്‍

  ReplyDelete
 10. ഇതു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. കാരണം ഇപ്പോഴും ഇത്ര നല്ല ചിന്തകളോട് കൂടി അധ്യാപനം നടത്തുന്നവര്‍ ഉണ്ടല്ലോ അന്നാലോചിച്ചു. അധ്യാപ സമൂഹത്തില്‍ ഇത്രയും ആത്മാര്‍ഥതയും നന്മയും വേണം എന്ന്‌ ആഗ്രഹിക്കുന്നവര്‍ വളരെ വിരളമായിട്ടുണ്ട്. നല്ല മനസ്സുള്ള അധ്യാപകര്‍ക്കെ നല്ല ചിന്തയും നന്മയും ഉള്ള കുട്ടികളെ സമൂഹത്തിനു നല്‍കാന്‍ കഴിയൂ..
  ടീച്ചര്‍ക്ക് എല്ലാ ആശംസകളും നേരുന്നു...സസ്നേഹം...

  www.ettavattam.blogspot.com

  ReplyDelete
 11. നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റുപാട്, സമൂഹം,ആത്മവിശ്വാസം,കുഞ്ഞിന്റെ പ്രകടനങ്ങൾ…ഇവയെല്ലാം ഈ ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിയ്ക്കുന്നു..

  ടീച്ചർ ഈ പറഞ്ഞ കാര്യങ്ങളിൽ ബക്കിയുള്ളതിൽ ചിലതൊക്കെ നൂറ് ശതമാനവും ലഭിച്ചില്ലെങ്കിലും ഒരു കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് കുഴപ്പമൊന്നും സംഭവിക്കില്ല,പക്ഷെ വളരുന്ന ചുറ്റുപാടിന് വളരെ വലിയ പങ്കാണ് നിർവ്വഹിക്കാനുള്ളത്. ബാക്കിയുള്ളതിന്റെ കുറവിൽ വരുന്ന പോരായ്മ ഒരുവിധമൊക്കെ നേരേയാക്കാൻ വളരുന്ന സാമൂഹിക ചുറ്റുപാടിന് കഴിയും. അതാണ് നല്ല ഗ്രാമാന്തരീക്ഷത്തിന്റെ ഒരു നൈർമ്മല്യം. ആശംസകൾ ടീച്ചർ. കണ്ണ് നനയിപ്പിച്ച എഴുത്ത്.

  ReplyDelete
 12. ശരിയാണു.

  ഇനിയും വരട്ടെ ഇത്തരം കുറിപ്പുകൾ

  ReplyDelete
 13. നല്ല കുറിപ്പ്. അദ്ധ്യാപകര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന കഥ.

  ReplyDelete
 14. നല്ല പോസ്റ്റ്..... ഇഷ്ടായി....
  ആശംസകള്‍..
  ശ്രദ്ധയ്ക്കും , കോര്‍ഡിനേറ്റര്‍ക്കും പിന്നെ വര്‍ഷിണിയ്ക്കും....

  ReplyDelete
 15. ഗുണകരമായ സംഗതി ആശംസകള്‍

  ReplyDelete
 16. ടീച്ചറുടെ ഒരു നല്ല പോസ്റ്റ്‌ എന്നല്ല ഞാന്‍ പറയുന്നത്, പച്ചയായ ജീവിതാനുഭവങ്ങളും പ്രവര്‍ത്തി പരിചയങ്ങളും പകര്‍ന്നു നല്‍കി, മാതാപിതാക്കള്‍ക്ക് ചിന്തിക്കുവാന്‍, "ശ്രദ്ധിക്കുവാന്‍", തിരുത്തുവാന്‍ ഒക്കെ പര്യാപ്തമാക്കുന്ന സ്നേഹോപദേശങ്ങള്‍!!
  ആശംസകള്‍...........,
  നന്ദിപൂര്‍വ്വം
  ജോസെലെറ്റ്‌.

  ReplyDelete
 17. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അദ്ധ്യാപകർ കുട്ടികളുടെ ഭാഗ്യമാണ്..

  ReplyDelete
 18. നല്ല അദ്ധ്യാപകർ എന്നും വാഴ്ത്തപ്പെടട്ടേ...

  ReplyDelete
 19. നമുക്കറിയാവുന്നതാണ്, ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകർക്കുള്ള പങ്ക് എത്ര വലുതാണെന്ന്.. അങ്ങിനെ ഉള്ള ഒരു നല്ല അദ്ധ്യാപികക്ക് മാത്രമെ ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആകുലതയുണ്ടാകൂ.. നല്ല അദ്ധ്യാപകർ നല്ല സമൂഹത്തെ വാർത്തെടുക്കും..

  ReplyDelete
 20. വയിച്ചിരിക്കേണ്ട ഒരു പോസ്റ്റ്
  ഞാൻ ചുമ്മ ഒരു പാട് പോസ്റ്റുകൾ വായിക്കറുണ്ട്, പക്ഷെ വേണ്ടത് കുറേ വൈകിയേ കാണൂ


  ആശംസകൾ

  ReplyDelete
 21. ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിന്‌ അദ്ധ്യാപകര്‍ക്കുള്ള പങ്കു വളരെ വലുതാണ്‌....നല്ല ഒരു കുറിപ്പ് ടീച്ചറെ.

  ReplyDelete
 22. valare prasakthamaya post...... bhavukangal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane........

  ReplyDelete
 23. പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ വായനശാലയില്‍ കുട്ടികള്‍ക്കു വേണ്ടി സൌജന്യട്യൂഷന്‍ നടത്തിയിരുന്നു.പാഠ്യവിഷയങ്ങളേക്കാളുപരി കുട്ടികളുടെ സ്വഭാവ
  രൂപീകരണത്തിനും,സാസ്കാരിക ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ്‌ ഞങ്ങള്‍
  നടപ്പിലാക്കിയിരുന്നത്.ഓരോകുട്ടിയേയും നല്ലവണ്ണം മനസ്സിലാക്കി അവര്‍ക്കുവേണ്ട
  ഉപദേശങ്ങളും,നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ശ്രദ്ധിച്ചു.അവര്‍ക്കുപറ്റിയ പുസ്തകങ്ങള്‍
  നല്‍കി വായനയില്‍ താല്പര്യം ജനിപ്പിച്ചു.അത് വളരെ പ്രയോജനം ചെയ്തു.
  കാലമേറെ കഴിഞ്ഞിട്ടും എവിടെയെങ്കിലും കണ്ടുമുട്ടുമ്പോള്‍ അവര്‍ കാണിക്കുന്ന
  സ്നേഹവും,ബഹുമാനവും മനസ്സിനെ കുളിരണിയിക്കുന്നു.
  തീര്‍ച്ചയായും ബാല്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷകര്‍ത്താക്കളും,അദ്ധ്യാപകരും
  അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് സാരമുള്ള ടീച്ചറുടെ ലേഖനം ശ്രദ്ധേയമാണ്.
  അഭിനന്ദനങ്ങള്‍.
  ആശംസകളോടെ

  ReplyDelete
 24. സുപ്രഭാതം പ്രിയരേ...
  വളരെയേറെ വിലമതിയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ സന്മനസ്സ് നല്‍കിയ ന്റ്റെ പ്രിയര്‍ക്ക് ഹൃദയം നിറഞ്ഞ സ്നേഹം...സന്തോഷം...നന്ദി...!

  ReplyDelete
 25. വളരുന്ന ചുറ്റുപാടായിരിയ്ക്കാം ഒരു പക്ഷെ പോഷാകാഹരത്തേക്കാളും മറ്റും ഒരു കുഞ്ഞിന്റെ വ്യക്തിത്വ വികസനത്തിന് ഏറ്റവും കൂടുതല്‍ പങ്കുവഹിയ്ക്കുന്നത്. ഗതികേടുകൊണ്ട് ഉച്ചക്കഞ്ഞിയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കുന്ന മാതാപിതാക്കളുണ്ട് നമ്മുടെ അട്ടപ്പാടിയിലും മറ്റും. പക്ഷെ; ഇന്നത്തെ മുന്തിയ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കമ്പ്യൂട്ടറും, സപ്പറേറ്റ് റൂമുമൊക്കെ തരപ്പെടുത്തി അവരുടെ ചുമതല തീര്‍ക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് മാതാപിതാക്കളുടെ സ്നേഹവും, അമ്മയ്ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ചൂടും, ചില സംഗതികളൊക്കെയുമാണ്. കുട്ടികള്‍ നമ്മുടെ പ്രകൃതിയുമായിണങ്ങി, മറ്റുകുട്ടികളുമായി കൂട്ടുകൂടി കളിച്ചു വളരട്ടെ.. അവരെ കൂട്ടിലിട്ടു വളര്‍ത്തുന്ന തത്തമ്മകളാക്കാതിരിയ്ക്കട്ടെ.. അദ്ധ്യാപകര്‍ക്ക് വഹിയ്ക്കാവുന്ന പങ്കിന് ഒരു പരിധിയുണ്ട്.. അതിലപ്പുറം എല്ലാം സ്വായത്തമാക്കുന്നത് സ്വകുടുംബത്തില്‍ നിന്ന് തന്നെയാണ്.

  ഈ അനുഭവക്കുറിപ്പ് ശ്രദ്ധേയം..!
  വര്‍ഷിണിയ്ക്ക് ഒരു നല്ല അദ്ധ്യയനവര്‍ഷം ആശംസിയ്ക്കുന്നു..!

  ReplyDelete
 26. നന്ദി..സ്നേഹം പ്രിയരേ...ഈ സന്തോഷങ്ങള്‍ എന്നെന്നും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥനകള്‍...!

  ReplyDelete