Friday, April 8, 2016

സാന്ത്വനങ്ങൾ..

കേരള നാടെന്നു വെച്ചാൽ മലനാട്‌..
മലനാടിനെ ഉത്സാവനാടെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് അറിയുമോ..?
കലാസാംസ്കാരികതകളൊക്കെയും മുന്നിട്ടു നിൽക്കുന്ന കേരളത്തിനു ചിങ്ങ മാസവും കൊന്നകൾ പൂക്കുന്ന മേടപ്പുലരിയും നക്ഷത്ര തിളക്കങ്ങളും ശൗവ്വാൽ മാസപ്പിറവിയും എല്ലാമെല്ലാം ആഘോഷങ്ങൾ തന്നെ.
തുള്ളി തുള്ളിയായ്‌ ഒത്തിരി തുള്ളികൾ പേമാരിയായ്‌ വരവേൽക്കും സ്കൂൾ ദിനങ്ങളും ഇനി ആഘോഷാരംഭം തന്നെ.
അയ്യോ അയ്യോ മടിയന്മാർ..
മെല്ലെ പോകും അലസന്മാർ..
കുതിച്ചുയരും മിടുക്കന്മാർ..
അങ്ങനെ തണുത്തുറയ്ക്കുന്ന മഴയിൽ നിന്നും നനഞ്ഞ കാൽപാദങ്ങൾ ക്ലാസ്സ്മുറികളിലേയ്ക്ക്‌ നീങ്ങുമ്പോൾ എന്റെ ഹിനമോളും നാളെ മുതൽ പുത്തനുടുപ്പിട്ട്‌ മൂന്നാംക്ലാസ്സിൽ ഇടം പിടിയ്ക്കും അല്ലേ..?

ഹിനയുടെ ഇക്കാക്ക ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

ഇക്കാക്കയുടെ വളരെ ആഴത്തിലുള്ള വിവരണങ്ങൾ ഉത്സാഹത്തോടെ കേട്ടിരുന്ന ഹിനയിൽ പെട്ടെന്നാണു അപ്രതീക്ഷിത മാറ്റം പ്രകടമായത്‌.
പെട്ടെന്നുള്ള ഭാവമാറ്റം അവളിൽ നിരീക്ഷിച്ച ഇക്കാക്ക ഹിനയെ ചേർത്തുപിടിച്ചുകൊണ്ട്‌ സ്നേഹപൂർവ്വം കാര്യം തിരക്കി.
ഒരു വിതുമ്പലോടെയാണു ഹിന പ്രതികരിച്ചത്‌.
അവൾ ഏങ്ങികൊണ്ട്‌ കരച്ചിലടക്കി വക്കുകൾ പുറപ്പെടീവിച്ചു.

"ഇക്കാക്കാ, നിയ്ക്ക്‌ സ്കൂളിൽ പോവാനുള്ള ഇഷ്ടമൊക്കെ നിന്നിരിക്കുന്നു. ഞാൻ പഠിക്കുന്ന ക്ലാസ്സൊരു നരകമായിട്ടാണു പലപ്പോഴും അനുഭവിക്കാറു.പടച്ചവൻ എന്നെ എന്തിനാണിപ്പോൾ തന്നെ എന്നെ നരകത്തിലേയ്ക്കയക്കുന്നതെന്ന് ഈ ദിവസങ്ങളിലെല്ലാം ഉറങ്ങാൻ നേരം ഞാൻ ആലോചിക്കാറുണ്ട്‌.
അത്രമാത്രം വലിയ ശിക്ഷ തരാൻ മാത്രം ഞാനെന്തു തെറ്റ്‌ ചെയ്തു..?
കൂട്ടുകാരുടെ പരിഹാസങ്ങളും അതു കാണുമ്പോഴുള്ള ഹേമാ മിസ്സിന്റെ അമർത്തികൊണ്ടുള്ള ചിരിയും ഇനി എനിയ്ക്ക്‌ താങ്ങാവുന്നതിനും അപ്പുറമാണ്..
ഇനി സ്കൂളിലേയ്ക്കെന്നല്ല ഒരിടത്തേക്കും ഞാൻ പോവുന്നില്ല.. എന്നെ കണ്ടാൽ എല്ലാവർക്കും അതേ മനോഭാവമാണ്..
സ്കൂൾ പൂട്ടുന്ന അതേ ദിവസം ഞാൻ തീരുമാനിച്ചുറപ്പിച്ചതാണിത്‌, ഇനി അതിനൊരു മാറ്റമില്ല."

വിഷയം അവതരിപ്പിക്കുന്ന കാര്യക്ഷമതയിൽ, ഹിനയിലെ വിതുമ്പൽ നിൽക്കുകയും പക്വത നിഴലിയ്ക്കുകയും ചെയ്തു.

രംഗം ഗൗരവം ആർജ്ജിച്ചു വരുന്നതു കണ്ട്‌ പല ജോലികളിലും മുഴുകിയിരുന്ന കുടുംബാംഗങ്ങളെല്ലാം ഹിനയ്ക്ക്‌ ചുറ്റും കൂടി.

"എന്നാലും മോളെ, നിന്റെ മനസ്സിലിത്രേം സങ്കടമുണ്ടായിട്ടെന്തേ നീ ഉമ്മാനോട്‌ പറഞ്ഞില്ല..
നിനക്ക്‌ നിന്റെ സ്വന്തം ഇത്താത്തയോട്‌ പറയാർന്നില്ലേ മോളൂ..
ഉപ്പാന്റെ ജീവനായിട്ടും എന്തേ ഉപ്പാനോട്‌ പറഞ്ഞില്ലാ.."

ഉപ്പ ഉമ്മ ഇത്താത്ത ഇക്കാക്ക, എല്ലാവരും നെഞ്ചു തകരുന്ന വേദനയോടെ ഹിനയെ അടക്കി പിടിച്ചു.
ആ വീട്ടിലെ കണ്മണിയാണു ഹിന.. ആ പിഞ്ചു ഹൃദയം കരയുന്നത്‌ അവർക്ക്‌ സഹിയ്ക്കാനാവില്ലായിരുന്നു.

പെട്ടെന്നുയർന്ന ആവേശത്തോടെ, പലരോടുമുള്ള പകയും ദേഷ്യവും അടക്കിപിടിയ്ക്കാനാവാതെയെന്നോണം ഹിന ശബ്ദമുയർത്തി പറഞ്ഞു,

"എന്നെ കുട്ടികളെല്ലാം പൊണ്ണത്തടിച്ചി എന്നു വിളിക്കുന്നു.എനിയ്ക്കത്‌ കേൾക്കുമ്പോൾ കരച്ചിൽ വരും.സമാധാനമായി ബ്രേയ്ക്ക്‌ ടൈമിൽ രാവിലത്തെ പലഹാരം കഴിയ്ക്കുവാനൊ, ഉച്ചയ്ക്ക്‌  വിശദമായി ഊണു കഴിയ്ക്കുവാനൊ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയാണു എന്നുമെനിയ്ക്ക്‌.
എല്ലാ ബെഞ്ചിലും രണ്ടു കുട്ടികൾ വീതം ഇരിക്കുമ്പോൾ എന്റെ ബെഞ്ചിൽ ഞാൻ തനിച്ചാണ്.
എന്റെ കൂടെയിരുന്നാൽ സ്ഥലം തികയുന്നില്ല എന്ന കുറ്റപ്പെടുത്തലും പരിഹാസവും."

ആ സങ്കടപ്പുഴ പിന്നെയും നീർച്ചാലുകളായി ഒഴുകുന്നത്‌ കണ്ട്‌ ആർക്കും ഒരക്ഷരം പോലും ഉരിയിടാനായീല്ലാ.

"ശരിയാണ്..ഹിന നാൾക്കു നാൾ വണ്ണം  കൂടി വരുന്നുണ്ട്‌. ഹിനയുടെ ജനന തൂക്കവും തുടർന്നുള്ള ആരോഗ്യ കാര്യങ്ങളും ശരീര വളർച്ചയും വളരെ മെച്ചപ്പെട്ട രീതിയിലാണു പോയ്കൊണ്ടിരുന്നത്‌.
കഴിഞ്ഞ ഒരു വർഷമായിട്ടാണു പെട്ടെന്നുള്ള ഇത്തരം ശാരീരിക മാറ്റങ്ങളും ഭക്ഷണത്തിനോടുള്ള അമിത ആവേശവും കണ്ടു തുടങ്ങിയത്‌.
കുഞ്ഞിന്റെ വിശപ്പല്ലേ, വളരുന്ന ഘട്ടമല്ലേ എന്നു കരുതി ഇന്നേവരെ ഭക്ഷണകാര്യത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയതുമില്ല.
വളരെ ചെറിയതെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഗൗരവപൂർണ്ണമായ ഒരു വിഷയമായിരിക്കുന്നു ഇത്‌.

ഹിനയുടെ മാതാപിതാക്കൾ പിറ്റേന്നു തന്നെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ സന്ദർശിക്കുവാൻ തീരുമാനിച്ചു.

ഹിനയുടെ ഉപ്പയിൽനിന്ന് കാര്യങ്ങളെല്ലാം ഗ്രഹിച്ച ഡോക്ടർ സലീം ഉമ്മയ്ക്കരുകിൽ തല കുനിച്ചിരിക്കുന്ന ഹിനയെ തന്നോട്‌ ചേർത്തു നിർത്തി ഹിനയുടെ താത്പര്യങ്ങളെ കുറിച്ച്‌ ഏറെ നേരം സംസാരിച്ചു.
തന്റെ ഇഷ്ടങ്ങളെല്ലാം അദ്ദേഹത്തോട്‌ വിവരിക്കുമ്പോൾ ഹിന വാചാലയായി.ആ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടുകൾ ചലിയ്ക്കുന്നതും മാതാപിതാക്കളും ഡോക്ടറും ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു.
സംസാരമദ്ധ്യേ ഹിന തന്റെ ഉമ്മൂമ്മയെകുറിച്ച്‌ വായ്തോരാതെ പറയുന്നത്‌ അദ്ദേഹം സൂക്ഷ്മതയോടെ മനസ്സിലാക്കി.
ഹിനയുടെ മാതാപിതാക്കൾ പ്രിയത്തോടെയും ഇഷ്ടത്തൊടെയും അതു കേട്ടിരുന്നു.

"ഉമ്മൂമ്മയുടെ മരണം ഹിനയിൽ ഏൽപ്പിച്ച മുറിവ്‌ ചെറുതല്ല "
ഡോക്ടർ സലീം പറഞ്ഞു നിർത്തി.
"സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മ പ്രകടിപ്പിയ്ക്കുകയും മറ്റെന്തിനോടെങ്കിലും പ്രിയം കാണിക്കുന്നതും ആ വേർപ്പാടിനു പകരമായി തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ്.
കുഞ്ഞു നാൾ മുതൽ ഹിനയുടെ കാര്യങ്ങളെല്ലാം വാത്സല്യപൂർവ്വം ചെയ്തുകൊണ്ടിരുന്നത്‌ ഉമ്മൂമ്മ ആയിരുന്നല്ലൊ.കഥകൾ കേൾപ്പിച്ച്‌ സ്നേഹത്തോടെ ഊട്ടിയിരുന്ന ആ മാതൃസ്നേഹത്തിന്റെ നഷ്ടം ഹിനയിൽ അഘാതം ഏൽപ്പിച്ചിരിക്കുന്നു.
ആ അഭാവം തീർക്കാനായി ഹിന കണ്ടുപിടിച്ച മാർഗ്ഗമാണ് ഭക്ഷത്തിനോടുള്ള അമിതമായ ഇഷ്ടവും ആർത്തിയും.

കാര്യഗൗരവം മനസ്സിലാക്കിയ ഹിനയുടെ മാതാപിതാക്കൾക്ക്‌ ഡോക്ടർ സലീം ഹിനയ്ക്ക്‌ ആവശ്യമുള്ള ചികിത്സാമുറകൾ നിർദ്ദേശിച്ചു.
വാത്സല്യപൂർവ്വമായ പരിചരണം, പഠനത്തിലെന്ന പോലെ കളികളിലും പ്രോത്സാഹനം നൽകുക, പോഷകപ്രദവും ക്രമീകരിച്ചതുമായ ആഹാരരീതികൾ തുടരുക എന്ന ചെറിയ വലിയ കാര്യങ്ങളിലൂടെ ഹിനയെ വീണ്ടുമൊരു സാധാരണ പെൺകുട്ടിയാക്കാമെന്ന് അദ്ദേഹം അവർക്ക്‌ വാഗ്ദ്ധാനം നൽകി.

ഹിന ഇപ്പോൾ സന്തോഷത്തിലാണ്.
മതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും സ്നേഹപരിചരണങ്ങളിലൂടെ ഹിന മാനസികമായി വളരെ മെച്ചപ്പെട്ടു.
ആരോഗ്യസ്ഥിതിയും നല്ല നിലയിലായി വരുന്നു..
ഇക്കാക്കയുടെ കൂടെ ആദ്യ ദിവസം ക്ലാസ്സിലെത്തിയ ഹിനയെ വരവേറ്റത്‌ പുഞ്ചിരിക്കുന്ന ഹേമ മിസ്സ്‌ ആയിരുന്നു.
ഹിനയുടെ ഉമ്മയിൽ നിന്ന് മുന്നെ തന്നെ കാര്യങ്ങൾ മനസ്സിലാക്കിയ ആ മുഖത്തെ പുഞ്ചിരിയുടെ മറവിൽ കുറ്റബോധം നിഴലിക്കുന്നുണ്ടായിരുന്നു.

Malarvadi : June 2014