Sunday, May 11, 2014

ആശ്ലേഷങ്ങൾ..

ഒരു കൊച്ചു കഥ പറയാം..
റിഹാനയും ഉത്രഷ്ഷും നക്ഷത്രയും പറയുന്ന ഒരു കൊച്ചു കഥ..
മൂന്നുപേരും ചിത്രങ്ങൾ വരയ്ക്കാൻ വളരെ താത്പര്യം ഉള്ളവർ. പക്ഷേ മൂന്നുപേരും വരയ്ക്കുന്ന ചിത്രങ്ങൾക്ക്‌ അവരുടേതായ ചില സ്വഭാവങ്ങൾ നിരീക്ഷിക്കാനായി.

റിഹാന വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം മൂന്നുപേർ ഉണ്ടാവും, ആരെല്ലാമാണെന്ന് ചോദിച്ചാൽ ഉടനെ പറയും,
ഞാൻ ,അച്ഛൻ ,അമ്മ..
എങ്കിൽ റിഹാനയുടെ തനിച്ചുള്ള പടമൊ അല്ലെങ്കിൽ മാതാപിതാക്കളുടെ തനിച്ചുള്ള പടമൊ വരയ്ക്കാൻ ആവശ്യപ്പെട്ടാൽ ആദ്യമൊന്ന് നിശ്ശബ്ദയാകും..
പിന്നെ ഉച്ഛത്തിൽ പറയും,
"പറ്റില്ല എന്നു പറഞ്ഞില്ലേ.."
എന്നിട്ട്‌ മുഖം തിരിച്ച്‌ അതിമനോഹരമായ കുടുംബ ചിത്രം വരച്ച്‌ കാണിക്കും .നടുക്ക്‌ പൂതുമ്പിയെ പോലെ പാറികളിക്കുന്ന റിഹാനയുടെ കൈകൾ കോർത്ത അച്ഛനും അമ്മയും അപ്പുറത്തും ഇപ്പുറത്തുമുള്ള ഒരു മനോഹര ചിത്രം..
വർണ്ണങ്ങൾ നിറച്ച്‌ പൂക്കളും പൂമ്പാറ്റകൾക്കും നടുക്കിൽ ഉല്ലസിക്കുന്ന കൊച്ചു കുടുംബം.

ഉത്രഷ്‌ മിടുക്കനാണ്..ഒരു കാര്യം ചോദിച്ചാൽ പത്തുത്തരം നൽകുന്ന കുറുമ്പൻ. ഉത്രഷിനോട്‌ ഒരിക്കലും ചോദിക്കേണ്ടി വന്നിട്ടില്ല.. ഇഷ്ടമുള്ള നിറം ഏതാണെന്ന്..
എഴുതാനും വരയ്ക്കാനും ഇതൊന്നിനും അല്ലെങ്കിലും പോക്കറ്റിൽ ഒരു തുണ്ട്‌ കറുത്ത ക്രയോൺ കരുതുന്ന ഉത്രഷിനെ എല്ലാ നിറങ്ങളാലും വരച്ചും നിറം കൊടുത്തും പ്രലോഭിപ്പിച്ചെങ്കിലും, ഊഹും..ഒരു കുലുക്കവുമില്ല..
ഉത്രഷിന്റെ പ്രിയ നിറം കറുപ്പ്‌ തന്നെ.
ഒരിക്കൽ ഉത്രഷിന്റെ അമ്മയുമായി സംസാരിച്ചതിൽനിന്ന് ഒരു കാര്യം വ്യക്തമായി,
ക്ലാസ്സിൽ വളരെ സ്മാർട്ടായി പെരുമാറുന്ന ഉത്രഷ്‌ അച്ചന്റെ സ്നേഹം പ്രകടിപ്പിക്കാനറിയാത്ത സ്വഭാവം മൂലം വളരെ നിരാശനാണെന്നും..
പോക്കറ്റിൽ കരുതിയിരിക്കുന്ന കറുത്ത ക്രയോൺ കൊണ്ട്‌ ചുവരിലും മറ്റും കുത്തിവരച്ച്‌ വൈരാഗ്യമൊ ദേഷ്യമൊ സങ്കടമൊ എന്നില്ലാത്ത വികാരങ്ങക്കെല്ലാം പ്രകടിപ്പിക്കുന്നുവെന്നും.
അതിനുള്ള അച്ഛന്റെ താക്കീതുകളും ശാസനകളും കുഞ്ഞിനെ അമ്മയിൽനിന്നു പോലും അകലാൻ പ്രേരിപ്പിക്കുന്നു.

നക്ഷത്ര ക്ലാസ്സിൽ ഒരു താരം തന്നെ, ഒരു സംശയവുമില്ല.
രാവിലെ മുതൽ ഉച്ചവരെ ക്ലാസ്സിലും അതിനു ശേഷം ഡേ കെയറിലും ദിവസം ചിലവഴിക്കുന്ന നക്ഷത്ര  മാതാപിതാക്കളുടെ കൂടെ ചിലവഴിക്കാൻ തുടങ്ങുന്ന സമയം രാത്രി ഏഴര മണി.
ഭക്ഷണം കഴിച്ച്‌ ഉറക്കത്തിലേയ്ക്ക്‌ ചായുന്ന കുഞ്ഞിനെ ടീവിക്കു മുന്നിൽ കിടത്തി അടുത്ത ദിവസത്തേക്കുള്ള ജോലികൾ ചെയ്തു തീർക്കുന്ന തിരക്കിലേക്ക്‌ അമ്മയും നീങ്ങുന്നു.
പഠനത്തിലും മറ്റു കലാപരിപാടികളിലും ഒരു പ്രോത്സാഹനങ്ങളും വീട്ടിൽനിന്ന് ലഭിക്കാതെ തന്നെ തിളങ്ങുന്ന നക്ഷത്ര വരയ്ക്കുന്ന മനുഷ്യ രൂപങ്ങൾക്കൊന്നും കൈകൾ ഉണ്ടാവാറില്ല.
മനോഹരമായ ചിത്രങ്ങൾക്കെല്ലാം കൈകൾ മാത്രം ഇല്ലാതാവുന്നു..
എന്തുകൊണ്ട്‌ എന്ന ചോദ്യങ്ങൾക്ക്‌ പുഞ്ചിരിച്ച്‌ നക്ഷത്ര പറയും, എനിക്ക്‌ അറിയില്ലല്ലോ..!
നക്ഷത്ര എന്തുകൊണ്ട്‌ കൈകളില്ലാത്ത സൃഷ്ടികൾക്ക്‌ രൂപം കൊടുക്കുന്ന എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാനുള്ള യാത്രയിൽ അറിഞ്ഞ യാഥാർത്ഥ്യത്തിനുമേൽ മനസ്സും കണ്ണുകളും നിറഞ്ഞു പോയി..
" കുഞ്ഞിന്റെ മാതാപിതാക്കളോട്‌ അവളെയൊന്ന് ആശ്ലേഷിക്കാൻ പറയൂ,
നക്ഷത്ര കൈകളുള്ള ചിത്രങ്ങൾ വരച്ച്‌ തുടങ്ങും.."

മാതൃദിനം കൊട്ടിയാഘോഷിക്കപ്പെടുന്ന ഈ ദിനത്തിൽ അമ്മ മനസ്സുകൾക്കും സ്നേഹങ്ങൾക്കും നടുക്കിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്ന പോലെ...
റിഹാനയുടെ സന്തോഷം നിറഞ്ഞ കുടുംബത്തെ മാതൃകയാക്കുകയല്ലെങ്കിലും നാമറിയാതെ നമ്മുടെ അവഗണനകൾക്ക്‌ മൂക സാക്ഷികളാകുന്ന ബാല്യങ്ങൾക്ക്‌ ഒരു സ്പർശം മതി അവരെ മുന്നോട്ട്‌ നയിക്കുവാൻ...ഓർക്കുമല്ലോ