Tuesday, September 25, 2012

ജസ് വന്ത് ആണു താരം..!

സ്കൂൾ തുറന്നിട്ട് എത്ര നാളായി..
എന്നിട്ടും എന്തേ ആരേം പരിചയപ്പെടുത്തീല്ലാ എന്ന് ചോദിക്കാനിരിക്കായിരുന്നു അല്ലേ..?
ദേ..ഒരാളെ പരിചയപ്പെടുത്തി തരാം
ജസ് വന്ത്  ആണ്  ഇന്നത്തെ കുട്ടിത്തരം താരം..!

സ്കൂൾ തുറന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ്  താരത്തിന്റെ വരവ്..
അവന്റെ വരവിനു മുന്നെ തന്നെ താരത്തെ കുറിച്ച് ഒരു പിടി കാര്യങ്ങൾ ഞാൻ അറിഞ്ഞു വെച്ചിരുന്നു.
ജസ് വന്തിനു എപ്പോഴും കാൽ വേദനയാണ്..അതിനാൽ ഇടക്കിടെ ലീവെടുക്കും..
പിന്നെ, ജസ് വന്ത് കഴിഞ്ഞ വർഷം തന്നെ എന്നെ നോട്ടമിട്ടുരുന്നു എന്നും താരത്തിന്റെ പഴയ ടീച്ചർ പറയുകയുണ്ടായി..
ങേ..അതെന്തിനു..?
അപ്പോൾ ആ ടീച്ചർ പറഞ്ഞ ന്യായം..
“ഓ..അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല..
അവനൊരു ഇള്ളകുട്ടിയാ..എന്തേലും കാരണം കണ്ടു പിടിച്ച് കരയും..
അപ്പോഴെല്ലാം അപ്പുറത്തെ ക്ലാസ്സിലെ നിന്നെ പറഞ്ഞാണു ഞാനവനെ അടക്കിയിരുന്നത്..”
ഞാൻ അന്തം വിട്ടു നിന്നു പോയി
“അമ്പടീഞങ്ങടെ ഫോട്ടൊ എടുത്തു തരോന്നും ചോദിച്ച് ഇടക്കിടെ എന്നെ അങ്ങോട്ട് സ്വാഗതം ചെയ്തിരുന്നത് ഇതിനായിരുന്നല്ലേ..?”

അങ്ങനെ കാത്തിരുന്ന താരം ക്ലാസ്സിൽ കാൽ കുത്തി..
അവനെത്തിയതും എന്റെ കണ്ണുകൾ ഓടിയത് അവന്റെ കാലിലേക്കായിരുന്നു..
“എന്തേ ജസ് വന്ത് നീ ഷൂസിട്ടില്ല..?”
“ഭയങ്കര കാൽ വേദനയാഅമ്മയും പറഞ്ഞു ഇടണ്ടാന്ന്
കുഞ്ഞിന്റെ ഡയറിയിൽ അമ്മയുടെ കുറിപ്പ്,
“മേം..ജസ് വന്ത് വരുന്നു
അവനെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കരുത്, ഓടിപ്പിക്കരുത്, ചാടിപ്പിക്കരുത്, നിലത്ത് ഇരുത്തരുത്, കളിക്കാൻ സാന്റ് പിറ്റിൽ കൊണ്ടു പോകരുത്..”
ശരി എന്നൊരു വലിയ OK ഞാൻ മറുപടി നൽകി.

ദിവസങ്ങൾ നീങ്ങി..
ക്ലാസ്സ് മൊത്തം ഇളകി മറിയമ്പോഴും  ജസ് വന്ത് ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടിൽ കുത്തി ഇരുന്നു..
അവനെ കുറിച്ച് റിപ്പോർട്ട് എഴുതാൻ എനിക്കുണ്ടായിരുന്ന ഒരേയൊരു പൊസിറ്റീവ് റിമാർക്ക് അതു മാത്രമായിരുന്നു –a self disciplined boy..!
അവൻ വൃത്തിയിൽ എഴുതി..ചോദിക്കുന്നതിനു മാത്രം ഉത്തരം നൽകി..അപൂർവ്വമായി മറ്റു കുഞ്ഞുങ്ങളുമായി കളിച്ചു
അവന്റെ ശ്രദ്ധ മുഴുവാൻ സ്വന്തം കാൽ സംരക്ഷിക്കുന്നതിലാണെന്ന് സാവകാശം ഞാൻ മനസ്സിലാക്കി..!
അതോടൊപ്പം അവന്റെ കരച്ചിലുകളുടെ എണ്ണം ഏറി വന്നു..
അവൻ വായ് തുറന്നാൽ അവന്റെ കഴിഞ്ഞ വർഷത്തെ സഹപാഠികൾ ഓടി വന്ന് പറയും,..”മേം ഇതൊന്നും കാര്യാക്കണ്ടാ ട്ടൊ..“
ഞങ്ങൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ.
ക്ലാസ്സ് കഴിഞ്ഞാൽ ഞാൻ ചുമ്മാ എണ്ണും,“,ഇന്ന് താരം എത്ര തവണ കരഞ്ഞു..?“

ഒരു ദിവസം ജസ് വന്ത് വളരെ വൈകിയാണ്‍ ക്ലാസ്സിൽ വന്നത്..
കാരണ സഹിതം വ്യക്തമാക്കി ഇരുന്നാൽ മതി എന്നൊക്കെ ബാക്കി 29 എണ്ണത്തിനോട് പറഞ്ഞാലും താരത്തിനോട് ഞാൻ പറയൂല്ലാ..
ചോദിച്ചാൽ തന്നെ 29 എണ്ണം എന്നെ ഭീഷണിപ്പെടുത്തും പോലെ തുറിച്ചു നോക്കും..
നിങ്ങൾക്ക് വേറെ പണി ഇല്ലേ എന്നും ചോദിക്കും പോലെ..!
താരം വളരെ പിറകിൽ പോയിരുന്നു എന്നുറപ്പായപ്പോൾ ഞാൻ മെല്ലെ ബോർഡിലേക്ക് തിരിഞ്ഞതും,.. ദാണ്ടേ..
അലമുറയിട്ടോണ്ടുള്ള കരച്ചിൽ..
ഒട്ടും മയമില്ലാത്ത പരുത്ത സ്വരമാണവന്റേത്
ആ കരച്ചിലും അതു പോലെ തന്നെ..
അടുത്തിരിക്കുന്ന ഭീകരന്മാർ അവനെ കൈ വെച്ചു കാണുമോ ദൈവമേ..
അവന്റ്റെയരികിൽ ഓടി എത്തിയതും ഭീകരന്മാർ , ഹേയ്..ഞങ്ങളല്ല എന്ന് ജാമ്യം എടുത്തു.
കുടു കുടെ വെള്ളം ചാടിച്ചു കൊണ്ട് ജസ് വന്ത് കാറുന്നതോടൊപ്പം പറഞ്ഞു,
“ഞാൻ വീട്ടീന്ന് വരുമ്പൊ കളിച്ചോണ്ടിരുന്നിരുന്ന കളിപ്പാട്ടങ്ങൾ എടുത്തു വെച്ചില്ലാ..”
ഹൊആശ്വാസം
അവന്റെ കണ്ണുകൾ തുടച്ച്  വിഷയം ഒന്നൂടെ നിസ്സരമാക്കി അവനെ ഇരുത്തി,,
ഓ..അതിനെന്താ ജസ് വന്ത്..നീ വന്നാൽ നിന്റെ അമ്മക്ക് വീട്ടിൽ അതൊക്കെ തന്നെ അല്ലെ പണി..”?
വീണ്ടും ഞാൻ ബോർഡിലേക്ക് തിരിഞ്ഞില്ലാ,,,,..അതാ.ജസ്സു രാഗം..
നിന്നിടത്ത് നിന്നു കൊണ്ട് ഞാൻ ചോദിച്ചു,..എന്തുവാ?
ഒരു ബുക്കിന്റെ നടുക്കിലെ പേജും പിടിച്ചു കൊണ്ട് അവൻ അലമുറ..”ഇതിന്റെ ബുക്ക് എവിടെ,..?”
“ഓ..അതാണൊഅത് വീട്ടിലെ ബുക്കല്ലെ..അതും പിടിച്ച് അമ്മ കാത്തിരിക്കല്ല നീ ചെന്ന് ഈ പേജ് അതിൽ ഒട്ടിക്കാൻ..”
താരം അമ്മയെ കാണണേന്നും പറഞ്ഞ് കരയോ.ഹേയ് ഇല്ല..ഇരുപ്പുറപ്പിച്ചു കക്ഷി.
ബോർഡിൽ എഴുതിയ 3 ലെറ്റർ വേഡ്സ് കുഞ്ഞുങ്ങൾ പകർത്തി തുടങ്ങി..
അവർ പകുതി എഴുതി തീരുമ്പോൾ ജസ് വന്ത് തുടങ്ങിയിരിക്കും..
ഡേറ്റും ടോപ് ലൈനും എഴുതി തീർന്നില്ലഅതാവീണ്ടും ജസ്സു രാഗം..
കരച്ചിലൊക്കെ കൊള്ളാം കൂടെ കാരണം കൂടി വേഗം പറഞ്ഞ് എഴുതാൻ നോക്ക് ജസ് വന്ത്..
ഭീഷണി അല്ലാത്ത സ്വരത്തിൽ ഇല്ലത്ത ചിരി വരുത്തി അവനെ എഴുതാൻ പ്രോത്സാഹിച്ചപ്പോൾ അവൻ ഒന്നൂടെ ഉച്ചത്തിലായി...
“ഞാൻ എങ്ങനെ എഴുതുംന്റെ 2 പെൻസിലുകളിൽ ഒന്ന് കാണാനില്ല..“
നിന്റെ പെൻസിൽ കൊണ്ടു പോവാൻ കള്ളന്മാരാരും വന്നില്ലല്ലൊ ജസ് വന്ത് എന്നും പറഞ്ഞ് ബുക്ക് കുടഞ്ഞതും അലമുറ ഇടുന്നവന്റെ മടിയിൽ ദാണ്ടെ മറ്റേ പെൻസിൽ..
എഴുത്ത് കഴിഞ്ഞവർ ബുക്കുമായി ലൈനിൽ നിന്ന് അങ്കം തുടങ്ങി..
താരത്തെ എഴുതാൻ വിട്ട് മറ്റു താരങ്ങളുടെ ബുക്ക് കറക്റ്റ് ചെയ്തു തുടങ്ങീല്ലാ.
അതാകാത് അടയ്ക്കുന്നുജസ്സു രാഗം..
ഒന്നും മിണ്ടാതെ അവനെ നോക്കിയപ്പോൾ അവൻ ഏങ്ങി..”അച്ഛൻ ഇന്നലെ രാത്രി കൊണ്ടു വന്ന ഷാർപ്പ്നറാഇപ്പൊ കാണാനില്ല..”
ഏതായാലും നിന്റെ അച്ഛൻ ഇവിടെ വന്നില്ലല്ലൊ അതെടുക്കാനായിട്ട്... ഇവിടെ കാണും എന്ന് പറഞ്ഞതും ഒരു വിരുതൻ ഡസ്ക്കിന്റെ ചുവട്ടിൽ നൂന്ന് പോയി  സാധനം എടുത്ത് താരത്തെ ഏൽപ്പിച്ചു.
എല്ലാവരും എഴുത്ത് തീർത്ത് കഴിച്ചു തുടങ്ങി..
ഹെൽത്ത് ഫുഡ്  വീക്ക് ആണ്..
അമ്മ ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കൊണ്ടു വരാൻ പാടുള്ളു,..
ജസ് വന്ത് എന്തു കൊണ്ടുവന്നു..?
ചോദിച്ചത് അബദ്ധായല്ലൊ ദൈവമേജസ്സു രാഗം തുടങ്ങി..
“അമ്മ കവറിൽ സ്നാക്സ് ബോക്സ് വെച്ചില്ലാ
“ങേ..ഞാൻ കണ്ടതാണല്ലൊ..ഇനി ടീച്ചർ കഴിച്ചെന്ന് വരുത്തി തീർക്കുമോ ഈശ്വരാഅതെവിടെ പോയി..
ഇളം നീല കവറെടുത്ത് നോക്കിയപ്പോൾ ഇളം നീല സ്നാക്സ് ബോക്സ് അതിനകത്തു തന്നെ ഉണ്ട്..
പച്ചപ്പുല്ലിന്നിടയിൽ പച്ചോന്തിനെ കാണാനാവാഞ്ഞതു പോലെ ജസ് വന്തിനു പറ്റിയ അമളി..!

ബാക്കി 29 എണ്ണം ആടി തിമിർക്കുന്നു..
താരം പാടി തിമിർക്കുന്നു..
സമയം നോക്കി 15 മിനിറ്റ് കൂടി ഉണ്ട്
ഇനി വയ്യ വായിട്ടലയ്ക്കാൻ..
“ Sam the fat cat “ റീഡർ വായിക്കുന്നതിലേറെ ചിത്രം നോക്കി ഇരിക്കാൻ 30 എണ്ണത്തിനും ഇഷ്ടാ..
“ഓരോരുത്തരായി പേരും നാളുമൊന്നും നോക്കാതെ മുകളിൽ കാണുന്ന ബുക്ക് എടുത്ത് വായിച്ചതിനു ശേഷം തിരികെ വെച്ച്  വീട്ടിൽ പോകാൻ തയ്യാറാകാം എന്ന് പറഞ്ഞു തീർന്നില്ല..
15 മിനിറ്റിനു കൂടിയുള്ള എന്റെ ക്ഷമയുടെ ഇന്ധനം തീർന്നു തുടങ്ങി..
താരം മോങ്ങുന്നു
”നിയ്ക്ക് എന്റെ ബുക്ക് തന്നെ മതി..
ആണൊ..എന്നാൽ നീ ആദ്യം പോയി എടുത്തോളു
പറ്റില്ലമേം എടുത്തു തരണം..
ആഹാഅത്രക്കായൊപറ്റില്ല.വായിക്കാൻ അറിയാലോ..വേണേൽ നീ  തന്നെ എടുത്തൊ..”
ഞങ്ങൾ തമ്മിൽ വാക്കേറ്റമായി..
ഇല്ലാത്ത ഉണ്ട കണ്ണ് ഉരുട്ടി നിൽക്കുന്ന എന്നെ നോക്കി ഒരു വില്ലൻ താരത്തിനോട് സ്വകാര്യം..
“ Our maa’m is too smart  Jaswanth..our plans will not work on her ) “ (നമ്മുടെ വേലകൾ എപ്പോഴും ഇവരോട് നടക്കില്ല മോനേഎന്നു സാരം )

വീട്ടിൽ പോകുന്ന നേരമായി..
അലമുറയിട്ട് നിൽക്കുന്ന അവനെ കണ്ട് അപ്പുറത്തെ ടീച്ചർക്ക് കുശലം..
“എന്തിനാണവൻ കരയുന്നേ?
അവൻ കരഞ്ഞോട്ടെ..അല്ലേൽ നീ അതൊന്ന് മാറ്റി കൊട്..
അയ്യൊഞാനില്ലേ

“ജസ് വന്ത് ഇപ്പഴും കരയുന്നു മേം,,അവനെ കൊണ്ടു പോയ ആയ തിരിച്ചു വന്നിരിക്കുന്നു..
നീ ഇനിയും ഇവിടെ നിക്കാഒരു കാര്യം ചെയ്യ്, നീ ഇവിടിരി ഞാനവന്റെ കരച്ചിൽ മാറ്റാം പോവാം..എന്തേ..?
അയ്യൊവേണ്ടേ..”

30 എണ്ണവും പോയി..ക്ലാസ്സ് കാലി..
എന്നിട്ടും ജസ്സു രാഗം കാതിൽ ഇരമ്പുന്നു..

പിറ്റേന്ന്..ജസ് വന്ത് നേരത്തെ എത്തി..
“ജസ് വന്ത് റീഡർ കൊണ്ടുവാ
ചിരിച്ചു കൊണ്ട് താരം ബുക്കെടുക്കാൻ പോയി..
ആശ്വാസത്തൊടെ അവനേം നോക്കി ഇരിക്കുമ്പോൾ അതാ
താരത്തിന്റെ വായ് പിളരുന്നു
കണ്ണിൽ നിന്ന് കുടു കുടെ വീഴുന്നു..
എന്താ ജസ് വന്ത്രാവിലെ തന്നെ നല്ല കുട്ടികൾ കരയൊ..?
ഇല്ലെന്നു തലയാട്ടിയെങ്കിലും അവനു അടക്കാൻ വയ്യ”ന്റെ ബുക്കിലെ  നെയിം സ്ലിപ് കാണാനില്ല
“ബുക്ക് തിരിച്ചു പിടിക്കെട ചെറുക്കാ…“
അറിയാതെ പറഞ്ഞു പോയി..

മേം തമിഴ് പറയുന്നു…“
അടുത്ത് കണ്ടു നിന്നവര്‍ തമ്മിൽ അടക്കം പറഞ്ഞു…!