Sunday, April 6, 2014

ഈ വേനലവധി പുത്തൻ രീതിയിൽ..

ഏപ്രിൽ ലക്കം മലർവാടിയിൽ പ്രസിദ്ധീകരിച്ചത്‌

                                                    

വേനലവധിയെന്നാൽ ഒരു  ഉത്സവമാണ്.. ആ ചിന്തകൾ തന്നെ ശരീരവും മനസ്സും ഉന്മേഷത്തോടേ വരവേൽക്കുന്നു.പരീക്ഷാദിനങ്ങളെ കാത്തിരിക്കുന്നതു തന്നെ ഈ നീണ്ട അവധിക്കുവേണ്ടിയാണെന്നു പോലും സംശയിച്ചു പോകും.
എത്ര കളിച്ചാലും മതിവരാത്ത സ്കൂൾ ദിനങ്ങളിൽ പഠിപ്പെന്ന വിചാരം കയ്യും കാലും കഴുകി ഉമ്മറത്തിണ്ണയിലിരുന്ന് പുസ്തകം തുറക്കാൻ പ്രേരിപ്പിക്കുമ്പോൾ വരും അവധിദിനങ്ങൾ ഉത്സവമല്ലാതെത്‌ അല്ലേ..?

കൊഴിയുന്ന ഓരൊ പരീക്ഷാദിനങ്ങൾക്കപ്പുറം വിരിയുന്ന ഉല്ലാസദിനങ്ങൾ എങ്ങനെ വിനോദപരവും വിജ്നാനപ്രദവുമാക്കാമെന്നായിരിക്കട്ടെ ഇത്തവണത്തെ അവധിയുടെ ഉദ്ദേശ്യലക്ഷ്യം.
സദാസമയവും ഇലക്ട്രോണിക്‌ ഉപകരണങ്ങളിലൂടെ സമയം ചിലവഴിക്കുന്ന ഇന്നത്തെ കുട്ടികൾക്ക്‌ അറിയാവുന്നതും എന്നാൽ അനുഭവ്യമല്ലാത്തതുമായ ഉല്ലാസഭരിതമായ വേനലവധി വിശേഷങ്ങൾ മാത്പിതാക്കളിൽനിന്ന് ചോദിച്ചറിയാവുന്നതേയുള്ളു.
അവരോടൊന്ന് ചോദിച്ചു നോക്കൂ, നിങ്ങളുടെ വേനലവധി വിശേഷങ്ങൾ പറഞ്ഞുതരാമോയെന്ന്.. ഓർമ്മകളിലേക്ക്‌ വളരെയധികം ഊളിയിടാതെതന്നെ അവർ സന്തോഷത്തോടെ പങ്കുവെക്കുന്ന അനുഭവങ്ങളൊക്കെതന്നെയും നിങ്ങളിൽ അത്ഭുതം ഉണ്ടാക്കിയേക്കാം.
" ഞങ്ങൾ പട്ടങ്ങളുണ്ടാക്കി മൈതാനത്തിൽ പറത്തുമായിരുന്നു, പേപ്പർ പ്ലെയിനുകളുണ്ടാക്കി ഉയരങ്ങളിൽ നിന്നുകൊണ്ട്‌ താഴോട്ട്‌ പറത്തി രസിക്കുമായിരുന്നു, കൊത്താംകല്ല് കളിച്ചു മതിയാവുമ്പോൾ ഈർക്കിൾ കമ്പുകകൾകൊണ്ട്‌ പത്തുമുതൽ നൂറു പോയിന്റുകൾ നേടി അർമാദിക്കുമായിരുന്നു. കളിച്ച്‌ തളർന്നാൽ പിന്നെ ഉമ്മറക്കോലായിലൊ വളപ്പിലെ തടിയൻ മാവിൻചുവട്ടിലൊ ഇരുന്ന് അന്താക്ഷരി കളിക്കും, ഇരുട്ടിയാൽ കുഞ്ഞുകഥകൾ മാലപോലെ കോർത്തുണ്ടാക്കി ഓരോരുത്തരായി വായിച്ചുകേട്ടിരുന്ന് കഥയെ വിശകലനം ചെയ്യുമായിരുന്നു "

അങ്ങനെ അവർക്ക്‌ വിവരിക്കാനായി എന്തെല്ലാം കഥകൾ, എത്രമാത്രം കഥകൾ..!

ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക്‌ പലതും അവിശ്വസനീയമായി തോന്നിയേക്കാം. നീന്തൽകുളങ്ങളിൽ നീന്തൽ പഠിക്കുവാൻ അവധിദിനങ്ങൾക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്കുണ്ടൊ അറിയുന്നൊ വളരെ പിന്നിലല്ല  കുളങ്ങളിലും പുഴകളിലും സ്വയം നീന്തൽ പഠിച്ചിരുന്ന കുട്ടിക്കാലങ്ങളെന്ന്. കടുത്ത വേനലിൽ വറ്റിവരളുന്ന പുഴകളും കുളങ്ങളും നമ്മെ പഴിക്കുമ്പോൾ ഈ ഉല്ലാസങ്ങളെ തല്ലിക്കെടുത്തിയ മനുഷ്യർക്കുനേരെ തന്നെ വിരൽച്ചൂണ്ടേണ്ടിവരുന്നു. തൊടിയിലെ മൂവാണ്ടൻചുവട്ടിലെ കലപിലകളും മേടപുലരിയിലെ വിഷു ആഘോഷവും അന്നത്തെ അവധിക്ക്‌ തുടക്കം കുറിക്കുകയായി.. പിന്നെയങ്ങോട്ട്‌ പൂരങ്ങളുടേയും ഉത്സവങ്ങളുടെയും അകമ്പടിയോടെയുള്ള ഉല്ലാസദിനങ്ങൾ ഒന്നൊന്നിനോട്‌ വിവരിക്കാൻ പറ്റാത്തത്രയും കേമമായിരിക്കും.
ഫ്ലാറ്റ്‌ സമ്പ്രദായങ്ങളും അണുകുടുംബ ജീവിതരീതികളും ശീലിച്ചു വരുന്ന കുഞ്ഞുങ്ങളോട്‌ മുറ്റവും തൊടിയും വലിയ സുഹൃത്‌വലയങ്ങളും വിവരിക്കുന്നതു തന്നെ അനീതിയായി പോകുന്നുവെന്നതാണു വാസ്തവം. ഇന്നത്തെ മാറിവരുന്ന ചുറ്റുപ്പാടുകളിൽനിന്ന് പിന്നിലേക്ക്‌ സഞ്ചരിക്കുക പോയിട്ട്‌ എത്തിനോക്കുന്നതുതന്നെ അസാധ്യമായെന്നിരിയ്ക്കെ, നമ്മൾ ജീവിക്കുന്ന ചുറ്റുപ്പാടുകളിലൂടെ അവധിദിനങ്ങളെ എങ്ങനെ പ്രയോജനപ്രദവും വിജ്നാനപ്രദവുമാക്കാമെന്ന് ചിന്തിക്കുകയേ നിവൃത്തിയുള്ളു.
ഇന്നത്തെ മിക്ക വീടുകളിലും  രാവിലെ പോയാൽ വൈകീട്ട്‌ വീട്ടിലെത്തുന്ന മാതാപിതാക്കളാണെന്ന ചുറ്റുപ്പാടുകളിൽ ഇലക്ട്രോണിക്‌ ഉപകരണങ്ങൾക്കു മുന്നിൽ അടിമപ്പെട്ടുപോകുന്ന കുട്ടികളെയാണൊ, അവധിദിനങ്ങളിൽ അവർക്കായി സമയം മാറ്റി വെക്കാൻ സാധിക്കാതെവരുന്ന മാതാപിതാക്കളെയാണൊ കുറ്റപ്പെടുത്തുക എന്നത്‌ സങ്കടകരമായ വസ്തുതയാണ്.
അത്തരം അന്തരീക്ഷങ്ങളിൽനിന്നുള്ള മോചനമാണു സമ്മർകേമ്പ്‌ പോലുള്ള ഇടങ്ങളിൽനിന്ന് കുട്ടികൾക്ക്‌ ലഭിക്കുന്നത്‌.മനസ്സറിയാതെയുള്ള വിനോദപ്രദമായ രീതികളിലൂടെയുള്ള  പഠനവും  വിജ്നാനപ്രദമായ കളികളിലൂടെയും ഓരൊ അവധിദിനവും ഉല്ലാസം നിറഞ്ഞതാക്കാം. കരകൗശലവിദ്യകളും കായികപരിശീലനങ്ങളും  കലകളും വരകളും മാത്രമല്ല കൊച്ചു കുഞ്ഞുങ്ങൾക്ക്‌ എളുപ്പം ഉണ്ടാക്കാനാവുന്ന കൊച്ചു പാചക കുറിപ്പുകളും ഇവിടെനിന്ന് പഠിക്കാനാവുമെന്നത്‌ കുട്ടികൾക്കും മുതിർന്നവർക്കും ഇത്തരം കേമ്പുകളോടുള്ള താത്പര്യം ഏറുന്നതിനുള്ള കാരണമായിട്ടുണ്ട്‌.
ജോലിയിടങ്ങളിൽനിന്ന് കയറിവരുന്ന അമ്മമാരെ സ്വീകരിക്കുന്ന ' വിശക്കുന്നു ' എന്ന സ്ഥിരം പല്ലവികളിൽനിന്നും വേറിട്ട്‌ വയർന്നിറഞ്ഞിരിക്കുന്ന പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ  കാണുമ്പോഴുള്ള അവരുടെ ആശ്വാസവും സന്തോഷവും ഒന്നുവേറെ തന്നെയായിരിക്കും.,അല്ലെ കൂട്ടരെ ?
മൂർച്ചെയേറിയ ഉപകരണങ്ങളും അടുപ്പും തീയും  അടുപ്പിക്കാതെയുള്ള പാചകനുറുങ്ങുകൾ പഠിപ്പിക്കുവാനുള്ള വിദ്യകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യിക്കുവാൻ അവർക്കറിയാം.
ഈ അവസരത്തിൽ എന്റെ ഓർമ്മയിൽ തെളിയുന്ന ഒരു ചിത്രമുണ്ട്‌. കഴിഞ്ഞ അവധിക്ക്‌ എന്റെ അപ്പാർട്മെന്റിലെ കുഞ്ഞുങ്ങളെല്ലാവരും കൂടി ഒരു അവധിക്കാല തുറന്ന കട തുടങ്ങിയത്‌. ചിട്ടയോടെ രൂപീകരിച്ച  ആ "അവധിക്കാലകട " ഫ്ലാറ്റുകളിലെ ഏവരേയും ആകർഷിപ്പിച്ചു.
കടുത്ത വേനലായതിനാൽ മധുരവും ഉപ്പും ചേർത്ത നാരങ്ങാവെള്ളവും, ഉപ്പിലിട്ട പലവകയും, ഫ്രൂട്ട്സലാഡുകളും വെജിറ്റബിൾ സാന്റ്വിച്ചുകളും കടയിൽ വിൽക്കുവാൻ അവർ പ്രാധാന്യം നൽകി.അവരവരുടെ വീടുകളിൽനിന്നും മാതാപിതാക്കളുടെ അനുമതിയോടെ മാത്രം അതിനുള്ള സാധനങ്ങൾ അവർ ഉപയോഗിക്കാനെടുത്തു. ഫ്ലാറ്റുകളിൽ വരുന്ന അതിഥികളെയും ജോലിവിട്ടെത്തുന്ന മാതാപിതാക്കളും അവരെ നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കുകയും വേനലവധിയുടെ അന്ത്യത്തിൽ കുട്ടികൾക്ക്‌ നല്ലൊരു തുക സ്വരൂപിക്കുവാനും കഴിഞ്ഞു. 

പിന്നീടുള്ള അവരുടെ തീരുമാനമായിരുന്നു ഏവരെയും ആശ്ചര്യപ്പെടുത്തിയത്‌. പാർട്ടികൾക്കും ഉല്ലാസങ്ങൾക്കും ഏറെ പ്രിയം കാണിക്കുന്ന ഈ കൊച്ചു മിടുക്കന്മാരും മിടുക്കികളും അവർക്ക്‌ ലഭിച്ച തുക മുഴുവനായും അടുത്തുള്ള അന്ധവിദ്യാലയത്തിൽ ഏൽപ്പിക്കുകയാണുണ്ടായത്‌.
വളരെ പഴകിയതല്ലാത്ത അവരുടെ ഉടുപ്പുകളും ഒന്നിൽകൂടുതലുള്ള ചെരിപ്പുകളും കളിപ്പാട്ടങ്ങളും അവർ സന്തോഷത്തോടെ കൈമാറി. വളരെ തുച്ഛമായ പൈസക്ക്‌ വിൽക്കുന്ന ദിനപത്രങ്ങൾ അവിടത്തെ കുഞ്ഞുങ്ങൾക്ക്‌ ന്യൂസ്പേപ്പർബാഗുകൾ‌ ഉണ്ടാക്കുവാനായി നൽകി. നമ്മൾ ഓരൊ നിമിഷവും ഉല്ലാസങ്ങൾക്കു മാത്രമായി മാറ്റിവെക്കുന്നതായിരിക്കണം അവധിദിനങ്ങളെന്ന് വാശിപ്പിടിക്കുന്നതിനുപകരം  ഉപകാരപ്രദവും എന്നെന്നും ഓർത്തിരിക്കാനാവുന്നതുമായിരിക്കണം അവധിദിനങ്ങളെന്ന  നിർബന്ധബുദ്ധിയോടെ ഓരൊ ദിവസവും ചിട്ടപ്പെടുത്തി നോക്കൂ, കൊഴിഞ്ഞുപോയ ഓരൊ അവധിദിനവും നമ്മളെ മാത്രമല്ല നമുക്ക്‌ ചുറ്റുമുള്ളവരെകൂടി എത്രയേറെ ആഹ്ലാദിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും  അഭിമാനം ഉളവാക്കുന്നതുമായിരിക്കുമെന്ന് നിറമനസ്സാലെ നമുക്കറിയാനാവും.

പുത്തനിട്ട്‌ കാലവർഷപുലരികൾക്ക്‌ വന്ദനം ചൊല്ലി മഴയാറാട്ടിൽ ഓർത്തെടുത്ത്‌ പുതുക്ലാസ്സിൽ വിവരിക്കുവാനായി ഒത്തിരിയൊത്തിരി വിശേഷങ്ങൾ നിറഞ്ഞ അവധിക്കാലം നിങ്ങളെപോലെതന്നെ ന്റേയും നിറഞ്ഞ പ്രതീക്ഷയാണു മനസ്സാകെ.
പ്രിയ കൂട്ടുകാരെ..എങ്കിലിനിയുള്ള നമ്മുടെ നീക്കം അത്തരത്തിലായിരിക്കട്ടെ അല്ലെ,?
കാണാത്ത കാഴ്ച്ചകളും  കേൾക്കാത്ത അനുഭവങ്ങളും സഞ്ചരിച്ചിട്ടില്ലാത്ത ദിക്കുക്കളും കഴിക്കാത്ത രുചികൾക്കുമായിട്ടുള്ളതായിരിക്കട്ടെ ഈ വരുന്ന അവധിക്കാലമെന്ന് ആശംസിക്കാം.

19 comments:

  1. അവധിക്കാലത്തിന്റെ മാധുര്യം!!

    ReplyDelete
  2. കുട്ടികള്‍ക്ക് വേനലവധി നല്ലരീതിയില്‍ വിനിയോഗിക്കാന്‍ സന്മനസ്സുണ്ടാവുകയും മുതിര്‍ന്നവരുടെ
    അവസരോചിതമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ലഭിക്കുകയും ചെയ്യട്ടെ.
    ആശംസകള്‍

    ReplyDelete
  3. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ഒരു മാറിച്ചിന്ത സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
  4. സന്മനസ്സുള്ളവരുടെ തലമുറകള്‍ ഉണ്ടാവട്ടെ.

    ReplyDelete
  5. കുട്ടികളുമായും, അതോടൊപ്പം രക്ഷിതാക്കളുമായും പങ്കുവെക്കേണ്ട നല്ല വിശേഷങ്ങൾ തന്നെ - ഇത്തരം ലേഖനങ്ങൾ രക്ഷിതാക്കളും വായിക്കണം. കാരണം പലതരം മൂഢസങ്കൽപ്പങ്ങളുടെ ലോകത്താണ് ഇന്നത്തെ ഒട്ടുമിക്ക രക്ഷിതാക്കളും . ഏഴാം ക്ളാസിനും എട്ടാം ക്ളാസിനുമിടയിലുള്ള വെക്കേഷൻ തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അഞ്ചുവർഷങ്ങൾക്കപ്പുറം എഴുതാനിരിക്കുന്ന ഐ.ഐ.ടി എൻട്രൻസിന്റെ കോച്ചിങ്ങ് ക്ളാസിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ കാലമാണിത്.

    മനുഷ്യൻ ജീവിക്കുന്നത് അയൽക്കാരനുംകൂടി വേണ്ടിയാണെന്നും , ഒരു സാമൂഹത്തിന്റെ ഭാഗമാണ് താനെന്നും, പരിണാമത്തിന്റെ ഓരോ ഘട്ടവും ആസ്വദിച്ച് മുന്നേറുകയും അതോടൊപ്പം തന്റെ സഹജീവികളെ പരിഗണിക്കുകയും ചെയ്യണമെന്നുമുള്ള ഇത്തരം നല്ല സന്ദേശം പങ്കുവെക്കുന്ന ഇത്തരം ലേഖനങ്ങളാണ് ഇന്നത്തെ കുട്ടികളും ,രക്ഷിതാക്കളും വായിച്ചറിയേണ്ടത്

    സ്കൂൾ അടച്ചാൽ ഉച്ചക്കഞ്ഞി മുടങ്ങുമല്ലോ എന്നോർത്ത് സങ്കടപ്പെടുന്ന കുറച്ചുകുട്ടികളെങ്കിലും ഇപ്പോഴും നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പള്ളിക്കൂടങ്ങളിൽ അവശേഷിക്കുന്നുണ്ട് എന്നത് ഈ ലേഖനത്തോട് ചേർത്തുവായിക്കാനാവാത്ത വലിയ പരമാർത്ഥമാണെന്ന വസ്തുതയും പറഞ്ഞുകൊള്ളട്ടെ....

    ReplyDelete
  6. നല്ല ചിന്തകൾ.....

    ReplyDelete
  7. അവധിക്കാലം നന്മയുടെ പൂക്കാലമായല്ലേ... നല്ല കാര്യം!

    ReplyDelete
  8. വായനകൾക്ക്‌ നന്ദി അറിയിക്കട്ടെ..ഒരുപാട്‌ സന്തോഷം
    ന്റെ ചുറ്റുവട്ടങ്ങൾ ചിലവഴിക്കുന്ന അവധി ദിനങ്ങൾ..ആഹ്ലാദം വെടിയാത്ത കുഞ്ഞു മനസ്സുകളുടെ വിചാരങ്ങൾ ഒരു കൊച്ചു കുറിപ്പായി എഴുതിച്ചേർത്തു..അത്രമാത്രം.
    @ Pradeep Kumar
    മാഷേ,അവധിയായാൽ ഉച്ചകഞ്ഞി മുടങ്ങുമെന്ന് സങ്കടപ്പെടുന്ന കുഞ്ഞുങ്ങൾ മാത്രല്ല വലിയവരും ഉണ്ടെന്നറിയാം.. :)
    അത്തരം അവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള സഹായ സഹകരണങ്ങൾക്കുള്ള പ്രവർത്തനങ്ങൾനിങ്ങൾക്ക്‌ വേണ്ടപ്പെട്ടവരോട്‌ ആവശ്യപ്പെട്ടുകൂടെ,?
    ന്റെ ഒരു അഭിപ്രായം മാത്രാണു ട്ടൊ..
    നല്ല ദിനം നേരുന്നു ഏവർക്കും,!

    ReplyDelete
  9. നന്മയുടെ നാളെകള്‍ കുട്ടികളിലൂടെ.......
    നല്ല ലേഖനം. കുട്ടികളെക്കാള്‍ മാതാപിതാക്കളെ ടാര്‍ജെറ്റ്‌ ചെയ്ത് എഴുതിയതാണ് എന്ന് വ്യക്തം.
    അല്ലേലും ടീച്ചര്‍മാര്‍ ഓസില്‍ ഒരു ഉപദേശം കൂടി കൊടുക്കുന്നവരാനല്ലോ അല്ലേ..
    ആശംസകള്‍!

    ReplyDelete
  10. നല്ല ലേഖനം ...
    അവധികാലം എങ്ങിനെ ഉപയോഗപ്രദമാക്കാം എന്നതിനെ കുറിച്ച് കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്

    ReplyDelete
  11. അവധിക്കാലത്തിന്റെ അതിമധുരം വായനയില്‍ രുചിച്ചറിഞ്ഞു... കൊച്ചുകൂട്ടുകാര്‍ക്കൊക്കെ ഇതോരാവേശമാകട്ടെ....നന്മയുടെ വെട്ടം പരക്കട്ടെ...

    ReplyDelete
  12. വര്ഷൂ വളരെ നല്ല ലേഖനം.
    നന്മ വളര്‍ത്തുന്ന ഈ മാതിരി അവധിക്കാല ആഘോങ്ങള്‍ നമ്മുടെ എല്ലാകുട്ടികളും ചെയ്യട്ടെ. അതിനുള്ള പ്രേരണയാകട്ടെ ഈ ലേഖനം

    ReplyDelete
  13. മാവിന് കല്ലെറിഞ്ഞും കുട്ടിസൈക്കിളോടിച്ചും പുഴയിൽ കുളിച്ചും രമിച്ചും അവധിക്കാലം 'ആഘോഷിക്കുന്ന ' കാലം കഴിഞ്ഞുവെന്ന് തോന്നുന്നു. വേനലവധി ആരംഭിക്കുമ്പോൾ തന്നെ നിരവധി ഹൃസ്വകാല കോഴ്സുകളുമായി വിവിധ സ്ഥാപനങ്ങൾ മുന്നോട്ടു വരികയായി. വീട്ടിലെ ശല്യം ഒഴിവാക്കാൻ ആണോ എന്നറിയില്ല രക്ഷിതാക്കളും ആവേശം കാണിക്കുന്നുണ്ട്. അവധിക്കാലത്ത്‌ പോലും 'അടിച്ചുപൊളിച്ച്' കഴിയാൻ ആരും സമ്മതിക്കുന്നില്ലെന്ന പരാതി കുട്ടികൾക്കുണ്ടോ എന്ന് അറിയില്ല. വെറും കളി മാത്രമെന്ന രീതി ഈ കാലത്ത് ഗുണം ചെയ്യില്ല എന്ന ചിന്ത കുട്ടികളിലും വളർത്തിക്കൊണ്ടുവരിക. മത്സരിച്ച് പഠിച്ച് ഉന്നത നിലവാരത്തിൽ വിജയിച്ചാലേ മുന്നോട്ടു പോവാൻ കഴിയൂ എന്നു അവരും മനസ്സിലാക്കട്ടെ. "വളരാതിരിക്കണം / വളർന്നാലാഹ്ലാദത്തിൻ ദലമോരോന്നായ് കൂമ്പിക്കരിയും
    കരയിക്കും " എന്നു കുട്ടികൾ പാടാതിരിക്കട്ടെ .........

    ReplyDelete
  14. നല്ല ലേഖനം ..ആശംസകൾ

    ReplyDelete
  15. നന്നായി വര്‍ഷിണി.. വളരെ ഭംഗിയായി എഴുതി.

    ReplyDelete
  16. ഇവിടെ ഞാൻ കളിച്ചു വളർന്നവരുടെ കുട്ടികളോടൊപ്പം എന്റെ കുട്ടികളും കളിച്ചു തിമർക്കുകയാണ്. മരങ്ങളും പച്ചപ്പും കളിപ്പറമ്പുകളും വലിയ മാറ്റങ്ങളില്ലാതെ ഇപ്പോഴുമുണ്ട്. വലിയ ഭാഗ്യം. ഫ്ലാറ്റുകളിലെ കുട്ടികളുടെ കാര്യം കഷ്ടം തന്നെയാണ്. ഒത്തൊരുമിച്ച് കളിക്കാനുള്ള പൊതുഇടങ്ങൾ ഇല്ല എന്നതാണ് അവർ നേരിടുന്ന പ്രശ്നം. സമ്മർ ക്യാമ്പുകൾ എവിടെയൊക്കെ നടക്കുന്നുണ്ട് എന്നറിയില്ല. ഇന്നത്തെ കാലത്ത്, അധികം പരിചയമില്ലാത്തവരുടെ അരികിലേക്ക് കുട്ടികളെ പറഞ്ഞു വിടാനും രക്ഷിതാക്കൾക്കു പേടിയുണ്ടായിരിക്കും. നഷ്ടം എപ്പോഴും കുഞ്ഞുങ്ങൾക്കു തന്നെ.

    വർഷിണി പറയുന്നതുപോലെ, കുട്ടികളുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ രക്ഷിതാക്കൾക്കാകട്ടെ.

    ചിലയിടത്തൊക്കെ അക്ഷരത്തെറ്റുകൾ കണ്ടു. ( അനുമദിയോടെ, ഓരൊ, ഉദ്ദേശ്യലക്ഷ്യം.. )

    ReplyDelete
  17. എന്റെ കുട്ടികളോട് ഇതൊക്കെ പറയുമ്പോൾ അവർക്ക് അതിശയമാണ്. ഒളിച്ചു കളിക്കാത്ത കൊത്തംകല്ലും കളംചാട്ടവും അറിയാത്ത ഒരു തലമുറ. ഉറിയും ഉരലും എന്തെന്ന് ചോദിക്കുന്ന ഒരു തലമുറ. നമ്മെ മാത്രമേ പഴിക്കാനാകൂ...

    ReplyDelete