Wednesday, March 5, 2014

പി .ടി .എം

പഠിത്തവും രാത്രിഭക്ഷണവും കഴിഞ്ഞപ്പോൾ ജനലഴികളിലൂടെ കുളിർക്കാറ്റു വന്ന് ഉറങ്ങാനുള്ള സമയമായി എന്ന് അറിയിപ്പു നൽകാൻ തുടങ്ങി.

പക്ഷേ, എങ്ങനെ ഉറങ്ങാൻ..?

നാളെ രാവിലെ ഒൻപതിനു അമ്മയേയും കൂട്ടി സ്കൂളിൽ എത്തണം.ഒന്നാം ക്ലാസ്സിലെ നാലാമത്തെ പി .ടി .എം.
കഴിഞ്ഞ മൂന്നു പി .ടി .എമ്മിനും അമ്മയുടെയും ടീച്ചറുടെയും നടുക്ക്‌ കണ്ണും മിഴിച്ച്‌ നിന്നിരുന്ന തനിയ്ക്ക്‌ അവരെന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലാവാതായപ്പോൾ ക്ലാസ്സിനു വെളിയിൽ പോയി കുട്ടികളോടൊപ്പം കളിക്കാൻ കൂടി.

ഇനി നാളെയും അങ്ങനെയൊക്കെ തന്നെയായിരിക്കുമൊ..?
ഞാൻ ബോർഡിൽ നിന്ന് പകർത്തി എഴുതുമ്പോൾ നേരാവണ്ണം ശ്രദ്ധിക്കാത്തതുകൊണ്ട്‌ വരികൾ തെറ്റി എഴുതുന്നു എന്നായിരിക്കുമൊ ടീച്ചറുടെ പരാതി..?
അതൊ, കണക്ക്‌ പിരീഡിൽ അക്കങ്ങളുടെ വില നിശ്ചയിക്കാനറിയാതെ കണക്ക്‌ പുസ്തകത്തിൽ അക്കങ്ങളെ വിതറിയിടുന്നു എന്നായിരിക്കുമൊ?
അതുമല്ലെങ്കിൽ ജീ.ക്കെ.പുസ്തകത്തിൽ ചേരുംപടി ചേർക്കാനറിയാതെ കണ്ണുമടച്ച്‌ കുത്തിവരക്കുന്നു എന്നായിരിക്കുമൊ..?

അവസാനം ടീച്ചർ പറയും, " ജിഷ്ണുവിനു ഒരു കാര്യത്തിലും ശ്രദ്ധയില്ല..ഏകാഗ്രതയുടെ കുറവുണ്ട്‌ "

അത്‌ കേൾക്കുന്നതും അമ്മയുടെ കണ്ണുകൾ തുറിക്കും..മൂക്ക്‌ വിടർത്തി ടീച്ചറുടെ മുന്നിലേക്ക്‌ കസേര നീക്കിയിട്ട്‌ ചറപറാന്ന് പറഞ്ഞു തുടങ്ങും,
വീട്ടിൽ രാവിലെ പല്ല് തേക്കാൻ കൂട്ടാക്കാത്തതു മുതൽ രാത്രി പല്ല് തേക്കാതെ ഉറങ്ങുന്നതുവരെയുള്ള  വിശേഷങ്ങൾ.

ഇപ്പഴെന്നല്ല എപ്പോഴും മനസ്സിലാവാത്ത കാര്യാണ്,
എന്തിനാ  രണ്ടും മൂന്നും പ്രാവശ്യം പല്ല് തേക്കണതെന്ന്..?
പേയ്സ്റ്റ്‌ ചോക്ലേറ്റും ഐസ്ക്രീമുമൊന്നുമല്ലല്ലൊ ഇടക്കിടെ വായിലിട്ടിറക്കാൻ..

ഹൊ..എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യങ്ങളിലൊന്നാണിത്‌..!

ഇല്ല, ഇത്തവണ അങ്ങനെയൊന്നും ആവാൻ വഴിയില്ല..
ഇന്നലെ കൂടി ടീച്ചർ എല്ലാവരോടായി പറഞ്ഞേയുള്ളു,
എല്ലാവരും ജിഷ്ണുവിനെ കണ്ടുപഠിക്കണമെന്ന്..
അതെന്തിനായിരുന്നു..?
ങാ..കണക്ക്‌ പിരീഡിൽ ഒന്നും തെറ്റിക്കാതെ  പുസ്തകംആദ്യം കറക്റ്റ്‌ ചെയ്യാൻ കൊടുത്തപ്പൊ തന്നെ..!

ഓരോന്നോർത്ത്‌ ടീച്ചറുടെയും അമ്മയുടെയും നടുക്ക്‌ കണ്ണും ചെവിയുമടച്ച്‌ ഉറങ്ങിയതെപ്പോഴാണെന്ന് ഓർമ്മയില്ല..!

നേരം വെളുത്തുവെന്ന് അറിയിച്ചുകൊണ്ട്‌ ജനലഴികളിലൂടെ തൊട്ടു വിളിച്ചത്‌ രാത്രിയിലെ അതേ കുളിർക്കാറ്റ്‌ ആയിരിക്കുമൊ..?

ഉണർന്നതും  അമ്മയുടെ തിക്കുതിരക്കുകൾ കേൾക്കാൻ നിക്കാതെ വേഗം തയ്യാറായി അമ്മയുടെ സ്കൂട്ടിയ്ക്കരികെ കാത്ത്‌ നിന്നു.

അതാ..സുന്ദരിയായി അമ്മ വരുന്നുണ്ട്‌.

എന്നത്തേക്കാളും കൂടുതൽ സമയം അമ്മ കണ്ണാടിക്കു മുന്നിൽ നിക്കുന്നത്‌ ടീച്ചറേക്കാൾ സുന്ദരിയായിരിക്കണമെന്ന് കരുതുന്നത്‌ കൊണ്ടായിരിക്കില്ലെ..?

അമ്മ  സ്കൂട്ടി സ്റ്റാർട്ടാക്കിയതും വേഗം പുറകിൽ ചാടിയിരുന്നു.
പത്തു മിനിറ്റിനുള്ളിൽ സ്കൂളിലെത്തി.

നാലാമത്തെ ഊഴമാവാൻ പുറത്തെ ബഞ്ചിൽ കാത്തിരുന്നു.
നിഷയും കൃതിയും നിഖിലുമെല്ലാം ചിരിച്ചും മുഖം വീർപ്പിച്ചുമെല്ലാം ടീച്ചറെ കണ്ട്‌ അച്ചന്റേം അമ്മയുടെയുമൊക്കെ കയ്യിൽ തൂങ്ങിക്കളിച്ച്‌ പോയി.
ഞങ്ങളെ കണ്ടതും ടീച്ചർ പുഞ്ചിരിക്കുന്നു.
ഹാവൂ..പകുതി സമാധാനമായി.

അമ്മ എന്തെങ്കിലും പറയുവാൻ തുടങ്ങും മുന്നെ ടീച്ചർ വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി,

" ജിഷ്ണു വീട്ടിലെത്ത്യാൽ വിശേഷങ്ങൾ പറയാറില്ലെ..?
ജിഷ്ണുവിനിപ്പോൾ പഠിപ്പിലെല്ലാം എന്തുഷാറാണെന്നൊ..
നല്ലതു മാത്രമെ പറയാനുള്ളു.പരാതികളൊന്നുമില്ല.
ഇതേ രീതിയിൽ തുടരുവാൻ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

ജിഷ്ണുവിന്റെ അമ്മയ്ക്ക്‌ ആദ്യം വിശ്വസിക്കാനായില്ല..
ശരിയാ..ജിഷ്ണുവിൽ നല്ല മാറ്റങ്ങളുണ്ട്‌.എന്നാലും ടീച്ചറിൽനിന്നും ഇത്രപെട്ടെന്നൊരു അഭിപ്രായവിത്യാസം പ്രതീക്ഷിച്ചില്ല.
വളരെ ജിജ്ഞാസയോടെ അതെങ്ങനെയാണെന്നറിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.

പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു,
ഞങ്ങൾ രണ്ടുപേരും കുറച്ചു മാസങ്ങളിലായി ഒരു പുതിയ ഗെയിം കളിച്ചോണ്ടിരിക്കുവായിരുന്നു.അതിനായി കുറച്ച്‌ ഗോലികൾ വേണമെന്ന് മാത്രം..അല്ലെ ജിഷ്ണു..?
അപ്പോഴാണ് ജിഷ്ണു ഓർത്തത്‌,
ശരിയാണ്.. കുറെ നാളുകളായി ഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിൽ ഒരു പുതിയ ഗെയിം കളിക്കുവാനായി ടീച്ചർ കൂട്ടുകൂടുമായിരുന്നു.

ജിഷ്ണുവിന്റെ അമ്മയ്ക്ക്‌ അതറിയുവാൻ താത്പര്യമായി.
അപ്പോഴേക്കും കൂട്ടുകാരെ കണ്ടതും ജിഷ്ണു അവരുടെ കൂടെ കളിക്കുവാനോടി.

ടീച്ചർ ജിഷ്ണുവിന്റെ അമ്മയോടായി പറഞ്ഞു,
"കുട്ടികളുടെ ഏകാഗ്രത കൂട്ടുവാനുള്ള ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള ഒരു ആക്റ്റിവിറ്റിയാണിത്‌.
കളിയിലേർപ്പെടുകയാണെന്ന ധാരണയിൽ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുക്കും.
ആദ്യം കുട്ടിയുടെ കണ്ണുകൾ ഒരു തുണികഷ്ണം കൊണ്ട്‌ കെട്ടിയ ശേഷം ഒരു ഗോലിയെടുത്ത്‌ നിലത്തിടുക.
ആ ശബ്ദത്തിൽ നിന്ന് എത്ര ഗോലിയാണു  നിലത്തിട്ടതെന്ന് കുട്ടിയെകൊണ്ട്‌ പറയിപ്പിക്കുക.
പിന്നെ മൂന്നൊ നാലൊ എണ്ണമെടുത്തിടുക..അങ്ങനെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നതോടൊപ്പം വീഴുന്ന ശബ്ദത്തിൽ കേന്ദ്രീകരിച്ച്‌ കുട്ടിയെകൊണ്ട്‌ എണ്ണം പറയിപ്പിക്കുക.
എണ്ണങ്ങൾ തെറ്റുമ്പോൾ ശരിയാക്കാനുള്ള ആഗ്രഹത്താൽ ഗോലി വീഴുന്ന ശബ്ദത്തിൽ  മാത്രമായിരിക്കും കുട്ടിയുടെ ശ്രദ്ധ.
ഈ ആക്റ്റിവിറ്റി തുടർച്ചയായി കുഞ്ഞിനെകൊണ്ട്‌ ചെയ്യിക്കുകയാണെങ്കിൽ അവന്റെ ഏകാഗ്രത കൂടും..
സാവകാശമാണെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞിലെ ഓരൊ പ്രവർത്തികളിലൂടെയും മാറ്റങ്ങൾ കാണാനാവും.
ഈ വർഷം പകുതി മുതൽ ജിഷ്ണുവിൽ ഞാൻ പരീക്ഷിക്കുകയായിരുന്നു, ഈ ആക്റ്റിവിറ്റി എത്രത്തോളം പ്രയോജനകമാവുമെന്ന്..
വർഷാവസാനം എനിക്കു നല്ല ഫലം ലഭിച്ചിരിക്കുന്നു."
ടീച്ചർ സന്തോഷം പങ്കുവെച്ചു.

അമ്മയ്ക്കും സന്തോഷമായി..വീട്ടിൽ തനിക്കും ജിഷ്ണുവിനെകൊണ്ട്‌ ചെയ്യിക്കാനാവുന്ന എളുപ്പമുള്ള കളി തന്നെ.

കുഞ്ഞിനെ വഴക്കു പറയുകയൊ തല്ലുകയൊ ചെയ്തിട്ടെന്തു കാര്യം..ഒരു വലിയ പ്രശ്നമാണു പരിഹരിയ്ക്കപ്പെട്ടിരിക്കുന്നത്‌..

കുട്ടികളിൽ ഏകാഗ്രത കൂട്ടുവാൻ സഹായിക്കുന്ന നിരവധി കളികളുണ്ടെന്ന് ടീച്ചർ ജിഷ്ണുവിന്റെ അമ്മയ്ക്ക്‌ വിവരിച്ചു കൊടുത്തു.

ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഒന്നു പോലും വിടാതെ വീട്ടിൽ മാതാപിതാക്കളുമായി പങ്കുവെക്കുന്നതും, വീട്ടിലെ കാര്യങ്ങൾ ഓർത്തെടുത്ത്‌ ടീച്ചറും കൂട്ടുകാരുമായി ക്ലാസ്സിൽ പങ്കുവെക്കുന്നതും ഇതുപോലൊരു കളി തന്നെ.

ഏകാഗ്രതയില്ലായ്മ എന്ന വലിയ പ്രശ്നത്തിനു കുഞ്ഞു കുഞ്ഞു പരിഹാരങ്ങൾ ലഭിച്ചിരിക്കുന്നു..

ടീച്ചറോട്‌ യാത്ര പറഞ്ഞിറങ്ങുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾ ജിഷ്ണുവിനും സന്തോഷമായി.

ഹാവൂ..അങ്ങനെ ഈ വർഷത്തെ പി .ടി. എം. കഴിഞ്ഞു..!

15 comments:

  1. കുട്ടികളില്‍ ഏകാഗ്രത കൂട്ടുവാനായി ഒരു ടീച്ചര്‍ ഇടവേളകളില്‍ യോഗ ചെയ്യിക്കുന്നു എന്ന് ഇന്നത്തെ വാര്‍ത്തയില്‍ കണ്ടിരുന്നു...

    ReplyDelete
  2. woW...... നല്ല ഐഡിയ-കം-കഥ. :)

    ReplyDelete
  3. കൊള്ളാം.. ഇനീം ഐഡിയകൾ പോന്നോട്ടെ..
    അതും ഇങ്ങിനെ രസകരമായി , കഥകളായി പറഞ്ഞാൽ പെരുത്ത് സന്തോഷം..

    ReplyDelete
  4. അപ്പോള്‍ ഇതാണ് ഐടിയ അല്ലെ?
    നന്നായി.

    ReplyDelete
  5. കുട്ടികള്‍ക്ക് അതിസമ്മര്‍ദത്തിന് അടിപ്പെടുത്താത്ത തരത്തില്‍ ഇത്തരം ഐഡിയാകള്‍ ഉണ്ടായിവരട്ടെയെന്ന് ആശിക്കാം.
    ആശംസകള്‍

    ReplyDelete
  6. ഇത് കുട്ടികൾക്കുള്ള കുട്ടിക്കഥയല്ല - രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമുള്ള കുട്ടിക്കഥയാണ്
    ആ രീതിയിൽ കഥയിലൂടെ മികച്ചൊരു വിദ്യാഭ്യാസതത്വം കൈമാറി .......

    ReplyDelete
  7. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരം

    നന്നായി പറഞ്ഞിരിക്കുന്നു ടീച്ചര്‍

    ReplyDelete
  8. നല്ല ഐഡിയ. വളരെ പ്രയോജനകരമായ പോസ്റ്റ് വര്‍ഷൂ.. സ്നേഹം ട്ടൊ.

    ReplyDelete
  9. what an idea sirji... what an idea sirji

    ReplyDelete
  10. Njanum onnu pareekshichu nokkatte

    ReplyDelete
  11. പലരും കേവലമൊരു വരുമാനമാര്‍ഗ്ഗം മാത്രമായാണ് അദ്ധ്യാപകവൃത്തിയെ കാണുന്നത്. ഇതുപോലെ വിദ്യാര്‍ത്ഥികളുടെ നന്മ ആഗ്രഹിക്കുന്ന നല്ല അദ്ധ്യാപകര്‍ ഉണ്ടാവട്ടെ... രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പരീക്ഷിക്കാവുന്ന നല്ലൊരു വിദ്യ പരിചയപ്പെടുത്തി...ആശംസകള്‍... :-)

    ReplyDelete
  12. ടീച്ചറാണ് ടീച്ചറേ ടീച്ചര്‍...
    :-) എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete