Wednesday, October 23, 2013

കോമാളി കാക്കു



"സർക്കസ്‌ കാണാൻ ആർക്കാ ഇഷ്ടല്ലാത്തത്‌,
വരൂ..നമുക്ക്‌ സർക്കസ്‌ കാണാൻ പോവാം"
ജിമ്മി പാച്ചുവിനെ ക്ഷണിച്ചതും പാച്ചു  ഉത്സാഹത്തോടെ  പറഞ്ഞു,
" ആണൊ, എനിക്കും ഇഷ്ടാ സർക്കസ്‌ കാണാൻ പക്ഷേ ..
കുട്ട്യോളു  തനിച്ച്‌ പുറത്തു പോവരുതെന്ന് അറിഞ്ഞുകൂടെ..?
ഒരു കാര്യം ചെയ്യാം..നമുക്ക്‌ നമ്മുടെ വീട്ടിലുള്ളവരേയും കൂട്ടി പോവാം..
എല്ലാവർക്കും സന്തോഷമാവും.."
അങ്ങനെ ജിമ്മിയും പാച്ചുവും അവരുടെ വീട്ടിലുള്ളവരെയെല്ലാം കൂട്ടി സർക്കസ്‌ കാണാൻ പുറപ്പെട്ടു.
വഴിയിലുടനീളം അവർ സർക്കസിനെ കുറിച്ചും അവർ പ്രദർശിപ്പിക്കുന്ന അതിസാഹസമായ പ്രകടനങ്ങളെ കുറിച്ചും സർക്കസ്കൂടാരത്തിലെ മറ്റു ജീവനക്കാരുടെയും പക്ഷിമൃഗാതികളുടെയും ദുരിതാനുഭവങ്ങളെ കുറിച്ചും സംസാരിച്ചോണ്ടിരുന്നു.
അങ്ങനെ അവർ  സ്ഥലത്ത്‌ എത്തിച്ചേർന്നത്‌ അറിഞ്ഞതേയില്ല.
ഷോ തുടങ്ങുവാൻ ഇനിയും നേരമുണ്ട്‌..
അതുവരേക്കും സർക്കസ്കൂടാര പരിസരവും മറ്റും വീക്ഷിക്കാമെന്ന ഉദ്ദേശത്തിൽ ജിമ്മിയും പാച്ചുവും കൂടാരത്തിനു ചുറ്റും ഉലാത്തുവാൻ തീരുമാനിച്ചു.
അപ്പോഴാണവരുടെ ശ്രദ്ധയിൽപ്പെട്ടത്‌,
ഒരു മുക്കിലിരുന്ന് കോമാളി കാക്കു കരയുന്നു.
ആദ്യമവർ കരുതി, ഷോ തുടങ്ങും മുന്നെതന്നെ കാണികളെ കൈയ്യിലെടുക്കുവാനുള്ള കാക്കുവിന്റെ അടവായിരിക്കുമതെന്ന്.
പക്ഷേ..പിന്നീടവർക്ക്‌ ബോധ്യമായി കാക്കു സങ്കടം സഹിക്കാനാവാതെ കരഞ്ഞുപൊവുകയാണെന്ന്.
അതെന്തിനാണെന്നു അറിയുവാൻ രണ്ടുപേർക്കും വളരെ ആകാംക്ഷ തോന്നി.
അങ്ങനെയവർ കാക്കുവിന്റെ അരികിലെത്തി കാര്യം തിരക്കി.
" കോമാളി കാക്കൂ..കോമാളി കാക്കൂ.. എന്തിനാണിങ്ങനെ ഓർത്തോർത്ത്‌ കരയുന്നത്‌..?
വീട്ടുകാരേയൊക്കെ കാണുവാനുള്ള ആഗ്രഹം മൂലമാണൊ..?
എങ്കിലും നിങ്ങൾ എപ്പോഴും ചിരിച്ചേണ്ടിയിരിക്കേണ്ട വ്യക്തിയല്ലേ...
കാരണം, ഇവിടെ വരുന്നവരെയെല്ലാം ചിരിപ്പിച്ച്‌ രസിപ്പിക്കലല്ലേ നിങ്ങളുടെ പ്രധാനപ്പെട്ട ജോലി..
ജോലിയിൽ അശ്രദ്ധ കാണിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടുകയില്ലേ..?
കോമാളി  കാക്കു പറഞ്ഞു,
" ഞാനും എന്റെ കൂട്ടരും കോമാളിത്തരങ്ങൾ ചെയ്താലും ചെയ്തില്ലെങ്കിലും ഒറ്റനോട്ടത്തിൽതന്നെ എല്ലാവരും ചിരി തുടങ്ങും..
ഞങ്ങളുടെ പ്രകടനങ്ങളിൽ ആർത്തുരസിക്കുകയും ചെയ്യും.
എന്നാൽ ചില അവസരങ്ങളിൽ,
മനസ്സ്‌ വേദനിക്കുന്ന അവസ്ഥകളിൽ പൊയ്മുഖമണിഞ്ഞാണു ഞങ്ങൾ കാണികളെ സന്തോഷിപ്പിക്കുന്നത്‌.
അങ്ങനെയൊരു ചിന്തക്കുള്ള അവസരംകൂടി ഞങ്ങൾ ജനങ്ങൾക്ക്‌ നൽകുന്നില്ല..
അത്രക്കും ആത്മാർത്ഥത  ചെയ്യുന്ന ജോലിയോട്‌ ഞങ്ങൾക്കുണ്ട്‌.
എന്നാൽ ഞാനിപ്പോൾ ആശിച്ചുപോവുകയാണു,
ഒരിക്കലെങ്കിലുമൊരു സങ്കട കോമാളി ആയിരുന്നെങ്കിലെന്ന്..
എന്റെ സങ്കട മുഖം കാണുമ്പോൾ ജനങ്ങൾ ആദ്യം വിഷാദരാകും..
എന്നിട്ടവരെ ഒരു നല്ല പ്രകടനത്തിലൂടെ വിഷാദത്തിൽനിന്ന് രസച്ചരടിലേക്ക്‌ കോർത്തിണക്കുമ്പോൾ  അവരും ഞാനും അനുഭവിക്കുന്ന മാനസിക ഉല്ലാസം ഒന്നു വേറെതന്നെയായിരിക്കും..
പിന്നീടവർക്ക്‌ അതേകുറിച്ച്‌ ചിന്തിക്കുവാനുള്ള സന്മനസ്സും ഉണ്ടായിരിക്കും.."
..പറഞ്ഞു നിർത്തി കോമാളി കാക്കു കണ്ണുകളൊപ്പി തന്റെ ഊഴത്തിനായി സർക്കസ്‌ കൂടാരത്തിലേക്ക്‌ നടന്നു നീങ്ങി..
ജിമ്മിയും പാച്ചുവും നിറമനസ്സോടെ സർക്കസ്‌ കണ്ട്‌ അതേ കുറിച്ചൊരു കൊച്ചു കുറിപ്പെഴുതി മറ്റു കൂട്ടുകാരുമായും പങ്കുവെക്കുവാനും തീരുമാനിച്ചു.

9 comments:

  1. കോമാളി കാക്കുവിനു നല്ലത് വരട്ടെ

    ReplyDelete
  2. കുട്ടികളുടെ മനസ്സറിഞ്ഞു പറയുന്ന കുട്ടിക്കഥകൾ.....
    ബാലമാസികകളിൽ പലപ്പോഴും വായിക്കാറുള്ള കുട്ടിക്കഥകളേക്കാൾ എത്രയോ നിലവാരം പുലർത്തുന്നത്....

    ReplyDelete
  3. അപൂര്‍വസഹോദരങ്ങളില്‍ ഒരു കോമാളിയുടെ ദുഃഖം കമലഹാസന്‍ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്
    ആ ദൃശ്യങ്ങള്‍ ഓര്‍മ്മ വന്നു ഇക്കഥ വായിയ്ക്കുമ്പോള്‍

    ReplyDelete
  4. കുട്ടിത്തരങ്ങൾ തുടരട്ടെ.. ഞങ്ങൾ കുട്ടികൾക്കായി....

    ReplyDelete
  5. കോമാളിയുടെ സങ്കടം മനസ്സില്‍ തെളിയും വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  6. കുട്ടിക്കഥയാണോ ? കോമാളി, അവന്റെ ചിരി അവന്റെ വിധിയാണ്.

    ReplyDelete
  7. കരച്ചിലും സങ്കടവും ഉള്ളില്‍ ഒതുക്കി ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍...

    ReplyDelete
  8. ജീവിതത്തിൽ എല്ലാവര്ക്കും കോമാളിയാവേണ്ടി വരാറുണ്ട്. കരഞ്ഞാൽ പോലും കണ്ടു നില്കുന്നവർ ചിരിക്കും....

    ReplyDelete