Saturday, June 22, 2013

കഴിവുകൾ" വായിച്ച്‌ വലുതാവാണം കുട്ട്യോളു " എന്നാ എപ്പഴും അച്ഛൻ പറയാറുള്ളത്‌..
കുഞ്ഞായിരിക്കുമ്പൊ മുതൽ ഉറങ്ങാൻ നേരം കൂടെ കിടന്ന് പുസ്തകം വായിച്ച്‌ കേൾപ്പിച്ചാണു അച്ഛൻ ഉറക്കാറുള്ളത്‌..
എന്തു രസായിട്ടാന്നൊ വായിക്കാ,
ഓരോരുത്തരും കഥയിൽ നിന്ന് ഇറങ്ങി വന്ന് വർത്തമാനം പറയുന്ന പോലെ തോന്നിപ്പിക്കുന്ന വായന..
ആ കഥകൾ കേട്ടുകേട്ടാണത്രെ നിയ്ക്ക്‌ വായനാശീലം കിട്ടീത്‌, അമ്മ പറയണതാണു ട്ടൊ..
നിയ്ക്കിപ്പൊ ന്തോരം ഇഷ്ടാണെന്നൊ വായിക്കാൻ..
ഈയിടെയായി കുറേശ്ശെ എഴുതുവാനും തുടങ്ങീട്ടുണ്ട്‌ ഞാൻ..ഇത്തവണത്തെ സ്കൂൾ മാഗസിനിൽ എന്റെ കഥ വരികേം ചെയ്തു..
അച്ഛനും അമ്മക്കും എത്ര സന്തോഷായെന്നോ.."

പുതിയതായി വാങ്ങിയ പഞ്ചതന്ത്രകഥകളുടേയും മറ്റു കുട്ടികഥ പുസ്തകങ്ങളുടേയും പുതുമണം മൂക്കിൽ അടുപ്പിച്ച്‌ ജിത്തുവിനോട്‌ വിശേഷം പറയുന്നതിനേക്കാൾ കൊതിപ്പിച്ചുകൊണ്ടിരുന്നു നീനു.
ജിത്തുവിനു ആശ തോന്നി,
അക്ഷരങ്ങളോട്‌ കൂട്ട്‌ പിടിക്കാൻ..വായനാ ലോകത്ത്‌ മുഴുകി ഇരിക്കാൻ..
പക്ഷേ എന്തോ കൂടുതൽ നേരം പുസ്തകങ്ങളോട്‌ കൂട്ടുകൂടാൻ തനിക്ക്‌ ആവുന്നില്ലാ..
എന്നിട്ട്‌ നീനുവിനോടായി പറഞ്ഞു ,

"  എനിക്കങ്ങനെ വായനാശീലം ഉണ്ടാക്കി എടുക്കാനുള്ള ചുറ്റുപാടുകൾ ഉണ്ടായിട്ടില്ല. അച്ഛനങ്ങ്‌ ദൂരെയുള്ള ജോലിസ്ഥലത്തായതു കൊണ്ട്‌ അച്ഛന്റെ കഥകൾ കേട്ടുറങ്ങാനുള്ള ഭാഗ്യം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളു..
പിന്നെ, അമ്മയാണെങ്കിൽ രണ്ട്‌ ബസ്സുകൾ കയറിയിറങ്ങി വീട്ടിലെത്തിയാൽ വീട്ടുജോലികളിൽ മുഴുകും..
സ്കൂളിലെ അന്നത്തേത്‌ പാഠങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഞാൻ ടീവിക്ക്‌ മുന്നിലിരിക്കും.
കൂടുതലും സംഗീത പരിപാടികളാണു കാണാൻ താത്പര്യം,
പിന്നെ അച്ഛൻ കഴിഞ്ഞ വരവിനു പിറന്നാൾ സമ്മാനമായി തന്ന mp3 ൽ പാട്ടുകൾ കേട്ടുറങ്ങും..
കുട്ടികൾക്കായുള്ള നല്ല പാട്ടുകൾ അതിലേക്ക്‌ തരം തിരിച്ച്‌ തന്നത്‌ ശരത്തേട്ടനാണു ട്ടൊ..
സംഗീതത്തിനോടുള്ള എന്റെ കമ്പം കണ്ടിട്ട്‌ ശരത്തേട്ടൻ തന്നെ അമ്മയോടു പറഞ്ഞ്‌ പാട്ടുക്ലാസ്സിനു ചേർക്കുകയും ചെയ്തു.
ഇപ്പൊ എനിക്ക്‌ ഒരുവിധം നന്നായി പാടാനാവും കേട്ടൊ നീനൂ..നിനക്ക്‌ കേൾക്കണോ,? "
ഉത്സാഹത്തോടെ ജിത്തു നീനുവിനോടായി പറഞ്ഞു നിർത്തി.

പക്ഷേ , ജിത്തുവിനു മുഴുവനായും ചെവി കൊടുക്കാൻ പോലും നീനു നല്ല മനസ്സ്‌ കാണിച്ചില്ല. പുതിയ പുസ്തകങ്ങളുടെ നിറമുള്ള ചിത്രങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അവൾ.
ജിത്തുവിനു സങ്കടം തോന്നിയെങ്കിലും ചിരിക്കുന്ന മുഖത്തോടെ നീനുവിനോട്‌ യാത്ര പറഞ്ഞിറങ്ങി.
പുസ്തകതാളുകളിൽ നിന്ന് പൂർണ്ണമായും തലയുയർത്താതെ ചുമ്മാ തലയാട്ടി ബൈ പറഞ്ഞ്‌  നീനുആ ഇരുപ്പിൽ നിന്ന് അനങ്ങിയതേയില്ല.

വായനയിൽ മുഴുകിയിരുന്നിരുന്ന നീനുവിന്റെ ശ്രദ്ധ പെട്ടെന്നാണു വീടിനു പുറത്തു നിന്നായി കേൾക്കാവുന്ന മനോഹരമായ സംഗീതം മുറിച്ചെടുത്തത്‌..
ഹായ്‌,ആരാണിത്ര മനോഹരമായി പാടുന്നത്‌..?
ആകാംക്ഷയോടെ കതകു തുറന്ന നീനു അതിശയിച്ചു പോയി..
അത്‌ ജിത്തുവായിരുന്നു.
"ഓഹ്‌ ജിത്തൂ..നീ ആയിരുന്നൊ ഇത്ര മനോഹരമായി പാടിയിരുന്നത്‌..?
എനിക്കി വിവരം അറിയുക പോയിട്ട്‌ പ്രതീക്ഷികപോലും ചെയ്തിട്ടില്ലാ..
 പിന്നെ കുറ്റബോധത്തോടെ തലതാഴ്ത്തി ജിത്തുവിനോടായി പറഞ്ഞു,
എനിക്കിപ്പോൾ സങ്കടം തോന്നുന്നു, നിന്റെ കഴിവിനെ അവഗണിച്ച്‌  നിന്നെ പറഞ്ഞു വിട്ടതിൽ,
അതോടൊപ്പം നന്ദിയും അറിയിക്കട്ടെ,
എത്ര മനോഹരമായൊരു സമ്മാനമാണു നീ എനിക്ക്‌ നൽകിയത്‌ "

ജിത്തു പുഞ്ചിരിയോടെ പറഞ്ഞു..
" നിനക്ക്‌ സമ്മാനം നൽകുക.എന്ന ഉദ്ദേശത്തോടെ വന്നതായിരുന്നില്ല ഞാൻ..
എന്റെ  mp3 ഞാനിവിടെ മറന്നു വെച്ചു. അതെടുക്കാനായി വീണ്ടും വന്ന് കതതകിൽ തട്ടി വായനയിൽ നിന്ന് ശല്യം ചെയ്താൽ നിനക്ക്‌ ഇഷ്ടമാവില്ലല്ലോ..
നീ എന്നോട്‌ അപ്രിയ മുഖം കാണിച്ചാൽ എനിക്ക്‌ വിഷമമാകും..
നീനു സന്തോഷത്തോടെ വന്നെന്നെ സ്വീകരിക്കുന്നതാണെനിക്കിഷ്ടം.
അതിനുള്ള മാർഗ്ഗം ഇതുമാത്രമേ ഞാൻ കണ്ടുള്ളു.
സംഗീതം ആർക്കാണിഷ്ടമല്ലാത്തത്‌ ?
നീനക്കും അങ്ങനെതന്നെ എന്ന് കരുതുന്നൂ..ഇനി എന്റെ   mp3 തന്നാൽ നിയ്ക്ക്‌ പോവാമായിരുന്നു."

നീനുവിന്റെ കണ്ണുകൾ നിറഞ്ഞു.
" എത്ര മനോഹരമായി ജിത്തു പാടുന്നു,
ഞാൻ കരുതി  എഴുതുവാനും വായിക്കുവാനുമുള്ള കഴിവു മാത്രമാണു കേമമെന്ന്..
എന്നോട്‌ ക്ഷമിക്കണം ജിത്തു."

ജിത്തു പ്രസന്ന മുഖത്തോടെ നീനുവിനോടായി പറഞ്ഞു,
" നീനുവിനേയും ഞാൻ ഗിറ്റാർ വായിക്കുവാനും എന്റെ കൂടെ പാടുവാനും പരിശീലിപ്പിക്കാം ,സങ്കടപ്പെടെണ്ടാ കേട്ടൊ"
നീനുവിനും സന്തോഷമായി.
അവർ സന്തോഷത്തോടെ പിരിഞ്ഞു.അന്നുമുതൽ നീനു മറ്റു കഴിവുകളേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു തുടങ്ങി..!
12 comments:

 1. ഗുണപാഠമെല്ലാം ഉണ്ടല്ലോ....

  ReplyDelete
 2. എല്ലാ കഴിവും ഒരാള്ക്കു കൊടുക്കില്ല ദൈവം. കിട്ടുന്ന കഴിവ് പരിപോഷിപ്പിക്കാൻ അച്ഛനമ്മമാർ ശ്രമിക്കുക. കുട്ടികളും ശ്രമിക്കുക. നല്ല ഗുണ പാഠം.

  ReplyDelete
 3. നൈസര്‍ഗികമായി സിദ്ധിച്ച സദ് വാസനകളെ പരിപോഷിപ്പിക്കുക തന്നെ വേണം.
  നല്ലൊരു ഗുണപാഠം
  ആശംസകള്‍

  ReplyDelete
 4. കുഞ്ഞുമനസ്സുകളെ അറിഞ്ഞുള്ള എഴുത്ത്. പലര്‍ക്കും പലതരം കഴിവുകളാണെന്നും, ഓരോ കവിവിനേയും അംഗീകരിക്കേണ്ടതാണെന്നുമുള്ള നല്ല ഒരു സന്ദേശത്തിലേക്ക് കുഞ്ഞുമനസ്സുകളെ എത്തിക്കാനും, അവരെ വിശാലമായ മനസ്സിന്റെ ഉടമകളാക്കാനും, ഇത്തരം കഥകളിലൂടെ ടീച്ചറെപ്പോലുള്ളവര്‍ക്ക് സാധ്യമാവുന്നു......

  ReplyDelete
 5. മറ്റുളളവരുടെ കഴിവുകള്‍ അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവുക എന്നതാണ് പ്രധാനം. നല്ല ഗുണപാഠം. ഇഷ്ടായിട്ടോ :)

  ReplyDelete
 6. കുട്ടിക്കഥ വായിച്ചു
  ഇഷ്ടപ്പെട്ടു

  ReplyDelete
 7. ഗുണ പാടമുള്ള കുട്ടികഥ

  ReplyDelete
 8. kuttikkadhayenkilum kadhayil chila valiya kaaryangal undu. nannaayi.. aashamsakal

  ReplyDelete
 9. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാന്‍ കുട്ടികളെ പഠിപ്പിച്ചാല്‍ അവരില്‍ വലുതായി കഴിഞ്ഞാലും ആ മൂല്യം നില നില്‍ക്കും. മഹത്തായ ഈ ചിന്തയില്‍ പിന്റന്ന ഈ എഴുത്തിന് നന്ദി

  ReplyDelete