Friday, June 14, 2013

!! മാനം തെളിഞ്ഞപ്പോൾ !!
പിന്നാമ്പുറത്തെ തൊടിയിൽ ഉടനീളം ഇടകലർന്ന് തളിർത്തുയരുന്ന വെണ്ടയും, പയറും, തക്കാളിയും ,ചീനിമുളകും, തുവരയും.

കുത്തിയൊലിക്കുന്ന മഴയായിരുന്നു വൈകും വരെ..
 
" എത്ര കഷ്ടപ്പെട്ടാണു ഓരൊ ദിവസോം സ്കൂളിനു ശേഷം അമ്മയുടെ കൂടെ നിന്ന് ചെടികൾക്കെല്ലാം മണ്ണിൽ തടകെട്ടി വാർത്തത്‌..
ഇനിയിപ്പൊ അതൊക്കെ കുതിർന്ന് പൊട്ടിയൊലിച്ച്‌ കാണൊ.. ? "

അമ്മിണികുട്ടി വ്യാകുലതയോടെ കവിൾ വീർപ്പിച്ചും ചുണ്ടുകൾ കോട്ടിയും
മഴയോട്‌ ശുണ്ഠി കാണിച്ച്‌ തോട്ടത്തിലെത്തിയപ്പോൾ കണ്ണുകൾ വിടർന്നു.

ഹായ്‌..
ഇളം പച്ച തളിരിലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നിരിക്കുന്നത്‌ കാണാൻ ന്തു രസാ,പളുങ്കുമണികൾ തുന്നിച്ചേർത്ത് വെച്ച പോലെ.. മൺത്തടങ്ങളിൽ കെട്ടി നിൽക്കുന്ന തെളിഞ്ഞ മഴവെള്ളവും മാനം നോക്കി
വെട്ടിതിളങ്ങുന്നുണ്ട്..

അമ്മിണികുട്ടിയുടെ തുടുത്ത മുഖം ഒന്നൂടെ വികസിച്ചു..

നനഞ്ഞ മണ്ണിൽ വിരിച്ചിട്ട വല പോലെ പടർന്ന് കിടക്കുന്ന മത്തൻ വള്ളികളിൽ കുനു കുനാന്ന് മഞ്ഞപൂക്കൾ പൊട്ടിവിടർന്നിരിക്കുന്നു.
 കുമ്പളവള്ളി മേലും പുത്തൻ ഉണർവ്വുകൾ കാണാനാവുന്നുണ്ട്‌. പച്ചക്കദളി വാഴകുലയിൽനിന്നും കറുത്ത ഉറുമ്പുകൾ നിരനിരയായി വരിയൊപ്പിച്ചിറങ്ങി വരുന്നുണ്ട്‌. മാണിയിൽനിന്ന് തേൻ കുടിച്ചിട്ടുള്ള വരവാണത്
“ മാനമൊന്ന് തെളിയുമ്പോഴേക്കും ഈറങ്ങിക്കോളും പട്ടാളം ഹും “ കുഞ്ഞികണ്ണുകൾ ഉരുട്ടി കോപം അഭിനയിക്കുന്ന അമ്മിണികുട്ടിയെ വകവെക്കാതെ നിരയൊപ്പിച്ച്‌ നീങ്ങികൊണ്ടേയിരിക്കുകയാണു കറുമ്പനുറുമ്പും കൂട്ടരും.

" വാഴക്കുല മൂത്താൽ ഞങ്ങൾക്കൊരു കദളിപഴം മാറ്റി വെക്കണേ.. " നീളവാലൻ കിളികൾ കലപില കൂട്ടി.

" ഓ പിന്നേ..സമ്മതം കാത്ത്‌ നിക്കണ പഞ്ചപാവങ്ങൾ..ഹും "

ഉറുമ്പുകളോട്‌ ഏശാത്ത കോപാഭിനയം കിളികൾക്കു നേരെ പ്രകടിപ്പിക്കാൻ
തുടങ്ങുകയായി പിന്നെ കുഞ്ഞിപെണ്ണ്.
ഉമ്മറമുറ്റത്തെ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കളുടെ മയക്കുന്ന ഗന്ധം മ്മിണികുട്ടിയെ അങ്ങോട്ട്‌ മാടി വിളിച്ചു.മുല്ലയും റോസും സീനികയും നന്ത്യാർട്ടവുമെല്ലാം നിരനിരയായി അടുക്കി വെച്ചപോലെ രണ്ടുവശങ്ങളിലായി മനോഹര കാഴ്ച്ച നൽകുന്നുണ്ട്‌.
ഉമ്മറമുറ്റം മുതൽക്ക്‌ അകത്തളം വരേയ്ക്കും പൂക്കളുടെ സൗരഭ്യം തൊട്ടുണർത്തികൊണ്ടേയിരിക്കും.
പോരാത്തതിനു കിടപ്പുമുറി ജനവാതിലിലൂടെ വെള്ളചെമ്പക ഗന്ധം മൂക്കിലേക്ക്‌ തുളച്ചു കേറുന്നുമുണ്ട്.

മാനം തെളിഞ്ഞെന്ന് കരുതി പൂക്കളോടും ചെളികളോടും കിളീകളോടും സല്ലപിക്കാൻ വീട്ടുമുറ്റത്തേക്കിറങ്ങിയതായിരുന്നു അമ്മിണികുട്ടി.
മഴ നനവും മഴകാറ്റുമേറ്റ്‌ മുറ്റത്തിലൂടേയും തൊടിയിലൂടേയും കറങ്ങി നടക്കാൻ
വളരെ ഇഷ്ടമാണു ചെല്ലകുട്ടിയ്ക്ക്.
കുശലങ്ങളും കിന്നാരങ്ങളും പകുതിപോലും എത്തീല്ലാഅപ്പോഴേക്കും ദാണ്ടേ..ഒന്ന്രണ്ട്.മൂന്ന്.ഹൊപിന്നേം മഴത്തുള്ളികൾ കിലുങ്ങി കിലുങ്ങി കിണുങ്ങാൻ തുടങ്ങി.


അവളെ ഗൌനിക്കാതെ പിന്നേം ചെടികൾക്കിടയിലൂടെ നടത്തം തുടർന്നപ്പൊ വാശിയെന്നോണം ചറപറാന്നായി വാശിക്കാരി മഴ.
പൂക്കളുടേയും ചെടികളുടേയും മണങ്ങൾക്കിടയിൽ മഴ വീണ മണ്ണിന്റെ ഗന്ധം..
ആഹ്ന്തു രസാ.” ഇറയത്ത് നിന്നുകൊണ്ട് അമ്മിണികുട്ടി മഴത്തുള്ളികളെ കുമ്പിളിലിലാക്കി ഒതുക്കിപിടിക്കാൻ മുതിർന്നു..എന്നിട്ട് മെല്ലെ കുഞ്ഞുവിരലുകൾ നിവർത്തി,
ഹൊ..ഇത് കണ്ടോ, എന്തൊരു കുറുമ്പാ നോക്കിക്കേ..
അനുസരണക്കേട് കാട്ടി മഴത്തുള്ളികളിതാ വിരലുകൾക്കിടയിലൂടെ തുള്ളിച്ചാടി കളിച്ചിറങ്ങി പോവുന്നു..“

എന്നിട്ട് മഴയോടായ് പറഞ്ഞു,
ന്റെ മുറ്റത്തും തൊടിയിലും തോട്ടം കാണാനിറങ്ങിയ എന്നെ ഇറയത്ത് കയറ്റി നിർത്തിയ കുറുമ്പൻ മഴേ.. ഞാൻ ചുമ്മാ പിണക്കം കാണിച്ചതാ ട്ടൊ..ഈ മഴ നനവും മണ്ണിന്റെ മണവും നിയ്ക്ക് നല്ല ഇഷ്ടമാണ് ട്ടൊ..“

പരിഭവങ്ങൾക്കും പിണക്കങ്ങൾക്കുമിടയിൽ മാനം നോക്കിയ അമ്മിണികുട്ടിയുടെ കണ്ണുകൾ വിടർന്നു..
അമ്പമ്പോ..അതാ..മാനത്തൊരു മഴവില്ല് ചിത്രം തെളിഞ്ഞ് വരുന്നു..
പിന്നാമ്പുറത്തെ അമരപന്തൽ മുതൽ ഉമ്മറത്തെ മുല്ലപന്തൽ വരെവരച്ചു വരുന്ന നിറങ്ങളുടെ കൂട്ടുകാരി ന്റെ തോട്ടത്തിനു അലങ്കാരം പണിയാൻ വന്നതാണൊ..?“
മഴവില്ലിന്റെ നിറങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നതും നോക്കി വായും പിളർന്ന് അമ്മിണികുട്ടി ഇറയത്തങ്ങനേ അന്തം വിട്ട് നിന്നു പോയി!

16 comments:

 1. കുഞ്ഞിക്കണ്ണുകള്‍ മഴ കാണുന്നു ,ഹായ് എന്ത് രസം ?

  ReplyDelete
 2. എന്താ രസം !പ്രകൃതിയെ കണ്ടാനന്ദിക്കാന്‍;നോക്കി നിന്നാസ്വദിക്കാന്‍ ഒരു കുഞ്ഞു കാലത്തിലും മികവുറ്റ അവസരം മറ്റേതുണ്ട് ?പുലരിയുടെ സൗമ്യതയില്‍ വിടര്‍ന്ന സൗരഭ്യം പോലെ ഹൃദ്യമീ അക്ഷരക്കൂട്ട് !

  ReplyDelete
 3. മഴയുടേയും മഴക്കുഞ്ഞുങ്ങളുടേയും മനസ്സറിഞ്ഞപോലെ .......

  ReplyDelete
 4. കുട്ടി കഥ വായിച്ചപ്പോള്‍ നാട്ടില്‍ പോവാനാ തോന്നിയത്

  ReplyDelete
 5. വായിച്ചുസന്തോഷിയ്ക്കുന്നു

  ReplyDelete
 6. അമ്മിണിക്കുട്ടിയുടെ തുടുത്ത കവിളില്‍ ഒരു കുഞ്ഞുമ്മ..

  ReplyDelete
 7. കുഞ്ഞിന്‍ഭാവം ഒപ്പിയെടുക്കും
  കരവിരുതിനുണ്ടേറെ ചന്തം!
  ആശംസകള്‍

  ReplyDelete
 8. എന്തൊരു രസാണ് വായിക്കാന്‍ ... ഇഷ്ടായി

  ReplyDelete
 9. മഴയും, മഴവില്ലും, ചെടികളും, പൂക്കളും ..എല്ലാം ഇഷ്ടായി...

  ReplyDelete
 10. ഞാനും അമ്മിണിക്കുട്ടിയുടെ കൂടെ കൂടി ഉറുമ്പുകളോട് പരിഭവിച്ച് കിളികളോട് കോപം നടിച്ച് മഴ കണ്ടാസ്വദിച്ച്.. ആഹാ നല്ല രസം

  ReplyDelete
 11. അമ്മിണിയോട് അസൂയ തോന്നുന്നു ആ മഴ കാണാൻ, നനയാൻ കഴിയുന്നില്ലല്ലോ..

  ReplyDelete
 12. നന്നായ്ട്ട്ണ്ട്

  ReplyDelete
 13. മഴയെ ഇഷ്ടമല്ലാത്ത ആരെങ്കിലുമുണ്ടോ? ആടുജീവിതത്തില്‍ ഒരു അറബിയെ അറിയാം. പിന്നെയോ?

  ReplyDelete
 14. സ്നേഹം പ്രിയരേ.. മഴ കാഴ്ച്ചകളിലൂടെയൊരു സുപ്രഭാതം നേരുന്നു..
  നന്ദി..!

  ReplyDelete
 15. പ്രവാസികള്‍ക്ക് പ്രവാസം പ്രയാസമായിമാറുമ്പോള്‍ ഇതുപോലെയുള്ളവ എത്ര ആശ്വാസമാനെന്നോ ....തിരയുടെ ആശംസകള്‍

  ReplyDelete