Saturday, February 4, 2017
കാര്യം നിസ്സാരം..പ്രശ്നം ഗുരുതരം
Friday, April 8, 2016
സാന്ത്വനങ്ങൾ..
കേരള നാടെന്നു വെച്ചാൽ മലനാട്..
മലനാടിനെ ഉത്സാവനാടെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് അറിയുമോ..?
കലാസാംസ്കാരികതകളൊക്കെയും മുന്നിട്ടു നിൽക്കുന്ന കേരളത്തിനു ചിങ്ങ മാസവും കൊന്നകൾ പൂക്കുന്ന മേടപ്പുലരിയും നക്ഷത്ര തിളക്കങ്ങളും ശൗവ്വാൽ മാസപ്പിറവിയും എല്ലാമെല്ലാം ആഘോഷങ്ങൾ തന്നെ.
തുള്ളി തുള്ളിയായ് ഒത്തിരി തുള്ളികൾ പേമാരിയായ് വരവേൽക്കും സ്കൂൾ ദിനങ്ങളും ഇനി ആഘോഷാരംഭം തന്നെ.
അയ്യോ അയ്യോ മടിയന്മാർ..
മെല്ലെ പോകും അലസന്മാർ..
കുതിച്ചുയരും മിടുക്കന്മാർ..
അങ്ങനെ തണുത്തുറയ്ക്കുന്ന മഴയിൽ നിന്നും നനഞ്ഞ കാൽപാദങ്ങൾ ക്ലാസ്സ്മുറികളിലേയ്ക്ക് നീങ്ങുമ്പോൾ എന്റെ ഹിനമോളും നാളെ മുതൽ പുത്തനുടുപ്പിട്ട് മൂന്നാംക്ലാസ്സിൽ ഇടം പിടിയ്ക്കും അല്ലേ..?
ഹിനയുടെ ഇക്കാക്ക ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
ഇക്കാക്കയുടെ വളരെ ആഴത്തിലുള്ള വിവരണങ്ങൾ ഉത്സാഹത്തോടെ കേട്ടിരുന്ന ഹിനയിൽ പെട്ടെന്നാണു അപ്രതീക്ഷിത മാറ്റം പ്രകടമായത്.
പെട്ടെന്നുള്ള ഭാവമാറ്റം അവളിൽ നിരീക്ഷിച്ച ഇക്കാക്ക ഹിനയെ ചേർത്തുപിടിച്ചുകൊണ്ട് സ്നേഹപൂർവ്വം കാര്യം തിരക്കി.
ഒരു വിതുമ്പലോടെയാണു ഹിന പ്രതികരിച്ചത്.
അവൾ ഏങ്ങികൊണ്ട് കരച്ചിലടക്കി വക്കുകൾ പുറപ്പെടീവിച്ചു.
"ഇക്കാക്കാ, നിയ്ക്ക് സ്കൂളിൽ പോവാനുള്ള ഇഷ്ടമൊക്കെ നിന്നിരിക്കുന്നു. ഞാൻ പഠിക്കുന്ന ക്ലാസ്സൊരു നരകമായിട്ടാണു പലപ്പോഴും അനുഭവിക്കാറു.പടച്ചവൻ എന്നെ എന്തിനാണിപ്പോൾ തന്നെ എന്നെ നരകത്തിലേയ്ക്കയക്കുന്നതെന്ന് ഈ ദിവസങ്ങളിലെല്ലാം ഉറങ്ങാൻ നേരം ഞാൻ ആലോചിക്കാറുണ്ട്.
അത്രമാത്രം വലിയ ശിക്ഷ തരാൻ മാത്രം ഞാനെന്തു തെറ്റ് ചെയ്തു..?
കൂട്ടുകാരുടെ പരിഹാസങ്ങളും അതു കാണുമ്പോഴുള്ള ഹേമാ മിസ്സിന്റെ അമർത്തികൊണ്ടുള്ള ചിരിയും ഇനി എനിയ്ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്..
ഇനി സ്കൂളിലേയ്ക്കെന്നല്ല ഒരിടത്തേക്കും ഞാൻ പോവുന്നില്ല.. എന്നെ കണ്ടാൽ എല്ലാവർക്കും അതേ മനോഭാവമാണ്..
സ്കൂൾ പൂട്ടുന്ന അതേ ദിവസം ഞാൻ തീരുമാനിച്ചുറപ്പിച്ചതാണിത്, ഇനി അതിനൊരു മാറ്റമില്ല."
വിഷയം അവതരിപ്പിക്കുന്ന കാര്യക്ഷമതയിൽ, ഹിനയിലെ വിതുമ്പൽ നിൽക്കുകയും പക്വത നിഴലിയ്ക്കുകയും ചെയ്തു.
രംഗം ഗൗരവം ആർജ്ജിച്ചു വരുന്നതു കണ്ട് പല ജോലികളിലും മുഴുകിയിരുന്ന കുടുംബാംഗങ്ങളെല്ലാം ഹിനയ്ക്ക് ചുറ്റും കൂടി.
"എന്നാലും മോളെ, നിന്റെ മനസ്സിലിത്രേം സങ്കടമുണ്ടായിട്ടെന്തേ നീ ഉമ്മാനോട് പറഞ്ഞില്ല..
നിനക്ക് നിന്റെ സ്വന്തം ഇത്താത്തയോട് പറയാർന്നില്ലേ മോളൂ..
ഉപ്പാന്റെ ജീവനായിട്ടും എന്തേ ഉപ്പാനോട് പറഞ്ഞില്ലാ.."
ഉപ്പ ഉമ്മ ഇത്താത്ത ഇക്കാക്ക, എല്ലാവരും നെഞ്ചു തകരുന്ന വേദനയോടെ ഹിനയെ അടക്കി പിടിച്ചു.
ആ വീട്ടിലെ കണ്മണിയാണു ഹിന.. ആ പിഞ്ചു ഹൃദയം കരയുന്നത് അവർക്ക് സഹിയ്ക്കാനാവില്ലായിരുന്നു.
പെട്ടെന്നുയർന്ന ആവേശത്തോടെ, പലരോടുമുള്ള പകയും ദേഷ്യവും അടക്കിപിടിയ്ക്കാനാവാതെയെന്നോണം ഹിന ശബ്ദമുയർത്തി പറഞ്ഞു,
"എന്നെ കുട്ടികളെല്ലാം പൊണ്ണത്തടിച്ചി എന്നു വിളിക്കുന്നു.എനിയ്ക്കത് കേൾക്കുമ്പോൾ കരച്ചിൽ വരും.സമാധാനമായി ബ്രേയ്ക്ക് ടൈമിൽ രാവിലത്തെ പലഹാരം കഴിയ്ക്കുവാനൊ, ഉച്ചയ്ക്ക് വിശദമായി ഊണു കഴിയ്ക്കുവാനൊ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയാണു എന്നുമെനിയ്ക്ക്.
എല്ലാ ബെഞ്ചിലും രണ്ടു കുട്ടികൾ വീതം ഇരിക്കുമ്പോൾ എന്റെ ബെഞ്ചിൽ ഞാൻ തനിച്ചാണ്.
എന്റെ കൂടെയിരുന്നാൽ സ്ഥലം തികയുന്നില്ല എന്ന കുറ്റപ്പെടുത്തലും പരിഹാസവും."
ആ സങ്കടപ്പുഴ പിന്നെയും നീർച്ചാലുകളായി ഒഴുകുന്നത് കണ്ട് ആർക്കും ഒരക്ഷരം പോലും ഉരിയിടാനായീല്ലാ.
"ശരിയാണ്..ഹിന നാൾക്കു നാൾ വണ്ണം കൂടി വരുന്നുണ്ട്. ഹിനയുടെ ജനന തൂക്കവും തുടർന്നുള്ള ആരോഗ്യ കാര്യങ്ങളും ശരീര വളർച്ചയും വളരെ മെച്ചപ്പെട്ട രീതിയിലാണു പോയ്കൊണ്ടിരുന്നത്.
കഴിഞ്ഞ ഒരു വർഷമായിട്ടാണു പെട്ടെന്നുള്ള ഇത്തരം ശാരീരിക മാറ്റങ്ങളും ഭക്ഷണത്തിനോടുള്ള അമിത ആവേശവും കണ്ടു തുടങ്ങിയത്.
കുഞ്ഞിന്റെ വിശപ്പല്ലേ, വളരുന്ന ഘട്ടമല്ലേ എന്നു കരുതി ഇന്നേവരെ ഭക്ഷണകാര്യത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയതുമില്ല.
വളരെ ചെറിയതെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഗൗരവപൂർണ്ണമായ ഒരു വിഷയമായിരിക്കുന്നു ഇത്.
ഹിനയുടെ മാതാപിതാക്കൾ പിറ്റേന്നു തന്നെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ സന്ദർശിക്കുവാൻ തീരുമാനിച്ചു.
ഹിനയുടെ ഉപ്പയിൽനിന്ന് കാര്യങ്ങളെല്ലാം ഗ്രഹിച്ച ഡോക്ടർ സലീം ഉമ്മയ്ക്കരുകിൽ തല കുനിച്ചിരിക്കുന്ന ഹിനയെ തന്നോട് ചേർത്തു നിർത്തി ഹിനയുടെ താത്പര്യങ്ങളെ കുറിച്ച് ഏറെ നേരം സംസാരിച്ചു.
തന്റെ ഇഷ്ടങ്ങളെല്ലാം അദ്ദേഹത്തോട് വിവരിക്കുമ്പോൾ ഹിന വാചാലയായി.ആ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടുകൾ ചലിയ്ക്കുന്നതും മാതാപിതാക്കളും ഡോക്ടറും ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു.
സംസാരമദ്ധ്യേ ഹിന തന്റെ ഉമ്മൂമ്മയെകുറിച്ച് വായ്തോരാതെ പറയുന്നത് അദ്ദേഹം സൂക്ഷ്മതയോടെ മനസ്സിലാക്കി.
ഹിനയുടെ മാതാപിതാക്കൾ പ്രിയത്തോടെയും ഇഷ്ടത്തൊടെയും അതു കേട്ടിരുന്നു.
"ഉമ്മൂമ്മയുടെ മരണം ഹിനയിൽ ഏൽപ്പിച്ച മുറിവ് ചെറുതല്ല "
ഡോക്ടർ സലീം പറഞ്ഞു നിർത്തി.
"സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മ പ്രകടിപ്പിയ്ക്കുകയും മറ്റെന്തിനോടെങ്കിലും പ്രിയം കാണിക്കുന്നതും ആ വേർപ്പാടിനു പകരമായി തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ്.
കുഞ്ഞു നാൾ മുതൽ ഹിനയുടെ കാര്യങ്ങളെല്ലാം വാത്സല്യപൂർവ്വം ചെയ്തുകൊണ്ടിരുന്നത് ഉമ്മൂമ്മ ആയിരുന്നല്ലൊ.കഥകൾ കേൾപ്പിച്ച് സ്നേഹത്തോടെ ഊട്ടിയിരുന്ന ആ മാതൃസ്നേഹത്തിന്റെ നഷ്ടം ഹിനയിൽ അഘാതം ഏൽപ്പിച്ചിരിക്കുന്നു.
ആ അഭാവം തീർക്കാനായി ഹിന കണ്ടുപിടിച്ച മാർഗ്ഗമാണ് ഭക്ഷത്തിനോടുള്ള അമിതമായ ഇഷ്ടവും ആർത്തിയും.
കാര്യഗൗരവം മനസ്സിലാക്കിയ ഹിനയുടെ മാതാപിതാക്കൾക്ക് ഡോക്ടർ സലീം ഹിനയ്ക്ക് ആവശ്യമുള്ള ചികിത്സാമുറകൾ നിർദ്ദേശിച്ചു.
വാത്സല്യപൂർവ്വമായ പരിചരണം, പഠനത്തിലെന്ന പോലെ കളികളിലും പ്രോത്സാഹനം നൽകുക, പോഷകപ്രദവും ക്രമീകരിച്ചതുമായ ആഹാരരീതികൾ തുടരുക എന്ന ചെറിയ വലിയ കാര്യങ്ങളിലൂടെ ഹിനയെ വീണ്ടുമൊരു സാധാരണ പെൺകുട്ടിയാക്കാമെന്ന് അദ്ദേഹം അവർക്ക് വാഗ്ദ്ധാനം നൽകി.
ഹിന ഇപ്പോൾ സന്തോഷത്തിലാണ്.
മതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും സ്നേഹപരിചരണങ്ങളിലൂടെ ഹിന മാനസികമായി വളരെ മെച്ചപ്പെട്ടു.
ആരോഗ്യസ്ഥിതിയും നല്ല നിലയിലായി വരുന്നു..
ഇക്കാക്കയുടെ കൂടെ ആദ്യ ദിവസം ക്ലാസ്സിലെത്തിയ ഹിനയെ വരവേറ്റത് പുഞ്ചിരിക്കുന്ന ഹേമ മിസ്സ് ആയിരുന്നു.
ഹിനയുടെ ഉമ്മയിൽ നിന്ന് മുന്നെ തന്നെ കാര്യങ്ങൾ മനസ്സിലാക്കിയ ആ മുഖത്തെ പുഞ്ചിരിയുടെ മറവിൽ കുറ്റബോധം നിഴലിക്കുന്നുണ്ടായിരുന്നു.
Malarvadi : June 2014
Tuesday, March 29, 2016
വിഡ്ഢിയായ സ്വർണ്ണ പക്ഷി - മലർവാടിയിൽ പ്രസിദ്ധീകരിച്ച മൊഴിമാറ്റം ചെയ്ത കഥ
സ്വർണ്ണപക്ഷി
***************
ഒരിടത്തൊരിടത്തൊരു മഹാരാജാവുണ്ടായിരുന്നു.
പൊന്നുകൊണ്ട് ആവരണം ചെയ്തൊരു പക്ഷികൂട്ടിൽ അദ്ദേഹമൊരു സ്വര്‍ണ്ണപക്ഷിയെ വളര്‍ത്തിയിരുന്നു.
നേരത്തോട് നേരമടുക്കുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണങ്ങളും പാനീയവും നൽകി, അതിന്റെ പൊൻതൂവലുകൾ ചീകി മിനുക്കി രാജപരിചാരകർ അതിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു പോന്നു.
എല്ലാവിധ സൌഭാഗ്യങ്ങൾ കൊണ്ടും അനുഗ്രീഹമായൊരു പക്ഷി തന്നെയായിരുന്നു രാജാവിന്റെ ആ സ്വർണ്ണക്ഷി.
അതിനു നന്ദി സൂചകമായെന്നോണം ആ പക്ഷി ദിവസവും രാജാവിനുവേണ്ടി മധുരസുന്ദരമായൊരു സംഗീതം ആലപിച്ചു കൊടുക്കുമായിരുന്നു.
അപ്പോഴെല്ലാം സന്തോഷാധിക്ക്യത്താൽ രാജാവ് ഉച്ഛത്തിൽ പറഞ്ഞുകൊണ്ടിരുന്നു,“ ഈ ഭൂമിയിലെ അതീവ സുന്ദരമായ സ്വർണ്ണപക്ഷി എനിയ്ക്കു വേണ്ടി അതീവ ഹൃദ്യമായ ഗീതങ്ങൾ പാടി തരുന്നു.
ഇതിൽപരം വേറെന്തു ഭാഗ്യമാണെനിയ്ക്കിനി ലഭിക്കാനുള്ളത്…?”
പക്ഷേ, കാലങ്ങൾ ചെല്ലുന്തൊറും അദ്ദേഹത്തിന്റെ ഉല്ലാസം കെട്ടടങ്ങി തുടങ്ങി.
“നീതിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണു ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്.പ്രകതിയുടെ സൌന്ദര്യവും സൃഷ്ടാവിന്റെ മനോഹര കൈപുണ്യവുമാണു ഞാൻ കൂട്ടിലടച്ചിരിയ്ക്കുന്നത്.“
അദ്ദേഹം പരിതപിച്ചു.
ഉടനെ തന്നെ അദ്ദേഹം തന്റെ പരിചാരകനോട് സ്വർണ്ണ കൂട്ടിലടയ്ക്കപ്പെട്ട കിളിയെ കാട്ടിൽ തുറന്നു വിടാൻ ഉത്തരവാക്കി.
അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം തന്നെ അയാൾ പ്രവർത്തിച്ചു.
കിളിയെ തുറന്നു വിടും മുന്നെ അതിനോടെന്നായി അയാൾ പറഞ്ഞു, “ നിനക്കു നിന്നെ സ്വയം സംരക്ഷിയ്ക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
എന്നിട്ടയാൾ നടന്നു നീങ്ങി.
പുതിയ അന്തരീക്ഷത്തിൽ അകപ്പെട്ട സ്വർണ്ണ പക്ഷി ചിന്തയിലാണ്ടു.
“ എത്ര വിചിത്രമായൊരു ലോകത്താണു ഞാൻ അകപ്പെട്ടിരിക്കുന്നത്..
എനിയ്ക്കുള്ള ഭക്ഷണ പാനീയങ്ങളും മറ്റു സുഖസൌകര്യങ്ങളും നൽകുവാനായി ആരെങ്കിലും വരുമായിരിക്കും. കാത്തിരിക്കുക തന്നെ.”
അൽപസമയം കഴിഞ്ഞില്ല.അതാ….മരച്ചില്ലകൾക്കിടയിൽ നിന്ന് ഉലച്ചിലുകൾ കേൾക്കാനാവുന്നു.അതോടൊപ്പം തന്നെ ഒരു കുരങ്ങച്ചൻ മരച്ചില്ലകൾക്കിടയിലൂടെ ഊഞ്ഞാലാടി രസിയ്ക്കുന്നതും കാണുവാനായി.
“ഹല്ലാ….ഇതാരാണു, ഈ കാട്ടിൽ ഒരു പുതിയ മുഖം…?ഇതിനു മുന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ…? “
കുരങ്ങച്ചൻ തന്റെ വാലുകൊണ്ട് മരച്ചില്ലയിൽ തലകീഴായി നിന്ന് കിളിയോട് കുശലം ചോദിച്ചു.
“ഞാൻ സ്വർണ്ണപക്ഷി…”
അധികം മുഖം കൊടുക്കാതെ സ്വർണ്ണപക്ഷി മൊഴിഞ്ഞു,
“അതേയൊ, എങ്കിൽ എന്റെ കൂടെ വരൂ…..ഇവിടെ ഭക്ഷണം ലഭ്യമാകുന്ന മരച്ചില്ല ഏതാണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം.. “
വളരെ ഉത്സാഹത്തോടെ കുരങ്ങച്ചൻ കിളിയെ ക്ഷണിച്ചു.
“വേണമെന്നില്ല…” തെല്ല് അഹങ്കാരത്തോടെ കിളി മറുപടി കൊടുത്തു.
“മാത്രമല്ല, ഇത്രയും സൌന്ദര്യവും സ്വരമാധുര്യവും ഒത്തിണങ്ങി വാഴുന്ന എന്നെ നയിയ്ക്കാൻ മാത്രം വെറുമൊരു കുരങ്ങനായ നീ ആയിട്ടില്ല.
എന്റെ മനോഹരമായ സ്വർണ്ണകൊക്ക് കാണുമ്പോൾ നിനക്ക് എന്നോട് അസൂയ മൂക്കുന്നതായും എനിയ്ക്ക് തോന്നുന്നുണ്ട്.“
വളരെ പുച്ഛത്തൊടെയായിരുന്നു സ്വർണ്ണപക്ഷിയുടെ മറുപടി.
“ ആയ്ക്കോട്ടെ….നിനക്ക് നിന്റെ വഴി…“അതും പറഞ്ഞ് കുരങ്ങച്ചൻ മരങ്ങൾക്കിടയിലൂടെ ഊഞ്ഞാലാടി അപ്രത്യക്ഷനായി.
എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു നിൽക്കുന്ന സ്വർണ്ണപക്ഷിയ്ക്കപ്പോൾ ചുറ്റുവട്ടത്തുനിന്ന് ആരൊ ചീറ്റുന്ന പോലെ തോന്നിച്ചു.അതൊരു പാമ്പായിരുന്നു.
തന്റെ സാമിപ്യം ചീറ്റികൊണ്ടറിയിച്ച് ആ ഇഴജന്തു കിളിയോട് ചോദിച്ചു, “ ആരാണു നീ…ഇതിനു മുന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ..?”
“ഞാനോ….ഞാനാണു സ്വർണ്ണപക്ഷി..“മുന്നത്തേക്കാൾ ഒരുപടി അഹങ്കാരത്തോടെയായിരുന്നു ആ മറുപടി.
“എങ്കിൽ ഞാൻ നിനക്ക് ഈ പ്രദേശത്തെ ഊടുവഴികൾ കാണിച്ചു തരാം…എന്റെ കൂടെ വരൂ..” സൌമ്യതയോടെയായിരുന്നു പാമ്പിന്റെ ക്ഷണം.
“ വളരെ അസഹ്യമായ ശബ്ദം പുറപ്പെടുവിയ്ക്കുന്ന വെറുമൊരു ഇഴജന്തുവായ നീ എനിയ്ക്കെങ്ങിനെ വഴികാട്ടിയാകും…?
മാത്രമല്ല സ്വരമാധുര്യം കൈവശ്യമുള്ള എന്നോട് നിനക്ക് അസൂയയല്ലാതെ മറ്റൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല,,,അതുകൊണ്ട് നിനക്ക് നിന്റെ വഴിയെ പോകാം..”
അതുവരേയ്ക്കും ഒന്നു മൂളാൻ പോലും വായ് തുറക്കാതിരുന്ന പക്ഷിയുടെ വളരെ നീരസത്തോടെയുള്ള ആ പറച്ചിൽ കേട്ട പാമ്പിനു മറ്റൊന്നും പറയാനുണ്ടായിരുന്നില്ല,
“ശരി..നിന്റെ ഇഷ്ടം പോലെ “ എന്നും പറഞ്ഞ് ആ ഇഴജന്തു അതിന്റെ പാട്ടിനു പോയി.
അപ്പോഴും സ്വർണ്ണപക്ഷിയുടെ ചിന്ത മറ്റൊന്നായിരുന്നു,
“ എനിയ്ക്കുള്ള വിഭവസമൃദമായ ഭക്ഷണം ആരു കൊണ്ടുവന്നു തരും…എന്റെ പൊൻതൂവലുകൾ കോതി മിനുക്കാനുള്ള പരിചാരകർ എപ്പോഴായിരിയ്ക്കും എത്തിപ്പെടുക..”
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലെ അവ പക്ഷിയെ അലട്ടികൊണ്ടിരിയ്ക്കുമ്പോഴായിരുന്നു,തൊട്ടരികിലുള്ള മരത്തടിയിൽ ഒരനക്കം അനുഭവപ്പെട്ടത്.
അതൊരു ഓന്തായിരുന്നു. വളരെ സ്നേഹത്തോടെ സ്വർണ്ണപക്ഷിയെ അഭിവാദ്യം ചെയ്തശേഷം ഓന്ത് പക്ഷിയോടായി പറഞ്ഞു,
“ നീ ആരാണെന്ന് എനിയ്ക്കിനി പരിചയപ്പെടുത്തി തരേണ്ടതില്ല. കാരണം മറ്റു രണ്ട്പേരോടും നീ സംസാരിച്ചിരുന്നതെല്ലാം ഞാനിവിടെയിരുന്ന് കേൾക്കുന്നുണ്ടായിരുന്നു.
അപകടഘട്ടങ്ങളിൽ ഒളിച്ചിരിയ്ക്കേണ്ട ഇടങ്ങൾ എവിടെയൊക്കെയാണെന്ന് എനിയ്ക്കു നിനക്ക് കാണിച്ചു തരാനാകും.. നീ എന്റെ കൂടെ വരൂ.“
“വേണ്ടാ..അതിന്റെ ആവശ്യമില്ല..നിന്നെ പോലൊരു വിരൂപിയുടെ സഹായം എനിയ്ക്ക് ആവശ്യമില്ല. എനിയ്ക്കുള്ള മിനുത്ത തൂവലുകൾ നിനക്കുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹം നിന്റെ മനസ്സിൽ മുളപ്പൊട്ടുന്നുണ്ടെന്ന് നിന്റെ നോട്ടത്തിൽനിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.”
തന്റെ നനുത്ത ചിറകുകളുടെ അഹങ്കാരം കിളിയുടെ വാക്കുകളിൽ തെളിഞ്ഞതും, “ ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകിയെന്ന് മാത്രം “ എന്നും പറഞ്ഞ് ഓന്ത് സ്ഥലം വിട്ടു.
പുതിയൊരു ഇടം പരിചയപ്പെടും മുന്നെ തന്നെ അപ്പോഴേയ്ക്കുമത് സംഭവിച്ചു. ഒരു വലിയ പക്ഷിയുടെ നിഴൽ രൂപം അവിടങ്ങളിൽ വ്യാപിച്ചു. അതെന്തെന്ന് വ്യക്തമായി അറിയുന്നതിനായി തലയുയർത്തിയ കിളിയ്ക്ക് അതൊരു വലിയ പരുന്തിന്റെ നിഴലാണെന്ന് മനസ്സിലാക്കുവാനായി.
തീർത്തും ഭയനിർഭരമായ അന്തരീക്ഷം.
അതുവരെ മരങ്ങളിൽ ചാഞ്ചാടി രസിച്ചിരുന്ന കുരങ്ങച്ചൻ കനത്ത മരച്ചില്ലകൾക്കിടയിൽ ഒളിച്ചു.
മണ്ണിൽ മുഖം പൂഴ്ത്തി ഉറക്കം നടിച്ച് കിടന്നിരുന്ന ഇഴയൻ പാമ്പ് മണ്ണിനടിയിലേയ്ക്ക് നൂഴ്ന്നിറങ്ങി പോയി.
ഓന്ത് അവിടം വിടാതെ നിന്നുവെങ്കിലും അതിന്റെ നിറം മരങ്ങൾക്ക് ഇഴ്കിചേരും വിധം പെട്ടെന്ന് മാറുകയും, ആർക്കും ദൃശ്യമാവാത്ത വിധം സ്വയരക്ഷയ്ക്കുള്ള മാർഗ്ഗം സ്വീകരിയ്ക്കുകയും ചെയ്തിരുന്നു.
“ഓഹ് അതുശരി.. ഇതിന്റെയെല്ലാം അർത്ഥം ഞാനും പരുന്തിൽനിന്നും രക്ഷപ്പെടാനുള്ള വഴി കണ്ടുപിടിയ്ക്കണം എന്നാണല്ലൊ…
അതിനെന്താ…എനിയ്ക്കുള്ള ഏക മാർഗ്ഗം പറന്നുയരുക തന്നെ”..എന്നും പറഞ്ഞ് സ്വർണ്ണപക്ഷി ചിറകുകളടിച്ച് ഉയരുവാൻ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. രാജകൊട്ടാരത്തിലെ പ്രൌഢിയായ ജീവിത രീതികൾ മൂലം പക്ഷിയുടെ ചിറകുകൾക്ക് ബലഹീനത സംഭവിച്ചിരുന്നു.
സ്വർണ്ണകൂട്ടിലെ വാസത്തിനിടയിൽ പൊൻചിറകുകളുടെ ആവശ്യകത ഒരിയ്ക്കൽ പോലും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നില്ലല്ലൊ.
ജീവിതത്തിലാദ്യമായി സ്വർണ്ണപക്ഷി തന്റെ മഞ്ഞ ചിറകുകളെയോർത്ത് വിലപിച്ചു.മറ്റു പക്ഷികളെ പോലെയായിരുന്നെങ്കിൽ എളുപ്പത്തിൽ പരുന്തിന്റെ കാഴ്ച്ചയിൽ പെടുമായിരുന്നില്ല.
ചിന്തിയ്ക്കാൻ സമയമില്ല.. അതാ ആ കൂറ്റൻ പക്ഷി തീപാറും കണ്ണുകളിൽ ആർത്തി നിറച്ച് തന്റെ നേർക്ക് പറന്നടുക്കുന്നു.
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. സ്വർണ്ണ പക്ഷിയുടെ അരുമക്കാലുകൾ ആരൊ മണ്ണിനടിയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു.
അത് ആ ഇഴയൻ പാമ്പായിരുന്നു. നിമിഷങ്ങൾക്കിടെ രോമാവൃതമായൊരു കൈ പക്ഷിയെ മരച്ചില്ലയുടെ ഉയരങ്ങളിലേയ്ക്ക് ഉയർത്തികൊണ്ടുപോയി. അത് കുരങ്ങച്ചനല്ലാതെ വേറെ ആരാവാനാണു…?
ഇനി അനക്കമില്ലാതെ ആ മഞ്ഞപൂവിനിടയിൽ ഒളിച്ചിരിയ്ക്കു..കൂറ്റൻ പരുന്തിനു അതിനിടയിൽനിന്ന് നിന്നെ തിരിച്ചറിയാനാവില്ല, എന്ന് ഓന്ത് സ്വർണ്ണപക്ഷിയ്ക്ക് സ്വയ രക്ഷയ്ക്കു വേണ്ട നിർദ്ദേശം നൽകി.
സ്വർണ്ണനിറമുള്ള പൂവിനിടയിൽനിന്ന് സ്വർണ്ണ പക്ഷിയെ കണ്ടുപിടിയ്ക്കാനാവാതെ കൂറ്റൻ പക്ഷി നിരാശനായി തിരിച്ചു പോയി.
ആശ്വാസത്തോടെ സ്വർണ്ണപക്ഷി തന്നെ അപകടത്തിൽ നിന്നും രക്ഷിച്ച മൂന്ന് ആത്മാർത്ഥ മിത്രങ്ങൾക്ക് സ്നേഹം അറിയിച്ചു,
“തീർച്ചയായും ഞാൻ നിങ്ങൾക്ക് കടപ്പെട്ടിരിയ്ക്കുന്നു. ഒരിയ്ക്കൽ ഞാനിതിനു പ്രത്യുപകാരം ചെയ്യുമെന്ന് വാക്ക്..”
“സ്വരമാധുര്യമുള്ള നിനക്ക് ഞങ്ങൾക്കു വേണ്ടി മധുരഗീതങ്ങൾ ആലപിയ്ക്കു… നിന്നെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം “
ഏകസ്വരത്തിൽ അവർ മൂന്നുപേരും സ്വർണ്ണപക്ഷിയോടായി പറഞ്ഞു.
അന്നുമുതൽ സ്വർണ്ണപക്ഷി അവർക്കുവേണ്ടി ദിവസവും ഈണത്തിലുള്ള പാട്ടുകൾ പാടികൊടുത്തു..
പ്രിയമിത്രങ്ങൾ സ്വർണ്ണപക്ഷിയെ സംരക്ഷിച്ചുപോന്നു.
Saturday, March 26, 2016
നീതു പഠിച്ച പാഠം..
" ഉണ്ണിയപ്പം കഴിക്കാൻ കൊതിയാവുന്നമ്മേ "
നീതുമോൾ കൊഞ്ചി കരഞ്ഞു.
" അതിനെന്താ..മോൾ സ്കൂൾ വിട്ടുവരുമ്പോഴേക്കും അമ്മ ഉണ്ണിയപ്പം ഉണ്ടാക്കി വെക്കാം ട്ടൊ "
അതുകേട്ടതും നീതുമോൾക്ക് സന്തോഷമായെങ്കിലും ഉടനെ പറഞ്ഞു,
"പക്ഷേങ്കി അമ്മേ...ഞാൻ സ്കൂളീന്ന് വന്നിട്ടു മതി ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങുന്നത്..
എന്നാലല്ലേ നിയ്ക്കും ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കാണാനാവൂ..
ഉണ്ണിയപ്പചട്ടിയുടെ കുഴികളിൽ എണ്ണ തിളക്കുന്നതു കാണാൻ നിയ്ക്കിഷ്ടാ.
പിന്നെ കുഞ്ഞു സ്പൂണെടുത്ത് ആ കുഴികളിൽ അമ്മ ഉണ്ണിയപ്പമാവ് നിറക്കുമ്പോൾ എനിക്കും അങ്ങനെ ചെയ്യാൻ എപ്പഴും തോന്നിക്കാറുണ്ട്.
ഇതുവരെ എന്നെയതിനു അനുവദിച്ചില്ലല്ലൊ..
ഇന്നെന്തായാലും അമ്മയുടെ കൂടെ നിന്ന് നിയ്ക്കും ഉണ്ണിയപ്പം ചുടണം ".
സ്കൂളിൽ പോവാൻ നേരമുള്ള നീതുവിന്റെ കൊഞ്ചലും വാശിയുമെല്ലാം കണ്ടപ്പോൾ എതിർപ്പുകളൊന്നും പറയാതെ സമ്മതം മൂളി സ്കൂളിലേക്ക് പറഞ്ഞുവിട്ടു അമ്മ.
നീതു പടിയിറങ്ങിയതും ഉണ്ണിയപ്പത്തിനുള്ള അരി വെള്ളത്തിലിട്ടതിനു ശേഷമേ മറ്റു ജോലികളിലേക്ക് പ്രവേശിച്ചുള്ളു.
അൽപസമയത്തിനുശേഷം മറ്റു ചേരുവകളും ചേർത്ത് ഉണ്ണിയപ്പമാവ് തയ്യാറാക്കി നീതുമോൾ വരുവാനായി കാത്തിരുന്നു.
എന്നത്തേക്കാളും അഞ്ചുമിനിട്ട് നേരത്തെയാണന്ന് നീതു സ്കൂളിൽനിന്ന് തിരിച്ചെത്തിയത്.
കാര്യം തിരക്കിയപ്പോൾ വളരെ ഉത്സാഹത്തോടെ നീതു പറഞ്ഞു,
" അതമ്മേ..എനിക്ക് ഉണ്ണിയപ്പം ഉണ്ടാക്കുവാൻ കൂടാനും കഴിക്കുവാനും ധൃതിയായി.അതുകൊണ്ട് ഞാൻ സ്കൂളീന്ന് വീട്ടിലേക്ക് നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു."
പറഞ്ഞതും സ്കൂൾഡ്രസ്സ് മാറ്റുവാനായി നീതു തുള്ളിച്ചാടി മുറിയിലേക്കോടി.
പുതിയ പ്രവൃത്തിയിൽ ഏർപ്പെടുവാനുള്ള നീതുവിന്റെ ഉത്സാഹവും തയ്യാറെടുപ്പുകളും കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷം തോന്നിയെങ്കിലും നീതുവിനോട് യോജിക്കാനാവുന്നില്ലായിരുന്നു.
മകളെ സ്റ്റൗവിനരികിലുള്ള സ്ലാബിലിരുത്തി അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുവാനുള്ള ജോലികൾ ആരംഭിച്ചു.
" അമ്മ ഇല്ലാത്തപ്പോൾ മോളിതൊന്നും പരീക്ഷിക്കരുത് ട്ടൊ "
സ്റ്റൗവ്വിനു തീ കൊളുത്തുമ്പോൾ ഓർമ്മിപ്പിക്കുകയും ചെയ്തു.
നീതുവിന്റെ ശ്രദ്ധ മുഴുവൻ സ്റ്റൗവ്വിലെ ഉണ്ണിയപ്പചട്ടിയിൽ മാത്രമായിരുന്നു.അതുകൊണ്ട് ഒന്നുംതന്നെ ചെവിയിൽ കയറുന്നില്ലായിരുന്നു.
ചട്ടിയിൽ എണ്ണ ഒഴിക്കുന്നതുവരെ എങ്ങനേയൊ ക്ഷമിച്ചിരിക്കുകയായിരുന്ന നീതു തയ്യാറാക്കി വെച്ചിരുന്ന ഉണ്ണിയപ്പമാവ് ഒരു കുഞ്ഞുസ്പൂണിൽ കോരി അതിലേക്കുടനെ ഒഴിച്ചു.
"എന്താ മോളേ നീ ചെയ്തത് എണ്ണ തിളക്കാനുള്ള ഇടപോലും നീ നൽകിയില്ലല്ലൊ "അമ്മ അറിയാതെ സ്വരമുയർത്തി.
അമ്മയോട് കയർക്കാൻ മുതിർന്ന നീതു അപ്പോഴാണു ശ്രദ്ധിച്ചത്, തിളക്കാത്ത എണ്ണയിൽ ഉണ്ണിയപ്പമാവ് മുങ്ങികിടക്കുന്നു..അത് ഉയർന്നു വരുന്നതിന്റെയൊ വേവുന്നതിന്റേയൊ ലക്ഷണങ്ങളൊന്നും കാണാനില്ല.
നീതുവിനു കരച്ചിൽ വന്നു.
ഇച്ചിരി നേരം പോലും തനിയ്ക്ക് ക്ഷമിക്കാനായില്ലല്ലൊ എന്ന് അമ്മയോട് സങ്കടപ്പെട്ടു.
നീതുവിനെ ഉപദേശിക്കുവാനുള്ള അവസരം ഉടനെതന്നെ കിട്ടിയിരിക്കുന്നു, അമ്മ ഓർത്തു.
സ്റ്റൗ അണച്ച് നീതുവിനെകൊണ്ട് ഇരിപ്പുമുറിയിലിരുന്ന് അണച്ചുപിടിച്ച് അമ്മ പറഞ്ഞു.
" എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് മോളൂ..
എണ്ണ തിളക്കാൻ ഇച്ചിരി വൈകിയപ്പോഴേക്കും കണ്ടില്ലേ ഉണ്ണിയപ്പം വേവാഞ്ഞത്..
എന്നാൽ അൽപസമയം കൂടി ക്ഷമിച്ചിരുന്നെങ്കിൽ സ്വാദിഷ്ടമായ ഉണ്ണിയപ്പം രുചിക്കാമായിരുന്നു.
അതുപോലെ തന്നെയാണു മനുഷ്യന്റെ കാര്യത്തിലും..
മോൾക്ക് അടുക്കളയിൽ അമ്മയെ പാചകത്തിനു സഹായിക്കാനുള്ള സമയം ആയിട്ടില്ല..
കുഞ്ഞുങ്ങൾക്ക് ചെയ്യാവുന്ന ജോലികളിൽ ശ്രദ്ധിക്കാതെ മുതിർന്നവരെ പോലെ പെട്ടെന്നാവണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ല..ആഗ്രഹങ്ങൾ പ്രായത്തിനനുസരിച്ച് വളരണം. പല കാഴ്ച്ചകളും നമ്മെ അതാതു കാര്യങ്ങൾക്ക് പ്രേരിപ്പിച്ചേക്കാം..എന്നാൽ അവനവന്റെ ഊഴത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുക.
സമയാസമയങ്ങളിലുള്ള മുന്നറിയിപ്പുകൾ മുതിർന്നവരിൽനിന്നു കിട്ടുന്നതായിരിക്കും.അപ്പോഴവരെ അനുസരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണു മക്കളുടെ ധർമ്മം."
നീതുവിനു തത്സമയത്തിലുള്ള അമ്മയുടെ ഉപദേശം പെട്ടെന്ന് ഉൾക്കൊള്ളാനായി..
" ഇനി ഇങ്ങനെയുണ്ടാവില്ലമ്മേ" അവൾ അമ്മയെ ഉമ്മവെച്ചു.
" എന്നാൽ മോൾ നല്ല കുട്ടിയായി ചെടികൾക്ക് വെള്ളമൊഴിക്കൂ..അപ്പോഴേക്കും അമ്മ രുചിയുള്ള ഉണ്ണിയപ്പം തയ്യാറാക്കാം "
നീതുവും അമ്മയും സന്തോഷത്തോടെ അവരവരുടെ ജോലികളിലേയ്ക്ക് തിരിഞ്ഞു.
Sunday, July 5, 2015
കുഞ്ഞു നൊമ്പരം..
കേരള നാടെന്നു വെച്ചാൽ മലനാട്..
മലനാടിനെ ഉത്സാവനാടെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് അറിയുമോ..?
കലാസാംസ്കാരികതകളൊക്കെയും മുന്നിട്ടു നിൽക്കുന്ന കേരളത്തിനു ചിങ്ങ മാസവും കൊന്നകൾ പൂക്കുന്ന മേടപ്പുലരിയും, നക്ഷത്ര തിളക്കങ്ങളും, ശൗവ്വാൽ മാസപ്പിറവിയും എല്ലാമെല്ലാം ആഘോഷങ്ങൾ തന്നെ.
തുള്ളി തുള്ളിയായ് ഒത്തിരി തുള്ളികൾ പേമാരിയായ് വരവേൽക്കും സ്കൂൾ ദിനങ്ങളും ഇനി ആഘോഷാരംഭം തന്നെ.
അയ്യോ അയ്യോ മടിയന്മാർ..
മെല്ലെ പോകും അലസന്മാർ..
കുതിച്ചുയരും മിടുക്കന്മാർ..
അങ്ങനെ തണുത്തുറയ്ക്കുന്ന മഴയിൽ നിന്നും നനഞ്ഞ കാൽപാദങ്ങൾ ക്ലാസ്സ്മുറികളിലേയ്ക്ക് നീങ്ങുമ്പോൾ എന്റെ ഹിനമോളും നാളെ മുതൽ പുത്തനുടുപ്പിട്ട് മൂന്നാംക്ലാസ്സിൽ ഇടം പിടിയ്ക്കും അല്ലേ..?
ഹിനയുടെ ഇക്കാക്ക ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
ഇക്കാക്കയുടെ വളരെ ആഴത്തിലുള്ള വിവരണങ്ങൾ ഉത്സാഹത്തോടെ കേട്ടിരുന്ന ഹിനയിൽ പെട്ടെന്നാണു അപ്രതീക്ഷിത മാറ്റം പ്രകടമായത്.
പെട്ടെന്നുള്ള ഭാവമാറ്റം അവളിൽ നിരീക്ഷിച്ച ഇക്കാക്ക ഹിനയെ ചേർത്തുപിടിച്ചുകൊണ്ട് സ്നേഹപൂർവ്വം കാര്യം തിരക്കി.
ഒരു വിതുമ്പലോടെയാണു ഹിന പ്രതികരിച്ചത്.
അവൾ ഏങ്ങികൊണ്ട് കരച്ചിലടക്കി വാക്കുകൾ പുറപ്പെടീവിച്ചു.
"ഇക്കാക്കാ, നിയ്ക്ക് സ്കൂളിൽ പോവാനുള്ള ഇഷ്ടമൊക്കെ നിന്നിരിക്കുന്നു. ഞാൻ പഠിക്കുന്ന ക്ലാസ്സൊരു നരകമായിട്ടാണു പലപ്പോഴും അനുഭവിക്കാറു.
പടച്ചവൻ എന്നെ എന്തിനാണിപ്പോൾ തന്നെ എന്നെ നരകത്തിലേയ്ക്കയക്കുന്നതെന്ന് ഈ ദിവസങ്ങളിലെല്ലാം ഉറങ്ങാൻ നേരം ഞാൻ ആലോചിക്കാറുണ്ട്.
അത്രമാത്രം വലിയ ശിക്ഷ തരാൻ മാത്രം ഞാനെന്തു തെറ്റ് ചെയ്തു..?
കൂട്ടുകാരുടെ പരിഹാസങ്ങളും അതു കാണുമ്പോഴുള്ള ഹേമാ മിസ്സിന്റെ അമർത്തികൊണ്ടുള്ള ചിരിയും ഇനി എനിയ്ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്..
ഇനി സ്കൂളിലേയ്ക്കെന്നല്ല ഒരിടത്തേക്കും ഞാൻ പോവുന്നില്ല.. എന്നെ കണ്ടാൽ എല്ലാവർക്കും ഒരേ മനോഭാവമാണ്..
സ്കൂൾ പൂട്ടുന്ന അതേ ദിവസം ഞാൻ തീരുമാനിച്ചുറപ്പിച്ചതാണിത്, ഇനി അതിനൊരു മാറ്റമില്ല."
വിഷയം അവതരിപ്പിക്കുന്ന കാര്യക്ഷമതയിൽ, ഹിനയിലെ വിതുമ്പൽ നിൽക്കുകയും പക്വത നിഴലിയ്ക്കുകയും ചെയ്തു.
രംഗം ഗൗരവം ആർജ്ജിച്ചു വരുന്നതു കണ്ട് പല ജോലികളിലും മുഴുകിയിരുന്ന കുടുംബാംഗങ്ങളെല്ലാം ഹിനയ്ക്ക് ചുറ്റും കൂടി.
"എന്നാലും മോളെ, നിന്റെ മനസ്സിലിത്രേം സങ്കടമുണ്ടായിട്ടെന്തേ നീ ഉമ്മാനോട് പറഞ്ഞില്ല..
നിനക്ക് നിന്റെ സ്വന്തം ഇത്താത്തയോട് പറയാർന്നില്ലേ മോളൂ..
ഉപ്പാന്റെ ജീവനായിട്ടും എന്തേ ഉപ്പാനോട് പറഞ്ഞില്ലാ.."
ഉപ്പ ഉമ്മ ഇത്താത്ത ഇക്കാക്ക, എല്ലാവരും നെഞ്ചു തകരുന്ന വേദനയോടെ ഹിനയെ അടക്കി പിടിച്ചു.
ആ വീട്ടിലെ കണ്മണിയാണു ഹിന.. ആ പിഞ്ചു ഹൃദയം കരയുന്നത് അവർക്ക് സഹിയ്ക്കാനാവില്ലായിരുന്നു.
പെട്ടെന്നുയർന്ന ആവേശത്തോടെ, പലരോടുമുള്ള പകയും ദേഷ്യവും അടക്കിപിടിയ്ക്കാനാവാതെയെന്നോണം ഹിന ശബ്ദമുയർത്തി പറഞ്ഞു,
"എന്നെ കുട്ടികളെല്ലാം പൊണ്ണത്തടിച്ചി എന്നു വിളിക്കുന്നു.എനിയ്ക്കത് കേൾക്കുമ്പോൾ കരച്ചിൽ വരും.സമാധാനമായി ബ്രേയ്ക്ക് ടൈമിൽ രാവിലത്തെ പലഹാരം കഴിയ്ക്കുവാനൊ, ഉച്ചയ്ക്ക് വിശദമായി ഊണു കഴിയ്ക്കുവാനൊ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയാണു എന്നുമെനിയ്ക്ക്.
എല്ലാ ബെഞ്ചിലും രണ്ടു കുട്ടികൾ വീതം ഇരിക്കുമ്പോൾ എന്റെ ബെഞ്ചിൽ ഞാൻ തനിച്ചാണ്.
എന്റെ കൂടെയിരുന്നാൽ സ്ഥലം തികയുന്നില്ല എന്ന കുറ്റപ്പെടുത്തലും പരിഹാസവും."
ആ സങ്കടപ്പുഴ പിന്നെയും നീർച്ചാലുകളായി ഒഴുകുന്നത് കണ്ട് ആർക്കും ഒരക്ഷരം പോലും ഉരിയിടാനായീല്ലാ.
"ശരിയാണ്..ഹിന നാൾക്കു നാൾ വണ്ണം കൂടി വരുന്നുണ്ട്.
ഹിനയുടെ ജനന തൂക്കവും തുടർന്നുള്ള ആരോഗ്യ കാര്യങ്ങളും, ശരീര വളർച്ചയും വളരെ മെച്ചപ്പെട്ട രീതിയിലാണു പോയ്കൊണ്ടിരുന്നത്.
കഴിഞ്ഞ ഒരു വർഷമായിട്ടാണു പെട്ടെന്നുള്ള ഇത്തരം ശാരീരിക മാറ്റങ്ങളും ഭക്ഷണത്തിനോടുള്ള അമിത ആവേശവും കണ്ടു തുടങ്ങിയത്.
കുഞ്ഞിന്റെ വിശപ്പല്ലേ, വളരുന്ന ഘട്ടമല്ലേ എന്നു കരുതി ഇന്നേവരെ ഭക്ഷണകാര്യത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയതുമില്ല.
വളരെ ചെറിയതെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഗൗരവപൂർണ്ണമായ ഒരു വിഷയമായിരിക്കുന്നു ഇത്.
ഹിനയുടെ മാതാപിതാക്കൾ പിറ്റേന്നു തന്നെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ സന്ദർശിക്കുവാൻ തീരുമാനിച്ചു.
ഹിനയുടെ ഉപ്പയിൽനിന്ന് കാര്യങ്ങളെല്ലാം ഗ്രഹിച്ച ഡോക്ടർ സലീം ഉമ്മയ്ക്കരുകിൽ തല കുനിച്ചിരിക്കുന്ന ഹിനയെ തന്നോട് ചേർത്തു നിർത്തി ഹിനയുടെ താത്പര്യങ്ങളെ കുറിച്ച് ഏറെ നേരം സംസാരിച്ചു.
തന്റെ ഇഷ്ടങ്ങളെല്ലാം അദ്ദേഹത്തോട് വിവരിക്കുമ്പോൾ ഹിന വാചാലയായി.ആ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടുകൾ ചലിയ്ക്കുന്നതും മാതാപിതാക്കളും ഡോക്ടറും ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു.
സംസാരമദ്ധ്യേ ഹിന തന്റെ ഉമ്മൂമ്മയെകുറിച്ച് വായ്തോരാതെ പറയുന്നത് അദ്ദേഹം സൂക്ഷ്മതയോടെ മനസ്സിലാക്കി.
ഹിനയുടെ മാതാപിതാക്കൾ പ്രിയത്തോടെയും ഇഷ്ടത്തൊടെയും അതു കേട്ടിരുന്നു.
"ഉമ്മൂമ്മയുടെ മരണം ഹിനയിൽ ഏൽപ്പിച്ച മുറിവ് ചെറുതല്ല "
ഡോക്ടർ സലീം പറഞ്ഞു നിർത്തി.
"സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മ പ്രകടിപ്പിയ്ക്കുകയും മറ്റെന്തിനോടെങ്കിലും പ്രിയം കാണിക്കുന്നതും ആ വേർപ്പാടിനു പകരമായി തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ്.
കുഞ്ഞു നാൾ മുതൽ ഹിനയുടെ കാര്യങ്ങളെല്ലാം വാത്സല്യപൂർവ്വം ചെയ്തുകൊണ്ടിരുന്നത് ഉമ്മൂമ്മ ആയിരുന്നല്ലൊ.
കഥകൾ കേൾപ്പിച്ച് സ്നേഹത്തോടെ ഊട്ടിയിരുന്ന ആ മാതൃസ്നേഹത്തിന്റെ നഷ്ടം ഹിനയിൽ അഘാതം ഏൽപ്പിച്ചിരിക്കുന്നു.
ആ അഭാവം തീർക്കാനായി ഹിന കണ്ടുപിടിച്ച മാർഗ്ഗമാണ് ഭക്ഷത്തിനോടുള്ള അമിതമായ ഇഷ്ടവും ആർത്തിയും.
കാര്യഗൗരവം മനസ്സിലാക്കിയ ഹിനയുടെ മാതാപിതാക്കൾക്ക് ഡോക്ടർ സലീം ഹിനയ്ക്ക് ആവശ്യമുള്ള ചികിത്സാമുറകൾ നിർദ്ദേശിച്ചു.
വാത്സല്യപൂർവ്വമായ പരിചരണം, പഠനത്തിലെന്ന പോലെ കളികളിലും പ്രോത്സാഹനം നൽകുക, പോഷകപ്രദവും ക്രമീകരിച്ചതുമായ ആഹാരരീതികൾ തുടരുക എന്ന ചെറിയ വലിയ കാര്യങ്ങളിലൂടെ ഹിനയെ വീണ്ടുമൊരു സാധാരണ പെൺകുട്ടിയാക്കാമെന്ന് അദ്ദേഹം അവർക്ക് വാഗ്ദ്ധാനം നൽകി.
ഹിന ഇപ്പോൾ സന്തോഷത്തിലാണ്.
മതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും സ്നേഹപരിചരണങ്ങളിലൂടെ ഹിന മാനസികമായി വളരെ മെച്ചപ്പെട്ടു.
ആരോഗ്യസ്ഥിതിയും നല്ല നിലയിലായി വരുന്നു..
ഇക്കാക്കയുടെ കൂടെ ആദ്യ ദിവസം ക്ലാസ്സിലെത്തിയ ഹിനയെ വരവേറ്റത് പുഞ്ചിരിക്കുന്ന ഹേമ മിസ്സ് ആയിരുന്നു.
ഹിനയുടെ ഉമ്മയിൽ നിന്ന് മുന്നെ തന്നെ കാര്യങ്ങൾ മനസ്സിലാക്കിയ ആ മുഖത്തെ പുഞ്ചിരിയുടെ മറവിൽ കുറ്റബോധം നിഴലിക്കുന്നുണ്ടായിരുന്നു.
Thursday, April 2, 2015
കാർണിവൽ..
മീനുവിനു അനങ്ങാൻ വയ്യ. നല്ല ശരീരവേദനയും പനിയും. വലത്തേകാലിന് മുട്ടുവരെ പ്ലാസ്റ്റർ ഇട്ടിരിയ്ക്കുന്നു. ഇടത്കാലിന് ചതവുമുണ്ട്. കൈകളിലെ മുറിവുകളെല്ലാം മരുന്ന് പുരട്ടി കെട്ടി വെച്ചിട്ടുണ്ട്.
അറിഞ്ഞുരുന്നില്ലേ, കഴിഞ്ഞ ആഴ്ച്ച സംഭവിച്ച ദാരുണമായ ബസ്സപകടം. ആ സ്കൂൾബസ്സില് മീനുവുമുണ്ടായിരുന്നു. ദൈവാധീനം കൊണ്ട് മീനുവിന് സാരമായി ഒന്നും പറ്റിയില്ല. രണ്ട് കുട്ടികളുടെ ജീവന് ആ അപകടത്തില്‍ പൊലിഞ്ഞു .പല കുട്ടികളും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. മീനുവിന് സങ്കടമാവും എന്ന് കരുതി ഈ വിവരമൊന്നും അവളെ ആരും അറിയിച്ചിട്ടില്ല. എന്നും ഒരുമിച്ച് കളിചിരിയുമായി സ്കൂളില്‍ പോയി വരുന്ന കൂട്ടുകാര്‍ക്ക് അപകടം പറ്റി എന്നറിഞ്ഞാല്‍ ആര്‍ക്കായാലും വലിയ വിഷമമാവില്ലേ..? മീനുവിന് ഇപ്പോള്‍ വേണ്ടത് സ്നേഹവും പരിചരണവും ആണ്.
സ്കൂളിൽനിന്ന് ഹെഡ്മാസ്റ്ററും ക്ലാസ്സ്ടീച്ചറുമെല്ലാം മീനുവിനെ കാണാൻ വന്നിരുന്നു. മീനുവിനു ഇഷ്ടമുള്ള പഴങ്ങളും പലഹാരങ്ങളും നൽകി അവളുടെ സന്തോഷം വീണ്ടെടുക്കുവാൻ എല്ലാവരും ഉത്സാഹിച്ചു.
മുറിവിന്റെ വേദനകൾ മറന്ന് അവളൊന്ന് ചിരിച്ച് കാണാന്‍ ഏവരും ആഗ്രഹിച്ചു.
ക്ലാസ്സിലെയും അയൽവീട്ടിലെയും കൂട്ടുകാര്‍ സമയം കിട്ടുമ്പോഴൊക്കെ മീനുവിന്റെ വീട്ടിലെത്തി. അവര്‍ സ്കൂള്‍ വിശേഷങ്ങളും പഠിപ്പും കളിയും ഒക്കെയായി ഏറെ സമയം മീനുവിന്റെ ഒപ്പം ഇരുന്നു.
എന്നാൽ സ്കൂള്‍ സമയങ്ങളില്‍ മീനു ഒറ്റയ്ക്കായി. ടീവിയും വായനയുമെല്ലാം മടുത്തു. കണക്ക് ടീച്ചര്‍ കൊണ്ട് വന്ന് കൊടുത്ത കളിക്കണക്കുകളും പദപ്രശ്നവും എല്ലാം ചെയ്ത് തീര്‍ത്തു. ബെഡില്‍ തന്നെയുള്ള
കിടപ്പല്ലേ.. പുറത്തേക്കൊന്ന് ഇറങ്ങാന്‍ പറ്റാതെ എത്ര ദിവസമാ ഇങ്ങനെ...?
മീനു കൂട്ടില്‍ അടച്ചു വളര്‍ത്തുന്ന കിളികളെ കുറിച്ചോര്‍ത്തു.
'എത്ര സങ്കടപ്പെടുന്നുണ്ടാവും അവര്‍..?'
ആ ഇടയ്ക്കാണ് അടുത്തുള്ള മൈതാനത്ത് വർണ്ണശഭളമായ കാർണിവൽ തുടങ്ങിയത്..
കുട്ടികൾക്കായി വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങളും വിനോദങ്ങളും അവിടെ ഒരുക്കിയിട്ടുണ്ടത്രേ.
പോയവർ പോയവർ നേരിട്ടും ഫോണിലൂടെയും കാർണിവൽ വിശേഷങ്ങൾ മീനുവിനെ അറിയിച്ചുകൊണ്ടിരുന്നു.
മീനുവിനും കൊതിയായി,
'കാര്‍ണിവലിന് പോകണം . അവിടെ മൈതാനത്ത് ഓടിച്ചാടി നടന്ന് മനം മറന്ന് ഉല്ലസിക്കണം .
മീനു തന്റെ ആഗ്രഹം കൂട്ടുകാരെ അറിയിച്ചു.
'ഈ അവസ്ഥയില്‍ എങ്ങനെയാണ് മീനുവിനെ കാര്‍ണിവലിന് കൊണ്ടുപോവുക...'
കൂട്ടുകാര്‍ക്കും ആകെ വിഷമമായി. തങ്ങളാണല്ലൊ മീനുവിനെ പറഞ്ഞ് മോഹിപ്പിച്ചത്...
നടക്കാന്‍ കഴിയാത്ത മീനുവിനെയും കൊണ്ട് തിരക്കേറിയ മൈതാനത്തിലൂടെ സഞ്ചരിക്കാനുള്ള ഉപായം എത്ര ചിന്തിച്ചിട്ടും അവരുടെ കുഞ്ഞു മനസ്സില്‍ തെളിഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് കാലിലെ പ്ലാസ്റ്റര്‍ അഴിക്കുമ്പോഴേക്കും കാര്‍ണിവല്‍ സംഘം സ്ഥലം വിടും.
ഇനിയെന്താണൊരു മാര്‍ഗ്ഗം..?
ഒടുവില്‍ അവര്‍ മീനുവിന്റെ ടീച്ചര്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചു.
"അതിനൊക്കെ വഴിയുണ്ട്..."
ടീച്ചര്‍ അവരെ ആശ്വസിപ്പിച്ചു.
" നമ്മള് എല്ലാവരും നാളെ കാര്‍ണിവലിന് പോകുന്നു. ഓരോരുത്തരും വീട്ടില്‍ നിന്നും അതിനുള്ള അനുവാദം വാങ്ങണം.."
"അപ്പോള്‍ മീനുവോ...?" കുട്ടികള്‍ക്ക് സംശയം.
" നിങ്ങള്‍ വിഷമിക്കാതെ, ആദ്യം നമ്മള് കാണുന്നു, പിന്നെ മീനുവിനെ കാണിക്കാം..." ടീച്ചര്‍ പുഞ്ചിച്ചു കൊണ്ട് ഉറപ്പ് കൊടുത്തു.
പിറ്റേന്ന് വൈകുന്നേരം സ്കൂൾമുറ്റത്ത് കാര്‍ണിവലിനു പോകാന്‍ തയ്യാറായി കുട്ടികള്‍ ടീച്ചറെ കാത്ത് നിന്നു.
അതാ വരുന്നു, ടീച്ചര്‍. കയ്യില്‍ ഒരു വീഡിയോ ക്യാമറ.
കുട്ടികളെ ഷൂട്ട് ചെയ്ത് കൊണ്ട് ടീച്ചര്‍ അവര്‍ക്ക് നേരെ നടന്നടുത്തു.
"പോകാം.." ടീച്ചര്‍ കുട്ടികളോട് മുമ്പേ നടക്കാന്‍ പറഞ്ഞു.
അവരുടെ ഓരോ ചലനങ്ങളും പുറത്തെ കാഴ്ചകളും ടീച്ചര്‍ പകര്‍ത്തി. മൈതാനത്തിലെ തിരക്കും കളിയൂഞ്ഞാലും കുട്ടികളുടെ ഉത്സാഹത്തിമര്പ്പുകളും എല്ലാം ടീച്ചര്‍ ഒപ്പിയെടുത്തു.
'എങ്ങനെയാണ് മീനു കാര്‍ണിവല്‍ കാണുക' എന്ന് കൂട്ടുകാര്‍ക്കെല്ലാം ഇപ്പോള്‍ മനസ്സിലായി.
സന്ധ്യയാകുവോളം അവര്‍ ...
" ഇനി നമുക്ക് മടങ്ങാം....ടീച്ചര്‍ പറഞ്ഞു.
ടീച്ചർ അവരെ കൊണ്ടുപോയത് മീനുവിന്റെ വീട്ടിലേക്കായിരുന്നു.
എല്ലാവര്ക്കും ഉത്സാഹമായി.
കൂട്ടുകാരോടൊത്ത് ടീച്ചറെയും കണ്ട മീനുവിന് സന്തോഷമായി.
സമ്മാനമെന്നോണം അവർ നൽകിയ കാർണിവൽ ദൃശ്യങ്ങള്‍ കണ്ട് മീനു അത്ഭുതപ്പെട്ടു. കാര്‍ണിവല്‍ കാഴ്ചകളിലൂടെ അവള് കൂട്ടുകാരികള്‍ക്കൊപ്പം സഞ്ചരിച്ചു.
വീഡിയോ കണ്ട് കുട്ടികളുടെ കളിചിരികള്‍ തുടര്‍ന്നുകൊണ്ടിരിക്കെ പുറത്ത് ഒരു അനൌണ്സ്മെന്റ് വാഹനത്തിന്റെ ശബ്ദം ഉയര്‍ന്നു.
കാര്‍ണിവലിന്റെ പരസ്യവുമായി എന്നും പട്ടണം ചുറ്റുന്ന വാഹനം തന്നെ.
" ജനത്തിരക്ക് കാരണം കാര്‍ണിവല്‍ ഒരു മാസം കൂടി തുടരാന്‍ തീരുമാനിച്ച വിവരം എല്ലാ നാട്ടുകാരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു...."
" ഹായ്...." കൂട്ടുകാര്‍ ആര്‍പ്പു വിളികളോടെ ആ വാര്‍ത്തയെ എതിരേറ്റു.
"ഇനി മീനുവിന് ശരിക്കും കാര്‍ണിവല്‍ കാണാലോ..."
മീനു ടീച്ചറുടെ കൈകള്‍ ചേര്‍ത്തു നന്ദി പറഞ്ഞു.
കൂട്ടുകാര്‍ പാട്ടു പാടി തുള്ളിക്കളിച്ചു....
മീനുവിന്റെ അമ്മയും അച്ഛനും കുട്ടികള്‍ക്കൊപ്പം കളിയിലും പാട്ടിലും പങ്കു ചേര്‍ന്നു.
*മലർവാടിയിൽ പ്രസിദ്ധീകരിച്ചത്
Thursday, November 13, 2014
ന്റെ മഴപൂമ്പാറ്റകൾ..
അറിവിന്റെ പെയ്ത്തുത്സവങ്ങളെയും
അക്ഷരമാലയിലെ മണിമുത്തുകളെയും
നീലവിഹായസ്സിലേക്കുയരാൻ വെമ്പും
പൂഞ്ചിറകുകളെയും
അമൃതമൊഴികളെയും
ഉണ്ണിക്കാലുകളെയും
കൊഞ്ചും ചുണ്ടുകളെയും
നറുനെയ്യ്കൂട്ടീ ഉരുളയുരുട്ടും
ഒന്നല്ല ഇരുപത്തിനാലു കിടാങ്ങളെയും
കളിയാടാൻ വരുമോ പാട്ടുകൾ ചൊല്ലി
കരയുന്ന മണ്ണിന്റെ മഴത്തുള്ളികൾ പെറുക്കി
ചിരിക്കുന്ന വയലിനു പച്ച വിരിപ്പ് പുതച്ച്
എങ്ങോട്ട് പോകുന്നു മഴമേഘമെന്ന് പാടിയാൽ
അനുദിനമങ്ങനെ ആർത്തുല്ലസിച്ച് ഹേ..
പൂമ്പറ്റകളെ കൺകുളിർക്കെ കണ്ടു രസിക്കുവാൻ..
മാനസമിങ്ങനെ നാൾക്കുനാൾ പെയ്തു തെളിയുവാനെന്ന് ഞാനും..
************************************
ന്റെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ..