സ്വർണ്ണപക്ഷി
***************
ഒരിടത്തൊരിടത്തൊരു മഹാരാജാവുണ്ടായിരുന്നു.
പൊന്നുകൊണ്ട് ആവരണം ചെയ്തൊരു പക്ഷികൂട്ടിൽ അദ്ദേഹമൊരു സ്വര്‍ണ്ണപക്ഷിയെ വളര്‍ത്തിയിരുന്നു.
നേരത്തോട് നേരമടുക്കുമ്പോൾ സ്വാദിഷ്ടമായ ഭക്ഷണങ്ങളും പാനീയവും നൽകി, അതിന്‍റെ പൊൻതൂവലുകൾ ചീകി മിനുക്കി രാജപരിചാരകർ അതിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു പോന്നു.
എല്ലാവിധ സൌഭാഗ്യങ്ങൾ കൊണ്ടും അനുഗ്രീഹമായൊരു പക്ഷി തന്നെയായിരുന്നു രാജാവിന്‍റെ ആ സ്വർണ്ണക്ഷി.
അതിനു നന്ദി സൂചകമായെന്നോണം ആ പക്ഷി ദിവസവും രാജാവിനുവേണ്ടി മധുരസുന്ദരമായൊരു സംഗീതം ആലപിച്ചു കൊടുക്കുമായിരുന്നു.
അപ്പോഴെല്ലാം സന്തോഷാധിക്ക്യത്താൽ രാജാവ് ഉച്ഛത്തിൽ പറഞ്ഞുകൊണ്ടിരുന്നു,“ ഈ ഭൂമിയിലെ അതീവ സുന്ദരമായ സ്വർണ്ണപക്ഷി എനിയ്ക്കു വേണ്ടി അതീവ ഹൃദ്യമായ ഗീതങ്ങൾ പാടി തരുന്നു.
ഇതിൽപരം വേറെന്തു ഭാഗ്യമാണെനിയ്ക്കിനി ലഭിക്കാനുള്ളത്…?”
പക്ഷേ, കാലങ്ങൾ ചെല്ലുന്തൊറും അദ്ദേഹത്തിന്റെ ഉല്ലാസം കെട്ടടങ്ങി തുടങ്ങി.
“നീതിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണു ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്.പ്രകതിയുടെ സൌന്ദര്യവും സൃഷ്ടാവിന്റെ മനോഹര കൈപുണ്യവുമാണു ഞാൻ കൂട്ടിലടച്ചിരിയ്ക്കുന്നത്.“
അദ്ദേഹം പരിതപിച്ചു.
ഉടനെ തന്നെ അദ്ദേഹം തന്റെ പരിചാരകനോട് സ്വർണ്ണ കൂട്ടിലടയ്ക്കപ്പെട്ട കിളിയെ കാട്ടിൽ തുറന്നു വിടാൻ ഉത്തരവാക്കി.
അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം തന്നെ അയാൾ പ്രവർത്തിച്ചു.
കിളിയെ തുറന്നു വിടും മുന്നെ അതിനോടെന്നായി അയാൾ പറഞ്ഞു, “ നിനക്കു നിന്നെ സ്വയം സംരക്ഷിയ്ക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
എന്നിട്ടയാൾ നടന്നു നീങ്ങി.
പുതിയ അന്തരീക്ഷത്തിൽ അകപ്പെട്ട സ്വർണ്ണ പക്ഷി ചിന്തയിലാണ്ടു.
“ എത്ര വിചിത്രമായൊരു ലോകത്താണു ഞാൻ അകപ്പെട്ടിരിക്കുന്നത്..
എനിയ്ക്കുള്ള ഭക്ഷണ പാനീയങ്ങളും മറ്റു സുഖസൌകര്യങ്ങളും നൽകുവാനായി ആരെങ്കിലും വരുമായിരിക്കും. കാത്തിരിക്കുക തന്നെ.”
അൽപസമയം കഴിഞ്ഞില്ല.അതാ….മരച്ചില്ലകൾക്കിടയിൽ നിന്ന് ഉലച്ചിലുകൾ കേൾക്കാനാവുന്നു.അതോടൊപ്പം തന്നെ ഒരു കുരങ്ങച്ചൻ മരച്ചില്ലകൾക്കിടയിലൂടെ ഊഞ്ഞാലാടി രസിയ്ക്കുന്നതും കാണുവാനായി.
“ഹല്ലാ….ഇതാരാണു, ഈ കാട്ടിൽ ഒരു പുതിയ മുഖം…?ഇതിനു മുന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ…? “
കുരങ്ങച്ചൻ തന്റെ വാലുകൊണ്ട് മരച്ചില്ലയിൽ തലകീഴായി നിന്ന് കിളിയോട് കുശലം ചോദിച്ചു.
“ഞാൻ സ്വർണ്ണപക്ഷി…”
അധികം മുഖം കൊടുക്കാതെ സ്വർണ്ണപക്ഷി മൊഴിഞ്ഞു,
“അതേയൊ, എങ്കിൽ എന്റെ കൂടെ വരൂ…..ഇവിടെ ഭക്ഷണം ലഭ്യമാകുന്ന മരച്ചില്ല ഏതാണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം.. “
വളരെ ഉത്സാഹത്തോടെ കുരങ്ങച്ചൻ കിളിയെ ക്ഷണിച്ചു.
“വേണമെന്നില്ല…” തെല്ല് അഹങ്കാരത്തോടെ കിളി മറുപടി കൊടുത്തു.
“മാത്രമല്ല, ഇത്രയും സൌന്ദര്യവും സ്വരമാധുര്യവും ഒത്തിണങ്ങി വാഴുന്ന എന്നെ നയിയ്ക്കാൻ മാത്രം വെറുമൊരു കുരങ്ങനായ നീ ആയിട്ടില്ല.
എന്റെ മനോഹരമായ സ്വർണ്ണകൊക്ക് കാണുമ്പോൾ നിനക്ക് എന്നോട് അസൂയ മൂക്കുന്നതായും എനിയ്ക്ക് തോന്നുന്നുണ്ട്.“
വളരെ പുച്ഛത്തൊടെയായിരുന്നു സ്വർണ്ണപക്ഷിയുടെ മറുപടി.
“ ആയ്ക്കോട്ടെ….നിനക്ക് നിന്റെ വഴി…“അതും പറഞ്ഞ് കുരങ്ങച്ചൻ മരങ്ങൾക്കിടയിലൂടെ ഊഞ്ഞാലാടി അപ്രത്യക്ഷനായി.
എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു നിൽക്കുന്ന സ്വർണ്ണപക്ഷിയ്ക്കപ്പോൾ ചുറ്റുവട്ടത്തുനിന്ന് ആരൊ ചീറ്റുന്ന പോലെ തോന്നിച്ചു.അതൊരു പാമ്പായിരുന്നു.
തന്റെ സാമിപ്യം ചീറ്റികൊണ്ടറിയിച്ച് ആ ഇഴജന്തു കിളിയോട് ചോദിച്ചു, “ ആരാണു നീ…ഇതിനു മുന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ..?”
“ഞാനോ….ഞാനാണു സ്വർണ്ണപക്ഷി..“മുന്നത്തേക്കാൾ ഒരുപടി അഹങ്കാരത്തോടെയായിരുന്നു ആ മറുപടി.
“എങ്കിൽ ഞാൻ നിനക്ക് ഈ പ്രദേശത്തെ ഊടുവഴികൾ കാണിച്ചു തരാം…എന്റെ കൂടെ വരൂ..” സൌമ്യതയോടെയായിരുന്നു പാമ്പിന്റെ ക്ഷണം.
“ വളരെ അസഹ്യമായ ശബ്ദം പുറപ്പെടുവിയ്ക്കുന്ന വെറുമൊരു ഇഴജന്തുവായ നീ എനിയ്ക്കെങ്ങിനെ വഴികാട്ടിയാകും…?
മാത്രമല്ല സ്വരമാധുര്യം കൈവശ്യമുള്ള എന്നോട് നിനക്ക് അസൂയയല്ലാതെ മറ്റൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല,,,അതുകൊണ്ട് നിനക്ക് നിന്റെ വഴിയെ പോകാം..”
അതുവരേയ്ക്കും ഒന്നു മൂളാൻ പോലും വായ് തുറക്കാതിരുന്ന പക്ഷിയുടെ വളരെ നീരസത്തോടെയുള്ള ആ പറച്ചിൽ കേട്ട പാമ്പിനു മറ്റൊന്നും പറയാനുണ്ടായിരുന്നില്ല,
“ശരി..നിന്റെ ഇഷ്ടം പോലെ “ എന്നും പറഞ്ഞ് ആ ഇഴജന്തു അതിന്റെ പാട്ടിനു പോയി.
അപ്പോഴും സ്വർണ്ണപക്ഷിയുടെ ചിന്ത മറ്റൊന്നായിരുന്നു,
“ എനിയ്ക്കുള്ള വിഭവസമൃദമായ ഭക്ഷണം ആരു കൊണ്ടുവന്നു തരും…എന്റെ പൊൻതൂവലുകൾ കോതി മിനുക്കാനുള്ള പരിചാരകർ എപ്പോഴായിരിയ്ക്കും എത്തിപ്പെടുക..”
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലെ അവ പക്ഷിയെ അലട്ടികൊണ്ടിരിയ്ക്കുമ്പോഴായിരുന്നു,തൊട്ടരികിലുള്ള മരത്തടിയിൽ ഒരനക്കം അനുഭവപ്പെട്ടത്.
അതൊരു ഓന്തായിരുന്നു. വളരെ സ്നേഹത്തോടെ സ്വർണ്ണപക്ഷിയെ അഭിവാദ്യം ചെയ്തശേഷം ഓന്ത് പക്ഷിയോടായി പറഞ്ഞു,
“ നീ ആരാണെന്ന് എനിയ്ക്കിനി പരിചയപ്പെടുത്തി തരേണ്ടതില്ല. കാരണം മറ്റു രണ്ട്പേരോടും നീ സംസാരിച്ചിരുന്നതെല്ലാം ഞാനിവിടെയിരുന്ന് കേൾക്കുന്നുണ്ടായിരുന്നു.
അപകടഘട്ടങ്ങളിൽ ഒളിച്ചിരിയ്ക്കേണ്ട ഇടങ്ങൾ എവിടെയൊക്കെയാണെന്ന് എനിയ്ക്കു നിനക്ക് കാണിച്ചു തരാനാകും.. നീ എന്റെ കൂടെ വരൂ.“
“വേണ്ടാ..അതിന്റെ ആവശ്യമില്ല..നിന്നെ പോലൊരു വിരൂപിയുടെ സഹായം എനിയ്ക്ക് ആവശ്യമില്ല. എനിയ്ക്കുള്ള മിനുത്ത തൂവലുകൾ നിനക്കുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹം നിന്റെ മനസ്സിൽ മുളപ്പൊട്ടുന്നുണ്ടെന്ന് നിന്റെ നോട്ടത്തിൽനിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.”
തന്റെ നനുത്ത ചിറകുകളുടെ അഹങ്കാരം കിളിയുടെ വാക്കുകളിൽ തെളിഞ്ഞതും, “ ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകിയെന്ന് മാത്രം “ എന്നും പറഞ്ഞ് ഓന്ത് സ്ഥലം വിട്ടു.
പുതിയൊരു ഇടം പരിചയപ്പെടും മുന്നെ തന്നെ അപ്പോഴേയ്ക്കുമത് സംഭവിച്ചു. ഒരു വലിയ പക്ഷിയുടെ നിഴൽ രൂപം അവിടങ്ങളിൽ വ്യാപിച്ചു. അതെന്തെന്ന് വ്യക്തമായി അറിയുന്നതിനായി തലയുയർത്തിയ കിളിയ്ക്ക് അതൊരു വലിയ പരുന്തിന്റെ നിഴലാണെന്ന് മനസ്സിലാക്കുവാനായി.
തീർത്തും ഭയനിർഭരമായ അന്തരീക്ഷം.
അതുവരെ മരങ്ങളിൽ ചാഞ്ചാടി രസിച്ചിരുന്ന കുരങ്ങച്ചൻ കനത്ത മരച്ചില്ലകൾക്കിടയിൽ ഒളിച്ചു.
മണ്ണിൽ മുഖം പൂഴ്ത്തി ഉറക്കം നടിച്ച് കിടന്നിരുന്ന ഇഴയൻ പാമ്പ് മണ്ണിനടിയിലേയ്ക്ക് നൂഴ്ന്നിറങ്ങി പോയി.
ഓന്ത് അവിടം വിടാതെ നിന്നുവെങ്കിലും അതിന്റെ നിറം മരങ്ങൾക്ക് ഇഴ്കിചേരും വിധം പെട്ടെന്ന് മാറുകയും, ആർക്കും ദൃശ്യമാവാത്ത വിധം സ്വയരക്ഷയ്ക്കുള്ള മാർഗ്ഗം സ്വീകരിയ്ക്കുകയും ചെയ്തിരുന്നു.
“ഓഹ് അതുശരി.. ഇതിന്റെയെല്ലാം അർത്ഥം ഞാനും പരുന്തിൽനിന്നും രക്ഷപ്പെടാനുള്ള വഴി കണ്ടുപിടിയ്ക്കണം എന്നാണല്ലൊ…
അതിനെന്താ…എനിയ്ക്കുള്ള ഏക മാർഗ്ഗം പറന്നുയരുക തന്നെ”..എന്നും പറഞ്ഞ് സ്വർണ്ണപക്ഷി ചിറകുകളടിച്ച് ഉയരുവാൻ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. രാജകൊട്ടാരത്തിലെ പ്രൌഢിയായ ജീവിത രീതികൾ മൂലം പക്ഷിയുടെ ചിറകുകൾക്ക് ബലഹീനത സംഭവിച്ചിരുന്നു.
സ്വർണ്ണകൂട്ടിലെ വാസത്തിനിടയിൽ പൊൻചിറകുകളുടെ ആവശ്യകത ഒരിയ്ക്കൽ പോലും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നില്ലല്ലൊ.
ജീവിതത്തിലാദ്യമായി സ്വർണ്ണപക്ഷി തന്റെ മഞ്ഞ ചിറകുകളെയോർത്ത് വിലപിച്ചു.മറ്റു പക്ഷികളെ പോലെയായിരുന്നെങ്കിൽ എളുപ്പത്തിൽ പരുന്തിന്റെ കാഴ്ച്ചയിൽ പെടുമായിരുന്നില്ല.
ചിന്തിയ്ക്കാൻ സമയമില്ല.. അതാ ആ കൂറ്റൻ പക്ഷി തീപാറും കണ്ണുകളിൽ ആർത്തി നിറച്ച് തന്റെ നേർക്ക് പറന്നടുക്കുന്നു.
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. സ്വർണ്ണ പക്ഷിയുടെ അരുമക്കാലുകൾ ആരൊ മണ്ണിനടിയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു.
അത് ആ ഇഴയൻ പാമ്പായിരുന്നു. നിമിഷങ്ങൾക്കിടെ രോമാവൃതമായൊരു കൈ പക്ഷിയെ മരച്ചില്ലയുടെ ഉയരങ്ങളിലേയ്ക്ക് ഉയർത്തികൊണ്ടുപോയി. അത് കുരങ്ങച്ചനല്ലാതെ വേറെ ആരാവാനാണു…?
ഇനി അനക്കമില്ലാതെ ആ മഞ്ഞപൂവിനിടയിൽ ഒളിച്ചിരിയ്ക്കു..കൂറ്റൻ പരുന്തിനു അതിനിടയിൽനിന്ന് നിന്നെ തിരിച്ചറിയാനാവില്ല, എന്ന് ഓന്ത് സ്വർണ്ണപക്ഷിയ്ക്ക് സ്വയ രക്ഷയ്ക്കു വേണ്ട നിർദ്ദേശം നൽകി.
സ്വർണ്ണനിറമുള്ള പൂവിനിടയിൽനിന്ന് സ്വർണ്ണ പക്ഷിയെ കണ്ടുപിടിയ്ക്കാനാവാതെ കൂറ്റൻ പക്ഷി നിരാശനായി തിരിച്ചു പോയി.
ആശ്വാസത്തോടെ സ്വർണ്ണപക്ഷി തന്നെ അപകടത്തിൽ നിന്നും രക്ഷിച്ച മൂന്ന് ആത്മാർത്ഥ മിത്രങ്ങൾക്ക് സ്നേഹം അറിയിച്ചു,
“തീർച്ചയായും ഞാൻ നിങ്ങൾക്ക് കടപ്പെട്ടിരിയ്ക്കുന്നു. ഒരിയ്ക്കൽ ഞാനിതിനു പ്രത്യുപകാരം ചെയ്യുമെന്ന് വാക്ക്..”
“സ്വരമാധുര്യമുള്ള നിനക്ക് ഞങ്ങൾക്കു വേണ്ടി മധുരഗീതങ്ങൾ ആലപിയ്ക്കു… നിന്നെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം “
ഏകസ്വരത്തിൽ അവർ മൂന്നുപേരും സ്വർണ്ണപക്ഷിയോടായി പറഞ്ഞു.
അന്നുമുതൽ സ്വർണ്ണപക്ഷി അവർക്കുവേണ്ടി ദിവസവും ഈണത്തിലുള്ള പാട്ടുകൾ പാടികൊടുത്തു..
പ്രിയമിത്രങ്ങൾ സ്വർണ്ണപക്ഷിയെ സംരക്ഷിച്ചുപോന്നു.
താന്‍ എല്ലാം തികഞ്ഞവനാണെന്ന അഹങ്കാരം നന്നല്ല
ReplyDeleteആപത്തില്‍ സഹായിക്കുന്നവരാണ് ഉത്തമ കൂട്ടുകാര്‍.
നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ബാലകഥ.
ആശംസകള്‍ ടീച്ചര്‍
നല്ല പാഠം
ReplyDelete