Showing posts with label കുട്ടിക്കഥ. Show all posts
Showing posts with label കുട്ടിക്കഥ. Show all posts

Friday, December 27, 2013

*.. കുഞ്ഞന്റെ പുതുവർഷം..*

മഞ്ഞു പെയ്യുന്ന  ഡിസംബർ അവസാനദിനത്തിലായിരുന്നു കുഞ്ഞനുറുമ്പിനു ആദ്യമായി ഐസ്ക്രീം നുണയുവാനുള്ള അവസരം കിട്ടിയത്‌.

അതും, പുതുവർഷാഘോഷം പ്രമാണിച്ച്‌ ജോമോന്റെ കൂട്ടുകാർക്കെല്ലാം വിളമ്പിയ ഐസ്ക്രീം കപ്പുകളിൽ ബാക്കി വന്നത്‌ ഇച്ചിരി രുചിക്കാനായി മാത്രം.

പല കപ്പുകളിലെ പല നിറങ്ങളിലും മണങ്ങളിലുമുള്ള ഐസ്ക്രീം കൂട്ടുകൾ കുഞ്ഞനെ കൊതിപ്പിച്ചു.

ഒട്ടും സമയം പാഴാക്കാതെ കുഞ്ഞൻ അരിച്ചരിച്ച്‌ തീന്മേശയിൽനിന്നും കപ്പിലേക്ക്‌ കയറിപ്പറ്റിയതും ' പത്തോ ' എന്ന് താഴേക്ക്‌ ഉരുണ്ട്‌ വീണു.

കപ്പിലെ തണുപ്പ്‌ സഹിക്കാനുള്ള ശേഷി അവനില്ലായിരുന്നു..

എങ്കിലും വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത കുഞ്ഞൻ വിറച്ചുവിറച്ച്‌ കപ്പിന്റെ വക്കിൽ എത്തിപ്പെട്ടു.

അവന്റെ മനസ്സിൽ ആശങ്കകൾ കടന്നുകൂടി.

" ഹൊ പാത്രത്തിനിത്ര  തണുപ്പാണെങ്കിൽ ഐസ്ക്രീം എന്തു തണുപ്പായിരിക്കും!"

മാത്രമല്ല കപ്പിന്റെ വക്കിൽനിന്നും നോക്കിയാൽ നല്ല ആഴമുണ്ട്‌ സാധനമൊന്ന് രുചിക്കണമെങ്കിൽ..

പരിഹാരമെന്നോണം അതാ തിളങ്ങുന്ന ഒരു വെള്ളിസ്പൂൺ കപ്പിനകത്തിരിക്കുന്നു.

എന്നാലിനി സ്പൂൺ വഴി താഴോട്ടിറങ്ങി ഐസ്ക്രീം രുചിച്ചിട്ടു തന്നെ കാര്യം..അവനു സന്തോഷം തോന്നി.

പക്ഷേ..ഹൊ...സ്പൂണിൽ സ്പർശിച്ചതും കപ്പിനേക്കാൾ തണുപ്പ്‌ അതിനുണ്ടെന്ന് കുഞ്ഞനു ബോധ്യമായി.

ഇനി എന്തു ചെയ്യും..?

കുഞ്ഞനു വേറെ വഴികളൊന്നും തോന്നിയില്ല, തിരിച്ചിറങ്ങുവാൻ തന്നെ തീരുമാനിച്ചു.

കപ്പിൽ നിന്നിറങ്ങി തീന്മേശമേൽ സങ്കടപ്പെട്ടിരിക്കുന്ന കുഞ്ഞനെ ശ്രദ്ധിച്ചുക്കൊണ്ടാണപ്പോൾ അവന്റെ അമ്മ അവിടെ എത്തിച്ചേർന്നത്‌.

കുഞ്ഞന്റെ സങ്കടമറിഞ്ഞ അമ്മ അവനെ ആശ്വസിപ്പിച്ച്‌ പറഞ്ഞു,

" മോൻ ശ്രദ്ധിച്ചുവോ,?
കൊച്ചുകുട്ടികൾക്കായി വിളമ്പിയ ഐസ്ക്രീം കപ്പുകളിലെല്ലാം തന്നെ പ്ലാസ്റ്റിക്‌ സ്പൂണുകളാണുള്ളത്‌.
ആ സ്പൂണുകളിൽ മറ്റു സ്പൂണുകൾക്കുള്ള തണുപ്പ്‌ അനുഭവപ്പെടുകയില്ല.
നീ അവയിലൂടിറങ്ങി ഐസ്ക്രീം കഴിച്ചു പോരൂ..
മാത്രമല്ല, നീ അവിടെ എത്തിപ്പെടുമ്പോഴേക്കും ഐസ്ക്രീമിന്റെ തണുപ്പും കുറഞ്ഞിരിക്കും. "

കുഞ്ഞനു സന്തോഷമായി.

അമ്മ പറഞ്ഞതനുസരിച്ച്‌ വയർ നിറയെ ഐസ്ക്രീം കഴിച്ചവൻ അമ്മക്കരികിലെത്തി.

കുഞ്ഞന്റെ സന്തോഷത്തിൽ പങ്കുച്ചേർന്ന അമ്മ അവനെ തൊട്ടരികിലുരിത്തി തലോടിക്കൊണ്ട്‌ ഉപദേശിച്ചു,

" മോനേ, ഏതൊരു പ്രവർത്തിയിൽ ഏർപ്പെടും മുന്നെ നല്ല പോലെ ആലോചിച്ച്‌ തീരുമാനമെടുക്കുക..
ചുറ്റിനും നിരീക്ഷിക്കുക..നമുക്ക്‌ ചുറ്റിനും ഒരുപാട്‌ പാഠങ്ങൾ പഠിക്കുവാനുണ്ട്‌..
അവ പ്രാവർത്തികമാക്കുവാനും ശ്രമിക്കുക..!

" ശരി അമ്മേ.,തീർച്ചയായും ഞാൻ പരിശ്രമിക്കാം "

കുഞ്ഞൻ സന്തോഷത്തോടെ അമ്മയ്ക്കരികിൽ ചേർന്നിരുന്ന് ഐസ്ക്രീം തണുപ്പിന്റെ ലഹരിയിൽ മഞ്ഞു പെയ്യുന്ന പുതുവർഷത്തെ വരവേൽക്കുവാനായി കാത്തിരുന്നു.

ഞങ്ങടെ  കൊച്ചു കൂട്ടുകാർക്ക്‌ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!