Saturday, January 7, 2012

ടിറ്റി മുയലിന്‍റെ ആശകള്‍....

ടിറ്റി മുയല് പുഞ്ചിരിയോടെ കണ്ണുകള് തുറന്നു..
നീലാകാശത്ത് പറന്നുയര്ന്ന് കളിയ്ക്കുന്ന കുഞ്ഞി കുരുവിയുടെ മധുര സംഗീതമാണ് ടിറ്റി മുയലിന്റെ പൊന് പുലരിയെ ഉഷാറാക്കിയത്..
“എത്ര സുന്ദരമീ പൊന് പുലരി..ലാ ലാ ലാ….”
കുഞ്ഞി പെണ്ണ് നീലാകാശത്ത് വട്ടം കറങ്ങി പാടി കൊണ്ടേയിരുന്നു..
കുഞ്ഞി കുരുവിയുടെ പാട്ട് ടിറ്റിയ്ക്കും ഇഷ്ടമായി..
അവളും പാടി…“എത്ര സുന്ദരമീ പൊന് പുലരി..ലാ ലാ ലാ….”
അന്നത്തെ പ്രഭാത സവാരി കുറുഞ്ഞികള് വിരിയുന്ന താഴ്വരയിലൂടെ ആകാം...
പാട്ടും പാടി തുള്ളിച്ചാടി കളിച്ചു രസിച്ച് അന്നത്തെ ദിവസം ആഘോഷിയ്ക്കാന് തന്നെ ടിറ്റി മുയല് തീരുമാനിച്ചു..
പെട്ടെന്ന്…അതാ…..
താഴ്വരയുടെ ചുവട്ടില് ഒരു പച്ച തടാകം..
ടിറ്റി മുയലിന് സന്തോഷം അടക്കാനായില്ല..
തടാകക്കരയിലേയ്ക്ക് ഓടിച്ചെന്നു..
പച്ചതടാക കരയില് പച്ച പൂപ്പല് പിടിച്ച ഒരു പച്ച പാറകല്ലിന്മേല് നാവും നീട്ടി പുഞ്ചിരിച്ചിരിയ്ക്കുന്ന പച്ച മാക്രി പെണ്ണിനെ പരിചയപ്പെട്ടു..
ടിറ്റി മുയല് ചോദിച്ചു,
“എന്താ മാക്രി പെണ്ണേ നിന്റെ മുഖത്തിത്രയും സന്തോഷം.. “
മാക്രി പെണ്ണ് പറഞ്ഞു,
എനിയ്ക്ക് എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂ..
ഞാന് എന്നും ഈ പച്ച തടാക കരയില് പച്ച പാറ കല്ലിന്മേല്‍ ഇരുന്ന് വായ് തുറന്ന് ‘പേക്രോം…പേക്രോം“ എന്ന് പാടി ഇരിയ്ക്കുന്നതില് പരം സന്തോഷം എനിയ്ക്ക് വേറൊന്നും ഇല്ല..
ഒരു ചാറ്റല് മഴയുണ്ടെങ്കില് പിന്നെ പറയും വേണ്ട…ഞാന് പാടി തിമിര്ക്കും..
അതു കേട്ട് ടിറ്റി മുയലിന്റെ ഉള്ളവും കുളിര് കൊണ്ടു..
സവാരിയ്ക്കിടെ അവള് ഓര്ത്തു,
എനിയ്ക്കും കുഞ്ഞി കുരുവിയെ പോലെ നീലാകാശത്ത് പറക്കാന് സാധിച്ചിരുന്നെങ്കില്..
എനിയ്ക്കും പച്ച മാക്രി പെണ്ണിനെ പോലെ നീന്തി തുടിയ്ക്കാന് സാധിച്ചിരുന്നെങ്കില്..

സവാരി നിര്ത്തി ടിറ്റി മുയല്‍ ഉത്സാഹ കുറവോടെ മാളത്തിലേയ്ക്ക് തിരിച്ചു.
പെട്ടെന്ന് അവള് എന്തോ തീരുമാനിച്ച് ഉറച്ചപോലെ തന്റെ കുഞ്ഞി കുടയും എടുത്തു കൊണ്ട് മാളത്തിന് വെളിയില് ഇറങ്ങി..
എന്നിട്ട് അവള്‍ പച്ച തടാക കരയിലേയ്ക്ക് വെച്ചുപിടിച്ചു,,
തടാക കരയില് പടര്ന്ന് പന്തലിച്ചു നില്ക്കുന്ന പൂമരം ആയിരുന്നു അവളുടെ ലക്ഷ്യം..
പൂമര ചുവട്ടില് എത്തിയതും അവള് പൂമരത്തില് വലിഞ്ഞു കയറി..
മുകളില് എത്തിയതും തന്റെ കയ്യില് ഒതുക്കി പിടിച്ചിരുന്ന കുഞ്ഞു കുട ഒരു പാരച്യൂട്ട് പോലെ തുറന്ന് താഴോട്ട് എടുത്ത് ചാടി പറക്കാന് ശ്രമിച്ചു,,
അതു കണ്ട് നീലാകാശത്ത് പറന്ന് രസിച്ചിരുന്ന് കുഞ്ഞി കുരുവി കൂവി വിളിച്ചു,
“അയ്യോ…അരുത്…മുയലുകള്ക്ക് പറക്കാന് ആവില്ല…“
അത് കേള്ക്കും മുന്നെ തന്നെ ടിറ്റി മുയല് പൂമരത്തിനു ചുവട്ടിലെ തടാകത്തിലേയ്ക്ക് “ബ്ലും”
എന്ന് വീണു..
കുഞ്ഞി കുരുവിയുടെ കൂവല് അപ്പോഴാണ് ടിറ്റി ശ്രദ്ധിച്ച്ത്, അവള് ഓര്ത്തു,
ശരിയാണ്..എനിയ്ക്ക് പറക്കാന് ആവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു..
ഇനി ഈ തടാകത്തില് നിന്ന് വേഗം നീന്തി രക്ഷപ്പെടട്ടെ..
കയ്യും കാലും ഇട്ടടിച്ച് നീന്താന് ശ്രമിയ്ക്കുന്ന ടിറ്റിയെ നോക്കി പച്ച മാക്രി പെണ്ണ് കൂവി വിളിച്ചു..
“അയ്യോ…മുയലുകള്ക്ക് നീന്താനാവില്ല.. “
വയറു നിറയെ വെള്ളം കുടിച്ച് ഒരു മര പലകയുടെ സഹായത്തോടെ കഷ്ടിച്ച് രക്ഷപ്പെട്ട ടിറ്റി മുയലിന് തന്റെ പരിശ്രമങ്ങള് പാഴ്വേലകള് മാത്രമായിരുന്ന് എന്നു ബോധ്യമായി..
അവള് സ്വയം പറഞ്ഞു,..
“ശരിയാണ് മുയലുകള്ക്ക് പറക്കുവാനും, നീന്തുവാനും ആവുകയില്ല..
എന്നാല് മുയലുകള്ക്ക് തുള്ളിച്ചാടി ഓടി രസിച്ച് കളിയ്ക്കാനാകും..
ഞാന് അതില് സംതൃപ്തയും സന്തുഷ്ടയും ആയിരിയ്ക്കണം..
മറ്റുള്ളവരുടെ സന്തോഷം എന്റേയ്യും ആയിരിയ്ക്കണം എന്ന് ആഗ്രഹിയ്ക്കുന്നത് നല്ലതല്ല..
ദൈവം നമുക്ക് അനുഗ്രഹിച്ച് നല്കുന്ന കഴിവുകള് സന്തോഷപൂര്‍വ്വം സ്വീകരിയ്ക്കുക, സ്വയത്തമാക്കുക..
ഇത് എനിയ്ക്ക് എന്നത്തേയ്ക്കുമായൊരു പാഠമായിരിയ്ക്കട്ടെ…!

പിന്നെ ടിറ്റി മുയല് അവിടെ അധികം സമയം ചിലവഴിച്ചില്ല…
മൂളിപ്പാട്ടും പാടി കളിച്ചു രസിച്ച് തന്റെ മാളത്തിലേയ്ക്ക് തിരിച്ചു…!

12 comments:

 1. ഇതില്‍ നിന്നും എന്ത് പഠിച്ചു വല്ലവരെയും വായ് നോക്കി നടക്കാതെ കാലത്തേ അവനവന്റെ ജോലി നോക്കി നടന്നോളനം അല്ലെ ടീച്ചര്‍ .... കുട്ടി കഥ നല്ല കഥ ഇഷ്ടം ആയി

  പുണ്യാളനും ഇതു പോലെ ഒരു കുരുത്തം കെട്ടവന്‍ ആയിരുന്നു എന്തും പരീക്ഷിച്ചേ പഠിയ്ക്കു . സാഹസം ഓക്കേ കാട്ടി വേണ്ടപോലെ കിട്ടുമ്പോ ബുദ്ധി താനേ വരും !!

  സ്നേഹാശംസകളോടെ സ്വന്തം പുണ്യാളന്‍

  ReplyDelete
 2. കഥ വളരെയേറെ ഇഷ്ടപ്പെട്ടു.
  കുട്ടികള്‍ക്ക് വേണ്ട സാരോപദേശങ്ങള്‍.......
  ടീച്ചര്‍ തുടര്‍ന്നും എഴുതുക................
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 3. വായിച്ചു നീങ്ങുമ്പോള്‍ ഉപയോഗിച്ച ശൈലിയെക്കുറിച്ച് ചെറിയ ഒരു അഭിപ്രായവ്യത്യാസം തോന്നി... പിന്നെ ആലോചിച്ചപ്പോള്‍ മനസിലായി - ടീച്ചര്‍ ഇത് കൊച്ചു കൂട്ടുകാരോട് കഥ പറയുന്ന അതേ രീതിയില്‍ എഴുതിയതാണ് എന്ന് ... അപ്പോള്‍ നല്ല കൗതുകം തോന്നി....

  നന്നായി അവതരിപ്പിച്ചിട്ടുണ്ട്....

  ReplyDelete
 4. ഈ കുട്ടി കഥ ഇഷ്ടമായി..
  ആശംസകള്‍

  ReplyDelete
 5. നല്ലൊരു ഗുണപാഠമുള്ള കഥ വായിച്ച ആത്മസംതൃപ്തി!
  കുഞ്ഞിക്കുരുവിയെ പോലെ പാടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍, മീനുകളെപ്പോലെ നീന്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, പൂമ്പാറ്റകളെപ്പോലെ പാറിയുല്ലസിച്ച് നടക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇതൊക്കെയായിരിയ്ക്കും കുഞ്ഞുമനസ്സിലെ സ്വപ്നങ്ങള്‍...

  വീടിനടുത്ത് വലിയ ഒരു പുഴയുണ്ട്; കുഞ്ഞില്‍ മൂത്ത ചേച്ചി വസ്ത്രങ്ങള്‍ അലക്കുവാന്‍ പോകുമ്പോള്‍ എന്നെയും കൊണ്ട് പോകാറുണ്ടായിരുന്നു.. എന്നെ പുഴയ്ക്കരക്കിരുത്തി തിരുമ്മല്‍ കഴിഞ്ഞ് വരും, ചേച്ചിയ്ടെ കൂട്ടുകാരികളും ഉണ്ടാകാറുണ്ട്.. അവരൊക്കെ വെള്ളത്തില്‍ നീന്തിതുടിയ്കുന്നത് കാണുമ്പോള്‍ എനിയ്ക്കും കൊതിയായിരുന്നു വെള്ളത്തിലൊന്നിറങ്ങുവാന്‍, നീന്തിതുടിയ്ക്കുവാന്‍.. അന്നത്തെ രാത്രികാലങ്ങളില്‍ ഞാനേറെ സ്വപ്നം കണ്ടിരുന്നതും ഇതു തന്നെ...

  ഒരു ദിവസം രണ്ടാമത്തെ ചേച്ചിയുടെ കൂടെ മുണ്ടകന്‍പാടത്ത് കൊറ്റിയേയും, എരണ്ടയേയും ഓടിയ്ക്കുവാന്‍ പോയി തിരികെ വരുന്ന സമയത്ത് എന്നെ പുഴയ്ക്കരക്കിരുത്തി കാല് കഴുകുവാനായി ചേച്ചി വെള്ളത്തിലിറങ്ങി. വെള്ളത്തിലിറങ്ങി നീന്തുവാനുള്ള അതിയായമോഹം കൊണ്ട് ഞാന്‍ വെള്ളത്തില്‍ ചാടി.. :-)ടിറ്റിമുയലിന് സംഭവിച്ചത് തന്നെയാണ് എനിയ്ക്കും സംഭവിച്ചത്. എന്തോ ഭാഗ്യത്തിന് അന്ന് രക്ഷപ്പെട്ടു!

  പിന്നീടാ പുഴയില്‍ എന്തൊക്കെ അര്‍മ്മാദങ്ങള്‍ നടത്തിയിരിയ്ക്കുന്നു.. മുങ്ങാന്‍കുഴിയിട്ട് ഈ തീരത്ത് നിന്ന് അക്കരയെക്ക് നീന്തിക്കയറുക.. വര്‍ഷക്കാലത്തെ വെള്ളപ്പാച്ചിലില്‍ ഒഴുക്കിലൂടെ നീന്തിപോവുക.. ദീര്‍ഘമായ പരീശീലനമുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് ഒരു പ്രവര്‍ത്തിയില്‍ വൈദഗ്ദ്യം തെളിയിക്കാനാവൂ..

  നമുക്ക് ചിലപരിമതികളുണ്ട്; ആ പരിമിതികളെ കുറിച്ച് സ്വയം ഒരു ബോധ്യമുണ്ടാകേണ്ടത് നമ്മുടെ മനസ്സില്‍ തന്നെയാണ്.. എഞ്ചോയ് വിത്ത് വാട്ട് യു ഹേഫ്.. :-) ഇനിയും ഇതുപോലുള്ള സന്മാര്‍ഗ്ഗ പാഠങ്ങള്‍ പോരട്ടെ..

  അഭിനന്ദനങ്ങള്‍ വര്‍ഷിണി!

  ReplyDelete
 6. പാവം ടിറ്റി...
  ന്നെ പോലെ തന്നെ.....
  മറ്റുള്ളോര് നന്നായി പാടണത് കാണുമ്പോള്‍,
  നന്നായി നൃത്തം ചെയ്യണത് കാണുമ്പോള്‍,
  ചിത്രം വരക്കണത് കാണുമ്പോള്‍,
  ഇങ്ങളൊക്കെ ഇങ്ങിനെ എഴുതണത് കാണുമ്പോള്‍ ......
  നിക്കും തോന്നാറുണ്ട് ടിറ്റിയെ പോലെ ഇതിനൊക്കെ...
  ഒക്കേം പരീക്ഷിച്ച് ടിറ്റിയെ പോലെ പരാജയപ്പെട്ട സന്ദര്‍ഭങ്ങളും അനവധി...
  എത്രായാലും മ്മടെ പരിമിതികള്‍ മനസ്സിലാവില്ല്യാച്ചാല്‍ എന്താ ചെയ്യാ..?

  കഥ ഇഷ്ടായിട്ടാ...

  ReplyDelete
 7. ഗുണപാടമുള്ള കുട്ടിക്കഥ...!!

  {ഈ ടിറ്റിയെ നേരിട്ട് പരിചയമുണ്ടോ...???}

  ReplyDelete
 8. “എത്ര സുന്ദരമീ പൊന് പുലരി..ലാ ലാ ലാ….”

  പുലരി മഴച്ചേച്ചി.....

  ReplyDelete
 9. സ്നേഹം പ്രിയരേ...

  വലിയ കുഞ്ഞുങ്ങള്‍ വായിച്ചാല്‍ മാത്രം പോരാ ട്ടൊ...കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും വേണേ..!

  പിന്നെ, ടിറ്റി മുയല്‍ ന്റ്റെ സ്വന്തം ആളാണ്‍ ട്ടൊ...ഞങ്ങള്‍ ഒരുമിച്ചാ സ്ക്കൂളില്‍ പോവാറുള്ളത്,അപ്പൊ പറഞ്ഞു തന്ന കാര്യാ...!

  ReplyDelete
 10. കഥ ഇഷ്ടായിട്ടാ...

  ReplyDelete
 11. ഞാനും കഥ വായിച്ചു, ഇഷ്ടായി. ഇനി കഥ വായിച്ച സന്തോഷത്തില്‍ പോയി ചാച്ചട്ടെ.

  ReplyDelete