Friday, May 11, 2012

ശ്രദ്ധ...




ഒരു വ്യക്തിയുടെ ജീവിതം നയിയ്ക്കപ്പെടുന്നതിന്‍റെ പ്രധാന ഘട്ടം ബാല്യകാലം ആണെന്ന വസ്തുത ആർക്കാണ് അറിയാത്തത് അല്ലേ..?
നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റുപാട്, സമൂഹം,ആത്മവിശ്വാസം,കുഞ്ഞിന്റെ പ്രകടനങ്ങൾ…ഇവയെല്ലാം ഈ ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിയ്ക്കുന്നു..
ഇതിലെ ഏതെങ്കിലുമൊരു ഘടകം അപാകത കാണിച്ചാൽ വളരെ നിസ്സാരമെന്ന് തോന്നിപ്പിയ്ക്കുമെങ്കിലും ഒരു കുഞ്ഞിന്റെ ശാരീരിക മാനസിക വളർച്ചയെ എത്രമാത്രം ബാധിയ്ക്കുന്നുവെന്ന് തിട്ടപ്പെടുത്തി മനസ്സിലാക്കി തരുവാനാവില്ല..
അത്രമാത്രം സങ്കീർണ്ണമാണത്..!

സ്കൂൾ ജീവിതം തുടങ്ങിയ ഒരു കഞ്ഞിന്റെ അദ്ധ്യാപികയിൽ നിന്ന് വളരെ സാവകാശം മാതാപിതാക്കൾ മനസ്സിലാക്കുന്ന കുഞ്ഞിന്റെ പോരായ്മകൾ അല്ലെങ്കിൽ ന്യൂനതകൾ കുറച്ചൊന്നുമല്ലല്ലൊ അവരെ മനോ ദു:ഖത്തിൽ ആഴ്ത്തുന്നത്..
മറ്റു കുഞ്ഞുങ്ങളിൽ നിന്ന് ഇവർ ഒരു ചെറിയ പടി താഴെ എന്ന വസ്തുത അവർ അംഗീകരിച്ചേ മതിയാകൂ.. അത്തരം കുഞ്ഞുങ്ങൾ 150ല് 5,6 എന്ന തോതിൽ എത്തിപ്പെട്ടിരിയ്ക്കുന്നു.


“നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മ ആയിരിയ്ക്കാം,….എന്നാൽ ഞങ്ങൾ ഒരേ സമയം 30 പേരുടെ അമ്മയും ഗുരുവും..എല്ലാം ആണ്..
ഒരു കുഞ്ഞിന്റെ ഇളം മനസ്സിൽ ഒരല്പം പോലും വേദനയോ നീറ്റലോ അപകർഷതാ ബോധമോ ഇല്ലാതാക്കി അവരുടെ പഠന കാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും അവർക്കുള്ള പങ്കാളിത്തം ഉറപ്പു വരുത്തുക..
ഒരു ദിവസത്തിലെ വളരെ ചുരുങ്ങിയ സമയ പരിധിയ്ക്കുള്ളിൽ ഞങ്ങൾക്കിത് ഉറപ്പ് വരുത്താമെങ്കിൽ എന്തു കൊണ്ട് നിങ്ങൾക്കായികൂട..?“
നിസ്സംഗയായി നിൽക്കുന്ന ഒരു മാതാവിനോട് എന്റെ കോർഡിനേറ്റർ വളരെ ഗൌരവത്തോടേയും എന്നാൽ അവരെ ആശ്വാസിപ്പിയ്ക്കുകയും ചെയുന്ന ഒരു കൂടി കാഴ്ച്ചയിലെ സംഭാഷണ ശകലമായിരുന്നു അത്..
ആത്മാര്‍ത്ഥത പുരളുന്ന അവരുടെ ഇത്തരം വാക്കുകളും പ്രവൃത്തികളും അവരുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
അതുകൊണ്ട് തന്നെ എന്റെ ക്ലാസ്സിനെ സംബന്ധിച്ച ചർച്ചകൾ അല്ലെങ്കിൽ പോലും അവസരങ്ങൾ കിട്ടുമ്പോഴെല്ലാം ഞാൻ ഇത്തരം കൂടികാഴ്ച്ചകളിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു..സഹകരിയ്ക്കാൻ താത്പര്യം പ്രകടിപ്പിച്ചു..
രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ച്ചകൾ ഒരു ക്ലാസ്സ് ടീച്ചറിനേക്കാൾ അവരെ മാനസികമായി അലട്ടുന്നുണ്ടെന്നും നെഞ്ചിലേറ്റി അവർ നടക്കുന്നുണ്ടെന്നും പലപ്പോഴുമുള്ള അവരുടെ പെരുമാറ്റങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു..
അതവരിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിച്ചു.



ഇനി നമുക്ക് ശ്രദ്ധയെ പരിചയപ്പെടാം..
നാല് വയസ്സുകാരി സുന്ദരി മലയാളി കുട്ടി..
ഒട്ടും സംഭാഷണ പ്രിയയല്ലാത്ത..
അടങ്ങി ഇരിയ്ക്കാൻ ഇഷ്ടമല്ലാത്ത..
ഒന്നിനോടും ശ്രദ്ധയില്ലാത്ത ശ്രദ്ധ….!
തരം കിട്ടിയാൽ ക്ലാസ്സിന് പുറത്തു ചാടി തന്റേതായ ലോകത്ത് ആടിപാടി കളിയ്ക്കാൻ കേമി.
ഓരൊ പ്രവൃത്തിയിലും സ്വഭാവത്തിലും എടുത്തു കാണിയ്ക്കുന്ന പിടിവാശിയും മുൻശുണ്ഠിയും ..
ആരേയും വീഴ്ത്തുന്ന ചിരിയും ഭാവങ്ങളും..
എന്നാൽ അവളുടെ ആ ചിരിയിലെ സൌന്ദര്യവും അടക്കവും അവളുടെ സ്വഭാവത്തിലോ, പഠന കാര്യത്തിലോ,വസ്ത്ര രീതികളിലോ , വൃത്തിയിലോ കണ്ടിരുന്നില്ല..
ചീവി കോതാത്ത മുടിയും, പ്രഭാത ഭക്ഷണത്തിന്റെ കറകൾ പുരണ്ട ഉടുപ്പും , ഉറക്കച്ചടവുള്ള കണ്ണുകളും..അതായിരുന്നു ശ്രദ്ധയെ മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അറിയുവാനുള്ള അടയാളം.
പല തവണ ഇക്കാര്യം ശ്രദ്ധയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും അവളിൽ കണ്ടില്ല..



അന്ന് കോർഡിനേറ്റർ പതിവിലും വൈകിയാണ് സ്ക്കൂളിൽ എത്തിയത്.
അവർ വളരെ പരവശയായി കാണപെട്ടു..
എന്തോ കാര്യമായ വിഷയം അവരെ അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ എന്തു പറ്റി എന്ന് ആരായാൻ അരികിൽ എത്തിയതും,
ഒന്നും ചോദിയ്ക്കാതെ തന്നെ അവർ പറഞ്ഞു തുടങ്ങി..
“എനിയ്ക്ക് എന്തിന്റെ ടെൻഷനുകൾ ആണ് ഉള്ളതെന്ന് സുഹൃത്തുക്കളെല്ലാം അസൂയയോടെ ചോദിയ്ക്കാറുണ്ട്..
മക്കൾ വിദേശത്ത് ജോലി ചെയ്യുന്നു…ഭർത്താവുമായുള്ള സുഖ ജീവിതം..
അല്ലലുകളില്ലാത്ത സ്ക്കൂൾ ഉദ്യോഗം..
എന്നാൽ എന്റെ കാര്യം എനിയ്ക്കല്ലെ അറിയൂ..
ഇന്നത്തെ കാര്യം തന്നെ നോക്കു,
ഇന്നെനിയ്ക്ക് സ്കൂളിൽ സമയത്തിന് എത്താൻ സാധിയ്ക്കാത്തത് ‘ ശ്രദ്ധ ‘ കാരണം..
ശ്രദ്ധയോ…ഞാൻ ആശ്ചര്യപ്പെട്ടു,,,അതെങ്ങിനെ..?
അതെ…ശ്രദ്ധ തന്നെ..
ഞാൻ ഒരുങ്ങി ഇറങ്ങാൻ നേരമായിട്ടും അവൾ കുളി മാത്രം കഴിഞ്ഞ് നിൽപ്പാണ്..
അടുക്കള കാര്യവും എന്റെ ഒരുക്കങ്ങളുമെല്ലാം തീർന്നിട്ടും അവളുടെ ഒരു കാര്യം പോലും ചെയ്യാൻ സഹായിയ്ക്കാതെ മോഹനേട്ടൻ പത്രത്തിനകത്ത് തല പൂഴ്ത്തി ഇരിയ്ക്കുന്നു..
അവൾ മേശപ്പുറത്തു നിന്ന് തനിയെ ഭക്ഷണം എടുത്ത് കഴിച്ച് യൂണിഫോം വൃത്തികേടാക്കിയിരിയ്ക്കുന്നു..
പത്തു മണി കഴിഞ്ഞ് ഓഫീസിൽ പോയാൽ മതി മോഹനേട്ടന് ,
എന്നെ ഇതിലെല്ലാം ഒന്ന് സഹായിച്ചാൽ എന്താ..
അവളുടെ മുടിയെങ്കിലും ഒന്ന് ചീവി കൊടുത്തു കൂടെ..ഒരു അനക്കവും ഇല്ല..
അത് ആവശ്യപ്പെട്ടതിന് എട്ടൻ ഇന്നും വഴക്കിട്ടു..
ഒന്നും രണ്ടും പറഞ്ഞ് സംസാരം കൂടിയപ്പോൾ ശ്രദ്ധ കരയാൻ തുടങ്ങി..
ആ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്…
സമയം നോക്കിയപ്പോൾ പതിവിലും വൈകിയിരിയ്ക്കുന്നു ഉണരാൻ,,
ഇന്നത്തെ എന്റെ പുലർക്കാല സ്വപ്നം ശ്രദ്ധയാണ്..
ഉണർവ്വിൽ മാത്രമല്ല ഉറക്കത്തിലും അവൾ മാത്രമാണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്..
അവളുടെ പഠനത്തിലും ജീവിത രീതികളിലും അടുക്കും ചിട്ടയും കൊണ്ടു വരാൻ സാധിയ്ക്കാത്തതിൽ ഞാൻ വളരെയധികം മനപ്രയാസം അനുഭവിയ്ക്കുന്നു..
അവർ നെടുവീർപ്പിട്ടു..



ഞാൻ ഒരു നിമിഷം നിശ്ശബ്ദയായി പോയി..
പിന്നെ അവരോട് ചേർന്ന് നിന്ന് കൈകൾ കൂട്ടി പിടിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
അറിയാതെ എന്റെ കണ്ണുകളും…!

Thursday, April 26, 2012

പുഴ സവാരി..






സ്വീറ്റി കുഞ്ഞമ്മ ഉറക്കം ഉണർന്നു..
കിടപ്പ് മുറിയുടെ ജനലിലൂടെ നോക്കിയപ്പോൾ സ്വീറ്റി കുഞ്ഞമ്മയ്ക്ക് വളരെ സന്തോഷം തോന്നി..
ചിരിയ്ക്കുന്ന സൂര്യനേയും ഒഴുകുന്ന പുഴയേയും കണ്ടാൽ ആർക്കാണ് സന്തോഷം വരാതിരിയ്ക്കുക..!

സ്വീറ്റി കുഞ്ഞമ്മയുടെ വീടിന്റെ ജനൽ അരികിലൂടെയാണ് കുസൃതി പുഴ ഒഴുകുന്നത്..
സ്വീറ്റി കുഞ്ഞുമ്മയ്ക്ക് കുസൃതി പുഴയെ വളരെ ഇഷ്ടമാണ്..
പക്ഷേ സങ്കടമാക്കുന്ന ഒരു കാര്യം…എന്താണെന്നൊ,
സ്വീറ്റി കുഞ്ഞുമ്മയ്ക്ക് ഒഴുകുന്ന വെള്ളത്തിനോട് ഭയമാണ്..
അതുകൊണ്ട് പുഴയിൽ ഇറങ്ങി കളിയ്ക്കുന്നതിനെ കുറിച്ചൊ കുളിയ്ക്കുന്നതിനെ കുറിച്ചൊ സ്വീറ്റി കുഞ്ഞമ്മ ചിന്തിയ്ക്കുക പോലും ചെയ്യാറില്ല..
പക്ഷേ കുഞ്ഞമ്മയ്ക്ക് ഈ ഒരു കാര്യം വളരെ അധികം സങ്കടം നൽകിയിരുന്നു..!

അതിനിടെ ഒരു ദിവസം കുഞ്ഞമ്മയുടെ ബന്ധുവായ ടോം അവരെ സന്ദർശിച്ചു..
സുഖ വിവരങ്ങൾ അന്വേഷിയ്ക്കുക എന്നു മാത്രമായിരുന്നു ടോമിന്റെ ഉദ്ദേശം..
അവരുടെ വർത്തമാനങ്ങൾക്കിടയിൽ പുഴ ഒരു വിഷയമായി.
സ്വീറ്റി കുഞ്ഞമ്മയ്ക്ക് പുഴയെ വളരെ ഇഷ്ടമാണെന്നും എന്നാൽ അതേ പോലെ തന്നെ വെള്ളം ഭയം ആണെന്ന് കൂടി അറിഞ്ഞപ്പോൾ,,
ആ ഭയം മാറ്റിയിട്ടു തന്നെ കാര്യം എന്ന് ടോം തീരുമാനിച്ചു…!
അതിനായി സ്വീറ്റി കുഞ്ഞമ്മയെ ഒരു ബോട്ടിൽ പുഴ സവാരിയ്ക്കായി ക്ഷണിച്ചു..
മനസ്സില്ലാ മനസ്സോടെയാണെങ്കിലും കുഞ്ഞമ്മ ടോമിന്റെ കൂടെ പോകാമെന്ന് സമ്മതിച്ചു..
“പുറത്ത് നല്ല ചൂടാണ്..ഞാനെന്റെ തൊപ്പി ധരിയ്ക്കുന്നു..
കുഞ്ഞമ്മയും ഒരു തൊപ്പിയൊ കുടയൊ കരുതികൊള്ളു ..”
ടോം കുഞ്ഞമ്മയെ പുഴ സവാരിയ്ക്കായി ഒരുക്കി..!
അങ്ങിനെ ഒരു പുള്ളികുടയും യാത്രയിൽ കഴിയ്ക്കുവാനായി കുറച്ച് പഴങ്ങളുമായി സ്വീറ്റി കുഞ്ഞമ്മ യാത്രയ്ക്കൊരുങ്ങി..!

ആദ്യമാദ്യം സ്വീറ്റി കുഞ്ഞമ്മയ്ക്ക് വളരെ ഭയവും പരിഭ്രാന്തിയും ഉണ്ടായിരുന്നുവെങ്കിലും സാവകാശം അതിന്റെ ആക്കം കുറഞ്ഞു..
തന്റെ ഒരു സ്വപ്നം യാഥാർത്ഥ്യമാവുന്നത് അനുഭവിച്ച് കുഞ്ഞമ്മ മനസ്സാൽ സന്തോഷിച്ചു..

പുഴയ്ക്കരികിൽ ചാഞ്ഞ് നിൽക്കുന്ന മരങ്ങളും കിളിർത്തു നിൽക്കുന്ന ഇളം പുല്ലുകളും പൂക്കളും,വെള്ളത്തിൽ തുള്ളി കളിച്ച് നീന്തുന്ന കുഞ്ഞ് മത്സ്യങ്ങളും സ്വീറ്റി കുഞ്ഞമ്മയെ കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചത്..
പ്രകൃതി സൌന്ദര്യം തനിയ്ക്ക് ആവോളം ആസ്വാദിയ്ക്കാൻ കഴിഞ്ഞതിൽ അവർ ദൈവത്തിനോട് നന്ദി പറഞ്ഞു..
ആ സ്തുതി ഗീതങ്ങൾ കേട്ട് പൂമ്പാറ്റകളും കിളികളും പൂക്കളും ചെടികളും ആടി രസിച്ചു..
ഇതിനെല്ലാം കാരണക്കാരനായ,.. തന്റെ ഭയം മാറ്റി എടുത്ത ടോമിനോട് സ്വീറ്റി കുഞ്ഞമ്മ വാക്കുകളാലും സ്നേഹങ്ങളാലും നന്ദി അറിയിച്ചു..
വളരെ ആനന്ദപ്രതമായ ആ കൊച്ച് സവാരി രണ്ടുപേർക്കും ഉത്സാഹവും ഉന്മേഷവും നൽകി.

താൻ ഇനിയും വരുമെന്നും…
വളരെ നീണ്ട ഒരു ബോട്ട് സവാരിയ്ക്കായി ഒരുങ്ങി ഇരുന്നു കൊള്ളുവാനും വാക്ക് കൊടുത്ത് ടോം സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി..!

കിടപ്പ് മുറിയിലെ ജനാലയ്ക്കരികിൽ കിടന്നുറങ്ങാൻ സ്വീറ്റി കുഞ്ഞമ്മയ്ക്ക് വളരെ പ്രിയമാണ് ഇപ്പോൾ..
അടുത്ത പുഴ സവാരിയ്ക്കായി കുഞ്ഞമ്മ ടോമിനേയും കാത്ത് ഇരുന്നു..!

Wednesday, March 21, 2012

എന്റെ പ്രാൺ...!

“കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം.
ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനു പിന്നിൽ ജനിതക കാരണങളാണ്.
ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 1000 ത്തിൽ 2 പേർക്കെങ്കിലും ഓട്ടിസം ഉണ്ട്.
സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.“


**********************************************************************


മുകളിൽ കാണുന്ന അറിവ് ഞാൻ ഗൂഗിളിൽ നിന്ന് ശേഖരിച്ചതാണ്…
അതിനൊരു കാരണവുമുണ്ട്..
പൂർണ്ണമായല്ലെങ്കിലും ഓരോ തരത്തിൽ ഓട്ടിസത്തിന് അടിമപ്പെട്ട കുഞ്ഞുങ്ങൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുവാനും ഇടപഴകുവാനുമുള്ള അവസരങ്ങൾ ഓരോ വർഷവും ലഭിച്ചിരുന്നു എന്നതു തന്നെ..
അതിൽ നിന്നും തന്നെ വ്യക്തമാവുമല്ലോ..1000ല് 2 പേർ എന്ന വസ്തുത എത്ര നേരാണെന്നുള്ളത്..!

സ്ക്കൂളിലെ ആദ്യ ദിനങ്ങൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ തന്നെ ഞങ്ങൾക്കും (അദ്ധ്യാപകർക്കും )
വളരെ സന്തോഷത്തോടേയും ആകാംക്ഷയോടുമുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ്..
ആ കുഞ്ഞു പൂക്കളിൽ വിരിഞ്ഞു നിൽക്കും പൂ പുഞ്ചിരി തൊട്ടറിയുമ്പോൾ അറിയാതെ തന്നെ മനസ്സിൽ പറഞ്ഞു പോകാറുണ്ട്,, എത്ര ഭാഗ്യം ചെയ്തിരിയ്ക്കുന്നു ഞങ്ങൾ എന്ന്..!

അങ്ങനെയൊരു തുടക്കം തന്നെയായിരുന്നു കഴിഞ്ഞ വർഷാരംഭവും..
കുഞ്ഞുങ്ങളെ ഓരോരുത്തരായി കണ്ടും കേട്ടും തൊട്ടും അറിഞ്ഞ് അവരിൽ മുഴുകിയിരിയ്ക്കുന്നതിനിടെയാണ് തറയിൽ മലർന്ന് കിടന്ന് സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്ന അവനെ ശ്രദ്ധയിൽപ്പെട്ടത്..
നമുക്കവനെ പ്രാൺ എന്ന് വിളിയ്ക്കാം..
അവന്റെ പേർ അറിയുമെങ്കിലും അവനെ തറയിൽ നിന്ന് ഉയർത്തി അവനോട് കുശലം ചോദിയ്ക്കുവാൻ തുടങ്ങിയപ്പോഴാ ണ് ശ്രദ്ധയിൽ പെട്ടത്,,
അവൻ ചോദിച്ചതിനെല്ലാം മറുപടി പറയുന്നതിനു പകരം ഏറ്റ് പറയുന്നു…!
അതും ചെവിയിൽ സ്വകാര്യമായി,…ഞങ്ങൾ അല്ലാതെ മറ്റാരും കേൾക്കാത്ത രീതിയിൽ..
അവന്റെ പാതി അടഞ്ഞ കണ്ണുകളും, പതിഞ്ഞ സ്വരവും, അലസ ഭാവവും എല്ലാം കൊണ്ടും അവനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തി..
“Why don’t you play with your friends Pran…?” എന്ന ചോദ്യത്തിനും അവൻ മറുപടി പറഞ്ഞു..,, അതേ ഈണത്തിൽ…“Why don’t you play with your friends Pran…?”
മറ്റു കുട്ടികൾ ശ്രദ്ധിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു..,ചിലർ “Why is he speaking like this maa’m “ എന്നു ചോദിച്ചു കൊണ്ട് അടുത്തു കൂടി..
പ്രാൺ ഇപ്പോൾ ചെറിയ മയക്കത്തിലാണ്…തറയിൽ തന്നെ…
അവനെ അവന്റെ ലോകത്തേയ്ക്ക് വിട്ട് മറ്റു കുഞ്ഞുങ്ങളുമായി കളികളും പാട്ടുകളും തുടർന്നുവെങ്കിലും എന്റെ മനസ്സു മുഴുവൻ അവനിലായിരുന്നു…
വേണ്ട ഇന്നവനെ ശല്ല്യം ചെയ്യെണ്ട..സ്വയം ആശ്വാസിപ്പിച്ചു.
അവനെ കുറിച്ചുള്ള ഒരു വിവരവും തരാതെ മറ്റു കുട്ടികളെ എന്ന പോലെ അവനേയും അവന്റെ അമ്മ വന്ന് കൂട്ടി കൊണ്ടു പോയി…
അത് എന്നിൽ പ്രകടിപ്പിയ്ക്കാനാവാത്ത ഈർഷ്യ ഉണ്ടാക്കി…!
ക്ലാസ്സിലെ ആദ്യ ദിനങ്ങൾ കുട്ടിൾക്ക് Settlement Period ആണ്….
ആ ദിവസങ്ങളിൽ ഓരോ കുഞ്ഞും ടീച്ചറുടെ നിരീക്ഷണത്തിൽ ആയിരിയ്ക്കും..
ഒരു ടീച്ചർ ഓരോ കുഞ്ഞിനേയും പ്രത്യേകമായി പഠിയ്ക്കുന്ന ..മനസ്സിലാക്കുന്ന ദിനങ്ങൾ…!
ഒരു മാസമല്ല, ഒരു ദിവസത്തിനുള്ളിൽ തന്നെ ഞാൻ മനസ്സിലാക്കി പ്രാൺ ഓട്ടിസ്റ്റിക് ആണെന്ന്..
അവനെ എങ്ങനെ ഞാൻ settle ചെയ്യിയ്ക്കും എന്നായിരുന്നില്ല, മറിച്ച്..ദൈവമേ ഓരോ വർഷവും എത്ര കുട്ടികളെയാണ് നീ ഇങ്ങനെ പറഞ്ഞു വിടുന്നത് എന്ന ഒരു തരം അമർഷം ആയിരുന്നു ഉള്ളു നിറയെ…!

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പഠന മുറകളാണ്…
Montessory Method of Teaching ഇത്തരം കുട്ടികൾക്കായി മാത്രം തുടങ്ങിയ ഒരു പഠന രീതി കൂടിയാണ്..
ആ പരിശീലനവും സ്വയത്തമാക്കിയതു കൊണ്ട് പ്രാണിനെ എങ്ങനെ പരിശീലിപ്പിച്ചെടുക്കാം എന്ന വിശ്വാസം ഉണ്ട്..
എന്നാൽ സ്ക്കൂളിൽ Integrated Method of teaching ആയതിനാൽ പ്രാണിന്റെ Settlement Period കുറച്ചധികം നീണ്ടു പോകുമെന്നു മാത്രം…!
പെരുമാറ്റ രീതികളിലും ആശയ വിനിമയങ്ങളിലും മറ്റുള്ള കുട്ടികളിൽ നിന്ന് വേറിട്ട് നിൽക്കുന്നവനാണ് പ്രാൺ..
സൌഹൃദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സദാ സമയവും ദിവാസ്വപ്നങ്ങളിൽ കഴിയുന്ന അവസ്ഥയിൽ നിന്ന് പുറത്തു കൊണ്ടു വരാൻ മറ്റു 29 കുട്ടികൾക്ക് എന്റെ ഒരു കണ്ണും,മറ്റേ കണ്ണ് പ്രാണിനു മാത്രമായി ഞാൻ മാറ്റി വെച്ചു…
മറ്റു കുട്ടികളുടെ സന്തോഷ വേളകളിൽ എന്റെ കണ്ണുകളും കാതുകളും അവനു മാത്രമായി നൽകി ഞാൻ കാത്തിരുന്നു…
ഇതിനിടയിൽ പ്രാണിന്റെ മാതാപിതാക്കളുമായി സംസാരിച്ചതിൽ നിന്ന് മനസ്സിലായി , അവൻ ഒന്നല്ല മൂന്ന് ഡോക്ടറെ കൺസൾട്ട് ചെയ്യുന്നുണ്ടെന്ന്…
ആ മരുന്നുകളുടെ മയക്കവും ആലസവുമാണ് അവന്റെ കണ്ണുകളിൽ..

രണ്ട് മാസങ്ങൾക്കുള്ളിൽ അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി..
അവന്റെ സ്വരം ക്ലാസ്സ് മുറിയിൽ നിന്ന് പുറത്തേയ്ക്ക് അലയടിച്ചു തുടങ്ങി…
കൂവലുകളും, ചിരികളും കൊണ്ട് വീണ്ടും അവൻ മറ്റു കുട്ടികളുടെ മുന്നിൽ ഒരു കളിപ്പാട്ടമായി..
അവൻ ഒരിയ്ക്കൽ പോലും എന്നെ ‘മേം ‘ എന്ന് വിളിച്ചില്ല…
അവന് ഞാൻ മറ്റു കുട്ടികളെ പോലെ ഒരു കൂട്ടുകാരി മാത്രം..
പിന്നീടുള്ള ദിവസങ്ങളിൽ അവന്റെ ചിരികളും ബഹളവും എന്റെ പേർ ഉറക്കെ വിളിച്ചു കൊണ്ടായിരുന്നു…
അങ്ങനെ ഞാൻ അവന്റെ girl friend ആയി…ഒരു നേരമെങ്കിലും എന്റെ ശ്രദ്ധ അവനിൽ നിന്നും ഞാൻ പറിച്ചെടുത്തു എന്ന് അവന് തോന്നിയാലുടൻ വഴക്കായി..ബഹളമായി, കയ്യിൽ കിട്ടിയതെടുത്ത് വലിച്ചെറിയുക,നിലത്തു കിടന്ന് ഉരുളുക എന്നിങ്ങനെയുള്ള വികൃതികളായി..
അവന്റെ ഇത്തരം പെരുമാറ്റങ്ങളെ പിണക്കങ്ങളിലൂടെ ഞാൻ പ്രതിഷേധം അറിയിച്ചു..
അതവന് സഹിയ്ക്കില്ല..
അവന് എന്റെ സ്പർശം, സ്വരം…രണ്ടും അനിവാര്യമായി തുടങ്ങി..
ക്ലാസ്സെടുക്കുമ്പോൾ അവൻ എന്റെ കൂടെ തന്നെ അടുത്തു വന്ന് നിൽക്കും..
അവന്റെ തോളിലോ, മുടിയിഴകളിലോ എന്റെ വിരലുകൾ അവന് അറിയണം..
ഇപ്പോൾ അവൻ എന്റെ ഒരു അസിസ്റ്റന്റ് ആയി എന്നു തന്നെ പറയാം..
ഞാൻ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ ഗ്രഹിച്ച് അവൻ എനിയ്ക്കു മുന്നെ തന്നെ എല്ലാം എനിയ്ക്കു വേണ്ടി ചെയ്തു തന്നു..
അങ്ങനെ കഥ പുസ്തകങ്ങൾ, ഫ്ളാഷ് കാർഡുകൾ, ചാർട്ടുകൾ എല്ലാം അവന്റെ കസ്റ്റഡിയിലായി…!
വളരെ സാവകാശം ഞങ്ങൾ രണ്ടുപേരും കൂടി മറ്റു കുഞ്ഞുങ്ങളുമായി സൌഹൃദങ്ങളിൽ ഏർപ്പെടാൻ തുടങ്ങി…
കുട്ടികളുമായി എങ്ങനെ കൂട്ടുകൂടണം എന്ന് അവൻ അവന്റെ girl friendലൂടെ പഠിച്ചു തുടങ്ങി..
Good manners, Good habits,Discipline,….പൂർണ്ണമായല്ലെങ്കിലും അവൻ എന്തെന്ന് മനസ്സിലാക്കിയിരിയ്ക്കുന്നു…!
അസാമാന ബുദ്ധിശക്തി എന്ന് തെളിയിയ്ക്കുന്നവയായിരുന്നു അവന്റെ ഓരോ പ്രവൃത്തികളും..!
അതെ, വളരെ പെട്ടെന്ന് ഞാൻ മനസ്സിലാക്കി പല കഴിവുകളിലും, പഠനത്തിലും അവൻ മറ്റു കുഞ്ഞുങ്ങളേക്കാൾ മുൻപന്തിയിൽ ആണെന്ന്..ഉം..ഒന്നാമൻ തന്നെ…!
എന്നാൽ ഓട്ടിസ്റ്റിക് സ്വഭാവം അവനിൽ നിന്ന് പാടെ തുടച്ചു മാറ്റാൻ സാധ്യമല്ലാത്തതു കൊണ്ടും,
സാമൂഹിക പക്രിയകളിൽ നിന്നും അവൻ പിൻപന്തിയിൽ ആയതു കൊണ്ടും report cardല് അവന് ടിക്ക് ചെയ്ത കോളങ്ങൾ എല്ലാം തന്നെ Excellent നിന്നും അടുത്ത രണ്ടും മൂന്നും കോളങ്ങളിലേയ്ക്ക് മാറി പോയി..
എന്നാൽ ഞാനും അവനും അവന്റെ മാതാപിതാക്കളും സന്തുഷ്ടരാണ്..
അടുത്ത അദ്ധ്യായന വർഷത്തിലേക്കുള്ള ഒരുക്കങ്ങൾ ഞങ്ങൾ രണ്ട് മാസങ്ങൾക്കു മുന്നെ തുന്നെ തുടങ്ങി..
അവനെ ഞാൻ അവൻ അറിയാതെ സാവകാശം എന്റെ വിരൽത്തുമ്പുകളിൽ നിന്ന് അടർത്തി മറ്റു കുഞ്ഞുങ്ങളുടെ മേൽനോട്ടത്തിൽ ഏൽപ്പിച്ചു..!
അങ്ങനെ ഓരോ ദിവസവും അവന് പുതിയ girl friendനേയും boy friendനേയും കിട്ടി..
അവന്റെ നാവിലിപ്പോൾ എന്റെ പേര് മാത്രമല്ലാ…അവരുടെ പേരുകളും കളിയ്ക്കാൻ തൂടങ്ങിയിരിയ്ക്കുന്നു…
അവൻ എല്ലാവരേയും വിളിച്ചു കൂവി സന്തോഷം പ്രകടിപ്പിച്ചു…!
എനിയ്ക്ക് ഹൃദയം നിറഞ്ഞ സന്തോഷവും തൃപ്തിയും മാത്രം…
ഞാൻ എന്റെ കടമ ഭംഗിയായി നിർവഹിച്ചിരിയ്ക്കുന്നു…!
അടുത്ത അദ്ധ്യയന വർഷത്തിൽ അവൻ എന്നെ കണ്ടാൽ കൈ വീശി അടുത്ത ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്…
അതെ, അവനിൽ പക്വതയും, കാര്യ പ്രാപ്തിയും അറിവും വളർന്നിരിയ്ക്കുന്നു..!
നന്ദി…ഈശ്വരനോട്…!



പ്രാൺ ഒരു പുലർക്കാലെ എനിയ്ക്ക് ഒരു സന്തോഷം നൽകി..
അതെ..ഈ നീല റോസാ പുഷ്പം...!

Wednesday, March 14, 2012

* കുറുമ്പി പെണ്ണ് *



കിറ്റി കുറുമ്പിയെ നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പോലെ അറിയാം..
എപ്പോഴും എന്തെങ്കിലും കുസൃതി ഒപ്പിച്ച് ഓടി ഒളിയ്ക്കുന്ന അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു…!
ഇപ്പോൾ അവളുടെ കുസൃതികൾ എന്താണെന്ന് അറിയാൻ നിങ്ങൾക്ക് വല്ലാത്തൊരു ആകാംക്ഷയില്ലേ…?
പറയാം ട്ടൊ..കേട്ടോളൂ…

ഒരു ദിവസം കിറ്റി പെണ്ണിന്റെ അമ്മ അവളെ കളിയ്ക്കാനായി തുറന്നു വിട്ടു…
“നല്ല പൂച്ചകുട്ടിയായി അടക്കത്തോടേയും ഒതുക്കത്തോടേയും മറ്റുള്ളവരെ ശല്ല്യം ചെയ്യുന്ന തരത്തിൽ കളിയ്യക്കരുത് ട്ടൊ, മോളൂ….“
അമ്മ പിന്നേയും പിന്നേയും കിറ്റി പെണ്ണിനെ ഓർമ്മിപ്പിച്ചു..!
കിറ്റി പെണ്ണ് സന്തോഷത്തോടെ തലയാട്ടി തുള്ളിച്ചാടി ഒന്ന് തിരിഞ്ഞു നോക്കി..
ഹാവൂ…അമ്മ പോയിരിയ്ക്കുന്നു…
അവൾ നേരെ ജുട്ടു നൊച്ചന്റെ മാളം ലാക്കാക്കി ഓടി..
അവനെ ഒന്ന് വിരട്ടിയിട്ടു തന്നെ കാര്യം....!
കിറ്റി പെണ്ണിനെ കണ്ടതും ജുട്ടു നൊച്ചൻ ജീവനും കൊണ്ട് ഓടി മാളത്തിൽ ഒളിച്ചു..!
കിറ്റിയ്ക്ക് ആവേശമായി…
അവൾ തോട്ടത്തിലേയ്ക്ക് തിരിഞ്ഞോടി…അതാ…
പുൽപരപ്പിൽ കുഞ്ഞി കുരുവി തത്തി കളിയ്ക്കുന്നു..
ജുട്ടുവിനെ കിട്ടിയില്ലേൽ കുഞ്ഞി കുരുവി…കിറ്റി മനസ്സിൽ ചിരിച്ചു..!

എന്നാൽ കുഞ്ഞി കുരുവി സൂത്രകാരി ആയിരുന്നു..
കിറ്റി പെണ്ണിനെ കണ്ടതും അവൾ ചെറിയ ഉയരത്തിൽ മാനത്ത് പറന്ന് കളിയ്ക്കാൻ തുടങ്ങി..
അതു കണ്ട കിറ്റിയ്ക്ക് വാശിയായി…
ഹ്മ്മ്...കുഞ്ഞി കുരുവിയ്ക്ക് എന്തൊരു അഹങ്കാരമാ …
ഇന്നു ഞാൻ അവളെ പിടിച്ചതു തന്നെ..
വാശിയേറി കിറ്റി പെണ്ണ് കുഞ്ഞി കുരുവിയെ പിടിയ്ക്കാനായി അടുത്ത് കണ്ട മരത്തിൽ വലിഞ്ഞു കയറി..
പക്ഷേ…മരക്കൊമ്പിൽ ഇരുന്ന് കുഞ്ഞി കുരുവിയെ പിടിയ്ക്കാൻ പോയിട്ട് ഒന്ന് തോടാൻ പോലും സാധ്യമല്ലാന്ന് മനസ്സിലാക്കിയപ്പോൾ കിറ്റി പെണ്ണ് മരത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു…!
അമ്മേ….അവൾ അറിയാതെ നിലവിളിച്ചു പോയി..
താൻ ഒരു മരക്കൊമ്പിൽ തൂങ്ങി കിടക്കുകയാണെന്ന പരിസര ബോധം അപ്പോഴാണ് അവൾക്കുണ്ടായത്…
പിടി വിട്ടാൽ …ദാണ്ടെ മൂക്കും കുത്തി താഴെ…
അവൾക്ക് പേടിയായി….
ഹൊ….ഇച്ചിരി പോലും ചോര പൊടിഞ്ഞാൽ കാറി നിലവിളിയ്ക്കുന്ന ന്റെ കയ്യോ..കാലോ ഒടിഞ്ഞാലുള്ള സ്ഥിതി…ഹൊ…
കിറ്റി പെണ്ണ് രക്ഷയ്ക്കായി ‘മ്യാവൂ…മ്യാവൂ…മ്യാവൂ…’ എന്ന് തൊണ്ട പൊട്ടും വിതം ചീറി കരഞ്ഞു..!


പൂന്തോട്ടത്തിലെ മരങ്ങൾക്കിടയിൽ കള്ളനും പോലീസും കളിച്ചിരുന്ന് ജിമ്മും ജൂലിയും അപ്പോഴാണ് കിറ്റി പെണ്ണിന്റെ അലമുറ കരച്ചിൽ കേട്ടത്..

മര കൊമ്പിൽ തൂങ്ങി കിടക്കുന്ന കിറ്റി പെണ്ണിനെ കണ്ടപ്പോൾ അവർക്ക് സഹതാപം തോന്നി..
പാവം പൂച്ച കുട്ടി, ജിം…വന്നേ…നമുക്കവളെ രക്ഷപ്പെടുത്താം..
ജൂലി ജിമ്മിനോട് സങ്കടം പറഞ്ഞു..
ജിമ്മിനും പാവം തോന്നി, കിറ്റി പെണ്ണിനോട്..
ജിം ഓടി പോയി വീട്ടിൽ പുറകു വശത്തായി ചാരി വെച്ചിരിയ്ക്കുന്ന ഏണി എടുക്കാനായി ഓടി..
ജൂലിയുടെ സഹായത്തോടെ ജിം ആ ഏണി മരത്തിൽ ചാരി വെച്ച്, സാവകാശം മരത്തിൽ കേറിപറ്റി..!
ജിമ്മിനെ അരികിൽ കണ്ടതും കിറ്റി പെണ്ണിന്റെ കണ്ണുകള് തിളങ്ങി…
കുടു കുടേന്ന് വീണുരുണ്ടിരുന്ന കണ്ണുനീർ തുള്ളികൾ പെട്ടെന്ന് നിലച്ചു..
ജിം അവളെ വാരിയെടുത്ത്, സാവകാശം ഏണിയിലൂടെ ഇറങ്ങി…
മരത്തിനു താഴെ നിന്ന് ജൂലി കയ്യടിച്ച് ജിമ്മിനെ പ്രോത്സാഹിപ്പിച്ചു..

ഏണിയിൽ നിന്നിറങ്ങിയതും ജിം കിറ്റി പെണ്ണിനെ കൈകൾക്കുള്ളിൽ നിന്ന് പുല്ലിലേയ്ക്ക് കളിയ്ക്കാനായി വിട്ടു..
കിറ്റി പെണ്ണ് സന്തോഷത്തോടെ ജിമ്മിനും ജൂലിയ്ക്കും ‘മ്യാവൂ …മ്യാവൂ…എന്ന് ചിരിച്ച് നന്ദി അറിയിച്ച്,,
ഒരു നിമിഷം എന്നില്ലാതെ ഒറ്റയോട്ടം വെച്ചു കൊടുത്തു…
എങ്ങോട്ടാണെന്നൊ..?
ജുട്ടുവിന്റെ മാളത്തിലേയ്ക്ക്..,,
ജുട്ടുവിനെ ഒന്ന് പേടിപ്പിച്ച് ഓടിപ്പിച്ചിട്ടു തന്നെ കാര്യം…
കൂടെ.. കൂടെ ..കുഞ്ഞി കുരുവി പരിസരത്തെങ്ങാനും ഉണ്ടോ എന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ടിരുന്നു..!

കൂട്ടരേ…ഇതാണ് കിറ്റി പെണ്ണ്…
അവളുടെ കുറുമ്പ് ഇല്ലാതാക്കാൻ ഒരു സംഭവത്തിനും സാധ്യമാകില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ…?

Sunday, March 4, 2012

!! ഹരിതം !!

ഒരു കുഞ്ഞു കഥയാണ് കേട്ടൊ..
ആരൊക്കെയാ കഥ പറയുന്നവർ എന്നു നോക്കിയ്ക്കേ..
നിയ്ക്ക് ഉറപ്പാ,ന്റെ കൊച്ചു കൂട്ടുകാർക്ക് ഇഷ്ടാവുംന്ന്..!





“എനിയ്ക്ക് കരച്ചിൽ വരുന്നു
എന്നോട് വഴക്കിട്ടു പോയ കൂട്ടുകാരനെ കാണാനില്ലാ..
ഞാൻ ഇനി എവിടെ പോയി അവനെ കണ്ടെത്തും…?“
ഉറുമ്പ്  ഏങ്ങി ഏങ്ങി കരഞ്ഞു..
പെട്ടെന്ന് ആരോ കണ്ണുപൊത്തി...
അതെ.. അത്  അവന്‍ ആയിരുന്നു
ഉറുമ്പിന്‍റെ കൂട്ടുകാരൻ ആന തന്നെ..!
 
ആന ഉറുമ്പിന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു..
“കൂട്ടുകാരീ..
വനങ്ങൾ വെട്ടി നശിപ്പിച്ച മനുഷ്യർ നമ്മുടെ പ്രകൃതിയെ വികൃതമാക്കി..
ഞാൻ ഭയപ്പെടുന്നു,
നമുക്ക്  ഓടിച്ചാടി കളിയ്ക്കുവാനും ഒളിച്ചിരിയ്ക്കുവാനും ഈശ്വരൻ കനിഞ്ഞ മഴകാടുകൾ  തേടി ഇനി നമ്മൾ എവിടെ പോകും..?
ഉറുമ്പും ആനയും അന്ന് മുഴുവൻ ഉണ്ടില്ലാഉറങ്ങീല്ലാ
ആലോചിച്ച് ആലോചിച്ച്  അവസാനം ഒരു  സൂത്രം കണ്ടെത്തി..
എന്തെന്നോ
ഉറുമ്പ് പറഞ്ഞു
‘‘നമ്മുടെ കാടിന്‍റെ അടുത്തുള്ള നാട്ടില്‍ ഒരു കൊച്ച് സ്ക്കൂൾ ഉണ്ട്..
അവിടെ നല്ല സ്നേഹം ഉള്ള മനുഷ്യന്മാരാണ്‍ ഉള്ളത്..
അവരോട്  നമുക്ക് സഹായം ആവശ്യപ്പെടാം..”
ആനയ്ക്കും സമ്മതമായി..
അവർ അപ്പോൾ തന്നെ സ്ക്കൂളിലെത്തി ഹെഡ് മാസ്റ്ററോട് അവരുടെ പ്രശ്നം അവതരിപ്പിച്ചു..
അദ്ദേഹത്തിന്  സഹതാപം തോന്നി,
അദ്ദേഹം അപ്പോൾ തന്നെ അസംബ്ലി കൂട്ടി അദ്ധ്യാപകരോടും കുട്ടികളോടുമായി ഒരു നിർദ്ദേശം പങ്കു വെച്ചു,
എന്തെന്നോ
“നമ്മൾ നമ്മുടെ സ്ക്കൂളിനു ചുറ്റും ദിവസം വെച്ച് ഓരോ ചെടികൾ നടുന്നു..
നമ്മുടെ കാടിന്‍റെ അതിർത്തിയിലും അതു പോലെ ചെയ്യുന്നു..
വീട്ട് മുറ്റത്തും പരിസരത്തും ചെടികൾ നടുവാനുംമരങ്ങളെ സംരക്ഷിയ്ക്കുവാനുമുള്ള  ആവശ്യം മാതാപിതാക്കളേയും അയൽക്കാരേയും ധരിപ്പിയ്ക്കുക..”
ഉറുമ്പിനും ആനയ്ക്കും സന്തോഷം അടക്കാനായില്ല..
അവർ ലോകം കേൾക്കെ ഉറക്കെ പറഞ്ഞു..

“മരങ്ങൾ വെട്ടി നശിപ്പിയ്ക്കും ക്രൂരന്മാരേ
നിങ്ങൾക്കിനിയങ്ങോട്ട്  തോൽവി മാത്രം
ഞങ്ങൾക്ക് ജയം സുനിശ്ചിതം..“
ഒരു മഴപ്പാട്ടും മൂളി അവർ കാട്ടിലേയ്ക്ക് തിരിച്ചു!



Monday, February 20, 2012

ബെന്നി കുട്ടനും അമ്മയും..


ബെന്നിയെ അറിയില്ലേ..?
ഒരു കൊച്ച് കരടി കുട്ടൻ..
ബെന്നി കുട്ടനെ എപ്പോഴും സന്തോഷത്തോടെ മാത്രമേ കാണാറുള്ളു,..
അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്..
അവൻ എപ്പോഴും ആ മൂന്ന് പ്രിയപ്പെട്ട വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടേയിരിയ്ക്കും..
അവ എന്താണെന്നല്ലേ..?
ഒന്ന്..വയറു നിറയെ തേൻ കുടിയ്ക്കുക,
രണ്ട്..അത്യുച്ഛത്തിൽ പാട്ട് പാടുക,
മൂന്ന്..മതി മറന്ന് നൃത്തം ചെയ്യുക.
ഇവ മൂന്നും ഇല്ലാതെ ബെന്നി കുട്ടനെ കാണാൻ അസാധ്യമായിരുന്നു.

ഒരു കുന്നിൻ ചെരുവിലായിരുന്നു ബെന്നി കുട്ടന്റെ താമസം..
എന്നാൽ അവർക്ക് നിത്യവൃത്തിയ്ക്കുള്ള വെള്ളം നൽകിയിരുന്ന വട്ട കിണർ കുന്നിൻ മുകളിൽ ആയത് അവരെ വല്ലാതെ വിഷമിപ്പിച്ചു..
വീട്ടിലെ കുഞ്ഞും മറ്റു ജോലികളൊന്നും ഏൽപ്പിയ്ക്കാൻ ആവാത്തതു കൊണ്ടും കുന്നിൻ മുകളിലെ വട്ട കിണറ്റിൽ നിന്ന് വെള്ളം കോരി കൊണ്ടു വരുന്ന ജോലി ബെന്നി കുട്ടന്റേതായി..
ബെന്നികുട്ടനും എതിർപ്പൊന്നും പ്രകടിപ്പിയ്ക്കാതെ തന്റെ ജോലി കൃത്യമായി നിർവ്വഹിച്ചു പോന്നു..
പക്ഷേ ഒരു പ്രശ്നം..
കയ്യും കാലും വായും വെറുതെ വെയ്ക്കാൻ അറിയാത്ത ബെന്നി കുട്ടൻ,
കുടി വെള്ളം ബക്കറ്റുകളിൽ തൂക്കി കൊണ്ടു വരുമ്പോൾ ആടി പാടി രസിച്ച് കുന്നിൻ ചെരുവിൽ നിന്ന് ഓടി ഇറങ്ങി.,
അപ്പോൾ എന്താണ് സംഭവിയ്ക്കുക…?
രണ്ട് കൈകളിലും നിറഞ്ഞ് തുളുമ്പും ബക്കറ്റുകളിലെ വെള്ളം തൂക്കി കുന്നിൻ ചെരിവിലൂടെ ബെന്നി കുട്ടൻ ഓടി ഇറങ്ങി വീട്ടിൽ എത്തുമ്പോഴേയ്ക്കും കാലിയാകും..
ബെന്നി കുട്ടൻ എത്ര തവണ ശ്രമിച്ചിട്ടും വീട്ടിലേയ്ക്ക് ആവശ്യം വരുന്ന വെള്ളം നിറയ്ക്കുന്ന കൊച്ചു വീപ്പ സന്ധ്യയ്ക്കു മുന്നെ നിറയ്ക്കാനായില്ല.
ബെന്നി കുട്ടൻ ആദ്യമൊന്നും കാര്യമായി എടുത്തില്ലെങ്കിലും, പിന്നീട് അവന് സങ്കടം വരാൻ തുടങ്ങി..
സങ്കടം അടക്കാൻ വയ്യാതായപ്പോൾ അവൻ ഒരു ദിവസം തേങ്ങി തേങ്ങി അമ്മയുടെ മടിയിൽ കിടന്ന് വിങ്ങി പൊട്ടി പറഞ്ഞു,
അമ്മേ…..എനിയ്ക്ക് എന്തു കൊണ്ട് സന്ധ്യയ്ക്കു മുന്നെ വീപ്പ നിറയ്ക്കുവാൻ ഒരിയ്ക്കൽ പോലും ആവുന്നില്ല..?
ബെന്നി കുട്ടന്റെ സങ്കടം അമ്മയ്ക്കും സഹിയ്ക്കാനായില്ല..
ഉടൻ തന്നെ അമ്മ അതിനൊരു പരിഹാരം കണ്ടു..
ബെന്നി കുട്ടന്റെ രണ്ട് കൊച്ച് ബക്കറ്റുകൾക്കും അതിന്റെ അളവിനനുസരിച്ച് മൂടികൾ ഉണ്ടാക്കി കൊടുത്തു..

ഇപ്പോൾ ബെന്നി കുട്ടൻ വളരെ സന്തോഷത്തിലാണ്…
രണ്ട് കൈകളിലും വെള്ളം നിറച്ച അടച്ച ബക്കറ്റുകളോടെ അവൻ ഇഷ്ടം പോലെ തുള്ളിച്ചാടി, ആടിപ്പാടി, ആർത്തു രസിച്ച് കുന്നിൻ ചെരിവുകളിലൂടെ ഓടിയിറങ്ങി..
സന്ധ്യക്കു മുന്നെ ബെന്നി കുട്ടന് വീപ്പ നിറയ്ക്കാനായി..
പെട്ടെന്ന് ജോലി തീർന്ന് വരുന്ന ബെന്നി കുട്ടന് അമ്മ സ്നേഹത്തോടെ വയറു നിറയെ തേൻ വിളമ്പി..
ഇപ്പോൾ ബെന്നി കുട്ടന് മൂന്നല്ല…നാലാണ് വിനോദങ്ങൾ…
എന്താണ് പുതിയ വിനോദം എന്നല്ലേ..?
ഒന്ന്..വയറു നിറയെ തേൻ കുടിയ്ക്കുക,
രണ്ട്..അത്ത്യുച്ഛത്തിൽ പാട്ട് പാടുക,
മൂന്ന്..മതി മറന്ന് നൃത്തം ചെയ്യുക.
നാല്..കുന്നിൻ മുകളിൽ നിന്ന് വെള്ളം നിറച്ച ബക്കറ്റുകളുമായി ഓടി ഇറങ്ങുക..!



കൊച്ചു കൂട്ടരേ..
നമ്മെ സ്നേഹ വാത്സല്ല്യങ്ങൾ കൊണ്ട് പൊതിയുന്ന സ്നേഹ നിധി ആരാണ്..?
ഉം…അതെ, അമ്മ തന്നെ..
നമ്മുടെ കൊച്ചു സങ്കടങ്ങൾ ആവട്ടെ..വലിയ പ്രശ്നങ്ങൾ ആവട്ടെ.. പങ്കു വെയ്ക്കുവാനും സ്വീകരിയ്ക്കുവാനുമുള്ള നിറ കുടമാണ് അമ്മ മനസ്സ്..
നമ്മുടെ ഏത് വിഷമങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം നീട്ടി തരുന്ന അമ്മയെ സ്നേഹിയ്ക്കുക…ബഹുമാനിയ്ക്കുക...!

Tuesday, February 14, 2012

I LOVE YOU...!



Happy Valentine’s Day maa’m..
എന്നും ആശംസിച്ച് ഒരു കുഞ്ഞ് ചുവന്ന റോസാപൂവ് നീട്ടി പുഞ്ചിരിച്ച് നിൽക്കുകയാണ് ആദിത്യ..
Thankyou, same to you and a very Happy Birthday to you dear…എന്ന് തിരിച്ച് ആശംസിച്ച് അവന്റെ കവിളിൽ ഒരു മുത്തം കൊടുത്ത് റോസ് സ്വന്തമാക്കുന്നതിനിടെ മനസ്സിൽ ഓടി വന്നത്, കഴിഞ്ഞ PTM അവന്റെ അമ്മ ചെറു ചിരിയോടേ പറഞ്ഞ കൊച്ചു വർത്തമാനമായിരുന്നു..
“മേം ,ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു..
ഞങ്ങളുടെ വിവാഹ ദിനവും അവന്റെ ജന്മദിനവും ഒരേ ദിവസമാണ്..Feb 14thന്..“
അപ്പോഴേയ്ക്കും മാളവികയും ,അനുഷ്ക്കയും ,സമര്ത്തും ,പ്രണവുമെല്ലാം ചുവന്ന റോസാപൂക്കളുമായി കാത്തു നില്ക്കുകയാണ്, അവരുടെ ഊഴത്തിനായി..
വളരെ സന്തോഷം തോന്നി..
ഇന്ന് എന്റെ കുഞ്ഞുങ്ങൾക്കെല്ലാം പ്രിയപ്പെട്ടവൾ ഞാൻ മാത്രം ആണല്ലൊ എന്ന അടക്കാനാവാത്ത ആഹ്ലാദം..
Feb 14th പ്രിയപ്പെട്ടവരെ ആശംസിയ്ക്കുന്ന ദിവസമാണെന്ന് അവർ അറിഞ്ഞു വെച്ചിരിയ്ക്കുന്നു…
രാവിലെ സ്ക്കൂളിലേയ്ക്ക് പോകാൻ ഒരുക്കുന്നതിനിടെ പറയുന്ന കൊച്ചു വർത്തമാനങ്ങൾക്കിടെ അച്ഛനമ്മമാർ ഇന്നവർക്ക് കൈമാറിയ വിഷയം ഇതായിരുന്നു എന്ന് സാരം..
പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ചെറു വിവരണങ്ങളുടേയും, കഥകളുടേയും, പാട്ടുകളുടേയും രൂപത്തിൽ രസകരമായി അവതരിപ്പിയ്ക്കാറുള്ള അതേ ഉത്സാഹത്തോടെ ഇന്ന് ഞങ്ങൾ ആദിത്യയുടെ ജന്മദിനവും ആഘോഷിച്ചു..
ഇടയ്ക്ക് ആലിയ ഓർമ്മിപ്പിച്ചു , “മേം.. Happy Valentine’s Day എന്നും പാടണം ട്ടൊ..”
പ്രണയം എന്തെന്ന് അറിയാത്ത കുഞ്ഞു മക്കൾക്ക് സ്നേഹം എന്നാൽ എന്തെന്ന് നല്ലപോലെ അറിയാം..
സ്നേഹത്തെ കുറിച്ച് പറയാൻ അവർക്ക് വാനോളം ഉണ്ട്..
സ്നേഹത്തെ കുറിച്ച് ഞാനും പാടി…
അവർ ഏറ്റു പാടി..

I Love You..
You Love Me..
We are a Happy Family
with a big hug and a kiss
for me today,
Do You really Love Me too…
Mummy Daddy…Mummy Daddy..
I Love You…
See your Baby dancing..
See Your Baby dancing..
Just for You..
Just for You…!