Saturday, December 17, 2011

“കുട്ടി വരകള്‍ “



എന്‍റെ ക്ലാസ്സ് മുറിയിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ ആണ്‍ ട്ടൊ..
നിങ്ങള്‍ക്കും വായിച്ചറിയാന്‍ ഇഷ്ടാവും എന്ന് കരുതുന്നൂ..
നമ്മുടെ കാഴ്ചയ്ക്കപ്പുറം  വിചാരങ്ങള്‍ക്കപ്പുറം കുഞ്ഞു മനസ്സുകള്‍ സഞ്ചരിയ്ക്കുന്നു..
 അവര്‍ക്ക്  ഓരോന്നിനോടും ഉള്ള കാഴ്ച്ക്‍പ്പാടുകള്‍ അറിയുമ്പോള്‍  പലപ്പോഴും നമ്മള്‍ അന്തിച്ചു പോകുന്നു..
എന്നാല്‍ തനിച്ചിരുന്ന് നമ്മുടെ ബാല്യം അയവിറക്കുമ്പോള്‍  ഓടി വരുന്നൂ അത്തരം കുസൃതികള്‍..ഇല്ലേ..?
അങ്ങനെ കുറച്ച് കുസൃതികള്‍..

നമ്മളെല്ലാവരും ചിത്രം വരയ്ക്കും, ഇല്ലേ?
ഇല്ലാ എന്നു പറയുന്നവരോട് ചോദിച്ചോട്ടെ,
നിങ്ങള്‍  ഫോണില്‍ സംസാരിയ്ക്കുമ്പോള്‍ ഒരു പേന കയ്യില്‍ ഉണ്ടെങ്കില്‍ എന്തു ചെയ്യും..?
അല്ലെങ്കില്‍  മേശപ്പുറത്ത് വെറുതെ ഇരിയ്ക്കുന്ന ഒരു പേനയും പേപ്പറും നിങ്ങള്‍ വെറുതെ വിടാറുണ്ടോ..?
ഇല്ലാല്ലോ.?
ഒരു കുഞ്ഞിനോട് ഒരു ചിത്രം വരയ്ക്കാന്‍ പറഞ്ഞാല്‍ അവന് അവന്‍റെ കൊച്ചു മനസ്സില്‍ തെളിഞ്ഞു കാണുന്നവ കുത്തി വരയ്ക്കുന്നു..
എന്നാല്‍  മുതിര്‍ന്നവനോ സ്വന്തം മനസ്സില്‍ കാണുന്ന ചിത്രത്തെ പിന്‍  ചെയ്ത് അവനെ വിസ്തരിയ്ക്കുന്നൂ..
“ഹ്മ്മ്… ‘അത് ‘ വരയ്ക്കാന്‍ പറഞ്ഞാല്‍  ‘ഇത് ‘ ആണോ  വരയ്ക്കാ എന്നും ചോദിച്ചു കൊണ്ട് ഒരു മേട്ടവും.. പ്രശംസയുടെ വലിയ ഒരു അംശം ആ തട്ടലില്‍ ഉണ്ടെങ്കിലും അത് മനസ്സിലാക്കാനുള്ള പക്വത ആ കൊച്ചു മനസ്സുകളില്‍ വളര്‍ന്നിട്ടില്ല..
അവര്‍ക്ക്  നേരിട്ടു തന്നെ എല്ലാം വേണം..
അതാണ്‍ കുഞ്ഞു മനസ്സുകള്‍!
ഇനി നിങ്ങളോട് ഒരു സൂര്യനെ വരയ്ക്കാന്‍ പറഞ്ഞാലോ..
അതാ.. ഒരു വട്ടം വരച്ചു.. മഞ്ഞ നിറം കൊണ്ട് നിറയ്ക്കുകയും ചെയ്തു ഇല്ലേ..?
നീലാകാശത്തെ പറവകളാണെങ്കിലോ..അഞ്ചാറ്  vvvvv വരച്ചാല്‍ ദൂരെ പറക്കുന്ന പറവകളായി..
അങ്ങനെ എത്രയെത്ര കൊച്ചു സാങ്കല്പിക ചിത്രങ്ങള്‍..

ഞാന്‍ ..എനിയ്ക്ക്  വലിയ സന്തോഷം പകര്‍ന്ന കുഞ്ഞു കുഞ്ഞു അനുഭവങ്ങള്‍ പറയാം..
ഒരു ദിവസം
ഞാന്‍ എന്‍റെ 4 വയസ്സിനിടയ്ക്കുള്ള 30 മക്കളോട്  B for BAT വരയ്ക്കാന്‍ ആവശ്യപ്പെട്ടു..
നിമിഷങ്ങള്‍ക്കകം  29 പേരും സച്ചിന്‍റെ BAT വരച്ച് വന്നു..
എന്നാല്‍ ഒരാളുണ്ട്  വര തീരാതെ കുമ്പിട്ട തല പൊക്കാതെ ഇരുന്ന് ചക്രശ്വാസം വലിയ്ക്കുന്നു..
അവന്‍ വവ്വാലിനെ വരയ്ക്കുകയാണ്‍..
എന്‍റെ കണ്ണുകള്‍ക്ക് മാത്രമല്ല മനസ്സിനേയും പിടിച്ചടക്കാന്‍ പറ്റാത്ത സംഭവം എന്നു തന്നെ പറയാം..
എല്ലാവര്‍ക്കും ഓരോ മുത്തം കൊടുത്തപ്പൊ ആരും കാണാതെ.. അവന്‍ പോലും അറിയാതെ അവന്‍  രണ്ട് മുത്തം കൊടുത്ത്  എന്‍റെ സന്തോഷം അറിയിച്ചു ഞാന്‍ അവരെ..

ഇനി മറ്റൊരു സംഭവം പറയാം..
സൂര്യന്‍, മരം, വീട്, പുല്ല്, പൂവ്, കിളിഇവയെ എല്ലാം വരച്ചു പഠിച്ച മക്കളോട് അന്നത്തെ  ക്ലാസ്സില്‍ പറഞ്ഞു,
നമ്മള്‍ ഇന്ന് പഠിച്ച കൊച്ചു ചിത്രങ്ങളെ എല്ലാം ചേര്‍ത്ത് ഒരു സീനറി വരയ്ക്കാന്‍ പോവുകയാണ്‍..
ഓരോന്നിനും അതാത് സ്ഥാനങ്ങള്‍ കൊടുത്ത് വരച്ച് കാണിച്ച് അവരോടും വരയ്ക്കാന്‍ ആവശ്യപ്പെട്ടു..
അപ്പോഴുണ്ട് ഒരു മിടുക്കിയുടെ ചിത്രത്തില്‍ രണ്ട് സൂര്യന്‍..
ഇതെന്താ  മോളൂ..നമ്മള്‍ എന്നും ചൊല്ലി പഠിയ്ക്കുന്നതല്ലേONE – 1, one and only 1 SUN എന്ന്..
അപ്പോള്‍ തീരെ ഗൌരവം വിടാതെ അവളും പറഞ്ഞു,
“എന്‍റെ വീട്ടില്‍ വെച്ച് എന്നും രാവിലെ ഞാന്‍ ഒരു സൂര്യനെ കാണാറുണ്ട്,
പിന്നെ കളിയ്ക്കാനായി വൈകീട്ട് അമ്മമ്മേടെ വീട്ടില്‍ പോകുമ്പോള്‍  അവിടെ വെച്ചും ഒരു സൂര്യനെ കാണാറുണ്ട്..
ഞാന്‍ ഒരാളെ വരച്ചാല്‍ മറ്റേ ആള്‍ക്ക് സങ്കടാവില്ലേ..അതാണ്‍ ട്ടൊ..”
ആ മിടുക്കിക്കിയ്ക്ക് ഉച്ചയ്ക്ക് കാണുന്ന സൂര്യനെ കുറിച്ചു കൂടി പറഞ്ഞു കൊടുക്കേണ്ടി വന്നു..!

ഇനി ഇതാ വേറൊരു മിടുക്കി..അവള്‍ വരച്ച സൂര്യാകാന്തിയ്ക്ക് കറുപ്പ് മുതലുള്ള 12 നിറങ്ങളും കൊടുത്തിരിയ്ക്കുന്നു..
അതിന്‍ അവള്‍ പറഞ്ഞ ന്യായം
“ഇന്നലെ കിട്ടിയ പുതിയ കളര്‍ പെന്‍സിലുകളാമൊത്തം നിറങ്ങളും നിയ്ക്ക് ന്റ്റെ സൂര്യാകാന്തിയില്‍ കാണണം..ടീച്ചറിന്റ്റെ മഞ്ഞ സൂര്യാകാന്തിയെ നാളെ വരയ്ക്കാം ട്ടൊ, എന്ന്..
 

കൊച്ചു കുഞ്ഞുങ്ങളെ അക്ഷരങ്ങള്‍ പഠിപ്പിയ്ക്കുന്നതോടൊപ്പം അതാത് അക്ഷരങ്ങളില്‍ തുടങ്ങുന്ന  ചിത്രങ്ങളും വരയ്കാന്‍ പഠിപ്പിയ്ക്കുന്നത് ഞങ്ങളുടെ ടീച്ചിംഗ് പ്ലാനില്‍  മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങളായി..
അവരുടെ കൈവിരലുകളിലൂടെ അറിഞ്ഞും അറിയാതേയും കോറി  വരഞ്ഞു പോകുന്ന ചിത്രങ്ങളെ അവര്‍ എന്നും കാണ തക്ക രീതിയില്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ പിന്‍ ച്യ്തിടുമ്പോഴുണ്ടാകുന്ന അവരുട അഭിമാനിയ്ക്കുന്ന മുഖങ്ങളും തിളങ്ങുന്ന കണ്ണുകളും ഒന്നു കാണണ്ടതു തന്നെയാണ്‍..
അവരുടെ ആ ആനന്ദം മനസ്സിന്‍ നല്‍കുന്ന തൃപ്തിയും സന്തോഷവും എത്രയെന്ന് പറയാന്‍ വയ്യ..!

ഇതെന്‍റെ അനുഭവം..
നിങ്ങള്‍ക്കുമില്ലേ..നിങ്ങളുടെ കുഞ്ഞു നാളുകളിലെ അനുഭവങ്ങള്..
അല്ലെങ്കില്‍  സ്വന്തം കുഞ്ഞുങ്ങളുടെ അനുഭവങ്ങള്‍..
വരൂപങ്കു വെയ്ക്കൂ……PLEASE………!

24 comments:

  1. ഇതുവായിയ്ക്കുമ്പോള്‍ അറിയാതെ മനസ്സില്‍ പുഞ്ചിരിവിരിഞ്ഞുകൊണ്ടേയിരുന്നു.. ചിലയിടങ്ങളില്‍ വിടര്‍ന്നു പൊട്ടിചിരിച്ചു. സന്തോഷമായി.. ഇനി ഇത് വായിയ്ക്കുന്നവരുടെ മനസ്സിലും ഇതുപോലുള്ള വികാരങ്ങള്‍ തന്നെയായിരിയ്ക്കും...

    കുഞ്ഞുമനസ്സുകളിലെ ജിഞ്ജാസ, അവരുടെ ചോദ്യങ്ങള്‍ക്കുത്തരം പറയുവാന്‍ മുതിര്‍ന്നവര്‍ ചിലപ്പോള്‍ വളരേയേറെ കഷ്ടപ്പെടേണ്ടിവരും.. ചിലത് നമുക്ക് അന്യായമായി തോന്നുന്നുവെങ്കിലും, എന്തെങ്കിലും പറഞ്ഞ് ഊരിപ്പോരാന്‍ പാട് പെടേണ്ടി വരും.. നമ്മുടെ ഉത്തരങ്ങള്‍ അവരെ സാറ്റിസ്ഫൈഡ് ചെയ്യുന്നില്ലെങ്കില്‍ വീണ്ടും വീണ്ടും കുത്തികുത്തി ചോദിച്ച് കൊണ്ടേയിരിയ്ക്കും.. ഇത് പറഞ്ഞപ്പോള്‍ കുഞ്ഞു നാളീലെ ഒരു സംഭവം ഓര്‍ക്കുന്നു.. എന്റെ ഒരു ബന്ധുവുണ്ട്, ആള്‍ടേ പേര് ഇറ്റാമന്‍ എന്നാണ്, വലിയ കൊമ്പന്‍ മീശയൊക്കെ വെച്ച് അരയില്‍ ചെത്തുകത്തിയൊക്കെയായി.. കുട്ടികള്‍ക്ക് ഇറ്റാമേട്ടനെ അത്രയ്ക്കും പേടിയായിരുനു.. ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കാനും, വികൃതികുറയ്ക്കാനുമൊക്കെയായി ആ പരിസരത്തുള്ള അമ്മമ്മാര്‍ ഇറ്റാമേട്ടന്റെ അ രൂപം ഒരു ആയുധമാക്കി.. ദാ വരണൂ ഇറ്റാമേട്ടന്‍ എന്ന് കേട്ടാല്‍ ചടപടാന്നാവും വീട്ടില്‍ കയറുക.. ഇറ്റാമേട്ടന്റെ കൊമ്പന്‍മീശയെന്നും എനിയ്ക്കൊരു ഉത്തരമില്ല ചോദ്യമായിരുന്നു.. എന്നും വൈകുന്നേരം അമ്മയുടെ കൂടെ കിടക്കുമ്പോള്‍ അമ്മയോട് ഇറ്റാമേട്ടന്റെ മീശയെങ്ങിനെയാ ഉണ്ടായെന്ന് ചോദിച്ച് ടോര്‍ച്ചര്‍ ചെയ്തുകൊണ്ടേയിരിയ്ക്കും.. പാവം അമ്മ... :-)

    അതുപോലെ തന്നെ കുട്ടികള്‍ക്ക് ചിലവാക്കുകള്‍ പെട്ടന്ന് ക്ലിക്കാകും.. ഈ അടുത്തകാലത്തുണ്ടായ ഒരു സംഭവം പറയാം.. ഏട്ടത്തിയുടെ ബ്രദറിന് ഒരു മോനുണ്ട്.. സ്വത്തുട്ടന്‍. മഹാ കുറുമ്പന്‍; മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ.. അവന്റെ ചോദ്യശരങ്ങള്‍ ഏല്‍ക്കാന്‍ ഭീഷ്മപിതാമഹനു പോലും കഴിയീല്ല.. ദിവസം ഒരു പതിനായിരം ചോദ്യം ചോദിയ്ക്കും.. ഒരു ദിവസം ഇതുപോലെ സ്വത്തുട്ടന്‍ അവന്റെ അച്ഛനോട് എന്തോ ചോദിച്ചു.. ഉത്തരം പറഞ്ഞുകൊടുക്കാന്‍ കുഴഞ്ഞ് ആള് പറഞ്ഞു അതു “ഡിസ്സൂട്ട്” ആണഡാ ഉണ്ണീന്ന് (വെറുതെ എന്തോ പറഞ്ഞ് ഒഴിഞ്ഞതാ).. ഹഹഹ.. അവനത് ക്ലിക്കായി.. “ഡിസ്സൂട്ട്” കുറേ നാളുകള്‍ക്ക് ശേഷം ഇതുപോലെ എന്തോ ചോദ്യച്ചപ്പോള്‍ ഉത്തരം പറയാന്‍ പറ്റാതെ കുഴയുന്നത് കണ്ടപ്പോള്‍ അവന്‍ ചോദ്യക്ക്യാ.. അച്ചാ ഇതും ഡിസ്സൂട്ടാണോന്ന്.. ഹിഹിഹി.. ഉത്തരമില്ലാത്തതൊക്കെ ഇന്നവന് “ഡിസ്സൂട്ടാണ്”

    ആശംസകള്‍ വര്‍ഷിണീ!
    കൃസ്തുമസ്സ് പുതുവര്‍ഷ ആശംസകള്‍!!!

    ReplyDelete
  2. ഒന്നും ഓര്മ വരുന്നില്ല .. കുഞ്ഞുങ്ങള്‍ വീട്ടില്‍ ഉണ്ടെങ്കിലും അവരുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ പറ്റുന്നില്ല ...
    ഫോണ്‍ വിളിക്കുമ്പോള്‍ ഉമ്മ പറയാറുണ്ട് അക്കൂന്റെ വിശേഷം (niece)
    അക്കൂനു എല്ലാത്തിലും ഫസ്റ്റ് ആവണം ..
    ഒരിക്കല്‍ ഉമ്മ ചോറ് കൊടുത്തപ്പോള്‍ അക്കൂനു സംശയം നമ്മള്‍ എപ്പോഴാ സ്വര്‍ഗത്തില്‍ പോകുവാ എന്ന് .. അപ്പൊ ഉമ്മി പറഞ്ഞു ഉമ്മി മരിച്ചിട്ട് സ്വര്‍ഗത്തില്‍ പോകും എന്ന് .. അപ്പൊ അക്കു പറയുവാ , ഉമ്മിനെ ഞാന്‍ മരിക്കാന്‍ വിടൂല എന്ന്,
    ഉമ്മാക്ക് സന്തോഷായി .. അടുത്ത ഉരുള വായില്‍ നിന്നും ഇറക്കിയതിനു ശേഷം അക്കു പറയുവാ , ഉമ്മ പോയാല്‍ എങ്ങനെ ശെരിയാവും , എനിക്ക് ആദ്യം സ്വര്‍ഗ്ഗത്തില്‍ എത്തണ്ടേ, .... :(

    ReplyDelete
  3. ഒരിക്കല്‍ എന്റെ ഭാര്യ ഫോണ്‍ ചെയ്തു ചോദിച്ചു ,നിങ്ങളുടെ മകന്റെ ഒരു പുതിയ സംശയം ഉണ്ട് ..ഒന്നു തീര്‍ത്തു കൊടുത്തെക്കൂ എന്നു ,സംശയം വളരെ നിസ്സാരമായിരുന്നു ,"പേനയുടെ അനിയനാണോ പെന്‍സില്‍ എന്നു" !!!

    കുഞ്ഞ് ലോകം നിഷ്കളങ്കമാണ് ..അവരോടു ഇടപഴകാന്‍ അതിലും നിഷ്കളങ്കമായ ഒരു മനസ്സുവേണം....

    വര്‍ഷിണീ നല്ല കുറിപ്പു

    ReplyDelete
  4. നമ്മുടെ കാഴ്ചയ്ക്കപ്പുറം വിചാരങ്ങള്‍ക്കപ്പുറം കുഞ്ഞു മനസ്സുകള്‍ സഞ്ചരിയ്ക്കുന്നു..
    വായിക്കാനും ആ കുഞ്ഞു മനസുകളെ അറിയാനും നല്ല രസമാണ്... ഇത്തരം അനുഭവങ്ങള്‍ ഇനിയും പങ്കുവെക്കൂ ടീച്ചര്‍...

    ReplyDelete
  5. ഞാന്‍ ഒരദ്ധ്യാപകന്‍ അല്ല ഇത് പോലെ ഉള്ള അനുഭവങ്ങള്‍ ഇല്ല
    പക്ഷെ ഒന്‍പതു കൊല്ലത്തെ വിദ്യാര്‍ഥി ജീവിതത്തിന്റെ അനുഭവത്തില്‍ ഒരു കാര്യം പറയാം കുട്ടികളെ ആദ്ധ്യപകര്‍ പഠിക്കുമ്പോള്‍ നന്മ ഉതകുന്ന രീതിയില്‍ ഉള്ള കുട്ടികളുടെ ഇച്ചകള്‍ക്കനുസരിച്ചു ക്ലാസ് നയിക്കാന്‍ കഴിഞ്ഞാല്‍
    അതൊരു അദ്ദ്യപകന്റെ വിജയം ആണ് കാര്യങ്ങള്‍ കുട്ടികള്‍ക്ക് വളരെ വെക്തമായി manassilaakkal വളരെ ഈസി ആവും അല്ലാത്ത പക്ഷം കുട്ടികളുടെ അടുത്ത പട്ടാള ചിട്ടയുടെ രീതിയില്‍ ക്ലാസ് നടത്തിയാല്‍ കുട്ടികള്‍ക്ക് തലവേദന എടുക്കല്‍ കൂടും എന്നല്ലാതെ തലയിലേക്ക് ഒന്നും കയറില്ല

    ReplyDelete
  6. കുഞ്ഞു കുഞ്ഞനുഭവങ്ങൾ.. മനോഹരമായ വിവരണം..!! വീണ്ടും വീണ്ടും പങ്കുവക്കൂ..!!

    ReplyDelete
  7. കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ ....
    നന്നായിട്ടുണ്ട് ...ആശംസകള്‍

    ReplyDelete
  8. ആ നിഷ്കളങ്കതയുടെ ലോകത്ത് തന്നെ ജീവിക്കാന്‍ കൊതിക്കുന്നു...
    വിനുവേച്ചിയുടെ കൊച്ചനുജനായിരിക്കട്ടെ ഞാനെന്നും...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  9. ആദ്യത്തെ കുട്ടിയെ (വവ്വാല്‍ ചിത്രം )എനിക്ക് ഒത്തിരി ഇഷ്ടായി.വേറിട്ട് ചിന്തിക്കുന്നവര്‍ വിജയിക്കുന്നു .എന്റെ വക ഒരു പനനീര്‍ പൂവ് അവനിരിക്കട്ടെ ..

    ReplyDelete
  10. ടീച്ചറിന്റെ രസകരമായ അനുഭവങ്ങള്‍ വായിച്ചപ്പോ പുഞ്ചിരി വിരിഞ്ഞു , കുട്ടിക്കാലത്ത് എന്റെ സംശയങ്ങള്‍ ആയിരുന്നു ഭൂമി തിരിയുന്നുണ്ടോ എന്നത് നമ്മുടെ ചുട്ടുപാടുകള്‍ക്ക് ഒരു മാറ്റവും വരാതെ എങ്ങനെ ഭൂമി തിരിയും ഞാന്‍ പല പരീക്ഷണങ്ങളും ചെയ്തു നോക്കിയിട്ടുണ്ട് പക്ഷെ ഭൂമി തിരിയുന്നില്ല , പിന്നെ ടീച്ചര്‍ ആദ്യം പഠിപ്പിച്ചു ഭൂമി അച്ചുതണ്ടില്‍ കറങ്ങുന്നു എന്ന് പിന്നെ പറഞ്ഞു അത് സാങ്കല്‍പ്പികം ആണെന്ന് അപ്പൊ പിന്നെയും സംശയം , വലിയ സംശയം മൊട്ടപോലിരിക്കുന്ന ഭൂഗോളം കണ്ടപ്പോ ഭൂമിയിലെ അപ്പുറതുള്ളവര്‍ തലകുത്തിയല്ലേ നിലക്കൂ എന്നായി ഇതൊകെ കുറെ കാലം ചുമന്നു നടന്ന സംശയങ്ങള്‍ ആണ് .. കുഞ്ഞുങ്ങള്‍ക്കും ടീച്ചര്‍ക്കും സ്നേഹാശംസകളോടെ പുണ്യവാളന്‍

    ReplyDelete
  11. നല്ല പോസ്റ്റ്‌ വര്ഷിണീ..........നമ്മുടെ തിരക്ക് (?) പിടിച്ച ഈ ജീവിതത്തിനിടക്ക്
    നാം കാണാതെ പോകുന്നതും ഈ കുഞ്ഞു മനസ്സു തന്നെ !

    ReplyDelete
  12. കുഞ്ഞു മനസ്സുകള്‍ക്ക് പറയുവാന്‍ ഏറെയുണ്ട്. കേള്‍ക്കുവാന്‍ നമുക്ക് സംയില്ല. അതാണ്‌ പ്രശ്നം..

    ReplyDelete
  13. അവരര്‍ക്ക് ഇനിയും പറയാന്‍ ഒരു പാട്

    ReplyDelete
  14. നന്നായിട്ടുണ്ട്....
    ഇതു വായിച്ചപ്പോള്‍ മനാസിലേക്കോടി വന്ന കുട്ടി(വലിയ?) കാര്യങ്ങള്‍ ഒരു പാടുണ്ട്...പറയാം എപ്പഴെങ്കിലും... ഇപ്പോള്‍ വര്‍ഷിണിയുടെ പറയൂ ( എന്നും ഓരൊ അനുഭവങ്ങളാണല്ലൊ ആ 30 കുസൃതികളുടെ..) അത് കേള്‍ക്കാനാ ഇഷ്ടം...

    ReplyDelete
  15. വളരെയേറെ ഇഷ്ടമായി കൊച്ചുകുഞ്ഞുങ്ങളുടെ
    വിഷയങ്ങള്‍ വളരെ രസകരമായി ടീച്ചര്‍ അവതരിപ്പിക്കുന്നതില്‍. കുറെയേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ ലൈബ്രറിയില്‍ നടത്തിയിരുന്ന സൌജന്യട്യൂഷന്‍റെ
    ചുമതലക്കാരനും മാഷും ഞാനായിരുന്നു.കുറെക്കാലം
    അതു നടത്താന്‍ കഴിഞ്ഞു.ഞാന്‍ ഗള്‍ഫില്‍ പോയി.
    തിരിച്ചുവന്നപ്പോള്‍ സമീപമുള്ള സ്കൂളിലെ
    പി.ടി.എ.പ്രസിഡന്റ്.
    ഇപ്പോള്‍ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയില്‍.
    അതുമൂലം കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍
    കഴിയുന്നു.
    ഞാന്‍ പറയാന്‍ വന്നത് ടീച്ചര്‍ പറഞ്ഞതുപോലെ
    ഇളംമനസ്സുകളില്‍ കൊച്ചുചെറുപ്പത്തില്‍ പാകുന്ന
    വിത്തുകള്‍ സദ്ഫലങ്ങള്‍ നല്‍കുമെന്നത് ഉറപ്പാണെന്നാണ്.
    ഏതാണ്ട് 55 വര്‍ഷങ്ങള്‍ക്കുമുമ്പ് എന്നെ മൂന്നാംക്ലാസില്‍ പഠിപ്പിച്ച അഭിവന്ദ്യ വാസുമാഷ്
    തന്ന ഉപദേശങ്ങള്‍ സ്മരിക്കുകയാണ്.
    "നിങ്ങള് നല്ല കുട്ടികളായി വളരണം.അച്ഛനെയും
    അമ്മയെയും അനുസരിക്കണം,സഹായിക്കണം.
    ആണ്‍കുട്ടികളായാലും അമ്മയ്ക്ക് അടുക്കളയില്‍
    ചെറിയചെറിയ സഹായങ്ങള്‍ ചെയ്തു കൊടുക്കണം.
    കൂട്ടുകാരെയും സഹായിക്കണം.വഴക്ക് കൂടരുത്.
    ചീത്ത കൂട്ടുക്കെട്ടില്‍ കൂടരുത്.പെണ്‍കുട്ടികളെ
    പെങ്ങന്മാരായി കാണണം നിങ്ങളില്‍ താഴെയുള്ളവരെ
    അനിയത്തിമാരായും,മൂത്തവരെ ചേച്ചിമാരായും അമ്മമാരുടെ പ്രായമുള്ളവരെ
    അമ്മമാരായും വിചാരിച്ച് പെരുമാറണം.ഒരിക്കലും
    ചീത്തവാക്കുകള്‍ പറയരുത്.പഠിക്കേണ്ടത്
    സമയാസമയങ്ങളില്‍ പഠിക്കുക............."

    ആ വാക്കുകള്‍ ദീപ്തസ്മരണകളായി എന്നില്‍
    നിലനില്ക്കുന്നു.
    അതാണ് ഗുരുനാഥന്മാര്‍!.
    ടീച്ചറുടെ ആ വഴിക്കുള്ള ചിന്തകളും,പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്.
    അഭിനന്ദനങ്ങള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  16. ന്റെ കൂട്ടുകാരി പറയാന്‍ ആണേല്‍ കുറെ ഉണ്ട് ...അതുകൊണ്ട് ഞാന്‍ ഒക്കെ പിന്നെ പറയാം ട്ടോ ? നല്ല നല്ല അനുഭവങ്ങള്‍ ഇനിയും എഴുതി ഒക്കെ ഓര്‍മ്മപ്പെടുത്തിക്കോളൂ ട്ടോ ? മറക്കാത്ത കുട്ടിക്കാലഓര്‍മ്മകള്‍ മനസ്സിന്റെ ഒരു കോണില്‍ വച്ചു ഇപ്പോളും അതോര്‍ത്ത് സന്തോഷിക്കാറുണ്ട് ഞാന്‍ ...

    ReplyDelete
  17. കൊച്ചുമുതലാളി..അതെ , എല്ലാവരിലും പുഞ്ചിരി വിടര്ന്നിരിയ്ക്കുന്നു..
    ഒന്നു പുറകോട്ട് നോക്കിയ്ക്കേ, ദേ നിക്കുന്നൂ മീശ പിരിച്ചോണ്ട് ഇറ്റാമേട്ടന്.. !
    ഇടയ്ക്ക് നിയ്ക്കും ഡിസ്ക്കുട്ടാവാറുണ്ട് ട്ടൊ…!

    YUNUS.COOL..അക്കുമോന് ഇപ്പോഴും ഉമ്മയെ വെള്ളം കുടിപ്പിച്ചോണ്ടിരിയ്ക്കായിരിയ്ക്കുമല്ലേ..
    ന്റ്റെ സ്നേഹം കൊടുക്കണേ…!

    sunil vettom ..സത്യത്തില് മോന് ചോദിച്ചതിലും കാര്യമില്ലേ..അവര് ബന്ധുക്കള് ആയിരിയ്ക്കുമോ…?

    Pradeep Kumar…തീര്ച്ചയായും..നന്ദി ട്ടൊ…!

    കൊമ്പന്…എന്നാലും ഒരു ബാല്യകാല അനുഭവം പങ്കു വെയ്ക്കായിരുന്നു…കട്ടീസ്….!

    ആയിരങ്ങളില് ഒരുവന്…സ്നേഹം ട്ടൊ…!

    Nilesh …നന്ദി…സ്നേഹം ..!

    Sandeep.A.K ..ആര്ക്കാ ഒരു തിരിച്ചു പോക്ക് ആഗ്രഹമില്ലാത്തത് അല്ലേ…കുഞ്ഞനുജന് ഒത്തിരി സ്നേഹം ട്ടൊ..!

    കാഴ്ചക്കാരന്..തീര്ച്ചയായും, സ്നേഹം പങ്കിടാം…!

    ഞാന് പുണ്യവാളന്..നമ്മളെ മക്കാറാക്കുന്ന ഒരു ഭയങ്കരന് തന്നെ ആണല്ലേ ഭൂമിയും, അപ്പുറവും ഇപ്പുറവുമുള്ള ഇന്ധ്യയും അമേരിക്കയും…ഒരു ദിവസം ഒരു മിടുക്കന് ചോദിച്ചു,..എന്താ ഇന്ധ്യന് പതാക അമേരിക്കയില് ഇല്ലാത്തതെന്ന്…അന്നത്തെ ദിവസം ഞങ്ങളെല്ലാവരും അമേരിക്കയിലായിരുന്നു…!
    ഒത്തിരി സ്നേഹം ട്ടൊ…!

    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, Jefu Jailaf , ഷാജു അത്താണിക്കല്..അതെ…ഇച്ചിരി നേരം അവര്ക്കു വേണ്ടി മാറ്റി വെയ്ക്കാ..അത്രമാത്രം..!

    sameeran..ടൈപ്പ് ചെയ്യാന് മടിച്ചിട്ടാണ് ഓടി പോയതെന്ന് നിയ്ക്ക് അറിയാം ട്ടൊ…പിറകെ ഓടി വന്ന് പിടിയ്ക്കുമേ..!

    c.v.thankappan…അങ്ങയുടെ പങ്കുവെയ്ക്കല് വളരെ സന്തോഷം തരുന്നു..സ്നേഹാദരങ്ങള്..
    “മാതാ പിതാ ഗുരു ദൈവം”..ഇളം മനസ്സുകളില് ഗൌരവ പ്രാധാന്യത്തോടെ മനസ്സിലാക്കിയ്ക്കാന് കഴിഞ്ഞതില് ഞാനും സംതൃപ്തയാണ്….ആ ഭയ ഭക്തി ബഹുമാനം അവരില് നിലനില്ക്കാന് പ്രാര്ത്ഥനകള്..!

    kochumol…സ്നേഹം..സന്തോഷം…തീര്ച്ചയായും ആ പങ്കു വെയ്ക്കലിന് കാത്തിരിയ്ക്കാണ്…!

    നന്ദി പ്രിയരേ….സ്നേഹം…!

    ReplyDelete
  18. കുഞ്ഞുങ്ങളില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട് .കഴിഞ്ഞ ദിവസം മോള്‍ ചോദിച്ചു "ഞാനെങ്ങനെയാ ഉണ്ടായേ ,"ഞാന്‍ പറഞ്ഞു "ഉമ്മീടെ വയറ്റീന്നു "ഉമ്മീടെ വയറ്റില്‍ എങ്ങനെ ?"അത് വപ്പീം ഉമ്മീം കല്യാണം കഴിച്ചതോണ്ടാന്നു പറഞ്ഞു തടി തപ്പി .അപ്പുറത്തെ വീട്ടിലെ പശു പ്രസവിച്ചു എന്ന് പറഞ്ഞപ്പോള്‍ ചോദ്യം ഉടനെ വന്നു ,"ആ പശു ആരെയാ കല്യാണം കഴിച്ചത് "?

    ReplyDelete
  19. കല്ല്യണം കഴിച്ച ആളെ കാണിച്ചു കൊടുത്തെങ്കില്‍ അടുത്ത ചോദ്യം വന്നേനെ ,ഏത് അമ്പലത്തില്‍ വെച്ചായിരുന്നു കെട്ട്..എന്ന്..അല്ലേ..ഇച്ചിരി കുഴപ്പിച്ചു അല്ലേ.. :)

    ഒരു മിടുക്കി ഉണ്ടായിരുന്നു, എപ്പഴും സങ്കടം...അച്ഛന്‍റേം അമ്മടേം കല്ല്യാണത്തിന്‍ ന്നെ കൂട്ടീല്ലാന്നും പറഞ്ഞ് ...അവസാനം അവരുടെ ഒരു കല്ല്യാണ ഫോട്ടോയില്‍ മോളെ കൂടി എഡിറ്റ് ചെയ്ത് ചേര്‍ക്കേണ്ടതായി വന്നു അവര്‍ക്ക്..!

    തുടക്കത്തില്‍ കുഞ്ഞു മനസ്സുകളെ മുടന്തന്‍ ന്യായങ്ങളും മറ്റും കൊണ്ട് ആശ്വാസിപ്പിയ്ക്കുന്നത് അവര്‍ക്ക് ഒരു ആശ്വാസമാണ്‍,മുതിര്‍ന്നവര്‍ക്കും..സാവകാശം അവര്‍ യാഥര്‍ത്ഥ്യങ്ങളുമായി അറിയാതെ ഇടപഴകി വാസ്തവങ്ങളില്‍ എത്തിപ്പെടുന്നു...!

    ReplyDelete
  20. ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍ വര്‍ഷിണി!

    ReplyDelete
  21. കുട്ടികളുടെ ലോകത്തേക്ക് കൊണ്ട് പോയ ഈ എഴുത്തിന്
    ഒരു പാടു നന്ദി
    എന്തു കൊണ്ട് എന്തു കൊണ്ട്
    കാക്ക പറക്കുന്നത് എന്തു കൊണ്ട് ???
    എന്തു കൊണ്ട് എന്തു കൊണ്ട്
    .......... ?
    .......... ?
    അവരുടെ അറിയാനുള്ള സ്വതന്ത്രിയത്തെ നാം നിഷേധിക്കരുത്,
    അവരുടെ കൌതുകം ഉണര്‍ത്തുന്ന ഓരോ ചോദ്യവും നിറഞ്ഞ മനസ്സോടും
    ക്ഷമയോടും കേള്‍ക്കുകയും അതിനാല്ലാം ശരിയായ ഉത്തരം നല്കുകയും ചെയ്യുന്ന
    നിങ്ങളെ പോലെയുള്ള ടീച്ചേര്‍സിന്
    ഒരു പാട് ഒരു പാട് അഭിനന്ദങ്ങള്‍ ....
    ഇനിയും കുട്ടികളുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു ...

    ReplyDelete
  22. പ്രിയ വര്‍ഷിണി ,ആദ്യമായി ക്ഷമ ചോദിക്കുന്നു -ഇവിടെ വരാന്‍ വൈകിയതില്‍ .സുഖമുണ്ടായിരുന്നില്ല .ശൈത്യമടുക്കുമ്പോള്‍ ഉണ്ടാവുന്ന വേദനകളും ശ്വാസം മുട്ടലും....
    'കുട്ടിവര'കളില്‍ എനിക്കേറേ പ്രിയപ്പെട്ട 'വര'യുണ്ട്.വര ഒരു വരം പോലെ ഉണ്ടായിരുന്നു എന്നിലും.എത്ര ചിത്രങ്ങളാണ് വരഞ്ഞിട്ടുള്ളത് !അതൊക്കെ ഇന്ന് വെറും ഓര്‍മ്മകള്‍ ...പങ്കു വയ്ക്കാന്‍ ഒരു പാടുണ്ട് .ഈ ഇത്തിരി വട്ടത്തില്‍ ഒതുങ്ങുമോ ഓര്‍മ്മകള്‍ ?ഏതായാലും ഇങ്ങിനെയൊരവസരമുണ്ടാക്കിയ കുട്ടിക്കും കുട്ടികള്‍ക്കും അഭിവാദ്യങ്ങള്‍ !

    ReplyDelete
  23. Artof Wave..ഒരുപാട് നന്ദി...കൂടെ ന്റ്റെ പുതുവത്സരാശംസകളും...!

    ഇക്കാ...ക്ഷമ എന്നൊന്നും പറയല്ലേ,
    ഇപ്പോള്‍ ആരോഗ്യം സുഖായി എന്ന് കരുതുന്നൂ...നല്ല പോലെ ശ്രദ്ധിയ്ക്കൂ ട്ടൊ..
    ഓര്‍മ്മകള്‍ ഇച്ചിരിയായി ഞങ്ങളിലേയ്ക്ക് ഇടയ്ക്ക് എത്തിയ്ക്കുക..അഭ്യര്‍ത്ഥനയാണ്‍.
    ഇക്കയ്ക്കും ന്റ്റെ പുതുവത്സരാശംസകള്‍...!

    ReplyDelete
  24. ഡിസംബര്‍ പതിനേഴിന് മെസ്സേജ് ഇട്ട ഈ പോസ്റ്റ്‌ ഞാന്‍ വിട്ടുപോയി ...
    വരാന്‍ വൈകിയതില്‍ ആദ്യം ക്ഷമ ചോദിക്കുന്നു ....
    ഈ അനുഭവം കൊച്ചു നാളിലെ കുറെ കുട്ടിത്തരങ്ങളിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയി ....
    അല്ലെങ്കിലും വര്‍ഷിനിയുടെ പോസ്റ്റുകള്‍ മിക്കവാറും ഒരു പാട് ജീവിതാനുഭവങ്ങളിലേക്ക്
    കൂട്ടി കൊണ്ട് പോകുന്നവ തന്നെ .....
    ആശംസകള്‍ .. പ്രിയ എഴുത്തുകാരി

    ReplyDelete