Monday, April 2, 2018

മേഘകെട്ടുകൾ..

നീരുറവകൾ താണ്ടി


കോണികൾ കയറി


പാത്തും പതുങ്ങി 


മുകളിലെത്തി മേഘച്ഛൻ.

മട്ടുപ്പാവിൻ തുഞ്ചത്തേറി


പൂമരക്കൊമ്പിൽ മുറുകെ തൂങ്ങി


പാട്ടുകൾ മൂളി


പുറകിലെത്തി മേഘമ്മ.

പറന്നുയരാൻ പിന്നാലെ


മോങ്ങി നിന്ന കുഞ്ഞങ്ങൾ


ഊരു ചുറ്റും കാറ്റിൽ വാലിൽ


ഊഞ്ഞാലാടി അങ്ങെത്തി.

മാനം നിറയെ പഞ്ഞികെട്ടുകൾ


തുള്ളികൾ നിറച്ച മേഘങ്ങൾ


അങ്ങേയറ്റം മുതൽ


ഇങ്ങേയറ്റം വരെ


പാറി കളിയ്ക്കും കൂട്ടങ്ങൾ.

നേരമത്ര നീണ്ടില്ല


കളികളൊന്നും തീർന്നില്ല


പറന്നു വന്ന ചെല്ലകാറ്റിൻ


കരങ്ങളിലേറി മേഘങ്ങൾ.

പ്ലാവിൻ കൊമ്പിൽ ഊർന്നിറങ്ങി


അണ്ണാൻ കുഞ്ഞനെ തൊട്ടുരുമ്മി


വെണ്ടൻ പൂക്കളെ ഉമ്മ വെച്ച്‌


നാട്ടിലും വീട്ടിലും മഴയായ്‌ പൊഴിഞ്ഞു.


  


Saturday, March 31, 2018

മഴപ്പാട്ട്‌..

മഴകൾ കൊള്ളാൻ എന്തു രസമെന്നോ..
മഴകൾ കൊള്ളാൻ എന്തു ഇഷ്ടമെന്നോ..
മാനത്തമ്മേ..മാനത്തമ്മേ..
മഴകൾ ഒത്തിരി തന്നോളൂ.

മഴകൾ ഒത്തിരി തന്നാലൊ ഞങ്ങൾ
ഇലകൾ കീഴിൽ നിന്നോളാം.
ഇലകൾ തുന്നിയ കൂട്ടിൽ നിന്ന്
കുഞ്ഞിക്കിളിയുമായ്‌ കളിച്ചീടാം.
തെന്നി കളിക്കും കുസൃതികാറ്റിൽ
പഴുത്ത മാങ്ങകൾ തിന്നീടാം.
ചെല്ലക്കാറ്റിൻ പൂമണമേറി
മുല്ലച്ചെടിയുമായ്‌ മിണ്ടീടാം.

കളകളമൊഴുകും നീരുറവയൊഴുക്കിൽ
പേക്രോം തവളയും മാക്രിക്കുട്ടനും തല പൊക്കുന്നേ..
ഞണ്ടുകൾ മീനുകൾ തുള്ളിതുള്ളി നീന്തുന്നേ..
നീർക്കോലികൾ പാഞ്ഞു നടക്കുന്നേ..

മാനത്തമ്മേ..മാനത്തമ്മേ..
മഴകൾ ഒത്തിരി തന്നോളൂ
കുതിച്ചു ചാടും തുള്ളികളൊഴുകി
മണ്ണിൻ മടിയിൽ ചാലുകളൊഴുക്കി തീർക്കട്ടെ.
കുതിച്ചു പായും തീവണ്ടികളായ്‌
മനസ്സിൽ കടലുകൾ നിറയ്ക്കട്ടെ.