Saturday, February 4, 2017

കാര്യം നിസ്സാരം..പ്രശ്നം ഗുരുതരം



പാതിരാത്രിയിൽ അഥവാ നേരം പുലരും മുന്നെ മിസ്റ്റർ പോട്ടർ അടുക്കളയിൽ എന്തു ചെയ്യുന്നു എന്ന് നിങ്ങൽ സംശയിച്ചേക്കാം.എങ്കിൽ അറിഞ്ഞോളൂ, ഇത്‌ അദ്ദേഹം പുതിയതായി തുടങ്ങിയ ശീലമൊന്നുമല്ല. കാലം കുറച്ചായി സുഖനിദ്ര അദ്ദേഹവുമായി പിണക്കത്തിലായിട്ട്‌. ഭൂമിയിലെ ഒരൊ അണുവും നിദ്രയിൽ ആഴ്‌ന്നിറങ്ങി പരിലസിക്കുന്ന നേരത്ത്‌ മിസ്റ്റർ പോട്ടർ തേയിലവെള്ളം കുടിച്ചൊ അന്ധകാരത്തെ തുറി ച്ചു നോക്കി കിടന്നൊ നേരം വെളുപ്പിച്ചു.
അദ്ദേഹത്തെ അലട്ടുന്ന പ്രശ്നം എന്താണെന്ന് അറിഞ്ഞാൽ ആരും കളിയാക്കി ചിരിച്ചേക്കാം. അല്ലെങ്കിൽ അദ്ദേഹത്തിനു ഭ്രാന്താണെന്നും പറഞ്ഞേക്കാം. കേൾക്കുന്നവർക്ക്‌ കാര്യം നിസ്സാരം, എന്നാൽ അനുഭവിക്കുന്നവർക്കൊ....അതാണല്ലൊ അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ.
എങ്കിലിനി കാര്യത്തിലേക്ക്‌ പ്രവേശിക്കാം.

മിസ്റ്റർ പോട്ടർ എന്ന ഭർത്താവിന്റെ ഉറക്കം കളയുന്നത്‌ മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരുന്നു.
എന്താണെന്നല്ലെ, മിസ്സിസ്‌ പോട്ടർ ഉച്ഛത്തിൽ കൂർക്കം വലിക്കുന്ന സ്വഭാവത്തിനു അടിമയായിരുന്നു. എന്നാൽ ഈ വിവരം ആ സ്ത്രീക്ക്‌ അറിവില്ലായിരുന്നു.
അറിയിക്കുവാൻ മിസ്റ്റർ പോട്ടർ മുതിർന്നതുമില്ല.കാരണം, തന്റെ ഭർത്താവിന്റെ ഉറക്കം കളയുന്ന ഒരു മാരക രോഗമായി കൂർക്കം വലിയെ അവർ കണ്ടാലൊ എന്നും, അത്‌ ആ സ്ത്രീഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചാലൊ എന്നും അദ്ദേഹം ഭയന്നു. 
അതുകൊണ്ടു തന്നെ മിസ്സിസ്‌ പോട്ടർ സുഖമായി ഉറങ്ങുമ്പോൾ ആ ഉറക്കത്തെ ശല്യപ്പെടുത്താതെ അദ്ദേഹം ചായ കുടിച്ചും സ്വയം സല്ലപിച്ചും നേരം വെളുപ്പിച്ചു.

വളരെ പ്രയാസപ്പെട്ടു തന്നെയാണദ്ദേഹം ഈ അവസ്ഥയെ തരണം ചെയ്തിരുന്നത്‌. കാരണം ഒരു മനുഷ്യന്റെ ശരീരത്തിനും തലച്ചോറിനും വിശ്രമം ആവശ്യപ്പെടുന്ന നേരങ്ങളിലാണദ്ദേഹം തന്റെ നിദ്രയെ ഭംഗപ്പെടുത്ത കൂർക്കംവെലിയ്ക്ക്‌ പരിഹാരമാർഗ്ഗങ്ങൾ തേടിയിരുന്നത്‌. 
ഉറക്കം വളരെ ആഗ്രഹിച്ചപ്പോഴെല്ലാം ചെവിയിൽ പഞ്ഞി തിരുകിയും,പിന്നീട്‌ വിലകൂടിയ ഇയർപ്ലഗ് കൊണ്ട് കാതുകൾ അടച്ചും ശബ്ദത്തെ തടയാൻ അദ്ദേഹം ശ്രമിച്ചു.
എന്തുകൊണ്ട്‌ മറ്റൊരു മുറിയിൽ അദ്ദേഹത്തിനു ഉറങ്ങിക്കൂടാ, എന്ന് ആർക്കും തോന്നാം. എന്നാലത്‌ തന്റെ ഭാര്യയെ ഏറെ വേദനിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. 

മനസ്സാന്നിദ്ധ്യമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. സ്വന്തം ഭാര്യയെ വിവരമറിയിക്കാതെ കാര്യങ്ങൾ സ്വയം അഭിമുഖീകരിക്കുവാനും, പരിഹാരങ്ങൾ കണ്ടെത്തുവാൻ അദ്ധ്വാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമ. ജീവിതം പ്രാക്റ്റിക്കലായി നേരിടുവാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
പിറ്റേന്നു തന്നെ മിസ്റ്റർ പോട്ടർ തന്റെ വീടിനടുത്തുള്ള പുസ്തകശാല ലക്ഷ്യമാക്കി നടന്നു.
കൂർക്കംവെലിയെ നേരിടുവാനുള്ള നൂറായിരം മാർഗ്ഗങ്ങൾ അടങ്ങിയ അനേകം പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു. എങ്കിൽ അവയിലെല്ലാം പ്രാക്റ്റിക്കലായി ചെയ്യാനാവുന്ന ഒരു കാര്യം തന്നെ അന്നു രാത്രി പരീക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.
അത്‌ മറ്റൊന്നുമായിരുന്നില്ല, വിശാലമായ കിടപ്പുമുറിയുടെ
 ജനൽ വാതിലുകൾ തുറന്നിടുക.
ശുദ്ധമായ വായു സഞ്ചാരം നല്ല ഉറക്കം പ്രാധാന്യം ചെയ്യുമെന്നും കൂർക്കം വലിയ്ക്ക്‌ താരതമ്യേനെ കുറവുണ്ടായിരിക്കുമെന്നും ആ പുസ്തകതാളുകളിലൂടെ അദ്ദേഹം വായിച്ചറിഞ്ഞു.
അന്നു രാത്രി കിടപ്പറയിൽ പ്രവേശിച്ചതും തന്റെ ഭാര്യക്ക്‌ ഒരു തരത്തിലുള്ള സംശയവും തോന്നാത്ത വിധത്തിൽ മിസ്റ്റർ പോട്ടർ വിഷയത്തിലേക്ക്‌ കടന്നു. അദ്ദേഹം പറഞ്ഞു, "ഇന്നെന്തോ അകത്ത്‌ നല്ല ചൂട്‌ അനുഭവപ്പെടുന്നപോലെ, നമുക്കിന്ന് കിടപ്പുമുറിയുടെ ജനലുകളെല്ലാം തുറന്നിട്ടാലൊ..? മാത്രമല്ല വാർദ്ധക്യത്തിലേക്ക്‌ പ്രവേശിക്കുന്ന നമുക്ക്‌ ശുദ്ധവായു ശ്വസിക്കുന്നത്‌ ആരോഗ്യപരമായി വളരെ ഗുണം ചെയ്യും." 
"അതെല്ലം ശരി തന്നെ തണുപ്പടിച്ച്‌ ന്യൂമോണിയ വരാതിരുന്നാൽ നമുക്ക്‌ കൊള്ളാം" എന്നായിരുന്നു മിസ്സിസ്‌ പോട്ടർ കൊടുത്ത മറുപടി.
എങ്കിലും അദ്ദേഹത്തിന്റെ ആ അഭിപ്രായം അന്നു രാത്രി നടപ്പിലായി. എന്നത്തേയും പോലെ തന്നെ അന്നും സംഭവിച്ചു, 
ആ ഭീകര ശബ്ദം മിസ്റ്റർ പോട്ടർ കരുതും പോലെ അദ്ദേഹത്തെ പെട്ടെന്നൊന്നും ഒഴിഞ്ഞു പോവില്ലെന്ന് ആ രാത്രി തന്നെ അദ്ദേഹത്തിനു ബോധ്യമായി. ആ രാത്രി മുഴുവൻ അടുക്കള മേശയിൽ തലതാഴ്ത്തി എങ്ങനെയൊക്കെയോ അദ്ദേഹം നേരം വെളുപ്പിച്ചു. ഉണർന്നതൊ, ഭയങ്കരമായ കഴുത്ത്‌ വേദനയോടു കൂടിയും.

.കഴുത്ത്‌ വേദനയ്ക്ക്‌ അൽപം ആശ്വാസമാകുവാനും ഉറക്ക ക്ഷീണമകറ്റുവാനുമായി ആ തണുത്ത പുലരിയിൽ പ്രഭാതസവാരിയ്ക്കായി അദ്ദേഹം പുറപ്പെട്ടു.
ആനേരത്തിനായി കാത്തിരുന്ന പോലെയായിരുന്നു അവരുടെ അയൽ വാസിയും മിസ്സിസ്‌ പോട്ടറുടെ അടുത്ത സുഹൃത്തുമായ മിസ്സിസ്‌ മേയ്ബറി കതകിൽ മുട്ടിയത്‌.
വളരെ ആശ്ചര്യത്തോടെ അവരുടെ അപ്രതീക്ഷിത ആഗമനം വരവേറ്റ മിസ്സിസ്‌ പോട്ടർ പിന്നീടുള്ള അവരുടെ സംഭാഷണത്തിൽ വളരെയേറെ അരിശം കൊണ്ടു.
തന്റെ ഭർത്താവ്‌ മൂലം അടുത്ത ചുവരിൽ താമസിക്കുന്ന മിസ്സിസ്‌ മേയ്ബറിയും ഭർത്താവും ഉറങ്ങിയില്ലെന്നറിഞ്ഞപ്പോൾ ആദ്യം അമ്പരെന്നെങ്കിലും കാര്യം എന്തെന്നറിഞ്ഞപ്പോൾ  കോപിക്കുകയും ചെയ്തു.
താനിതുവരെ മനസ്സിലാക്കുകയൊ തന്റെ ഉറക്കം നഷ്ടപ്പെടുകയൊ ചെയ്യാത്ത ഒരുകാര്യമാണു മിസ്സിസ്‌ മേയ്ബറി പറഞ്ഞുകൊണ്ടിരിക്കുന്നത്‌.
അപ്പോഴും മിസ്സിസ്‌ പോട്ടർ അറിഞ്ഞില്ല ശരിക്കുള്ള കുറ്റവാളി താനാണെന്നും, തന്റെ ഭർത്താവിനെ തെറ്റിദ്ധരിക്കപെടുകയും ചെയ്തതാണെന്ന്.
തലേരാത്രിയിൽ കിടപ്പുമുറിയുടെ ജനൽവാതിലുകൾ തുറന്നതാണ് എല്ലാറ്റിനും കാരണമെന്നും വ്യക്തമായി.
അന്നേവരെ അയൽപക്കകാർക്ക്‌ ഒരു ശല്യമാവാത്ത വിധം എന്നാൽ നേർത്ത ശബ്ദത്തോടെ രാത്രികാലങ്ങളിൽ ആ പരിസരമെല്ലാം മൂളികൊണ്ടിരുന്നിരുന്ന ശബ്ദമാ ഒരു രാത്രികൊണ്ട്‌ ശല്യമായി തീർന്നതെന്നും മിസ്സിസ്‌ മേയ്ബറി പരിതപിച്ചു.
വളരെ നീരസത്തോടെയായിരുന്നു മിസ്സിസ്‌ പോട്ടറുടെ പിന്നീടുള്ള നീക്കങ്ങൾ. വളരെ അപരിചിതത്തോടെ അവർ മിസ്സിസ്‌ മേയ്ബറിയെ വീട്ടിൽനിന്ന് പുറത്താക്കി.

അയൽ വാസി പോയെങ്കിലും മിസ്സിസ്‌ പോട്ടർ വളരെ ഗൗരവത്തോടെ കാര്യങ്ങളുടെ അപകടനിലയെ കുറിച്ച്‌ ചിന്തിച്ചു. തന്റെ അയൽ വാസി ഒരു നുണച്ചിയല്ലെന്നും, അത്യന്തം ശല്യമായി തീർന്നതുകൊണ്ടുമാത്രമാണു ആ സ്ത്രീ നേരം പുലർന്നതും തന്റെ വീട്ടിലേക്ക്‌ ഓടി വന്നതെന്നും മിസ്സിസ്‌ പോട്ടർ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നിരുന്നു.
ഇനി ഈ വിവരം മറ്റു അയൽപക്കകാർ അറിയും മുന്നെ ഒതുക്കി തീർക്കാൻ എന്താണു വഴിയെന്ന് ആ സ്ത്രീ തല പുകഞ്ഞാലോചിച്ചു.
സവാരി കഴിഞ്ഞെത്തുന്ന ഭർത്താവിനെ മിസ്സിസ്‌ പോട്ടർ വരവേറ്റത്‌ ഒരു കപ്പ്‌ ചായയും, പിന്നെ അതുവരെയ്ക്കും ചിന്തിച്ച്‌ ഒരുംകൂട്ടി വെച്ച തന്റെ പദ്ധതികൾ തന്ത്രപൂർവ്വ അവതരിപ്പിച്ചും കൊണ്ടായിരുന്നു.

വളരെ കാര്യഗൗരവത്തോടെ മിസ്സിസ്‌ പോട്ടർ തുടങ്ങി, "നോക്കൂ...ഇന്നലെ ഒരു രാത്രികൊണ്ട്‌ നിങ്ങളുടെ കൂർക്കംവലി കാരണം നമ്മുടെ അയൽ വാസികളുടെ പരാതികൾ എനിക്ക്‌ കേൾക്കേണ്ടി വന്നു.
ഈ വിവരം മറ്റു അയൽപക്കകാർ അറിയരുതെന്ന് എനിക്ക്‌ നിർബന്ധമുണ്ട്‌, മാത്രമല്ല ഇത്രയും നാൾ ഈ വിവരം എനിക്ക്‌ അറിയാൻ കഴിഞ്ഞില്ലെങ്കിലും ഇനിയെന്റെ ഉറക്കം ഈ കാരണം കൊണ്ട്‌ മുടങ്ങുവാൻ ഞാൻ അനുവദിക്കുകയില്ല. കാരണം അതെന്റെ പകൽ ജോലികളെ ബാധിക്കും.അതിനാൽ നിങ്ങളിനി അടുത്ത ഒഴിഞ്ഞ മുറി കിടപ്പറയായി തിരഞ്ഞെടുക്കേണ്ടിവരും."

സ്വന്തം കാര്യങ്ങൾ ഭർത്താവിന്റെ മേൽ ചുമത്തുന്ന ഭാര്യക്ക്‌ തക്കതായ മറുപടി കൊടുക്കുവാൻ ആദ്യം മിസ്റ്റർ പോട്ടർ ഒരുമ്പെട്ടെങ്കിലും മിന്നൽ പണർ പോലുള്ള ബുദ്ധിപരമായ നീക്കം അദ്ദേഹത്തെ തടഞ്ഞു.

മനസ്സാലെ അദ്ദേഹം ചിരിച്ചു, " എന്റെ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു."

2 comments:

  1. ഭാഗ്യവാൻ.രക്ഷപെട്ടല്ലോ.

    നല്ല കഥ.

    ReplyDelete
  2. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാന്‍കഴിഞ്ഞു...
    ആശംസകള്‍

    ReplyDelete