Saturday, March 26, 2016

നീതു പഠിച്ച പാഠം..

" ഉണ്ണിയപ്പം കഴിക്കാൻ കൊതിയാവുന്നമ്മേ "

നീതുമോൾ കൊഞ്ചി കരഞ്ഞു.

" അതിനെന്താ..മോൾ സ്കൂൾ വിട്ടുവരുമ്പോഴേക്കും അമ്മ ഉണ്ണിയപ്പം ഉണ്ടാക്കി വെക്കാം ട്ടൊ "

അതുകേട്ടതും നീതുമോൾക്ക്‌ സന്തോഷമായെങ്കിലും ഉടനെ പറഞ്ഞു,

"പക്ഷേങ്കി അമ്മേ...ഞാൻ സ്കൂളീന്ന് വന്നിട്ടു മതി ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങുന്നത്‌..
എന്നാലല്ലേ നിയ്ക്കും ഉണ്ണിയപ്പം ഉണ്ടാക്കുന്നത്‌ കാണാനാവൂ..
ഉണ്ണിയപ്പചട്ടിയുടെ കുഴികളിൽ എണ്ണ തിളക്കുന്നതു കാണാൻ നിയ്ക്കിഷ്ടാ.
പിന്നെ കുഞ്ഞു സ്പൂണെടുത്ത്‌ ആ കുഴികളിൽ അമ്മ ഉണ്ണിയപ്പമാവ്‌ നിറക്കുമ്പോൾ എനിക്കും അങ്ങനെ ചെയ്യാൻ എപ്പഴും തോന്നിക്കാറുണ്ട്‌.
ഇതുവരെ എന്നെയതിനു അനുവദിച്ചില്ലല്ലൊ..
ഇന്നെന്തായാലും അമ്മയുടെ കൂടെ നിന്ന് നിയ്ക്കും ഉണ്ണിയപ്പം ചുടണം ".
                               
                      സ്കൂളിൽ പോവാൻ നേരമുള്ള നീതുവിന്റെ കൊഞ്ചലും വാശിയുമെല്ലാം കണ്ടപ്പോൾ  എതിർപ്പുകളൊന്നും പറയാതെ സമ്മതം മൂളി സ്കൂളിലേക്ക്‌ പറഞ്ഞുവിട്ടു അമ്മ.
നീതു പടിയിറങ്ങിയതും ഉണ്ണിയപ്പത്തിനുള്ള അരി വെള്ളത്തിലിട്ടതിനു ശേഷമേ മറ്റു ജോലികളിലേക്ക്‌  പ്രവേശിച്ചുള്ളു.
അൽപസമയത്തിനുശേഷം മറ്റു ചേരുവകളും ചേർത്ത്‌ ഉണ്ണിയപ്പമാവ്‌ തയ്യാറാക്കി നീതുമോൾ വരുവാനായി കാത്തിരുന്നു.

എന്നത്തേക്കാളും അഞ്ചുമിനിട്ട്‌ നേരത്തെയാണന്ന് നീതു സ്കൂളിൽനിന്ന് തിരിച്ചെത്തിയത്‌.
കാര്യം തിരക്കിയപ്പോൾ വളരെ ഉത്സാഹത്തോടെ നീതു പറഞ്ഞു,

" അതമ്മേ..എനിക്ക്‌ ഉണ്ണിയപ്പം ഉണ്ടാക്കുവാൻ കൂടാനും കഴിക്കുവാനും ധൃതിയായി.അതുകൊണ്ട്‌ ഞാൻ സ്കൂളീന്ന് വീട്ടിലേക്ക്‌ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു."

പറഞ്ഞതും സ്കൂൾഡ്രസ്സ്‌ മാറ്റുവാനായി നീതു തുള്ളിച്ചാടി മുറിയിലേക്കോടി.
പുതിയ പ്രവൃത്തിയിൽ ഏർപ്പെടുവാനുള്ള നീതുവിന്റെ ഉത്സാഹവും തയ്യാറെടുപ്പുകളും കണ്ടപ്പോൾ അമ്മയ്ക്ക്‌  സന്തോഷം തോന്നിയെങ്കിലും നീതുവിനോട്‌ യോജിക്കാനാവുന്നില്ലായിരുന്നു.

              മകളെ സ്റ്റൗവിനരികിലുള്ള സ്ലാബിലിരുത്തി അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുവാനുള്ള ജോലികൾ ആരംഭിച്ചു.

" അമ്മ ഇല്ലാത്തപ്പോൾ മോളിതൊന്നും പരീക്ഷിക്കരുത്‌ ട്ടൊ "

സ്റ്റൗവ്വിനു തീ കൊളുത്തുമ്പോൾ ഓർമ്മിപ്പിക്കുകയും ചെയ്തു.
നീതുവിന്റെ ശ്രദ്ധ മുഴുവൻ സ്റ്റൗവ്വിലെ ഉണ്ണിയപ്പചട്ടിയിൽ മാത്രമായിരുന്നു.അതുകൊണ്ട്‌  ഒന്നുംതന്നെ ചെവിയിൽ കയറുന്നില്ലായിരുന്നു.
ചട്ടിയിൽ എണ്ണ  ഒഴിക്കുന്നതുവരെ എങ്ങനേയൊ ക്ഷമിച്ചിരിക്കുകയായിരുന്ന നീതു  തയ്യാറാക്കി വെച്ചിരുന്ന ഉണ്ണിയപ്പമാവ്‌  ഒരു കുഞ്ഞുസ്പൂണിൽ കോരി അതിലേക്കുടനെ ഒഴിച്ചു.

"എന്താ മോളേ നീ ചെയ്തത്‌ എണ്ണ തിളക്കാനുള്ള ഇടപോലും നീ നൽകിയില്ലല്ലൊ "അമ്മ അറിയാതെ സ്വരമുയർത്തി.

അമ്മയോട്‌  കയർക്കാൻ മുതിർന്ന നീതു അപ്പോഴാണു ശ്രദ്ധിച്ചത്‌, തിളക്കാത്ത എണ്ണയിൽ ഉണ്ണിയപ്പമാവ്‌ മുങ്ങികിടക്കുന്നു..അത്‌ ഉയർന്നു വരുന്നതിന്റെയൊ വേവുന്നതിന്റേയൊ ലക്ഷണങ്ങളൊന്നും കാണാനില്ല.

നീതുവിനു കരച്ചിൽ വന്നു.

ഇച്ചിരി നേരം പോലും തനിയ്ക്ക്‌ ക്ഷമിക്കാനായില്ലല്ലൊ എന്ന് അമ്മയോട്‌ സങ്കടപ്പെട്ടു.

നീതുവിനെ ഉപദേശിക്കുവാനുള്ള അവസരം ഉടനെതന്നെ കിട്ടിയിരിക്കുന്നു, അമ്മ ഓർത്തു.
സ്റ്റൗ അണച്ച്‌ നീതുവിനെകൊണ്ട്‌ ഇരിപ്പുമുറിയിലിരുന്ന്  അണച്ചുപിടിച്ച്‌ അമ്മ പറഞ്ഞു.

" എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്‌ മോളൂ..
എണ്ണ തിളക്കാൻ ഇച്ചിരി വൈകിയപ്പോഴേക്കും കണ്ടില്ലേ ഉണ്ണിയപ്പം വേവാഞ്ഞത്‌..
എന്നാൽ അൽപസമയം കൂടി ക്ഷമിച്ചിരുന്നെങ്കിൽ സ്വാദിഷ്ടമായ ഉണ്ണിയപ്പം രുചിക്കാമായിരുന്നു.
അതുപോലെ തന്നെയാണു മനുഷ്യന്റെ കാര്യത്തിലും..
മോൾക്ക്‌ അടുക്കളയിൽ അമ്മയെ പാചകത്തിനു സഹായിക്കാനുള്ള സമയം ആയിട്ടില്ല..
കുഞ്ഞുങ്ങൾക്ക്‌ ചെയ്യാവുന്ന ജോലികളിൽ ശ്രദ്ധിക്കാതെ മുതിർന്നവരെ പോലെ പെട്ടെന്നാവണമെന്ന് ആഗ്രഹിക്കുന്നത്‌ ശരിയല്ല..ആഗ്രഹങ്ങൾ പ്രായത്തിനനുസരിച്ച്‌ വളരണം. പല കാഴ്ച്ചകളും നമ്മെ അതാതു കാര്യങ്ങൾക്ക്‌ പ്രേരിപ്പിച്ചേക്കാം..എന്നാൽ അവനവന്റെ ഊഴത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുക.
സമയാസമയങ്ങളിലുള്ള മുന്നറിയിപ്പുകൾ മുതിർന്നവരിൽനിന്നു  കിട്ടുന്നതായിരിക്കും.അപ്പോഴവരെ അനുസരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണു മക്കളുടെ ധർമ്മം."

നീതുവിനു തത്സമയത്തിലുള്ള അമ്മയുടെ ഉപദേശം പെട്ടെന്ന് ഉൾക്കൊള്ളാനായി..

" ഇനി ഇങ്ങനെയുണ്ടാവില്ലമ്മേ" അവൾ അമ്മയെ ഉമ്മവെച്ചു.

" എന്നാൽ മോൾ നല്ല കുട്ടിയായി ചെടികൾക്ക്‌ വെള്ളമൊഴിക്കൂ..അപ്പോഴേക്കും അമ്മ രുചിയുള്ള ഉണ്ണിയപ്പം തയ്യാറാക്കാം "

നീതുവും അമ്മയും സന്തോഷത്തോടെ അവരവരുടെ ജോലികളിലേയ്ക്ക്‌ തിരിഞ്ഞു.

5 comments:

  1. നീതുവിന്‍റെ അമ്മ നന്മയുടെ പ്രകാശമായി തിളങ്ങിനില്‍ക്കുന്നു!
    ഇത്തിരിയുള്ള കാര്യങ്ങളിലൂടെ ഒത്തിരിയൊത്തിരി അറിവിന്‍റെ നുറുങ്ങുകള്‍
    കുഞ്ഞുമനസ്സുകളിലേക്ക് എത്തിക്കാന്‍ കഴിയുക എന്നത് ഗുണകരമായ ദൌത്യം തന്നെയാണ്.....ഇനിയും ടീച്ചറുടെ തൂലികയില്‍നിന്നും നല്ലനല്ല രചനാകുഞ്ഞുങ്ങള്‍ പിറന്നുവീഴട്ടെ!
    ആശംസകള്‍

    ReplyDelete
  2. പാഠം പഠിക്കാൻ പ്രായം ഒരു തടസ്സമേയല്ല, ഞാനും വായിച്ചുപഠിച്ചു

    ReplyDelete
  3. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
    നന്നായി.

    ReplyDelete